
മാധ്യമ രംഗത്ത് കോളിളക്കമുണ്ടാക്കിയ ഫ്രാന്‍സിസിന്റെ വാര്‍ത്തകളും അതിസാഹസികമായ റിപ്പോര്‍ട്ടിംഗും ഗംഭീരമായ ഇടപെടലുകളുമെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. |ഫ്രാങ്കോ ലൂയിസ്
ഫ്രാന്‍സിസ്, നീ ഉറങ്ങുകയാണ്. ദൈവത്തിന്റെ മടിയില്‍ തല ചായ്ച്ച് ഉറങ്ങുകയാണ്. സുഖനിദ്രയില്‍നിന്ന് നിത്യനിദ്രയിലേക്കുള്ള നിന്റെ അവിചാരിതമായ യാത്ര ഞങ്ങള്‍ക്കു വിശ്വസിക്കാനാകുന്നില്ല. പലതവണ മുഖാമുഖം കണ്ട മരണത്തെ ഇച്ഛാശക്തികൊണ്ടും ദൈവകൃപകൊണ്ടും തോല്‍പിച്ച നീ ഇങ്ങനെയൊരു പോക്കു പോകുമെന്നു ഞങ്ങളാരും കരുതിയിട്ടില്ല.

ഫ്രാന്‍സിസ്, നീ ഞങ്ങള്‍ക്ക് ആരായിരുന്നു? നീ ഈ ലോകത്തിന് ആരായിരുന്നു. മാനവ നന്മയ്ക്കു വഴിയൊരുക്കിയ അനേകം വാര്‍ത്തകളും ലേഖനപരമ്പരകളുമെല്ലാം നിന്റെ തൂലികത്തുമ്പിലൂടെ പിറന്നതു ഞങ്ങള്‍ക്കറിയാം. മാധ്യമ രംഗത്ത് കോളിളക്കമുണ്ടാക്കിയ ഫ്രാന്‍സിസിന്റെ വാര്‍ത്തകളും അതിസാഹസികമായ റിപ്പോര്‍ട്ടിംഗും ഗംഭീരമായ ഇടപെടലുകളുമെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ, അവയേക്കാള്‍ എന്നെ വ്യക്തിപരമായി സ്വാധീനിച്ചത് ഫ്രാന്‍സിസിന്റെ അമൂല്യമായ ജീവിതനന്മകളാണ്. വളരെ നിഷ്‌കളങ്കമായ സ്‌നേഹവും കരുതലും സാന്ത്വനങ്ങളും പൊട്ടിച്ചിരികളുമെല്ലാമായിരുന്നു നീ. അതില്ലാതാകുന്നത് എന്നേപ്പോലുള്ളവര്‍ക്കു ഹൃദയേേഭദകമാണ്.
26 വര്‍ഷം മുമ്പ്, 1996 മേയ് 22 നാണു ഞാന്‍ ഫ്രാന്‍സിസിനെ ആദ്യമായി കാണുന്നത്. ഫ്രാന്‍സിസ് ദീപികയുടെ തൃശൂര്‍ ബ്യൂറോയില്‍ റിപ്പോര്‍ട്ടര്‍. ദീപികയുടെ കോട്ടയം ഓഫീസില്‍ പത്രത്തിന്റെ ഒന്നാം പേജ് അടക്കമുള്ള പേജുകളുടെ ചുമതലയുള്ള എഡിറ്ററായി ജോലി ചെയ്യുകയായിരുന്നു ഞാൻ. എന്റെ പിതാവിന് തൃശൂരിലെ ഒരു ആശുപത്രിയില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ. ഓപറേഷനിടെ അമിത രക്തസ്രാവമുണ്ടായി. അതോടെ ഓപണ്‍ സര്‍ജറിയാക്കേണ്ടി വന്നു. രണ്ടു പേരുടെ രക്തം വേണമെന്ന് ഓപറേഷന്‍ തിയേറ്ററില്‍നിന്ന് അറിയിച്ചു. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലം. എനിക്കാണെങ്കില്‍ തൃശൂരില്‍ അത്ര വലിയ ബന്ധങ്ങള്‍ ഇല്ല. ദീപികയുടെ തൃശൂര്‍ ബ്യൂറോയിലേക്കു വിളിച്ചു. ജോജിയാണ് ഫോണെടുത്തത്. അടിയന്തരമായി രണ്ടു പേരുടെ ബ്ലഡ് വേണമെന്ന് ആവശ്യപ്പെട്ടു. ഒ പോസിറ്റീവ്. ഫ്രാന്‍സിസിനോടു പറയാമെന്നായിരുന്നു ജോജിയുടെ മറുപടി.
