മലയാളത്തിലേതു മാത്രമല്ല, ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളിലെയും ആദ്യത്തെ പത്രങ്ങൾ ആരംഭിച്ചത് വിദേശികളാണ് എന്നുള്ളത് നാം മനസിലാക്കാത്ത വാസ്തവമാണ്.

Share News

മഹാകവി വള്ളത്തോളിന്‍റെ വളരെ പ്രശസ്തമായ വരികളാണ്, “ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണം അന്തഃരംഗം, കേരളമെന്ന് കേട്ടാലോ, തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ” എന്നത്. കേരളത്തെക്കുറിച്ച് വളരെ അഭിമാനം കൊള്ളുന്നവരാണ് നാം. നമ്മുടെ മാതൃഭൂമി എന്ന് അഭിമാനത്തോടെ കേരളത്തെക്കുറിച്ച് നാം പറയുന്നു. ഭാരതത്തെക്കുറിച്ച് പറയുമ്പോഴും കേൾക്കുമ്പോഴും നമുക്ക് വലിയ അഭിമാനമുണ്ട്. ഭാരതീയൻ ആയിരിക്കുക എന്നുള്ളതിൽ അഭിമാനം കൊള്ളുകയും കേരളത്തെക്കുറിച്ച് ഓർക്കുമ്പോൾ രക്തം തിളയ്ക്കണമെന്നു പറയുകയും ചെയ്യുമ്പോഴും ഈ സംസ്ഥാനത്തെയും രാജ്യത്തെയുംകുറിച്ച് എത്രമാത്രം നാം പഠിച്ചിട്ടുണ്ട് എന്നുള്ളത് പ്രധാനപ്പെട്ട ചോദ്യമാണ്.

ഡോ. ഹെർമൻ ഗുണ്ടർട്ട്

മലയാളഭാഷ, മലയാള പത്രപ്രവർത്തനം, മലയാളസാഹിത്യം-ഇതൊക്കെ പരിശോധിക്കുമ്പോൾ നമുക്ക് എത്രമാത്രം സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്. മലയാളത്തിലെ ആദ്യത്തെ പത്രത്തെക്കുറിച്ചു പറയുമ്പോൾ നാം രാജ്യസമാചാരം എന്ന പേരാണ് പറയുക. സ്‌കൂളുകളിൽ ഈ പേര് പഠിക്കുന്നതോടൊപ്പം അത് ആരംഭിച്ച ആളുടെ പേരും കുട്ടികൾ പഠിക്കുന്നുണ്ട്. മലയാളിയോ ഇന്ത്യക്കാരനോ ഏഷ്യക്കാരനോ അല്ലാത്ത ഡോ. ഹെർമൻ ഗുണ്ടർട്ട് എന്ന ജർമൻ ക്രിസ്ത്യൻ മിഷണറിയുടെ പേരാണാത്. ഒരു പത്രം നടത്തുക എന്നതിനേക്കാളുപരി, അതിന്‍റെ പത്രാധിപരായിരിക്കുകയും എല്ലാ പേജുകളും എഴുതിയുണ്ടാക്കുകയും അതുവഴി ആദ്യമായി കേരളത്തിന്‍റെ ചരിത്രം രേഖപ്പെടുത്തി വയ്ക്കുകയുമാണ് അദ്ദേഹം ചെയ്തത്. ഹെർമൻ ഗുണ്ടർട്ടിനെക്കുറിച്ചു പറയാതെ മലയാളഭാഷയുടെ ചരിത്രത്തെക്കുറിച്ച് നമുക്കു പറയാൻ കഴിയില്ല.

ഓണാഘോഷത്തോടനുബന്ധിച്ചുള്ള വളരെ പ്രശസ്തമായ ഈരടികളാണ്, “മാവേലി നാടു വാണീടും കാലം, മാനുഷരെല്ലാരുമൊന്നുപോലെ…” എന്നത്. ഈ വരികൾ നമുക്ക് എങ്ങനെയാണ് കിട്ടിയതെന്നു ചോദിച്ചാൽ നമുക്ക് വ്യക്തമായ ഉത്തരമില്ല. തലമുറകൾ കൈമാറി വന്നതാണെന്ന ചിന്തയാണ് പൊതുവെയുള്ളത്. എന്നാൽ, ആ അന്വേഷണം നമ്മെ കൊണ്ടെത്തിക്കുന്നത് ഹെർമൻ ഗുണ്ടർട്ടിലേക്കും അദ്ദേഹത്തിന്‍റെ പത്രമായ രാജ്യസമാചാരത്തിലേക്കുമാണ്. ധാരാളം പഴഞ്ചൊല്ലുകളാൽ സമ്പന്നമാണ് മലയാള ഭാഷ. ഇതൊക്കെ എപ്രകാരമാണ് നമുക്കു പകർന്നുകിട്ടിയത് എന്ന് അന്വേഷിച്ചാൽ അതിനും നാം കടപ്പെട്ടിരിക്കുന്നത് ഹെർമൻ ഗുണ്ടർട്ടിനോടാണ്. നമ്മുടെ സ്വന്തമെന്നു നാം കരുതുന്ന നമ്മുടെ മണ്ണിന്‍റെ മണമുള്ള പഴഞ്ചൊല്ലുകൾ മുഴുവൻ ശേഖരിച്ചു സൂക്ഷിച്ചത് അദ്ദേഹമാണ്.

