
സുറിയാനിഭാഷയും കേരളത്തിലെ സുറിയാനി സഭകളും
ഈ മാസം ഒന്പത് മുതൽ 15 വരെയുള്ള ദിനങ്ങൾ ആഗോളതലത്തിൽ സുറിയാനി ഭാഷാവാരമായും നവംബർ 15 പൗരസ്ത്യ സുറിയാനി ഭാഷാദിനമായും ആഘോഷിക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള സുറിയാനി സഭാ വിശ്വാസികൾക്കും ഈ ഭാഷയെ ഇഷ്ടപ്പെടുന്ന ഭാഷാപ്രേമികൾക്കും ഈ ഒരാഴ്ചക്കാലം സുറിയാനി ഭാഷയെ കൂടുതൽ അടുത്തറിയാനും അതിന്റെ സവിശേഷതകളും അതുമായി ബന്ധപ്പെട്ട മഹത്തായ പാരമ്പര്യങ്ങളും പഠിക്കാനുമുള്ള അവസരമാണ്. ഈശോമിശിഹാ സംസാരിച്ചിരുന്ന അറമായ ഭാഷയുടെ ഏറ്റവും പ്രധാനപ്പെട്ട വകഭേദങ്ങളിലൊന്നായ ഈ ഭാഷ അറിയപ്പെടുന്നതുതന്നെ സുറിയാനി-അറമായ ഭാഷ എന്നാണ്.
ക്രൈസ്തവസഭകളുടെ ഈറ്റില്ലമായ പുരാതന മെസൊപ്പൊട്ടാമിയൻ പട്ടണമായ എദേസായിലും പരിസരപ്രദേശങ്ങളിലും മിശിഹാവർഷത്തിന്റെ ആദ്യകാലങ്ങളിൽ രൂപപ്പെട്ട ഈ ഭാഷ, ഏകദേശം അതേ കാലഘട്ടങ്ങളിൽത്തന്നെ ഇന്ത്യയിലും, പ്രത്യേകിച്ച് നമ്മുടെ കൊച്ചുകേരളത്തിലും എത്തി എന്നതു ചരിത്രത്തിലെ കൗതുകമുണർത്തുന്ന വസ്തുതയാണ്. ഈ അടുത്തകാലം വരെ കേരളത്തിലെ സുറിയാനി ക്രൈസ്തവരുടെ ആരാധനാഭാഷയായി ഉപയോഗിച്ചിരുന്ന ഈ ഭാഷയിലെ മാലാഖ, സാത്താൻ, സ്ലീവാ, കൂദാശ, ആമ്മേൻ, കുർബാന, മാമ്മോദീസ തുടങ്ങിയ ഒട്ടനേകം പദങ്ങൾ സാക്ഷരകേരളത്തിനു മുഴുവൻ പരിചിതമാണ്. സുറിയാനി ഭാഷാവാരമായ ഈ ആഴ്ചയിൽ, ഈ പുരാതന ഭാഷയെ ചുറ്റിപ്പറ്റി കേരളത്തിൽ രൂപപ്പെട്ട മാർത്തോമ്മാ നസ്രാണികളുടെ തനതുസംസ്കാരത്തെയും പാരമ്പര്യങ്ങളെയും തിരിച്ചറിയുന്നതിനുള്ള ശ്രമമാണ് ഈ ലേഖനം.
കേരളത്തിലെ സുറിയാനി സഭകൾ
മാർത്തോമ്മാ നസ്രാണികളുടെ പൊതുപൈതൃകം പേറുന്ന സ്വയംഭരണ അവകാശം ഉള്ളതോ ഇല്ലാത്തതോ ആയ പന്ത്രണ്ട് എപ്പിസ്കോപ്പൽ സഭകൾ ഇന്ന് കേരളത്തിലുണ്ട്. ഈ സഭകളുടെയെല്ലാം ആരാധനാമൂലഭാഷ സുറിയാനിയാണ്. പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗൽ കേന്ദ്രമായ പദ്രവാദോ മിഷനറിമാർ മാർത്തോമ്മാ നസ്രാണികളുടെ സഭാ ഭരണത്തിലും ജീവിതത്തിലും കൈകടത്തുന്നതുവരെ ഇന്ത്യയിലെ മാർത്തോമ്മാ നസ്രാണി സമൂഹം ഒരൊറ്റ സഭാസമൂഹമായിരുന്നു; പൗരസ്ത്യ സുറിയാനി ഭാഷയായിരുന്നു നാളതുവരെ ആ സഭാസമൂഹത്തിന്റെ ആരാധനാഭാഷ.
