കേരളത്തിൻ്റെ ഇന്നത്തെ സാഹചര്യത്തിൽ നമുക്കു വേണ്ടത് K- Rail അല്ല; K- Road- കളാണ്.
അമേരിക്കൻ പ്രസിഡൻ്റായിരുന്ന റിച്ചാർഡ് നിക്സൺൻ്റെ ഒരു പ്രസ്താവന വായിച്ചത് ഓർമ്മ വരുന്നു. ” എല്ലാവരും പറയുന്നത് സ്റ്റേറ്റ് (രാഷ്ട്രം) റോഡുകൾ നിർമ്മിച്ചു എന്നാണ്. എന്നാൽ റോഡുകളാണ് സ്റ്റേറ്റുകളെ നിർമ്മിക്കുന്നത്” റോഡുകളെക്കുറിച്ചുള്ള വളരെ ശരിയായ ഒരു നിരീക്ഷണമാണിത്. ഒരു രാജ്യത്തിൻ്റെ വികസനം കടന്നു വരുന്നത് അവിടുത്തെ സൗകര്യപ്രഥമായ റോഡുകളിലൂടെയാണെന്ന വസ്തുത അമേരിക്കൻ പ്രസിഡൻ്റു പോലും തിരിച്ചറിഞ്ഞ വസ്തുതയാണ്.
കേരളത്തിൻ്റെ ഇന്നത്തെ സാഹചര്യത്തിൽ നമുക്കു വേണ്ടത് K- Rail അല്ല; K- Road- കളാണ്. അതിവേഗ ട്രെയിൻ സർവീസുകളുള്ള വികസിത രാജ്യങ്ങളിൽ പോലും രാഷ്ട്രം പ്രഥമ പരിഗണന നൽകുന്നത് അവിടത്തെ റോഡുകൾക്കാണ്. ട്രെയിൻ, വിമാന സർവ്വീസുകളെക്കാൾ 99% ജനങ്ങളും ഉപയോഗിക്കുന്നത് റോഡുകളെയാണ്. ട്രെയിൻ യാത്ര പല രാജ്യങ്ങളിലും വിമാനയാത്രയേക്കാൾ ചിലവേറിയതുമാണ്. K – റെയിൽ വന്നാൽ കേരളത്തിലും സ്ഥിതി വ്യത്യസ്തമാകില്ല. നിർമ്മാണവും പരിപാലനവും നോക്കിയാൽ റോഡുകളാണ് ഏറെ ചെലവു കുറഞ്ഞതും ജനങ്ങൾക്ക് ഏറെ ഉപകരിക്കുന്നതും.
കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡു വരെയുള്ള ദൂരം 556.9 കിലോമീറ്റർ എന്നാണ് ഗൂഗിൾ മാപ്പ് പറയുന്നത്. ഈ ദൂരം യാത്ര ചെയ്യാൻ വേണ്ട സമയം 14 മണിക്കൂറും 19 മിനിറ്റുമാണ്. ജപ്പാനിലെ ടോക്കിയോ മുതൽ ഒസാക്ക വരെയുള്ള ദൂരം (501.9 കി.മീ). അത്രയും ദൂരം യാത്ര ചെയ്യാൻ വേണ്ടത് 6Hrs 11mins സമയം മാത്രം മതി! തിരുവനന്തപുരം -കാസർഗോഡ് ദൂരത്തിൻ്റെ ഇരട്ടി ദൂരമായ 1,092 കി.മീറ്റർ താണ്ടി ടോക്കിയോയിൽ നിന്ന് ഫുക്കുവാക്കയിലെത്താൻ വേണ്ടത് 13.7 മണിക്കൂർ മാത്രമാണ് എന്നറിയുമ്പോഴേ നമ്മുടെ റോഡുകൾ കാലത്തിനനുസരിച്ച് മാറ്റത്തിന് വിധേയമാക്കുന്നില്ല എന്ന വസ്തുത ബോധ്യപ്പെടുക.
ഇൻ്റർനെറ്റ് ലോകം ഇന്ന് 5Gയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഈ നൂറ്റാണ്ടിൻ്റെ പ്രാരംഭത്തിൽ ഉണ്ടായിരുന്ന 56Kbps സ്പീഡിൻ്റെ അവസ്ഥയിലാണ് കേരളത്തിലെ റോഡുകൾ. കേരളത്തിലെ പ്രധാന പട്ടണങ്ങളായ തിരുവനന്തപുരം – കൊച്ചി ദൂരം 200.9 km യാത്ര ചെയ്യാൻ വേണ്ട സമയം 5.18 മണിക്കൂറാണെങ്കിൽ ഇംഗ്ലണ്ടിൽ ലീഡ്സിൽ നിന്നും ബർമിംഗ്ഹാമിലെത്താൻ 194 km (120.6m) യാത്രയ്ക്ക് വേണ്ടത് 2 മണിക്കൂർ സമയമാണ്. ഇതിൽ നിന്നും കേരളത്തിലെ NH റോഡുകളിലെ വേഗത തിരിച്ചറിയാൻ കഴിയും.