ഭാഷയുടെ അടിസ്ഥാനങ്ങളിൽ ഒന്നാണ് നിഘണ്ടുക്കൾ. ഇന്ന് ഒരുപാട് ഡിക്‌ഷ്ണറികൾ നമുക്കു മുന്നിലുണ്ട്. പത്ത് ഡിക്‌ഷ്ണറികൾ എടുത്തുവച്ച് കൂടുതൽ മെച്ചപ്പെട്ട പുതുതായൊന്നു നിർമിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ, അപ്രകാരം ഒന്നുപോലും മാതൃകയായി ഇല്ലാതിരുന്ന ഒരു കാലത്ത് ശൂന്യതയിൽനിന്ന് അത്തരമൊന്ന് നിർമിച്ചയാളാണ് ഡോ. ഹെർമൻ ഗുണ്ടർട്ട്. ഇന്ന് സാധാരണ മലയാളികളുടെ ഭാഷയുടെ അടിത്തറയായി നിലകൊള്ളുന്നത് അദ്ദേഹത്തിന്‍റെ അധ്വാനമാണ്. രാജ്യ സമാചാരത്തെയും അതിന്‍റെ പിന്നിലെ പ്രവർത്തനങ്ങളെയുംകുറിച്ച് പഠിച്ചുവന്നപ്പോൾ ഹെർമൻ ഗുണ്ടർട്ട് എന്ന പ്രതിഭയെക്കുറിച്ചുകൂടി പഠിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. അങ്ങനെ നടത്തിയ പഠനങ്ങളിൽനിന്ന് എനിക്കു വ്യക്തമായത് സുപ്രധാനമായ ചില വിവരങ്ങളായിരുന്നു.

പൊതുവെ എല്ലാവരും കരുതുന്നതുപോലെ സുവിശേഷ പ്രഘോഷണത്തിനു വന്ന ആളായിരുന്നില്ല ഹെർമൻ ഗുണ്ടർട്ട്. അദ്ദേഹം അധ്യാപകനായാണ് ഇന്ത്യയിലെത്തിയത്. സുവിശേഷവേലയ്ക്കായി തമിഴ്‌നാട്ടിലെത്തിയവരുടെ കുട്ടികളെ പഠിപ്പിക്കുന്നതിനുവേണ്ടി വന്ന അധ്യാപകനാണ് അദ്ദേഹം. അങ്ങനെ തമിഴ്‌നാട്ടിലെത്തിയ അദ്ദേഹം കുട്ടികളെ പഠിപ്പിച്ചിരുന്നതോടൊപ്പം ആദ്യം തമിഴും തുടർന്ന് സമീപ സംസ്ഥാനങ്ങളിലെ ഭാഷകളും പഠിക്കുകയുണ്ടായി. ഒട്ടേറെ ഭാഷകൾ പഠിച്ചതിനൊപ്പമാണ് മലയാളം പഠിച്ചതെങ്കിലും അദ്ദേഹം മലയാളം പഠിക്കുക മാത്രമല്ല, പിന്നീട് കേരളത്തിലെത്തി മലയാളത്തിനുവേണ്ടി വ്യാകരണവും നിഘണ്ടുവും തയാറാക്കുകയും മലയാളത്തിൽ ആദ്യത്തെ പത്രം ആരംഭിക്കുകയും ചെയ്തു. വാസ്കോഡ ഗാമ കേരളത്തിൽ വന്നതുൾപ്പെടെയുള്ള വിവിധ അറിവുകളും ഒട്ടനവധി ലോകകാര്യങ്ങളുമെല്ലാം നമ്മെ പഠിപ്പിച്ചതും രേഖപ്പെടുത്തിവച്ചതും ഹെർമൻ ഗുണ്ടർട്ട് ആണ്.