ആരാണാവോ ഈ ഫ്രാന്‍സിസ്. അങ്ങനെയൊരാളെ അതുവരെ കാണുകയോ സംസാരിക്കുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ല. പത്തു മിനിറ്റിനകം രണ്ടു പേര്‍ ആശുപത്രിയില്‍ എത്തി. അവരുടെ രക്തമെടുത്തു. രക്തം കയറ്റിയെങ്കിലും അമിത രക്തസ്രാവത്തെ നിയന്ത്രിക്കാനായില്ല. വീണ്ടും രക്തം വേണമെന്ന് ഓപറേഷന്‍ തിയേറ്ററില്‍നിന്ന് ആവശ്യപ്പെട്ടു. ദീപിക തൃശൂര്‍ ബ്യൂറോയിലേക്കു വീണ്ടും വിളിച്ചു. ആവശ്യപ്പെട്ട രണ്ടു പേര്‍ക്കു പകരം നാലു പേരെയാണ് ഫ്രാന്‍സിസ് അയച്ചത്. അപ്പോഴേക്കും സ്ഥിതിഗതികള്‍ കൈവിട്ടുപോയി. വൈകുന്നേരമായി. വീണ്ടും രക്തം വേണമെന്ന ആവശ്യം എങ്ങനെ സാധ്യമാക്കും. ദീപിക തൃശൂര്‍ ബ്യൂറോ ഓഫീസിലേക്കുതന്നെ വീണ്ടും വിളിച്ചു.
രാത്രി വൈകുംവരേയും 22 പേരെയാണ് ഫ്രാന്‍സിസ് രക്തദാതാക്കളായി അയച്ചത്. പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, കോളജ് വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ സമൂഹത്തിലെ സമസ്ത മേഖലകളിലുമുള്ളവരെ രക്തദാതാക്കളായി ഞൊടിയിടകൊണ്ട് ആശുപത്രിയില്‍ എത്തിച്ചു. രാത്രി ഫ്രാന്‍സിസ് ആശുപത്രിയിലേക്കു വന്നപ്പോഴാണ് ആദ്യമായി നേരില്‍ കണ്ടത്. ഒരു പരിചയവുമില്ലാത്ത എനിക്ക് വിസ്മയിപ്പിക്കുന്നത്രയും വേഗതയില്‍ ഇത്രയേറെ നന്മകള്‍ ചെയ്തുതരാന്‍ ഫ്രാന്‍സിസിനല്ലാതെ ആര്‍ക്കും കഴിയില്ല. എത്രയെല്ലാം അധ്വാനിച്ചിട്ടും എന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ഒരു മാസം കഴിഞ്ഞപ്പോഴേക്കും ഞാന്‍ ദീപിക തൃശൂര്‍ ബ്യൂറോയിലേക്കു സ്ഥലംമാറ്റം വാങ്ങി. ഫ്രാന്‍സിസിനൊപ്പം ദീര്‍ഘകാലം ജോലി ചെയ്തു. ജനപക്ഷ വാര്‍ത്ത സൃഷ്ടിക്കാനും വാര്‍ത്തയുടെ മര്‍മത്തില്‍ പിടിക്കാനും സംഭവങ്ങളെ വ്യത്യസ്ത വീക്ഷണ കോണിലൂടെ ദര്‍ശിക്കാനുമെല്ലാം മല്‍സരബുദ്ധിയോടെ മുന്നേറിയ ഫ്രാന്‍സിസിനെയാണു ഞാന്‍ കണ്ടത്. ഉന്നതര്‍ മുതല്‍ നിസാരക്കാര്‍ വരെയുള്ളവരുമായി ചങ്ങാത്തം സ്ഥാപിച്ച് അതിവിശാലമായ സുഹൃദ് വലയം സ്വന്തമാക്കി. ഫ്രാന്‍സിസ് എന്റെ കുടുംബത്തിലെ ഒരംഗത്തേപ്പോലെയായിരുന്നു. ഫ്രാന്‍സിസിന്റെ സഹോദരങ്ങള്‍ അടക്കമുള്ള കുടുംബാംഗങ്ങളുമായും ആ സ്‌നേഹബന്ധമുണ്ട്.