1653 ജനുവരി മൂന്നിന് കൂനൻ കുരിശ് സത്യത്തോടുകൂടി ആദ്യം പുത്തൻകൂറ്റുകാരും പഴയകൂറ്റുകാരുമായി പിരിഞ്ഞ ലോകത്തെതന്നെ ഏറ്റവും പുരാതന സഭകളിൽ ഒന്നായ ഈ ക്രൈസ്തവസമൂഹം ഇന്നിപ്പോൾ പന്ത്രണ്ട് എപ്പിസ്കോപ്പൽ സഭകളായി മാറിയിരിക്കുന്നു. ഇപ്പോൾ ഈ സഭാസമൂഹങ്ങളിൽ കത്തോലിക്കാ സഭയുടെയും ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെയും അസീറിയൻ ചർച്ച് ഓഫ് ഈസ്റ്റിന്റെയും, എന്തിനേറെ ആംഗ്ലിക്കൻ പ്രൊട്ടസ്റ്റന്റ് സഭകളുടെയും കൂട്ടായ്മയിലുള്ള സഭകൾ പോലുമുണ്ട്. വ്യത്യസ്ത സഭാ കൂട്ടായ്മകളിലേക്ക് ഐക്യപ്പെട്ടപ്പോൾ പോലും ഈ സഭകളെല്ലാംതന്നെ സുറിയാനിഭാഷയെ അവരുടെ ആരാധനാ മൂലഭാഷയായി നിലനിർത്തി.
പന്ത്രണ്ട് എപ്പിസ്കോപ്പൽ സഭകൾ
കത്തോലിക്കാസഭയുടെ കൂട്ടായ്മയിലുള്ള സീറോ മലബാർ സഭ (മലബാർ സുറിയാനി സഭ), അതിന്റെ ഭാഗമായ പൗരസ്ത്യ സുറിയാനിയും പാശ്ചാത്യ സുറിയാനിയും പിന്തുടരുന്ന കോട്ടയം കേന്ദ്രമായുള്ള ക്നാനായ കത്തോലിക്കാ വിഭാഗങ്ങൾ, സീറോ മലങ്കര സഭ (മലങ്കര സുറിയാനി കത്തോലിക്കാസഭ ), ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ കൂട്ടായ്മയിലുള്ള മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ (ഇന്ത്യൻ ഓർത്തഡോക്സ് സഭ), മലങ്കര സിറിയൻ ഓർത്തഡോക്സ് സഭ (യാക്കോബായ സഭ), അതിന്റെ ഭാഗമായിട്ടുള്ള ചിങ്ങവനം കേന്ദ്രമായുള്ള ക്നാനായ യാക്കോബായ സഭ, ഇറാക്കിലുള്ള അസീറിയൻ ചർച്ച് ദി ഓഫ് ഈസ്റ്റുമായി ഐക്യത്തിലുള്ള തൃശൂർ കേന്ദ്രമായുള്ള കൽദായ സുറിയാനി സഭ, ആംഗ്ലിക്കൻ സഭയുമായി ഐക്യത്തിലുള്ള മലങ്കര മാർത്തോമ്മാ സുറിയാനി സഭ (മാർത്തോമ്മാ സഭ), മാർത്തോമ്മ സഭയുമായി ഐക്യത്തിലുള്ള തൊഴിയൂർ സഭ, ആംഗ്ലിക്കൻ പ്രൊട്ടസ്റ്റന്റ് സഭകളുമായി ഐക്യത്തിലുള്ളതും മാർത്തോമ്മാ സഭയിൽനിന്ന് രൂപപ്പെട്ടതുമായ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രമാണ് പിന്തുടരുന്നതെങ്കിലും പാശ്ചാത്യ സുറിയാനി സഭകളുടെ ആരാധനാക്രമം സ്വീകരിച്ചിരിക്കുന്ന തിരുവല്ല കേന്ദ്രമായ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തുടങ്ങിയ സഭകൾ മാർത്തോമ്മാ നസ്രാണി പൈതൃകം പേറുന്ന കേരളത്തിലുള്ള സഭകളാണ്.