നാഷണൽ ഹൈവേ വീതി കൂട്ടിയാൽ കേരളത്തിൻ്റെ വികസനത്തിന് അത് ഗുണം ചെയ്യും. എന്നാൽ ഇതിനേക്കാൾ പ്രാധാന്യം നൽകേണ്ടത് കേരളത്തിലൂടെ കടന്നുപോകുന്ന പ്രധാന നാഷണൽ ഹൈവേകളായ NH17, NH47 എന്നിവയ്ക്ക് സമാന്തരമായി ഉൾപ്രദേശങ്ങളെ ബന്ധിപ്പിച്ചു നിർമ്മിക്കേണ്ട റോഡുകൾക്കാണ്. ഇംഗ്ലണ്ടിൽ M1 ഹൈവേയ്ക്ക് ഏതാണ്ട് സമാന്തരമായി കടന്നു പോകുന്ന A1 ഹൈവേ പോലെ ഒരു സമാന്തര റോഡ് കേരളത്തിൽ ഉണ്ടെങ്കിൽ പ്രധാന ഹൈവേകളിലെ തിരക്ക് കുറയ്ക്കാൻ കഴിയും. പ്രധാന റോഡിൽ എന്തെങ്കിലും തടസമുണ്ടായാൽ സമാന്തര റോഡിലൂടെ യാത്ര തുടരാം.
കേരളത്തിലെ ട്രാഫിക് കുരുക്ക് കുറയ്ക്കാൻ ട്രാഫിക് ലൈറ്റ് ജംഗ്ഷനുകൾ സ്ഥാപിക്കുക എന്ന നിർദ്ദേശവും അതിനായി ബഡ്ജറ്റിൽ തുക വകയിരുത്തായ വാർത്തയും കണ്ടു. ട്രാഫിക് കുരുക്ക് ഒഴിവാക്കാൻ പ്രധാന പട്ടണങ്ങളിൽ മാത്രം ട്രാഫിക് ലൈറ്റ് ജംഗ്ഷനുകൾ സ്ഥാപിച്ചാൽ അത് ട്രാഫിക് കുരുക്ക് വർദ്ധിപ്പിക്കുകയേയുള്ളൂ. ഉദാഹരണത്തിന് എറണാകുളം പട്ടണത്തിൽ ട്രാഫിക് തിരക്കു കുറയ്ക്കണമെങ്കിൽ തെക്ക് ആലപ്പുഴ മുതലും വടക്ക് ചാലക്കുടി മുതലും ട്രാഫിക് നിയന്ത്രിക്കണം. സിറ്റിയിൽ നിന്നും വളരെ ദൂരത്തു നിന്നു ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുകയും അതോടൊപ്പം സിറ്റിയുടെ ഉള്ളിലുള്ള എല്ലാ റോഡുകളിലും ട്രാഫിക്കിനെ നിയന്ത്രിച്ചുവിടുകയും ചെയ്താൽ മാത്രമേ പ്രധാന ജംഗ്ഷനുകളിൽ തിരക്ക് ഒഴിവാകൂ. വാഹനങ്ങളെ വിദൂരത്തു നിന്നും നിയന്ത്രിക്കാതെ സിറ്റികളിൽ മാത്രം ലൈറ്റ് ജംഗ്ഷനുകൾ സ്ഥാപിച്ചു നിയന്ത്രിക്കാൻ ശ്രമിച്ചാൽ സിറ്റികളിൽ ട്രാഫിക് കുരുക്ക് ഒരിക്കലും ഒഴിവാകില്ല.
പുതിയ റോഡുകൾ ഇനി നിർമിക്കുമ്പോൾ ഇരു വശങ്ങളിലുമായി ഫുട്പാത്തുകളും നിർമ്മിക്കണം. നിലവിലുള്ള റോഡുകളിൽ നിന്ന് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുകയും ഫൂട്പാത്തുള്ള കൂടുതൽ റോഡുകൾ നിർമ്മിക്കുകയും ചെയ്താൽ റോഡിലെ വേഗത അൽപമെങ്കിലും ഉയർത്താൻ കഴിയും.
Mathew Chempukandathil