കിടുങ്ങിപ്പോകുന്ന വാര്‍ത്താ മുഹൂര്‍ത്തങ്ങളെ ഒപ്പിയെടുത്തു ജനസമക്ഷം എത്തിച്ച അനേകം അവസരങ്ങള്‍. 1996 ല്‍ രാത്രി രണ്ടുമണിയോടെ തൃശൂര്‍ കൊക്കാലെയിലെ സ്‌ഫോടകവസ്തു ഗോഡൗണിലുണ്ടായ സ്‌ഫോടനമാണ് അതിലൊന്ന്. വലിയൊരു കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന പതിനായിരക്കണക്കിനു ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും വെടിമരുന്നും അടക്കമുള്ളവ പൊട്ടിത്തെറിച്ചു. ഒരു ബോംബ് സ്‌ഫോടനത്തിനു സമാനമായ ദുരന്തം. എട്ടു കിലോമീറ്റര്‍ അകലെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഞാന്‍ ബൈക്കില്‍ പറന്ന് സ്ഥലത്ത് എത്തിയപ്പോള്‍ കണ്ട കാഴ്ച അതിദാരുണം. വലിയൊരു കെട്ടിടം തകര്‍ന്ന് റോഡിലേക്കു വീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ചിതറിത്തെറിച്ച മനുഷ്യ ശരീരങ്ങളുടെ കരിഞ്ഞ കഷണങ്ങള്‍. അവ പെറുക്കുന്ന പോലീസ്. ഫ്രാന്‍സിസ് തടത്തിലും ഫോട്ടോഗ്രാഫര്‍ ടി.എ. സാബുവും അവിടെയുണ്ട്.
എന്തായി? അത്യാവശ്യത്തിനു കിട്ടിയെങ്കില്‍ ഉടനേ ഓഫീസിലേക്കു പോയി വാര്‍ത്തയും ഫോട്ടോയും തയാറാക്കാന്‍ ഞാന്‍ നിര്‍ദേശിച്ചു. അവര്‍ ഉടനേ ഓഫീസിലേക്കു പോയി. അല്‍പം കഴിഞ്ഞു ഞാന്‍ ഓഫീസിലെത്തിയപ്പോഴേക്കും അവര്‍ സ്‌ഫോടന വിശേഷങ്ങള്‍ ഉള്‍പെടുത്തിയുള്ള ഒന്നാം പേജു തയാറാക്കിത്തുടങ്ങിയിരുന്നു. ഡിജിറ്റല്‍ കാമറയല്ല. ഡാര്‍ക്ക് റൂമില്‍ കയറി ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ പ്രിന്റു ചെയ്യുന്ന കാലമാണത്. നേരത്തെയുണ്ടായിരുന്ന ഒന്നാം പേജിലെ വാര്‍ത്തകളെ അകത്തെ പേജുകളിലേക്കു മാറ്റി. ഇങ്ങനെ അതിഗംഭീരമായി പത്രം തയാറാക്കിയത് ഫ്രാന്‍സിസ് തടത്തിലിന്റെ നേതൃത്വത്തിലായിരുന്നു. മറ്റൊരു പത്രത്തിലും ഈ വിശേഷം ഉണ്ടായിരുന്നില്ല. അന്നു വാര്‍ത്താ ചാനലുകളും സാമൂഹ്യ മാധ്യമങ്ങളും ഇല്ലായിരുന്നു.