പൗരസ്ത്യ സുറിയാനിയും പാശ്ചാത്യ സുറിയാനിയും
പൗരസ്ത്യമെന്നും പാശ്ചാത്യമെന്നുമുള്ള സുറിയാനി ഭാഷയിലെ രണ്ടു വകഭേദങ്ങളിൽ ഏതെങ്കിലുമൊന്ന് മാർത്തോമ്മാ നസ്രാണിസമൂഹത്തിലെ ഈ പന്ത്രണ്ട് എപ്പിസ്കോപ്പൽ സഭകൾ ഇപ്പോഴും ആരാധനാ മൂലഭാഷയായി ഉപയോഗിക്കുന്നു എന്നത് ഈ സഭകളിൽ സുറിയാനി ഭാഷയ്ക്കുള്ള പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത് എന്നതിൽ തർക്കമില്ല. ലോകമെമ്പാടുമുള്ള സുറിയാനി ക്രൈസ്തവർക്ക് ഈ ഭാഷ ദൈവിക വെളിപാടിന്റെ ഭാഷയാണ്; അതുകൊണ്ടുതന്നെ ഈ ഭാഷയെ ഒരു വിശുദ്ധ ഭാഷയായിട്ടാണ് അവർ കണക്കാക്കുന്നത്.
ഈശോമിശിഹായുടെ സംസാരഭാഷയായ അറമായ ഭാഷയുടെ ഒരു വകഭേദമായിരുന്നതിനാൽ, ഇതിൽ പ്രായോഗികമായി നൈപുണ്യം നേടിയിട്ടില്ലാതിരുന്ന കേരളത്തിലെ നിരക്ഷരരായിരുന്ന സാധാരണ സുറിയാനി ക്രൈസ്തവർപോലും ഒരുകാലത്ത് ഈ ഭാഷ ആരാധനാഭാഷയായി വേണമെന്ന് നിർബന്ധം പിടിച്ചിരുന്നു എന്നതിന് ചരിത്രപരമായ നിരവധി തെളിവുകളുണ്ട്. കേരളത്തിലെത്തിയ പദ്രവാദോ മിഷനറിമാർ റോമൻ ലത്തീൻ റീത്തിലെ പ്രാർഥനകൾ മാർത്തോമ്മാ നസ്രാണികളുടെ ആരാധനയിൽ നിർബന്ധപൂർവം കൂട്ടിച്ചേർത്തപ്പോൾ പോലും അവർക്കത് സുറിയാനിയിലേക്ക് വിവർത്തനം ചെയ്യേണ്ടിവന്നതിന്റെ കാരണവും സുറിയാനി ക്രൈസ്തവരുടെ സുറിയാനിയോടുള്ള ഈ സ്നേഹമായിരുന്നിരിക്കാം.
മറ്റെല്ലാ സെമിറ്റിക് ഭാഷകളും പോലെ സുറിയാനി ഭാഷയിലും മൂന്ന് വ്യഞ്ജനാക്ഷരങ്ങൾ കേന്ദ്രീകരിച്ചാണ് ഭൂരിപക്ഷം ക്രിയാപദങ്ങളും രൂപപ്പെട്ടിരിക്കുന്നത്. ഈ മൂന്ന് വ്യഞ്ജനാക്ഷരങ്ങളോട് വിവിധങ്ങളായ സ്വരാക്ഷരങ്ങൾ ചേർത്താണ് വ്യത്യസ്ത അർഥമുള്ള പുതിയ വാക്കുകൾ രൂപപ്പെടുന്നത്. ഇത്തരത്തിൽ ക്രിയാപദങ്ങളുടെ ധാതുരൂപങ്ങൾ വളരെ കുറച്ചു മാത്രമുള്ള ഒരു ഭാഷയാണ് സുറിയാനി ഭാഷ. അതുകൊണ്ടുതന്നെ താരതമ്യേന എളുപ്പത്തിൽ സ്വായത്തമാക്കാൻ പറ്റുന്ന ഒരു സെമിറ്റിക് ഭാഷകൂടിയാണിത്.
