
മനോഹരമായ പുതിയസ്ഥലങ്ങളെക്കുറിച്ച് എല്ലാം പറഞ്ഞ് തരുമായിരുന്ന ജോഷി ചേട്ടൻ ഒടുവിൽ നമ്മളെയൊക്കെ വിട്ടു പിരിഞ്ഞ് പുതിയൊരിടത്തേക്ക് മരണ രഥത്തിൽ യാത്രയായിരിക്കുന്നു .
പ്രിയപ്പെട്ട ജോഷി ചേട്ടന്റെ വേർപാട് വിശ്വസിക്കാനാവുന്നില്ല, ഹൃദയാഘാതം മൂലംജോഷിചേട്ടൻ നമ്മെയൊക്കെ വിട്ടുപിരിഞ്ഞുവെന്ന വാർത്ത ഒരുനടുക്കത്തോടെയാണ് കേട്ടത്.20 വർഷംമുമ്പാണ് ചേട്ടനെ പരിചയപ്പെടുന്നത്, ക്രിസ്തു എന്ന ഓഡിയോ കാസറ്റിന്റെ റെക്കോർഡിങ്ങിന് വേണ്ടി കൊച്ചിൻ കലാഭവനിൽ ചെല്ലുമ്പോൾ കലാഭവന്റെ ഡ്രൈവറായി അന്ന് അവിടെ ജോഷി ചേട്ടനുണ്ട്,
മൂവാറ്റുപുഴയ്ക്കടുത്ത് ആരക്കുഴ സ്വദേശിയായ ഞാനും കോതമംഗലം സ്വദേശിയായ ജോഷി ചേട്ടനും വലിയ സുഹൃത്തുക്കളായി,എന്റെ കാസറ്റ് വർക്കിന്റെ എല്ലാ ജോലികളും കലാഭവനിൽ വെച്ച് തന്നെയായിരുന്നു, അതുകൊണ്ടുതന്നെ രണ്ടാഴ്ചയോളം കലാഭവനിൽ ഞാനുണ്ടായിരുന്നു.. പിന്നീട് പല കാസറ്റ് വർക്കുകളുടെയും റിക്കോർഡിങ്ങിനു വേണ്ടി കലാഭവനിൽ ചെല്ലുമ്പോൾ ജോഷി ചേട്ടനെ കാണുമായിരുന്നു.. സിഡികളുടെ കടന്നുവരവോടെ കാസറ്റ് തരംഗം അവസാനിച്ചു. പിന്നീട് സീഡികളുടെ തരംഗവും അവസാനിച്ചു..അതിനു മുൻപു തന്നെ ഞാൻ ശാലോം ടെലിവിഷൻ, ഗുഡ്നെസ്സ് ടിവി എന്നീ ചാനലുകളിൽ സ്ക്രിപ്റ്റ് റൈറ്റർ ആയും പ്രോഗ്രാം ഡയറക്ടറായും സജീവമായി..
പിന്നീട് വർഷങ്ങൾക്കുശേഷം 2013 ൽ പെരുമ്പാവൂർക്കുള്ള ഒരു ബസ് യാത്രയിൽ വച്ചാണ് ജോഷി ചേട്ടനെ ഞാൻ വീണ്ടും കാണുന്നത്.ഞാനന്ന് കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ഓഫീസ് സ്റ്റാഫ് ആയി ജോലി ചെയ്യുന്നു.കോതമംഗലത്ത് മലയിൻകീഴിൽ താമസം..ജോഷി ചേട്ടനും എന്റെ വീടിനടുത്ത് തന്നെയാണ് താമസിക്കുന്നതെന്ന് ജോഷിചേട്ടൻ പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്..അയൽപക്കക്കാരാണെന്ന് അറിഞ്ഞപ്പോൾ സന്തോഷം ഇരട്ടിച്ചു..പഴയ സൗഹൃദം ഒന്നുകൂടി ശക്തമായി,,നല്ല ഒരു പരിസ്ഥിതി സ്നേഹിയും കലാസ്വാദകനുമായ ജോഷി ചേട്ടനും, ഞാനും കാണുമ്പോഴെല്ലാം കുട്ടമ്പുഴയുടെയും വടാട്ടുപാറയുടെയും തട്ടേക്കാടിന്റെയും മാമലക്കണ്ടത്തിന്റെയും എല്ലാം നയന മനോഹരഭംഗിയെ കുറിച്ചാണ് സംസാരിച്ചിരുന്നത്,പക്ഷികളും മൃഗങ്ങളും ചിത്രശലഭങ്ങളും എല്ലാം ഞങ്ങളുടെ സംസാര വിഷയമായിരുന്നു ..
പലപ്പോഴും അവധി ദിവസങ്ങളിൽ ഞാനും ഭാര്യയും ഇരുചക്ര വാഹനത്തിൽ കാനന ഭംഗി ആസ്വദിച്ച് കടന്നു പോകുമ്പോൾ അവിടെയെല്ലാം വെച്ച് ജോഷി ചേട്ടനെയും സുഹൃത്തുക്കളെയും ഞങ്ങൾ കണ്ടുമുട്ടാറുണ്ടായിരുന്നു.
കടന്നു ചെന്നു കാണേണ്ട മനോഹരമായ പുതിയസ്ഥലങ്ങളെക്കുറിച്ച് എല്ലാം പറഞ്ഞ് തരുമായിരുന്ന ജോഷി ചേട്ടൻ ഒടുവിൽ നമ്മളെയൊക്കെ വിട്ടു പിരിഞ്ഞ് പുതിയൊരിടത്തേക്ക് മരണ രഥത്തിൽ യാത്രയായിരിക്കുന്നു .
ഒരു ദിനം നമ്മൾ എല്ലാവരും പോകേണ്ട അതിമനോഹരമായ സ്വർഗീയ നാട്ടിലേക്ക് ..
പ്രിയപ്പെട്ട ജോഷിചേട്ടാ നിങ്ങൾ എനിക്ക് സ്വന്തം ഏട്ടനെ പോലെ തന്നെയായിരുന്നു ഈ വേർപാട് താങ്ങാൻ ആവുന്നില്ല..കണ്ണീർ പ്രണാമം.

Sabu Arakuzha