തഞ്ചാവൂരില്‍ കുംഭമേളയ്ക്കിടെ എഴുപതോളം പേര്‍ മരിച്ച ദുരന്തം റിപ്പോര്‍ട്ടു ചെയ്യാന്‍ ഫ്രാന്‍സിസ് തടത്തിലും ടി.എ. സാബുവുമൊന്നിച്ചു പോയതും അവിസ്മരണീയ അനുഭവമാണ്. ഒരു പരിചയവുമില്ലാത്തവരുമായി പരിചയപ്പെട്ട് അതിവേഗത്തിലുള്ള വിവരശേഖരണം. വാര്‍ത്താ വിശേഷങ്ങളുടെ വിവിധ തലങ്ങളിലേക്കു നുഴഞ്ഞുകയറിപ്പോകാനുള്ള കഴിവ്. അവയെ ചിട്ടപ്പെടുത്തിയുള്ള അവതരണം. ഇതെല്ലാമാണ് വാര്‍ത്തകളില്‍ ഫ്രാന്‍സിസിനെ എന്നും വ്യത്യസ്തനാക്കിയത്.
മാറാട് കലാപവും മുത്തങ്ങ വെടിവയ്പുമെല്ലാം ഏറ്റവും മികച്ച നിലയില്‍ റിപ്പോര്‍ട്ടു ചെയ്ത ഫ്രാന്‍സിസിന്റെ റിപ്പോര്‍ട്ടുകള്‍ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ച രേഖകളായി മാറി. വാര്‍ത്താലോകത്ത് ഇങ്ങനെ അനേകായിരം ഇടപെടലുകള്‍. എല്ലാം കാട്ടുതീയിനിടയിലൂടെ ഓടിനടന്നുണ്ടാക്കിയ നേട്ടങ്ങളാണ്. എത്ര പ്രയാസമുള്ള റിപ്പോര്‍ട്ടിംഗിനായാലും ഓടിയെത്തി അതിവേഗം ജോലി പൂര്‍ത്തിയാക്കുന്ന പാഷന്‍.
കാന്‍സര്‍ രോഗം ബാധിച്ചെന്ന അറിഞ്ഞയുടനേ ഫ്രാന്‍സിസ് ഫോണില്‍ വിളിച്ചു കണ്ണീരോടെ പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുകയാണ്.’എനിക്കു കാന്‍സറാണ്. ഇനി എനിക്ക് അധികകാലം ഇല്ല.’രാത്രി ലക്കുകെട്ട് ഉറങ്ങുകയായിരുന്ന ഞാന്‍ ഈ വാക്കുകേട്ട് ചാടിയെണീറ്റു. ആദ്യ നിമിഷം ഞാനും കരഞ്ഞുപോയി. പിന്നെ സംയമനം വീണ്ടെടുത്തുകൊണ്ട് ഞാന്‍ അവനോട് ആക്രോശിച്ചു.‘ഫ്രാന്‍സിസ്, നമുക്കിതിനെ ചെറുത്തു തോല്‍പിക്കണം. നീ കരയരുത്, തളര്‍ന്നു പോകരുത്. ഇച്ഛാശക്തിയാണ് ഏറ്റവും വലിയ ചികില്‍സയും മരുന്നും. ഞാനും നീയും അടക്കമുള്ള എല്ലാവരും എല്ലാ ജീവജാലങ്ങളും ലോകാവസാനം വരെ ജീവിക്കുന്ന ചിരഞ്ജീവികളല്ല. ഇന്നല്ലെങ്കില്‍ നാളെ, അല്ലെങ്കില്‍ വേറെയൊരു ദിവസം ലോകത്തോടു വിടപറയേണ്ടവരാണു നാമെല്ലാം. ഭയപ്പെടരുത്. ധൈര്യത്തോടെ രോഗത്തോടു പൊരുതണം.’