സുറിയാനി പഠനകേന്ദ്രങ്ങൾ
പദ്രവാദോ മിഷനറിമാരുടെ വരവിനു മുന്പുവരെ മല്പാന്മാരാണ് വൈദികാർഥികളെയും താത്പര്യമുള്ള മറ്റുള്ളവരെയും സുറിയാനി ഭാഷ പഠിപ്പിച്ചിരുന്നത്. പരമ്പരാഗതമായി സുറിയാനി പഠിപ്പിച്ചിരുന്ന മല്പാന്മാരുള്ള പാമ്പാക്കുട, കണിയാപറമ്പിൽ തുടങ്ങിയ ചില പുരാതന കുടുംബങ്ങളിലെ ഇപ്പോഴത്തെ തലമുറയിലും സുറിയാനി പഠിപ്പിക്കുന്ന മല്പാന്മാരുണ്ട്. ഇതുകൂടാതെ മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള സീരി (സെന്റ് എഫ്രേം എക്യൂമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്), കോട്ടയം വടവാതൂർ സെന്റ് തോമസ് മേജർ സെമിനാരി തുടങ്ങിയവയും കേരളത്തിൽ സുറിയാനി പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ ചിലതാണ്. നശിച്ചുപോകാതെ ഈ ഭാഷയ്ക്ക് ഇനിയും നിലനിൽക്കാനും മുൻകാലങ്ങളിലേതുപോലെ പ്രചാരത്തിലെത്താനും സാധിക്കും എന്നതിന്റെ സൂചനകളാണ് മേൽപ്പറഞ്ഞ മല്പാൻ ഭവനങ്ങളും സ്ഥാപനങ്ങളും.
സുറിയാനി സംഗീതം
ആലാപനചാരുതകൊണ്ടും ശ്രുതിമാധുര്യം കൊണ്ടും ഗ്രീക്ക്, ലത്തീൻ സഭകളിലെ ആരാധനാ സംഗീതങ്ങളോട് കിടപിടിക്കുന്നതോ അതിലും ആകർഷകമോ ആണ് സുറിയായി സഭകളിലെ ആരാധനാ സംഗീതം. പൗരസ്ത്യ സുറിയാനി സഭകളിലെ ആരാധനാസംഗീതത്തിലെ ഈണങ്ങളിൽ വലിയൊരു ഭാഗവും നാമാവശേഷമായി പോയെങ്കിലും യാമപ്രാർഥനകൾ, മരിച്ചവർക്കുവേണ്ടിയുള്ള പ്രാർഥനകൾ തുടങ്ങിയവയിലുള്ള ഗാനങ്ങളിൽ ഇപ്പോഴും പിന്തുടരുന്ന ഈണങ്ങൾ അതിപുരാതനങ്ങളാണ് എന്നത് ആശ്വാസത്തിനു വക നൽകുന്നു.
ഗ്രീക്ക് സഭകളിലെ ആരാധനാസംഗീത ഈണങ്ങളെ പിൻപറ്റി രൂപപ്പെട്ട പാശ്ചാത്യ സുറിയാനി സഭകളിലെ എക്കാറ എന്ന ആരാധനാ സംഗീതശാഖ എടുത്തുപറയേണ്ടതാണ്. കേരളത്തിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, യാക്കോബായ സഭ തുടങ്ങിയ സഭകൾ ഉൾപ്പെടുന്ന പാശ്ചാത്യ സുറിയാനി സഭകൾ ഉപയോഗിക്കുന്ന ഈ ആരാധനാസംഗീത ശാഖയ്ക്ക് എട്ട് ഈണങ്ങൾ അഥവാ നിറങ്ങളുണ്ട്.
ഓരോ ആരാധനാഗീതവും സന്തോഷത്തിനന്റെയോ, ശോകത്തിന്റെയോ, പ്രത്യാശയുടെയോ, കാത്തിരിപ്പിന്റെയോ, വിടവാങ്ങലിന്റെയോ വൈകാരികത ചാലിച്ച് ഭാവസാന്ദ്രമായ വ്യത്യസ്ത എട്ട് ഈണങ്ങളിൽ ആലപിക്കാൻ സാധിക്കും എന്നതുതന്നെ ഈ ആരാധനാസംഗീത ശാഖയെ സംഗീതലോകത്തെ ഒരു വിസ്മയമാക്കി മാറ്റുന്നു. ഈ ആരാധനാസംഗീതശാഖ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും നാമാവശേഷമാകാതെ ഇന്നും നിലനിൽക്കുന്നു എന്നത് പാശ്ചാത്യ സുറിയാനി സഭകൾക്ക് അഭിമാനത്തിന് വകനല്കുന്നതാണ്.
കേരളചരിത്രത്തിലെ നാളിതുവരെയുള്ള സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള മാർത്തോമ്മാ നസ്രാണി സഭകളുടെ ജീവശ്വാസമായിരുന്ന സുറിയാനി ഭാഷയ്ക്ക് നിലനില്പിനുള്ള ഒരു പുതിയ ഉത്തേജനവും കരുത്തും ഈ സുറിയാനി ഭാഷാ വാരാചരണം നൽകുമെന്ന് പ്രത്യാശിക്കാം.
ഫാ. ജിജിമോൻ പുതുവീട്ടിൽക്കളം എസ്ജെ