സഭ അംഗീകരിച്ച ഏകീകൃത വിശുദ്ധ കുർബാന ആ വൈദികൻ അർപ്പിച്ചു എന്നതായിരുന്നു അദ്ദേഹം ചെയ്ത ഹീനപ്രവൃത്തി!|സഭാ സംവിധാനങ്ങളും ദിവ്യരഹസ്യങ്ങളും ഹൈജാക്ക് ചെയ്യപ്പെടുമ്പോൾ ?.

Share News

സീറോ മലബാർ കുർബാന ക്രമത്തിൽ മാർ നെസ്തോറിയസിന്റെ കൂദാശ ക്രമത്തിലെ (അനാഫൊറ) മനോഹരമായ ഒരു പ്രാർത്ഥന ഇപ്രകാരമാണ്: “പ്രവാചകന്മാർ പ്രതീകങ്ങളിലൂടെ സൂചിപ്പിച്ചതും ശ്ലീഹന്മാർ പരസ്യമായി പ്രസംഗിച്ചതും രക്തസാക്ഷികൾ ജീവാർപ്പണം കൊണ്ട് സ്വന്തമാക്കിയതും മല്പാൻമാർ ദൈവാലയങ്ങളിൽ വ്യാഖ്യാനിച്ചതുമായ…… മിശിഹായുടെ സജീവവും മാനുഷികവും രക്തരഹിതവുമായ കുർബാന സർവ്വ സൃഷ്ടികൾക്കും വേണ്ടി സകലത്തിന്റെയും നാഥനായ ദൈവത്തിന് എല്ലായിടത്തും അർപ്പിക്കപ്പെടുന്നു”.

വിശുദ്ധ കുർബാനയെക്കുറിച്ചുള്ള വളരെ മനോഹരമായ ഒരു വിവരണമാണിത്. 2022 ജൂൺ 29ന് പുറപ്പെടുവിച്ച “ഞാൻ അതിയായി ആശിച്ചു” എന്ന അപ്പസ്തോലിക ലേഖനത്തിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാനയാകുന്ന മഹാ രഹസ്യത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു : “ക്രൈസ്തവ വിശ്വാസത്തെ വ്യക്തിപരമായ വീക്ഷണത്തിലേക്ക് ജ്ഞാനവാദം ചുരുക്കുമ്പോൾ ആരാധനക്രമം സ്വന്തം യുക്തിയാലും വികാരത്താലും പരിപോഷിപ്പിക്കപ്പെടുന്ന ആത്മപ്രശംസയുടെ തടവറയിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നു.ആരാധനക്രമം ഏതെങ്കിലും ഒരു വ്യക്തിയുടെ സ്വന്തമല്ല. പ്രത്യുത അത് ക്രിസ്തുവിന്റേതാണ് – സഭയുടേതാണ്. അതായത് ക്രിസ്തുവിൽ ഒന്നായി തീർന്ന മുഴുവൻ വിശ്വാസികളുടേതും ആണ്. ആരാധനക്രമത്തിൽ “ഞാൻ” എന്നു പറയാറില്ല. മറിച്ച് “ഞങ്ങൾ” എന്നാണ് പറയുന്നത്. ഈ “ഞങ്ങൾ” എന്നതിൽ ഏതെങ്കിലും വിധത്തിൽ പരിമിതി സൃഷ്ടിക്കപ്പെട്ടാൽ അത് പൈശാചികമാണ്”. (No.19).

ഇക്കഴിഞ്ഞ ദിവസം കണ്ട ഒരു വീഡിയോ ഏറെ വേദനാജനകമായിരുന്നു. എറണാകുളം – അങ്കമാലി അതിരൂപതയിലെ വിശുദ്ധ കുർബാനയർപ്പണവുമായി ബന്ധപ്പെട്ട് വയോധികനായ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ നേരേ ഒരുകൂട്ടം ആളുകൾ കൈ ചൂണ്ടി ആക്രോശിക്കുന്ന വീഡിയോ ആയിരുന്നു അത്. അതിലെ ഒരാൾ അഡ്മിനിസ്ട്രേറ്ററുടെ കൂടെയിരുന്ന ഒരു വൈദികനെ ചൂണ്ടി ആക്രോശിച്ചത് ആ വൈദികൻ ഒരു ഹീനപ്രവൃത്തി ചെയ്തു എന്നാണ്. എന്തായിരുന്നുവെന്നോ ആ ഹീനപ്രവൃത്തി ? സഭ അംഗീകരിച്ച ഏകീകൃത വിശുദ്ധ കുർബാന ആ വൈദികൻ അർപ്പിച്ചു എന്നതായിരുന്നു അദ്ദേഹം ചെയ്ത ഹീനപ്രവൃത്തി!