എന്റെ ആക്രോശം കേട്ട ഫ്രാന്‍സിസ് കരച്ചില്‍ നിര്‍ത്തി. പ്രിയ പത്‌നി നെസിയേയും മകളേയുമെല്ലാം വിഷമത്തിലാക്കിയല്ലോയെന്ന പരിഭവമാണു പിന്നെ പറഞ്ഞത്.
‘ നീ മിണ്ടരുത്. അവര്‍ക്കു ധൈര്യം പകരേണ്ടത് നീയാണ്. അവരേയും കെട്ടിപ്പിടിച്ചിരുന്നു കരഞ്ഞ് വിഷമിപ്പിക്കരുത്. നീ തന്നെയാണ് ധൈര്യം. അവര്‍കൂടി തളരാതെ നോക്കേണ്ടതു നിന്റെ ഉത്തരവാദിത്വമാണ്. ധൈര്യത്തോടെ ഇച്ഛാശക്തിയോടെ മുന്നേറണം. മനസു തളര്‍ന്നാല്‍ നീ ഇല്ലാതാകും. അതിന് അനുവദിച്ചുകൂടാ.’
ഇത്രയും ഞാന്‍ പറഞ്ഞൊപ്പിച്ചു. അന്ന് എനിക്കും കുടുംബാംഗങ്ങള്‍ക്കും ഉറങ്ങാന്‍ കഴിഞ്ഞില്ല. ഫ്രാന്‍സിസിന്റെ മുഖം മുന്നില്‍ തെളിഞ്ഞു നിന്നു. പുന്നാര പെങ്ങള്‍ മഞ്ജു പകുത്തു നില്‍കിയ സ്റ്റെംസെല്‍ ഏറ്റുവാങ്ങി ജീവിതത്തിലേക്കു തിരിച്ചുവന്നു. അഞ്ചു വര്‍ഷത്തോളം വെന്റിലേറ്ററിലും ഐസിയുവിലുമായി കഴിച്ചുകൂട്ടിയ ഫ്രാന്‍സിസിനു കാവല്‍ മാലാഖയായത് പ്രിയപത്‌നി നെസിതന്നെയാണ്. ഇപ്പോള്‍ നെസിയേയും മക്കളായ ഐറിനേയും ഐസകിനേയും എങ്ങനെ ആശ്വസിപ്പിക്കാനാകുമെന്ന് അറിയില്ല.
ഫ്രാന്‍സിസ് എന്നും ഞങ്ങള്‍ക്കൊപ്പമുണ്ട്. ഞങ്ങളുടെ ഹൃദയത്തില്‍. സ്വര്‍ഗത്തില്‍ ദൈവത്തിന്റെ വലതുഭാഗത്താണു നീ. ഞങ്ങളുടെ സ്‌നേഹവും കണ്ണീരും കണ്ട് നീ അവിടെയിരുന്ന് പുഞ്ചിരിക്കുകയാണ്.

ഫ്രാങ്കോ ലൂയിസ്
ഫ്രാന്‍സിസ് തടത്തില്‍അന്തരിച്ചു
ന്യൂജേഴ്‌സി: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ഓണ്‍ലൈന്‍ മാധ്യമമായ കേരള ടൈംസിന്റെ ചീഫ് എഡിറ്ററുമായ ഫ്രാന്‍സിസ് തടത്തില്‍ (52) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച ന്യൂജേഴ്സിയിൽ.