വർഷങ്ങൾ അധ്വാനിച്ച് ഇതൊക്കെ അദ്ദേഹം ചെയ്തത് എന്തിനുവേണ്ടിയാണ് എന്നൊരു ചോദ്യം അവശേഷിക്കുന്നുണ്ട്. മിഷണറിമാരുടെ ആവശ്യത്തിനുവേണ്ടിയും ക്രൈസ്തവവത്കരണത്തിനു വേണ്ടിയുമാണ് ഇതൊക്കെ ചെയ്തതെന്നു കരുതുന്നവരുണ്ട്. എന്നാൽ, ഹെർമൻ ഗുണ്ടർട്ടിന്‍റെ ജീവിതം പഠിച്ചാൽ, അദ്ദേഹം ഒരാളെപ്പോലും മതപരിവർത്തനം ചെയ്തിട്ടില്ല. അദ്ദേഹത്തിന്‍റെ ലക്ഷ്യം തികച്ചും വിദ്യാഭ്യാസപരമായിരുന്നു. അദ്ദേഹം കുട്ടികളെ പഠിപ്പിക്കുന്നതിനായി വന്ന് ഭാഷ പഠിക്കുകയും ഭാഷയെ വളർത്തുകയും ഒരു ജനതയെ മുഴുവൻ ഭാഷയുടേതായ വിശാല ലോകത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. അപ്പോൾ ചോദിക്കാം, നമുക്ക് അന്ന് ഭാഷ ഉണ്ടായിരുന്നില്ലേ, ആ ഭാഷ ആശയവിനിമയത്തിന് പര്യാപ്തമായിരുന്നില്ലേ ? ഒരു കാര്യം വ്യക്തമാണ്; ഇന്നു സംസാരിക്കുന്ന മലയാള ഭാഷയ്ക്ക് നാം കടപ്പെട്ടിരിക്കുന്നത് ഡോ. ഹെർമൻ ഗുണ്ടർട്ടിനോടാണ്. കാരണം, നമുക്കൊരു ഗദ്യഭാഷ ലഭ്യമായതിൽ അദ്ദേഹത്തിന്‍റെ പങ്ക് നിസ്തുലമാണ്.

ഗദ്യഭാഷയിലേക്ക്

മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛൻ എന്നാണ് നാം പഠിച്ചു തുടങ്ങുന്നത്. അദ്ദേഹം അദ്ധ‍്യാത്മ രാമായണം തയാറാക്കിയതാണ് കാരണം. അദ്ദേഹത്തിന്‍റെ രചനകളെല്ലാം പദ്യമാണ്. എഴുത്തച്ഛനു മുമ്പ് ജീവിച്ചിരുന്നയാളാണ് ചെറുശേരി. ചെറുശേരിയുടെ കൃഷ്ണഗാഥയും പദ്യമാണ്. അവർ ഇരുവർക്കും ശേഷം കുഞ്ചൻനമ്പ്യാരിലെക്കെത്തിയാൽ അദ്ദേഹത്തിന്‍റെ രചനകളും പദ്യമാണെന്നു കാണാം. പദ്യഭാഷയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന മലയാളം ഗദ്യഭാഷയിലേക്ക് നിർണായകമായ ചുവടുവയ്പ് നടത്തിയതിലാണ് നാം മിഷണറിമാരോട് കടപ്പെട്ടിരിക്കുന്നത്.

ഭാഷയെക്കുറിച്ചുള്ള ആഴമുള്ള പഠനം ഭാഷയുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളെക്കുറിച്ചുള്ള ഗവേഷണവും ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയാണ് അച്ചടി മുതലായവയുടെ ചരിത്രവും നിർണായകമായി മാറുന്നത്. അത്തരം വിഷയങ്ങളിൽ ഏതു വശങ്ങളിലേക്കു സഞ്ചരിച്ചാലും നാം ചെന്നെത്തുന്നത് മിഷണറിമാരുടെ മുന്നിലാണ് എന്നുള്ളതാണ് വാസ്തവം. ഏതെങ്കിലും ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടിയല്ല, ലോകത്തിലെ മുഴുവൻ ആളുകളുടെയും മനസിനെ വിമലീകരിക്കുന്നതിനുവേണ്ടി ഇറങ്ങിത്തിരിച്ച ഒരു കൂട്ടം ആളുകൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എത്തുകയും തങ്ങളുടെ ദൗത്യം പൂർത്തീകരിക്കുകയും ചെയ്യുമ്പോൾ അത് സുവിശേഷ പ്രഘോഷണം എന്ന ഒരു പ്രവൃത്തിക്ക് അപ്പുറത്തേക്കാണ് എത്തിച്ചേരുന്നത്. അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പൊതുവെ പറഞ്ഞുകേൾക്കുന്ന മിഷണറിമാരുടെ ലക്ഷ്യം ഒറ്റവാക്കിൽ ക്രൈസ്തവീകരണം എന്നുള്ളതാണ്. എന്നാൽ, അതായിരുന്നില്ല വാസ്തവം. മിഷണറിമാരുടെ ഇടപെടലുകളിലൂടെ സംഭവിച്ചിട്ടുള്ളത് ഒട്ടേറെ കാര്യങ്ങളാണ്. സാമൂഹികമായ മാറ്റങ്ങളാണ് അവരിലൂടെ പ്രധാനമായും സംഭവിച്ചിട്ടുള്ളത്. സമൂഹത്തെയും ഭാഷയെയും കാലത്തെയും ചരിത്രത്തെയും മെച്ചപ്പെടുത്തിയെടുക്കുകയാണ് അവർ ചെയ്തത്.

