
വലിയൊരു സാംസ്‌കാരിക പ്രതിസന്ധിയാണ് കേരളം നേരിടുന്നത്| നിഷ്ക്രീയതക്ക് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും ? |ഡോ .സി. ജെ. ജോൺ
വലിയൊരു സാംസ്‌കാരിക പ്രതിസന്ധിയാണ് കേരളം നേരിടുന്നതെന്ന ബോധം ഉത്തരവാദിത്തപ്പെട്ട ആർക്കും ഇല്ലാത്തത് അമ്പരപ്പിക്കുന്നു

.ഒരു ലൈംഗീക മസാല സിനിമയെന്ന മട്ടിലാണ് പലരും ഈ സംഭവ വികാസങ്ങളെ കണക്കാക്കുന്നത്. എന്തൊക്കെയാണ് പരസ്യമായി കേൾക്കേണ്ടി വരുന്നത് ?ഈ പറച്ചിലിൽ അവരുടെ ഗതികേടുണ്ടെന്നത് വ്യക്തം.അന്നത്തെ നിസ്സഹായത പ്രകടം. ഇന്നും അങ്ങനെ തന്നെയെന്ന തോന്നലുകളും ശക്തം .
പരസ്യമായ ഈ വെളിപ്പെടുത്തലുകളുടെ മാല പടക്കങ്ങൾ പൊട്ടി തീരുമ്പോൾ കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ കുറിച്ച് പൊതുവിലും, സിനിമാ രംഗത്തെ കുറിച്ച് പ്രേത്യേകിച്ചുമുള്ള പ്രതിച്ഛായ എന്തായിരിക്കും ? സ്ത്രീകളോടുള്ള സമീപനത്തെ കുറിച്ച് എന്ത് തരം സന്ദേശമാകും ഇത് കൊടുക്കുക ?നാണം തോന്നുന്നില്ലേ ? ഇതൊക്കെ ശുദ്ധികരണത്തിന് വഴി തെളിച്ചാൽ നല്ലത് .
കൂടുതൽ പീഡന സാഹചര്യങ്ങൾക്ക് ഇടയാക്കാതിരിക്കാൻ വലിയ ജാഗ്രത പുലർത്തുന്ന തിരുത്തൽ പവർ ഗ്രൂപ്പ് വേണം . എതിരിടലും തുറന്നു കാട്ടലും അപ്പോൾ തന്നെയെന്ന മട്ടിലൊരു സ്ത്രീ ശാക്തീകരണം കൂടി ഉണ്ടായില്ലെങ്കിൽ ഇതൊക്കെ മറ്റൊരു കുഴപ്പം പിടിച്ച ദിശയിലേക്ക് പോകാം. അതിനുള്ള സംവിധാനങ്ങൾ ഉടനെ ഉണ്ടാക്കണ്ടേ ?

ഇടപെടലുകൾ വൈകും തോറുംസാംസ്കാരിക മലിനീകരണം വർദ്ധിക്കും .ഇപ്പോൾ തന്നെ അസഹനീയം . കമ്മറ്റി റിപ്പോർട്ടിൽ പരാതി പറഞ്ഞവരുടെ സ്വകാര്യത ഉറപ്പാക്കി അന്വേഷിക്കുമെന്ന വാഗ്ദാനം നൽകാൻ കഴിഞ്ഞിട്ടില്ലെന്നത് വലിയ പോരായ്മയാണ്. പരാതി നൽകിയാൽ അന്വേഷണമെന്ന സമീപനം വലിയ ദോഷം ചെയ്തൂ. അവരെ വരുതിയിൽ കൊണ്ട് വരാനും വിലയ്ക്ക് വാങ്ങാനുമുള്ള സമയം നൽകുന്നത് പോലൊരു പ്രതീതി പടരുന്നുമുണ്ട്.വല്ലാത്തൊരു സാംസ്‌കാരിക പ്രതിസന്ധി രൂപപ്പെടുന്ന ഈ വേളയിലെ നിഷ്ക്രീയതക്ക് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും ? ഉത്തരവാദിത്തപ്പെട്ടവർ ഉണരട്ടെ .
സാംസ്‌കാരിക അന്തരീക്ഷം കൂടുതൽ നാറാതിരിക്കട്ടെ .

(ഡോ.സി. ജെ. ജോൺ )