1994 ല്‍ ദീപികയില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച ഫ്രാന്‍സിസ് ദീപികയുടെ വിവിധ ബ്യൂറോകളില്‍ ബ്യൂഫോ ചീഫ്, മംഗളം കോഴിക്കോട് യൂണിറ്റില്‍ ന്യൂസ് എഡിറ്റര്‍ തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചു.
ശ്രദ്ധേയമായ അനേകം വാര്‍ത്തകളും ലേഖന പരമ്പരകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിന്നീട് അമേരിക്കയിലേക്കു കുടിയേറിയ ഫ്രാന്‍സിസ് ഇ മലയാളി ന്യൂസ് പോര്‍ട്ടലില്‍ ന്യൂസ് എഡിറ്ററായി. അമേരിക്കയിലെ പ്രമുഖ മലയാളി ചാനലായഎംസിഎന്‍ ചാനലിന്റെ ഡയറക്ടറായിരുന്നു.
രക്താര്‍ബുദം ബാധിച്ച് സ്‌റ്റെം സെല്‍ ട്രാന്‍സ്പ്‌ളാന്റേഷന്‍ നടത്തി അഞ്ചു വര്‍ഷത്തോളം വെന്റിലേറ്ററിലും തീവ്രപരിചരണ വിഭാഗത്തിലുമായിരുന്നു. മാധ്യമരംഗത്തെ അനുഭവങ്ങളുമായി ‘നാലാം തൂണിനപ്പുറം’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
ഫൊക്കാനയുടെ മാധ്യമ പുരസ്‌കാരം, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അവാര്‍ഡ്, പുഴങ്കര ബാലനാരായണന്‍ അവാര്‍ഡ്, പ്‌ളാറ്റൂണ്‍ അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ നേടി. ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവരയില്‍ താമസിച്ചിരുന്ന ഫ്രാന്‍സിസ് കോഴിക്കോട് ദേവഗിരി കോളജിലെ അധ്യാപകനായിരുന്ന പരേതനായ പ്രഫ. ടി.കെ. മാണിയുടേയും എലിസബത്ത് കരിംതുരുത്തേലിന്റേയും മകനാണ്.
ഭാര്യ: നെസി തോമസ് തടത്തില്‍ (അക്യൂട്ട് കെയര്‍ നഴ്‌സ് പ്രാക്ടീഷണര്‍, ന്യൂജേഴ്‌സി). മക്കള്‍: ഐറിന്‍ എലിസബത്ത്, ഐസക് ഇമ്മാനുവേല്‍. സഹോദരങ്ങള്‍: വിക്ടോറിയ തടത്തില്‍ (എറണാകുളം), ലീന തടത്തില്‍ (കോഴിക്കോട്), വില്യം തടത്തില്‍ (യുകെ), ഹാരിസ് തടത്തില്‍ (ബെംഗളുരു), മരിയ തടത്തില്‍ (തൊടുപുഴ), സിസ്റ്റര്‍ കൊച്ചുറാണി (ടെസി- ജാര്‍ക്കണ്ഡ്), അഡ്വ. ജോബി തടത്തില്‍ (കോഴിക്കോട്), റോമി തടത്തില്‍ (കോടഞ്ചേരി), റെമ്മി തടത്തില്‍ (ഏറ്റുമാന്നൂര്‍), മഞ്ജു ആഗ്നസ് തടത്തില്‍ (യുഎസ്).
Wake & Funeral details
:Wake: Friday 5 pm to 9 pm. St George Syro Malabar Church 408 Getty Ave Paterson, NJ07503Funeral Service: Saturday 8.30 Am to 10.30 amSt Thomas Syro Malabar Church 408 Getty Ave Paterson, NJAfter church service Final resting at : Gate of Heaven Cemetery 225 Ridgedale Ave East Hanover NJ, 07936