
മുൻകൂർ നോട്ടീസ് നൽകിയാണോ കല്ലിടൽ?: കെ റെയിലിൽ ചോദ്യങ്ങളുമായി ഹൈക്കോടതി
കൊച്ചി: കെ റെയിൽ പദ്ധതിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. നാലു കാര്യങ്ങളിൽ വ്യക്തത വരുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി നിർദേശിച്ചു. സാമൂഹികാഘാത പഠനത്തിന്റെ പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു.
മുൻകൂർ നോട്ടീസ് നൽകിയാണോ കല്ലിടുന്നത്?, സാമൂഹികാഘാത പഠനം നടത്താൻ അനുമതിയുണ്ടോ? സ്ഥാപിക്കുന്ന കല്ലുകളുടെ വലിപ്പം നിയമാനുസൃതമാണോ? പുതുച്ചേരിയിലൂടെ റെയിൽ പോകുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങളിൽ വെള്ളിയാഴ്ച മറുപടി നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു.
സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്നു എന്ന തരത്തില്‍ പരാതികള്‍ വ്യാപകമായി ഉയരുന്നുണ്ട്. ബലംപ്രയോഗിച്ച് സ്വകാര്യ ഭൂമിയില്‍ കല്ലുകള്‍ സ്ഥാപിക്കുന്നതാണ് പ്രശ്നത്തിന് കാരണം. ഇത്തരത്തില്‍ കല്ലുകള്‍ സ്ഥാപിച്ചാല്‍ വായ്പ ലഭിക്കുന്നതിന് നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടാകില്ലേയെന്നും വായ്പ നല്കാന് ബാങ്കുകള്‍ മടിക്കില്ലേ എന്നും കോടതി ചോദിച്ചു.
ഇക്കാര്യത്തില്‍ കെ റെയില്‍ എംഡി ഹൈക്കോടതിയില്‍ നേരത്തെ തന്നെ വിശദമായ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ നടക്കുന്നത് സര്‍വ്വേയുടെ ഭാഗമായുള്ള തുടര്‍നടപടികള്‍ മാത്രമാണ്.ഏതെങ്കിലും തരത്തില്‍ ഭൂമി ഏറ്റെടുത്ത് തുടങ്ങിയിട്ടില്ല. പൊലീസിനെ ഉപയോഗിക്കുന്നത് ജനങ്ങളെ ഭയപ്പെടുത്താനല്ല. ഉപകരണങ്ങള്‍, സര്‍വ്വേയ്ക്ക് വരുന്ന ഉദ്യോഗസ്ഥര്‍ എന്നിവയുടെ സംരക്ഷണത്തിന് മാത്രമാണെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.