
ചുരുക്കി പറഞ്ഞാൽ ഇനിയിപ്പോ കെഎസ്ആർടിസിയുടെ പൊളിഞ്ഞ ടയറെങ്കിലും മാറ്റിയിടണമെങ്കിൽ പരസ്യത്തിൽനിന്നോ, ഭിക്ഷയായിട്ടോ വല്ലതും കിട്ടണം. |കെഎസ്ആർടിസിയുടെ നിയമയുദ്ധങ്ങൾ!
കെഎസ്ആർടിസിയുടെ നിയമയുദ്ധങ്ങൾ!
പരസ്യം പതിക്കാനുള്ള അനുമതി തേടി ദശലക്ഷങ്ങൾ മുടക്കി കെഎസ്ആർടിസി സുപ്രീംകോടതിയിൽ പോയിരിക്കുകയാണ്… പരസ്യ വരുമാനമില്ലായ്ക കെഎസ്ആർടിസിക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നത്രേ… സഞ്ചരിക്കുന്ന പരസ്യബോർഡുകൾ – അതാണ് കെഎസ്ആർടിസി കാണുന്ന സ്വപ്നം…

മറ്റു വാഹനങ്ങൾക്ക് ലഭിക്കാത്ത എന്ത് പ്രിവിലേജാണ് കെഎസ്ആർടിസി ബസുകൾക്ക് ലഭിക്കേണ്ടത്? ടൂറിസ്റ്റ് ബസുകളെ മുഴുവൻ പിടിച്ച് വെള്ളയടിപ്പിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ (ടൂറിസ്റ്റ് ബസുകളിലെ കലാപ്രദർശനങ്ങളോട് വലിയ യോജിപ്പ് പേഴ്‌സണലി ഉണ്ടായിരുന്നില്ല). അത്തരമൊരു തീരുമാനത്തിന് പിന്നിൽ സുരക്ഷാ കാരണങ്ങളാണ് പ്രധാനമായും പറഞ്ഞിട്ടുള്ളത്. ഓടുന്ന കെഎസ്ആർടിസി ബസുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിച്ചാൽ എതിരെ വരുന്ന വാഹന ഡ്രൈവർമാർക്ക് ഡൈവിംഗിൽ ഉണ്ടായേക്കാവുന്ന ശ്രദ്ധക്കുറവിനെക്കാൾ കൂടുതലായിരിക്കുമോ പ്രൈവറ്റ് ബസുകൾ സൃഷ്ടിക്കുക?
അനുദിനം കെഎസ്ആർടിസിക്ക് വന്നുകൂടിക്കൊണ്ടിരിക്കുന്ന ബാധ്യതകളാണ് അടിസ്ഥാനപരമായി പറയാനുള്ള കാരണം. ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുള്ളത് പോയിട്ട് ഡീസൽ അടിക്കാൻ പോലും കാശില്ല! മുങ്ങുന്ന കപ്പലിനെ മുങ്ങാൻ വിട്ട് പുതിയ കപ്പലുമായി വന്നു, കെ സ്വിഫ്റ്റ്. ബാധ്യതയുടെ കാര്യത്തിൽ മാസങ്ങൾക്കുള്ളിൽ അത് കെഎസ്ആർടിസിയുടെ റെക്കോർഡ് ഭേദിച്ചു.
ചുരുക്കി പറഞ്ഞാൽ ഇനിയിപ്പോ കെഎസ്ആർടിസിയുടെ പൊളിഞ്ഞ ടയറെങ്കിലും മാറ്റിയിടണമെങ്കിൽ പരസ്യത്തിൽനിന്നോ, ഭിക്ഷയായിട്ടോ വല്ലതും കിട്ടണം. പരസ്യം വയ്ക്കണമെങ്കിൽ അതിന് സുപ്രീം കോടതി കനിയണം. പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന്റെ മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ സർക്കാർ പുതിയ സമിതിയെ വച്ചിട്ടുണ്ടെന്നാണ് പറയുന്നത്. “അപ്പനും സുഭദ്രയും പിന്നെ ഞാനു”മാണ് സമിതി അംഗങ്ങൾ. സുപ്രീം കോടതിയിൽ ഇരിക്കുന്നവർ മണ്ടന്മാരാണെങ്കിൽ വല്ലതും നടന്നേക്കും…
ഒരുകാര്യംകൂടി:
എറണാകുളത്തുനിന്ന് പുൽപ്പള്ളിക്ക് ദിവസവും കൊച്ചിൻ എക്സ്പ്രസ് എന്ന പേരിൽ നൈറ്റ് സർവീസ് ഉണ്ട്. മൾട്ടി ആക്സിൽ വോൾവോ, കാലങ്ങളായുള്ള നല്ല സർവീസ്. ഒരാൾക്ക് 600 രൂപയാണ് ചാർജ്ജ്. അതിലും മറ്റൊരു തമാശയുണ്ട്. മലയോര, ഹൈറേഞ്ച് മേഖലകളിലേക്ക് പണ്ടുമുതലേ ധാരാളം പ്രൈവറ്റ് സർവീസുകളുണ്ടായിരുന്നു. ഒരിടയ്ക്ക് കെഎസ്ആർടിസി വരുമാനം കൂട്ടാൻവേണ്ടി (ലോങ്ങ് റൂട്ടുകളെല്ലാം ദേശസാൽക്കരിക്കാൻ ഉള്ള ആലോചനയും ഒരിടയ്ക്ക് ഉണ്ടായിരുന്നു) ഇത്തരത്തിൽ സക്സസ് ആയി പ്രൈവറ്റ് ബസുകൾ ഓടുന്ന എല്ലാ റൂട്ടിലേയ്ക്കും ഏതാണ്ട് അതേ സമയത്ത് തന്നെ സർവീസുകൾ ആരംഭിച്ചു. പ്രൈവറ്റ് ബസുകൾ മറ്റൊന്നും ചെയ്തില്ല, ക്വാളിറ്റി കൂട്ടി, റേറ്റ് കുറച്ചു. എന്നിട്ടും ലാഭകരമായി ഓടുന്നു…
കൊച്ചിയിൽനിന്ന് പുൽപ്പള്ളിക്ക് കെഎസ്ആർടിസി വോൾവോ സർവീസ് ഇല്ല, ഉണ്ടായിരുന്നേൽ 700 രൂപയെങ്കിലും ആകും. ഇനിയിപ്പോ 700 രൂപയുടെ സ്ഥാനത്ത് 1400 രൂപ ആക്കിയാലും കെഎസ്ആർടിസിയുടെ നഷ്ടമേ കൂടൂ, ലാഭം കൂടില്ല. ഏതായാലും, ശമ്പളക്കുടിശിക തീർത്തില്ലേലും ഡീസൽ അടിച്ചില്ലേലും സുപ്രീംകോടതിയിൽ കേസ് നടത്താനുള്ള കാശ് മാറ്റി വയ്ക്കും എന്ന് തീർച്ച. ഇതുപോലെ ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു…
Vinod Nellackal