അച്ചടിയും അക്ഷരങ്ങളും

1578ൽ കൊല്ലത്ത് ‘ദിവ്യരക്ഷകന്‍റെ കലാലയം’ എന്ന പ്രസിലാണ് കേരളത്തിൽ ആദ്യമായി അച്ചടി നടക്കുന്നത്. സെന്‍റ് ഫ്രാൻസിസ് സേവ്യറിന്‍റെ ഒരു പുസ്തകത്തിന്‍റെ തമിഴ് പരിഭാഷയാണ് ആദ്യമായി അവിടെ അച്ചടിച്ചത്. ആ പ്രസിന്‍റെ പേരുതന്നെ വളരെ മനോഹരവും കാവ്യാത്മകവുമാണ്. അക്കാലത്തെ മിഷണറിമാരുടെ ഭാഷയോടുള്ള സ്നേഹം ഇത്തരം മനോഹരമായ നാമങ്ങളിലൂടെത്തന്നെ പ്രകടമാകുന്നുണ്ട്. ഈ കാലഘട്ടത്തിലെ ഒരു പ്രസാധന സംരംഭത്തിന്‍റെ ഉത്തരവാദപ്പെട്ട ആൾ എന്ന നിലയിൽ, അക്കാലത്ത് ആ പ്രസിനുവേണ്ടി അവർ ഉപയോഗിച്ച സാങ്കേതികവിദ്യയും അവരുടെ ശാസ്ത്ര പരിജ്ഞാനവും വളരെ അദ്ഭുതകരവും മഹത്തരവുമായിരുന്നു എന്ന് ഉറപ്പിച്ചുപറയാൻ കഴിയും.

1678ലാണ് മലയാളം ആദ്യമായി അച്ചടിക്കുന്നത്. ആംസ്റ്റർഡാമിൽ പ്രിന്‍റ് ചെയ്യപ്പെട്ട ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന ഗ്രന്ഥത്തിലാണ് അത്. ‘വട്ടെഴുത്തി’ലാണ് ആ ഗ്രന്ഥത്തിൽ മലയാളം അച്ചടിച്ചിരിക്കുന്നത്. അതിനാൽത്തന്നെ നമുക്ക് ഉറപ്പിക്കാൻ കഴിയും, ഇക്കാലഘട്ടത്തിൽ നാം ഉപയോഗിക്കുന്ന അക്ഷരങ്ങൾ അന്നുണ്ടായിരുന്നില്ല. 1829ലാണ് നാം ഇന്ന് ഉപയോഗിക്കുന്ന അക്ഷരങ്ങൾ സിഎംഎസ് മിഷണറിയായ ബെഞ്ചമിൻ ബെയ്‌ലി രൂപകല്പന ചെയ്തത്.

മലയാളഭാഷ ആരോടു കടപ്പെട്ടിരിക്കുന്നു എന്ന ചോദ്യം വീണ്ടും ഇവിടെ ഉയർന്നുവരുന്നുണ്ട്. അക്കാലത്ത് ഒരു കൊല്ലനെ കൂലി കൊടുത്തിരുത്തി അദ്ദേഹം രൂപകല്പന ചെയ്തതാണ് ഇന്ന് നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഉരുണ്ട രൂപത്തിലുള്ള സുന്ദരമായ മലയാളം അക്ഷരങ്ങൾ. 1821ൽ സിഎംഎസ് മിഷണറിമാരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസിൽ ബെഞ്ചമിൻ ബെയ്‌ലി രൂപകല്പന ചെയ്ത മലയാള അക്ഷരങ്ങൾ ഉപയോഗിച്ച് പ്രിന്‍റ് ചെയ്യാൻ കഴിയുമായിരുന്നില്ല. അതിനാൽ, അദ്ദേഹം ഒരു ആശാരിയുടെ സേവനം ഉപയോഗപ്പെടുത്തി സ്വയം രൂപകല്പന ചെയ്തു നിർമിച്ച പ്രസിലാണ് ആദ്യമായി മലയാളം അച്ചടിച്ചത്. കോട്ടയത്ത് ഇപ്പോഴും ബെയ്‌ലി പ്രസ് സൂക്ഷിച്ചിരിക്കുന്നു. ഒരു സെമിനാരി അധ്യാപകനായാണ് ബെഞ്ചമിൻ ബെയ്‌ലി കേരളത്തിലേക്കു വന്നത്.

Share News