അഭിമാനത്തോടെ ഭാരതം: വി​ജ​യ​പ​ഥ​ത്തി​ൽ ച​ന്ദ്ര​യാ​ൻ-3

Share News

ചെന്നൈ: രാജ്യത്തിന് അഭിമാനമേറ്റി ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍ മൂന്നിന് തികവാര്‍ന്ന കുതിപ്പ്. പേടകവും വഹിച്ച് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 നേരത്ത നിശ്ചയിച്ചപോലെ ഉച്ചയ്ക്ക് 2.35ന് വിക്ഷേപണത്തറയില്‍ നിന്നു കുതിച്ചുയര്‍ന്നു. ചന്ദ്രയാന്‍ 3നെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചതായി 2.54ന് ഐഎസ്ആര്‍ഒ ട്വിറ്ററിലൂടെ അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്കാണ് ചന്ദ്രയാന്‍ 3ന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിയത്. 25 മണിക്കൂറും 30 മിനിറ്റും കൗണ്ട് ഡൗണ്‍ പൂര്‍ത്തിയാക്കി വിക്ഷേപവാഹനം ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചു.

2019ല്‍ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ദൗത്യം മറന്നു, പഴുതുകളെല്ലാം അടച്ചാണ് ഇക്കുറി ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 3നെ ഭ്രമണ പഥത്തിലേക്ക് അയക്കുന്നത്. യുഎസും റഷ്യയും ചൈനയും മാത്രം കൈവരിച്ച നേട്ടം ഓഗസ്റ്റില്‍ സ്വന്തമാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്

ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്3 എന്ന് പേരുമാറ്റിയ ഐ.എസ്.ആര്‍.ഒ.യുടെ കരുത്തുറ്റ വിക്ഷേപണവാഹനമായ ജിഎസ്എസ്എല്‍വി മാര്‍ക്ക്3 റോക്കറ്റിന്റെ ഏഴാമത്തെ ദൗത്യമാണ് ഇത്. 43.5 മീറ്റര്‍ ഉയരവും 642 ടണ്‍ ഭാരവുമുള്ള ഇതിന് ആദ്യ ഘട്ടത്തില്‍ ഖര ഇന്ധനവും രണ്ടാം ഘട്ടത്തില്‍ ദ്രവ ഇന്ധനവും മൂന്നാം ഘട്ടത്തില്‍ ക്രയോജനിക് ഇന്ധനവും കുതിപ്പേകും.

ചന്ദ്രനില്‍ ഇറങ്ങാനുള്ള ലാന്‍ഡറും ചന്ദ്രനില്‍ സഞ്ചരിക്കാനുള്ള റോവറും ഇവയെ ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിക്കാനുള്ള പ്രൊപ്പല്‍ഷന്‍ മൊഡ്യൂളുമാണ് ചന്ദ്രയാന്‍ പേടകത്തിന്റെ പ്രധാന ഭാഗങ്ങള്‍. റോക്കറ്റില്‍ നിന്ന് വേര്‍പെട്ടു കഴിഞ്ഞാല്‍ റോവറിനെയും ലാന്‍ഡറിനെയും ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിക്കാനുള്ള ചുമതല പ്രൊപ്പല്‍ഷന്‍ മോഡ്യൂളിന്റേതാണ്. ഭൂമിയെ ചുറ്റുന്നതിനിടെ ഭ്രമണ പഥത്തിന്റെ വ്യാസം വര്‍ധിപ്പിച്ചു കൊണ്ടുവന്നാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് കടക്കുക. അതിനുശേഷം ചന്ദ്രന്റെ ഭ്രമണ പഥത്തിന്റെ വ്യാസം കുറച്ചു കൊണ്ടുവരും. ഓഗസ്റ്റ് 23, 24 തീയതികളില്‍ ലാന്‍ഡറിനെ ചന്ദ്രനില്‍ ഇറക്കാനാണ് പദ്ധതി.

Share News