മാർപാപ്പ പറഞ്ഞതുപോലെ “ഞങ്ങൾ” എന്ന കാഴ്ചപ്പാടിന് പരിമിതി സൃഷ്ടിക്കപ്പെടുമ്പോൾ അത് പൈശാചികമായി തീരുന്നു. അവിടെ ഓരോ വ്യക്തിയുടെയും സ്വേച്ഛയ്ക്കും താൻപോരിമയ്ക്കും മാത്രമേ സ്ഥാനമുണ്ടായിരിക്കുകയുള്ളൂ. ദിവ്യരഹസ്യങ്ങൾ എന്നത് തങ്ങളുടെ കൈപ്പിടിയിലാണെന്ന മൂഢസ്വർഗ്ഗമാണ് ഇക്കൂട്ടരെ നയിക്കുന്നത്. ഇത്തരത്തിലുള്ള ഒരു പൈശാചിക കൂത്തരങ്ങാണ് കഴിഞ്ഞദിവസം നടന്നത്. ഇവിടെ സ്വാഭാവികമായി ഒരു ചോദ്യം ഉയരുന്നു. വാസ്തവത്തിൽ ഇതാണോ നിങ്ങൾ ഉദ്ദേശിക്കുന്ന സിനഡാലിറ്റി? സഭയെ കേവലം ഒരു ക്ലബ്ബാക്കി മാറ്റി തങ്ങൾ സ്വരൂപിച്ചെടുത്ത അഭിപ്രായങ്ങളെ ഭീഷണിയുടെ സ്വരത്തിൽ അധികാരികളെക്കൊണ്ട് നടപ്പിലാക്കുന്നതാണോ നിങ്ങൾ വിഭാവനം ചെയ്യുന്ന സിനഡാലിറ്റി? ഇത് തീർച്ചയായും സിനഡാലിറ്റിയല്ല, ഗുണ്ടക്കൂട്ടമാണ് . ഇത്തരം സംഭവങ്ങൾ തീർത്തും ദൗർഭാഗ്യകരമാണ്. സഭാ സംവിധാനങ്ങളെയും സഭയിലെ ദിവ്യരഹസ്യങ്ങളെയും ഹൈജാക്ക് ചെയ്യുകയെന്നത് അപലപനീയമാണ് .

ഈ അപ്പോസ്തോലിക ലേഖനത്തിൽ മാർപാപ്പ പറയുന്നതുപോലെ ആരാധനക്രമം എന്നത് വിശ്വാസം വഴി നമുക്ക് ലഭിച്ച രക്ഷയെ ഉദാരദാനമായി പ്രഘോഷിക്കുന്ന അവസരമാണ്. ദൈവത്തിന്റെയും നമ്മുടെ സഹോദരങ്ങളുടെയും മുമ്പിൽ വമ്പു പറയാവുന്ന നമ്മുടെ സ്വന്തം നേട്ടമല്ല ദിവ്യബലിയിൽ സംബന്ധിക്കുക എന്നത്. കർത്താവിന്റെ പെസഹാ രഹസ്യത്തിന്റെ ഭാഗമായ ആരാധനക്രമം വിനയപൂർവ്വം നാം സ്വീകരിക്കുമ്പോളാണ് നമ്മുടെ ജീവിതം നവീകരിക്കപ്പെടുന്നത് (No.20). ഈ തിരിച്ചറിവിലേക്കാണ് സഭയോട് വിഘടിച്ച് നിൽക്കുന്നവർ കടന്നുവരേണ്ടത്.

ഫാ.ജോസഫ് കളത്തിൽ, താമരശ്ശേരി രൂപത.

Share News