
രാഷ്ട്രീയം നോക്കാതെ യോഗ്യത നോക്കി എല്ലാവർക്കും ജോലി കൊടുക്കാൻ തയ്യാറായാൽ ഒരു കുട്ടിയും ഇവിടെ നിന്ന് നാടുവിടില്ല.
വിദേശ ജോലിക്ക് പോകുന്ന യുവതലമുറയുടെ ഒഴുക്ക് തടയാൻ ചർച്ചകൾ ആരംഭിച്ചതായി കേൾക്കുന്നു.
കുറച്ചു കാര്യങ്ങൾ പറഞ്ഞു കൊള്ളട്ടെ. ഇവിടെ പഠിച്ചതുകൊണ്ട് എന്തോ കിട്ടാനാ ജോലി വേണമെങ്കിൽ രാഷ്ട്രീയം കളിക്കണം. അല്ലെങ്കിൽ പഠിത്തം കഴിഞ്ഞ കുഴിയിലോട്ട് കാലു നീട്ടുമ്പോൾ ജോലി.
സർവ്വകലാശാലകളുടെ നിലവാരം തന്നെ നോക്കൂ, അവിടെയെല്ലാം രാഷ്ട്രീയപ്രസരമാണ്. ഒരു പരീക്ഷ എഴുതിയിട്ട് സർട്ടിഫിക്കറ്റ് കിട്ടാൻ രണ്ടു വർഷമെങ്കിലും കാത്തിരിക്കണം. ഹയർ സ്റ്റഡീസിന് പഠിക്കുന്നവർ ഫെയിലായി രണ്ടാമത് എഴുതിയാൽ അതിന്റെ റിസൾട്ട് ലഭിക്കണമെങ്കിൽ മൂന്നുവർഷം കാത്തിരിക്കണം. മറ്റു സംസ്ഥാനങ്ങളിൽ ഇത് മൂന്നുമാസം കൊണ്ട് ലഭിക്കും. പേപ്പർ നോക്കേണ്ടവർ ഇവിടെ രാഷ്ട്രീയം കളിച്ചു നടക്കുകയാണ്. പഠിച്ചവന് തന്നെ ഇവിടെ ജോലിയില്ല. അയൽ സംസ്ഥാനങ്ങളിൽ തന്നെ എത്ര കുട്ടികളാണ് പഠിക്കാൻ പോകുന്നത്. എത്ര കോടികളാണ് ഒരു വർഷം അന്യസംസ്ഥാനങ്ങളിലേക്ക് മാത്രം പഠനത്തിനായി ഒഴുകുന്നത്. കേരളത്തിൽ പഠിച്ചിറങ്ങുമ്പോഴേക്കും അവന്റെ വീട് ലോണിന്റെ പേരിൽ ജപ്തിയാകും. അല്ലെങ്കിൽ ആത്മഹത്യ. കേരളത്തിൽ പ്രൈവറ്റ് സെക്ടറിൽ ഒരു നേഴ്സിനോ ഒരു ടീച്ചറിനോ ഒരു എൻജിനീയറിനോ കിട്ടുന്ന സാലറി 10,000 മുതൽ 15,000 വരെ മാത്രമാണ്. വിദ്യാഭ്യാസ വായ്പ എടുത്തു പഠിക്കുന്നവർക്ക് അതിന്റെ പലിശ അടയ്ക്കാൻ പോലും ഇത് തികയില്ല.
കഞ്ചാവും മയക്കുമരുന്നും വിൽക്കുന്ന മാഫിയകളാണ് നാടുമുഴുവൻ. കോളേജിൽ പോകുന്ന കുട്ടികളുള്ള മാതാപിതാക്കളുടെ മനസ്സിൽ തീയാണ്. സർക്കാർ ഓഫീസുകളിൽ കയറേണ്ട ആവശ്യം വന്നാൽ പ്രവാസികൾക്ക് കേരളം സന്ദർശിക്കാൻ വേണ്ടി പോലും വരാൻ തോന്നില്ല. ഗവൺമെന്റ് ജോലിയിൽ വേണ്ടപ്പെട്ടവരെ തിരികെ കേറ്റുക. വോട്ടുബാങ്ക് രാഷ്ട്രീയം മാത്രം ലാക്ക് ആക്കി ഇവിടെ ഭരിക്കുന്ന രാഷ്ട്രീയക്കാരുടെ നീതി രഹിതമായ ഭരണം. പരസ്യ വരുമാനം നോക്കി ഏത് അപരാധിയെയും നീതിമാനാക്കുന്ന മാധ്യമങ്ങൾ. വർഗീയതയുടെ അഴിഞ്ഞാട്ടം. ഉള്ള വരുമാനം മുഴുവൻ ശമ്പളവും പെൻഷനും കൊടുത്തു വികസന പ്രവർത്തനങ്ങൾ നടത്താൻ കടമെടുത്തു കൂട്ടി അവസാനം അതിന്റെ നികുതിഭാരം ജനങ്ങളുടെ നടുവൊടിക്കുന്ന ഗവൺമെന്റ്. അതുകൊണ്ട് ഉള്ളതെല്ലാം വിറ്റു പെറുക്കിയെങ്കിലും ഈ നരകത്തിൽ നിന്ന് രക്ഷപ്പെട്ട ഭാവി സുരക്ഷിതമാക്കാൻ മക്കളെ പ്രേരിപ്പിക്കും. ഇപ്പോൾ യൂറോപ്പിലേക്ക് പോകുന്നവർക്ക് അവിടെ സ്ഥിരതാമസം ലഭിക്കാൻ ഇപ്പോൾ എളുപ്പമാണ്. ഒരു പഠന കോഴ്സിൽ ചേരുക, പഠനം കഴിഞ്ഞ് ചെറിയ ജോലി, അങ്ങനെ സ്ഥിരതാമസം പൗരത്വം. പണ്ട് ഗൾഫിലേക്കും മലേഷ്യയിലേക്കും സിലോണിലേക്കും പോയവർ തിരിച്ചുവരുമായിരുന്നു. ഇന്നു പോകുന്നവർ തിരിച്ചു വരില്ല. വിദേശത്തു പോയെങ്കിലും കുറച്ചു പിള്ളേർ രക്ഷപ്പെടട്ടെ.
