സുന്ദരമായ സ്വപ്നങ്ങൾ കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു.അതുകൊണ്ടുതന്നെ, കെ റെയിൽ എന്ന സ്വപ്നവും എനിക്ക് ഇഷ്ടമാണ്.

Share News

സുന്ദരമായ സ്വപ്നങ്ങൾ കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു.അതുകൊണ്ടുതന്നെ, കെ റെയിൽ എന്ന സ്വപ്നവും എനിക്ക് ഇഷ്ടമാണ്.പക്ഷെ, ബസുകാശ് കയ്യിൽ ഇല്ലാത്തവൻ വിമാനയാത്ര സ്വപ്നം കാണുന്നതുപോലെ, ആ സ്വപ്നത്തിന്റെ പിന്നാലെ പോയി സമയം കളയുന്നതിനോട് യോജിപ്പില്ല.

മദ്യം വിറ്റും ലോട്ടറി കച്ചവടം നടത്തിയും അന്നന്നത്തെ ചെലവ് കഴിഞ്ഞുപോകാൻ കഷ്ടപ്പെടുകയും, കൂടുതൽ കാശിന് അത്യാവശ്യം വന്നാൽ മദ്യത്തിന്റെ ടാക്സ് ഉയർത്താനും ലക്ഷക്കണക്കിന് ലോട്ടറി ടിക്കറ്റുകൾ കൂടുതലായി അച്ചടിക്കാനും മടികാണിക്കാതിരിക്കുകയും ചെയ്യുന്ന ഒരു നാണംകെട്ട സംവിധാനത്തിനകത്താണ് ഈ സ്വപ്നങ്ങൾ എന്നതാണ് വിചിത്രം. മദ്യവും ലോട്ടറിയും മലയാളി വേണ്ടെന്നുവെച്ചാൽ പിന്നെ കേരളമില്ല! നനഞ്ഞിടം കുഴിക്കുന്നതിനപ്പുറം മറ്റൊരു മാർഗ്ഗവും ധനാഗമത്തിനായി കണ്ടെത്തിയിട്ടില്ലാത്ത ഈ സർക്കാരാണ് മൂന്നരലക്ഷം കോടിയുടെ കൂടെ രണ്ടുലക്ഷം കോടികൂടി പൊതുക്കടം എഴുതിവയ്ക്കാൻ ആലോചിക്കുന്നത്!

ഒരുകോടിയിലേറെ വാഹനങ്ങൾ ഓടുന്ന മൂന്നുലക്ഷത്തി മുപ്പത്തിരണ്ടായിരം കിലോമീറ്റർ റോഡുകളാണ് കേരളത്തിലുള്ളത്. ഒരിക്കലും ശാപമോക്ഷം കിട്ടാത്ത ആയിരക്കകണക്കിന് ജംഗ്‌ഷനുകളും! 530 കിലോമീറ്റർ രണ്ടുവരി റെയിൽപ്പാതകൊണ്ട് കേരളത്തിന്റെ ഗതാഗത പ്രശ്നങ്ങളെല്ലാം തീരുമെന്ന് സ്വപ്നം കാണുന്നവരോട് സഹതാപം.അഞ്ചോ എട്ടോ വർഷം കഴിഞ്ഞ് സിൽവർ ലൈനിൽ യാത്ര ചെയ്തേക്കാവുന്നതിന്റെ എത്രയോ ഇരട്ടി ആളുകൾ ഇടപ്പള്ളി ജംഗ്‌ഷനിലെ ട്രാഫിക് കുരുക്കിൽ ഓരോ ദിവസവും പെട്ടുകിടക്കുന്നുണ്ട്!അത്തരം ഒരു ജംഗ്‌ഷനെ പോലും ശാപവിമുക്തമാക്കാൻ കാണിക്കാത്ത ആത്മാർത്ഥത അടുത്ത തലമുറയോട് ഉണ്ടെന്ന് അവകാശപ്പെടുന്നത് വിചിത്രം!കേവലം ഒരു പാലം പണിതുതീർക്കാൻ നാലും അഞ്ചും വർഷം വേണ്ടിവരുന്ന ഈ നാട്ടിൽ അഞ്ചുവർഷംകൊണ്ട് 530 കിലോമീറ്റർ പാളം പണിയുമെന്ന അവകാശവാദം മറ്റൊരു തമാശ!

ഏതുവിധേനയും നാടുവിടാൻ ബദ്ധപ്പെടുന്ന ഒരു യുവ തലമുറയുടെ ഭാവിക്കുവേണ്ടിയാണ് ഈ പെടാപ്പാടുകൾ! തൊഴിൽ ചെയ്തോ സംരംഭങ്ങൾ തുടങ്ങിയോ ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ കേരളം വിട്ടേ മതിയാവൂ എന്ന അവസ്ഥയാണ് കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിലെ പ്രധാന ഭരണനേട്ടം! യുദ്ധഭൂമിയിൽനിന്നുള്ള രക്ഷപെടലിന് ഏറെക്കുറെ സമാനമാണ് ഇന്നത്തെ കേരളത്തിൽനിന്ന് പുറത്തേയ്ക്കുള്ള യുവജനങ്ങളുടെ ഒഴുക്ക്, ജീവിക്കാൻ നാട് വിട്ടേ മതിയാവൂ എന്ന അവസ്ഥ! ആ തലമുറയോട് ഈ സർക്കാർ കാണിച്ചുകൊണ്ടിരിക്കുന്ന കരുതൽ അപാരം!

വികസനത്തിന്റെ പേരുപറഞ്ഞ് കുടിയിറക്കപ്പെട്ടിട്ടുള്ള എത്രപേരോട് ഈ ഭരണകൂടങ്ങൾ നീതിപുലർത്തിയിട്ടുണ്ട് എന്നതാണ് മറ്റൊരു ചോദ്യം. വല്ലാർപ്പാടം കണ്ടെയ്‌നർ ടെർമിനൽ റോഡിന്റെ പേരിൽ ഒന്നര പതിറ്റാണ്ട് മുമ്പ് കുടിയിറക്കപ്പെട്ടവരുടെ കണ്ണീര് ഉദാഹരണം മാത്രം.

ഇപ്പോഴത്തെ വാചകങ്ങളിൽ ഒരു ശതമാനമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ആദ്യം അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മനസ് കാണിക്കൂ സർക്കാരേ…സ്വപ്നങ്ങൾ നമുക്ക് എന്നുവേണമെങ്കിലും കാണാം, കാണാതിരിക്കാം… ജീവിതയാഥാർഥ്യങ്ങൾ കാണാതെപോകരുത്!

Vinod Nellackal

Share News