നമ്മുടെ നാട്ടിലെ ഭൂരിപക്ഷം വിവാഹങ്ങളിലെയും ട്രോമാ ബോണ്ടിങ്‌ സ്ത്രീകളിൽ നിർമ്മിക്കപ്പെടുന്നത് സാമൂഹിക സ്ക്രിപ്റ്റ് മൂലമാണ്.|ഡോ. സി. ജെ .ജോൺ

Share News

നമ്മുടെ നാട്ടിലെ ഭൂരിപക്ഷം വിവാഹങ്ങളിലെയും ട്രോമാ ബോണ്ടിങ്‌ സ്ത്രീകളിൽ നിർമ്മിക്കപ്പെടുന്നത് സാമൂഹിക സ്ക്രിപ്റ്റ് മൂലമാണ്. ഇട്ടേച്ചു പോന്നാൽ തിരിച്ചു പോയി വിവാഹമെന്ന സ്ഥാപനത്തെ സംരക്ഷിക്കണമെന്ന് നിർബന്ധം ചെലുത്തുന്ന വീട്ടുകാരും സമൂഹവുമുള്ളപ്പോൾ പീഡനം സഹിച്ചൊരു ബോണ്ടിങ് കെണിയിൽ വീണ്‌ പോകുന്നവരാണ് മിയ്ക്കവാറും എല്ലാവരും. പാശ്ചാത്യ സങ്കല്പങ്ങളിലെ ട്രോമാ ബോണ്ടിങ്

കുറച്ചു പേരിൽ ഇല്ലെന്നല്ല പറയുന്നത്.

സാമൂഹിക നിർമ്മിതിയിൽ ഉണ്ടാകുന്ന ട്രോമാ ബോണ്ടിങ്ങിനെ

നേരിടാൻ മകളെ പ്രാപ്തരാക്കാൻ

മാതാ പിതാക്കൾക്ക് വളർത്തലിന്റെ ഭാഗമായി ഈ നിലപാടുകൾ ഉണ്ടാക്കാം .

1.ആദ്യത്തെ പീഡനത്തിൽ തന്നെ തുടർ പെരുമാറ്റങ്ങളുടെ മുന്നറിയിപ്പുകളുണ്ട്.ദാമ്പത്യമല്ലേ,

തട്ടിയും മുട്ടിയും ഇരിക്കുമെന്ന സമീപനം പാടില്ല .സുരക്ഷക്ക് വെല്ലുവിളി ഉയർത്തുകയും, വ്യക്തിയെന്ന സ്വത്വത്തെ നിരാകരിക്കുകയും ചെയ്യുന്ന പങ്കാളിയുടെ പ്രവർത്തികളോട്

പ്രതിഷേധം പ്രകടിപ്പിക്കണം.

2. ഇത്തരം അക്രമ സ്വഭാവങ്ങളെയും പെരുമാറ്റ വൈകല്യങ്ങളെയും

ഉണർത്തി വിടുന്ന ഘടകങ്ങൾ എന്തെന്ന് അറിയാൻ ശ്രമിക്കുക.

വ്യക്തിത്വ വൈകല്യം, മാനസികാ രോഗ്യ പ്രശ്നം, മദ്യത്തിന്റെയോ ലഹരിയുടെയോ സ്വാധീനം-ഇങ്ങനെ ചിലതുണ്ടാകാം .

പരിഹരിക്കാനുള്ള നിർദ്ദേശം തുടക്കത്തിലേ നൽകാം. സ്ത്രീയോട് ഇങ്ങനെയൊക്കെ ആകാമെന്ന വികല സാമൂഹിക ചിന്തയ്ക്ക് അടിമപ്പെട്ടവരെ തിരുത്താൻ പറ്റിയെന്ന് വരില്ല.

3.അപകടകരങ്ങളായ പെരുമാറ്റങ്ങൾ കാണിക്കുമ്പോൾ

സുരക്ഷിത ഇടങ്ങളിലേക്ക് മാറണം.പങ്കാളിയോട് ഇഷ്ടവും വിരോധവും ഇടകലരുന്ന ട്രോമാ ബോണ്ടിങ്‌ ചതിക്കാതെ നോക്കണം. തിരിച്ചു വരാൻ വേണ്ടി പ്രയോഗിക്കുന്ന കപട മാപ്പ്‌ അപേക്ഷകളെയും സ്നേഹ പ്രകടനങ്ങളെയും തിരിച്ചറിയണം.

സുരക്ഷാ ഉറപ്പായെന്ന വിശ്വാസമില്ലെന്ന കർശന നിലപാടെടുക്കുമ്പോൾ ഭീഷണിയുമായി തനി സ്വഭാവം പുറത്തു വരുന്നത് കാണാം.

4.അഡ്ജസ്റ്റ് ചെയ്യൂവെന്ന ഉപദേശങ്ങളും, കെട്ടിയ പുരുഷൻ ഇല്ലെങ്കിൽ പെണ്ണിന്റെ ജീവിതം അസാധ്യമെന്നൊക്കെയുള്ള ഭീഷണികളുമായുള്ള സമ്മർദ്ദ തന്ത്രങ്ങളെ നേരിടാൻ പഠിക്കണം.

സുരക്ഷയുള്ള ജീവിതം നാട്ട് നടപ്പിനായി ത്യജിക്കാനാവില്ലെന്ന ഉറച്ച നിലപാടും എടുക്കണം.

5.ഒന്നും ഫലിക്കാതെ വരുമ്പോൾ നിയമ വഴികൾ തേടണം. അത്തരം ഇടപെടലുകളിലൂടെയും പ്രൊഫഷണൽ സഹായത്തിലൂടെയും തിരുത്തൽ വരുന്നില്ലെങ്കിൽ വിവാഹത്തിൽ നിന്നും പുറത്തു വന്നു തന്റേടത്തോടെ ജീവിക്കാനും സാധിക്കണം.

കെട്ടിച്ചു വിട്ടുവെന്ന പൊതു ബോധത്തിൽ കുടുങ്ങാതെ മകളെ സ്നേഹിക്കുന്ന മാതാപിതാക്കൾക്ക് ഈ നിർദ്ദേശങ്ങൾ പരിഗണിക്കാം

ഡോ. സി. ജെ .ജോൺ

Share News