കുട്ടികൾ നാടുവിടുന്നു എങ്കിൽ അതിന്റെ ഉത്തരവാദികൾ നിങ്ങൾ രാഷ്ട്രീയക്കാർ തന്നെ. രാഷ്ട്രീയം നോക്കാതെ യോഗ്യത നോക്കി എല്ലാവർക്കും ജോലി കൊടുക്കാൻ തയ്യാറായാൽ ഒരു കുട്ടിയും ഇവിടെ നിന്ന് നാടുവിടില്ല.

Vinod Panicker
പ്രൊഫഷണൽ വിദ്യാഭാസ യോഗ്യതയുള്ള ഒരാൾക്ക് കേരളത്തിൽ കിട്ടുന്ന ശമ്പളത്തേക്കാൾ കൂടുതൽ ദിവസക്കൂലിക്കാരന് കിട്ടുന്ന നാട്,സ്വകാര്യ മേഖലയിൽ നല്ല വ്യവസായമോ വേതനമോ ഇല്ല ,യോഗ്യതക്ക് അനുസരിച്ചു ജോലിയോ വേതനമോ ഇല്ല കേരളത്തിലെ വിദ്യാഭാസ നിലവാരം പഴയ പോലെ അല്ല ഇപ്പോൾ കാലാനുസൃതമായ പഠന കോഴ്‌സുകൾ തുലോം കുറവ് അന്യ സംസ്ഥാന കോളേജിലോ വിദേശത്തോ പോയി ഈ കാലഘട്ടത്തിനു അനുയോജ്യമായത് പഠിച്ച പുതു തലമുറ നാട് വിടുന്നു .
സ്വന്തം ആസ്തികൾ വിറ്റും പണയം വെച്ചും പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറി ജീവിക്കുന്നു അവർക്ക് അറിയാം ഇനിയിവിടെ നിന്നിട്ട് കാര്യമില്ല അര നൂറ്റാണ്ടുകളായി മലയാളി പ്രവാസം തുടങ്ങിയിട്ട് ആദ്യ കാലത്തു ഉത്തരേന്ത്യൻ നഗരങ്ങളിലേക്ക് പിന്നീട് പേർഷ്യൻ ഗൾഫ് രാജ്യങ്ങളിലേക്ക് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കും അതിന് കാരണം നമ്മുടെ നാട്ടിലെ അരക്ഷിതാവസ്ഥയും രാഷ്ട്രീയ അതി പ്രസരണവും തന്നെ .
ഏതെങ്കിലും പാർട്ടിയുടെ ലേബലിൽ ഉള്ളവന് മാത്രമേ ഇവിടെ ജോലിയും വിലയും ഉള്ളൂ കൊടി പിടിക്കുന്നവർ പിൻവാതിൽ നിയമനത്തിലൂടെ ജോലികൾ സ്വന്തമാക്കുന്നു 2K പിള്ളേർക്ക് നാടിനോട് താൽപ്പര്യം ഇല്ല എങ്ങനെയെങ്കിലും ഈ നാട്ടിൽ നിന്നും രക്ഷപെട്ടു പോയാൽ മതി എല്ലാ തൊഴിലിനും മാന്യതയും തുല്യ നീതിയും മാന്യമായ ശമ്പളവും പാശ്ചാത്യ രാജ്യങ്ങളിൽ കിട്ടുന്നുണ്ട് .
സാമൂഹിക സുരക്ഷ സൗജന്യം കുട്ടികളുടെ വിദ്യാഭാസം ഒരു പരിധി വരെ സൗജന്യം അങ്ങനെയങ്ങനെ നിരവധി ആകർഷക ഘടകങ്ങൾ യുവാക്കളെ അങ്ങോട്ട് ആകർഷിക്കുന്നു .
യുവ തലമുറയുടെ ഈ പറിച്ചുനടൽ ഒരു വലിയ സാമൂഹ്യ പ്രശ്നം തന്നെ ആണ് കേരളത്തിൽ സൃഷ്ടിക്കുന്നത് അതിന് സർക്കാർ ഇവിടെ കാലാനുസൃതമായ പരിഷ്‌കാരങ്ങൾ വരുത്തി ഇനിയുള്ള തലമുറയെ ഇവിടെ തന്നെ പിടിച്ചു നിർത്താൻ വേണ്ട കാര്യങ്ങൾ ചെയ്തില്ലെങ്കിൽ കേരളം വൃദ്ധ സദനങ്ങളുടെ നാടായി മാറും

Gino George