എറണാകുളം മട്ടാഞ്ചേരിയിലെ ജൂത പട്ടണം – പുരാതനമായ ഈ പട്ടണത്തിലാണ് ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഈ സിനഗോഗ് ഉള്ളത്.

Share News

എറണാകുളം മട്ടാഞ്ചേരിയിലെ ജൂത പട്ടണം – പുരാതനമായ ഈ പട്ടണത്തിലാണ് ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഈ സിനഗോഗ് ഉള്ളത്. പരദേശി ജൂതപ്പള്ളിയെന്നും ഇതറിയപ്പെടുന്നു. 1568-ൽ സാമുവൽ കാസ്റ്റിയൽ, ഡേവിഡ് ബെലീല, ജോസഫ് ലെവി എന്നിവർ ചേർന്ന് കൊച്ചിയിലെ പരദേശി ജൂത സമൂഹത്തിന് വേണ്ടി നിർമ്മിച്ചതാണ് ഇത്.

ഇവിടെയുണ്ടായിരുന്ന ഏറെ പഴക്കമുള്ള മലബാറി ജൂതന്മാരും സ്പെയിനിലും പോർച്ചുഗലിലും യഹൂദർക്കെതിരെ പോർച്ചുഗീസ് മതപീഡനത്തിൽനിന്ന് രക്ഷപെട്ട് അഭയാർത്ഥികളായി ഇവിടെ വന്ന സെഫാർഡിക് ജൂതരും ചേർന്നതാണ് കൊച്ചിയിലെ ജൂതന്മാർ.

കൊച്ചി രാജാവായ രാമവർമ്മ ജൂതസമൂഹത്തിന് മട്ടാഞ്ചേരി കൊട്ടാരം വക ക്ഷേത്രത്തോട് ചേർന്ന് നൽകിയ ഭൂമിയിലാണ് ഈ സിനഗോഗ് നിർമ്മിച്ചത്. ക്ഷേത്രവും സിനഗോഗും ഒരു പൊതു മതിൽ പങ്കിടുന്ന പരസ്‌പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും ജീവിക്കുന്ന അടയാളമാണത്.

ഇന്ത്യയിലെ ജൂതന്മാരുടെ ചരിത്രം പുരാതന കാലം മുതലുള്ളതാണ്. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ ഇന്ത്യയിൽ ആദ്യമെത്തിയ വിദേശ മതം യഹൂദമതമാണ്. പുരാതന കാലം മുതൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു മത ന്യൂനപക്ഷമാണ് ഇന്ത്യൻ ജൂതന്മാർ. ഇവിടത്തെ ജൂതന്മാരുടെ 2,000 വർഷത്തെ ചരിത്രത്തിൽ തദ്ദേശീയരായ ഹിന്ദു ഭൂരിപക്ഷത്തിൽ നിന്നും യഹൂദ വിരോധമോ വിദ്വേഷമോ ഇവർക്ക് നേരിടേണ്ടിവന്നിട്ടില്ല. അതുകൊണ്ടുതന്നെ പ്രാദേശിക ഭാഷകളിലും സംസ്കാരങ്ങളിലും നിന്ന് അവർ പലതും സ്വാംശീകരിച്ചിട്ടുണ്ട്.

ദാവീദ് രാജാവിന്റെ പുത്രനായ സോളമന്റെ മരണവും തുടർന്നുള്ള രാജ്യ വിഭജനവും ബിസി 931-ലാണെന്നു ബൈബിൾ അടിസ്ഥാനമാക്കിയ ചരിത്രം അടയാളപ്പെടുത്തുന്നുണ്ട്. ആ കാലഘട്ടത്തിൽത്തന്നെ ഇസ്രായേല്യരുടെ പത്ത് ഗോത്രങ്ങളിൽ നിന്നായി യഹൂദർ ഇന്ത്യയിലെത്തി സ്ഥിരതാമസമാക്കിയതായി ഇന്ത്യയിലെ യഹൂദരുടെ പൂർവ്വികരിൽ പലരും വിവരിക്കുന്നുണ്ട്. തേക്കുതടി, ആനക്കൊമ്പ്, സുഗന്ധദ്രവ്യങ്ങൾ, കുരങ്ങുകൾ, മയിലുകൾ എന്നിവ കൊച്ചിയിലെ വ്യാപാരത്തിൽ പ്രചാരത്തിലുണ്ടായിരുന്ന കാലമായിരുന്നു ഇത്.

ബ്രിട്ടീഷ് ഇന്ത്യയിലെ ജൂത ജനസംഖ്യ 1940-കളുടെ മധ്യത്തിൽ ഏകദേശം 20,000 ആയിരുന്നു. 1948-ൽ ആധുനിക ഇസ്രായേൽ രാഷ്ട്രം രൂപീകൃതമായതിനുശേഷം ഭൂരിപക്ഷം ഇന്ത്യൻ ജൂതന്മാരും ഇസ്രായേലിലേക്ക് “അലിയ” (കുടിയേറ്റം) നടത്തിയിരുന്നു. ഇപ്പോൾ ഏകദേശം 85,000 ഇന്ത്യൻ വംശജരായ ജൂതന്മാർ ഇസ്രായേലിലുണ്ട്.

(2014-ലെ കൊച്ചി-മുസിരിസ് ബിനാലെ വേളയിൽ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു, ജ്യോതി ബസു മുതലായ പ്രശസ്‌ത ചിത്രകാരന്മാരുടെ മഹനീയ സാന്നിധ്യത്തിൽ പ്രിയ സുഹൃത്ത് അജിത് കെ.എ.യുടെ ‘Around Here and There’ എന്ന സോളോ എക്സിബിഷനോടനുബന്ധമായി പ്രസിദ്ധീകരിച്ച ‘Kochi Muziris – A pictorial narrative’ എന്ന പുസ്‌തകത്തിലെ ഏതാനും പേജുകളിൽ നിന്നുള്ളതാണ് ഈ കുറിപ്പിന് ഹേതു)

Shaji Joseph Arakkal

The team behind the pictorial book:-

Concept & Design: Shaji Joseph Arakkal

Photography: Ramji Madambi

Illustrations: Ajeesh P. Thomas

Text: Naveen Muraleedharan

Co-ordinator & Publisher: Sooraj Tom

Share News