അഴിമതിയില്ലാതെ, സത്യസന്ധമായും നിസ്വാർത്ഥമായും ചാലക്കുടിയിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടി ഞാൻ പ്രവർത്തിക്കുന്നതാണ്. |ഡെന്നീസ് കെ ആന്റണി.

Share News

അഭ്യർത്ഥന

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ നിന്നു ജനവിധി തേടുന്നതിനു ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്നെ നിയോഗിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ. പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചു വർഷം നടത്തിയ ജനക്ഷേമപ്രവർത്തനങ്ങൾ തുടരുന്നതിന് എൽ ഡി എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടതുണ്ട്. കഴിഞ്ഞ 15 വർഷമായി ചാലക്കുടിയിൽ സ. ബി ഡി ദേവസ്സി എം എൽ എ യുടെ നേതൃത്വത്തിൽ നടന്ന സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കും മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ വിജയം അനിവാര്യമാണ്.

നാടിന്റെ വികസനത്തിനും നാട്ടുകാരുടെ ക്ഷേമത്തിനുമായി അനേകം കർമ്മപദ്ധതികൾ ഈ സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന വിധത്തിൽ നാടെങ്ങും അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കപ്പെട്ടു. റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, കൃഷി, കുടിവെള്ളം, ടൂറിസം, കായികം, വ്യവസായം തുടങ്ങിയ സമസ്ത മേഖലകളിലും വലിയ വികസനമുന്നേറ്റമാണ് ഈ കാലയളവിൽ നടന്നിട്ടുള്ളത്. ഇന്ന് ചികിത്സയ്ക്കോ വിദ്യാഭ്യാസത്തിനോ പണം ചിലവാക്കാതെ സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കാൻ ആർക്കും കഴിയുന്ന സ്ഥിതിവിശേഷം സംസ്ഥാനത്തുണ്ട്.

ക്ഷേമപെൻഷനുകൾ 1600 രൂപയായി വർദ്ധിപ്പിച്ചും യഥാസമയം വിതരണം ചെയ്തും കർഷക ക്ഷേമ പദ്ധതികൾ നടപ്പാക്കിയും ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ കാലാനുസൃതമായി പരിഷ്കരിച്ചും സർക്കാർ എല്ലാ വിഭാഗം ജനങ്ങൾക്കും സമാശ്വാസം പകർന്നു.

2018 ലെ മഹാപ്രളയത്തെയും 2019 ലെ പ്രളയതുല്യമായ കാലവർഷക്കെടുതിയെയും 2020 ലെ കോവിഡ് മഹാമാരിയെയും കേരളം നേരിട്ട രീതി ലോകത്തിനു തന്നെ മാതൃകയായി. കോവിഡ് പരിശോധനയും ചികിത്സയും സൗജന്യമായി നടപ്പാക്കിയും ഭക്ഷ്യകിറ്റുകൾ എല്ലാ കുടുംബങ്ങളിലും സൗജന്യമായി എത്തിച്ചും സർക്കാർ ജനങ്ങൾക്കൊപ്പം നിന്നു.

ചാലക്കുടി മണ്ഡലത്തിൽ സർവതലസ്പർശിയായ വികസനം ‘നാടിന്റെ വാലറ്റം വരെ’ നടപ്പാക്കുന്നതിന് ശ്രീ. ബി ഡി ദേവസ്സി എം എൽ എ യ്ക്കു കഴിഞ്ഞിട്ടുണ്ട്. ഇത് നാടാകെ അംഗീകരിക്കുന്ന, തൊട്ടറിഞ്ഞ യാഥാർത്ഥ്യമാണ്.ഈ പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയെ വിജയിപ്പിക്കുവാൻ ചാലക്കുടിയിലെ പ്രബുദ്ധരായ വോട്ടർമാർ തയ്യാറാകുമെന്ന് നമുക്കുറപ്പുണ്ട്.

ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് കൊരട്ടി ഗ്രാമപഞ്ചായത്തംഗമായും ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും വിവിധ സാമൂഹ്യ, രാഷ്ട്രീയ, തൊഴിലാളി, ജീവകാരുണ്യസംഘടനകളുടെ ചുമതലക്കാരനായും പ്രവർത്തിച്ചു നേടിയ പരിചയസമ്പത്ത് ചാലക്കുടിയുടെ വികസനത്തിനും ചാലക്കുടിക്കാരുടെ ക്ഷേമത്തിനും വേണ്ടി പ്രയോജനപ്പെടുത്താനാകുമെന്നു ഞാൻ വിശ്വസിക്കുന്നു.

അഴിമതിയില്ലാതെ, സത്യസന്ധമായും നിസ്വാർത്ഥമായും ചാലക്കുടിയിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടി ഞാൻ പ്രവർത്തിക്കുന്നതാണ്. തിരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾക്കുള്ള പിന്തുണയും സഹായങ്ങളും നൽകണമെന്നും ഏപ്രിൽ 6 നു നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എന്നെ രണ്ടില ചിഹ്നത്തിൽ നിങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തി വിജയിപ്പിക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.

സാദരം,നിങ്ങളുടെ സ്വന്തംഡെന്നീസ് കെ ആന്റണി.

Share News