കേരളം സുരക്ഷിതമായി യാത്ര ചെയ്യണം, യാതൊരു സംശയവുമില്ല. അതിനായി എന്തും ചെയ്യണം.

Share News

കേരളം സുരക്ഷിതമായി യാത്ര ചെയ്യണം, യാതൊരു സംശയവുമില്ല. അതിനായി എന്തും ചെയ്യണം. ഇതുപോലെ ചിട്ടയില്ലാത്ത, സഹയാത്രികരോട് അനുകമ്പ പോയിട്ട് ശരാശരി മര്യാദ പോലും കാണിക്കാൻ മെനക്കെടാത്ത ഒരു ഡ്രൈവിംഗ് സംസ്കാരം ലോകത്തു മറ്റെവിടെയും കാണില്ല. അത്രമാത്രം ധിക്കാരവും ധാർഷ്ട്യവും നാം തെരുവുകളിൽ നിത്യേന കാണുന്നു. ഒരു മോട്ടോർ വാഹനം കയ്യിൽ കിട്ടിയാൽ റോഡിൽ എന്തും ചെയ്യാം, എങ്ങനെയും ഓടിക്കാം എന്ന മനോഭാവത്തിന് അറുതി ഉണ്ടാവണം. അതിനായി ഏതറ്റം വരെയും പോകണം. ഇതിനായി സർക്കാർ തലത്തിലോ പോലീസ് സേനയുടെ ഭാഗത്തുനിന്നോ കർക്കശമായ ഒരു നിയമ നടത്തിപ്പും ഇതുവരെ കേരളത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് ഇതിനു പിന്നിലെ കാരണം.

രോഗികളുമായി വരുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കു നിമിത്തം ആശുപത്രിയിൽ സമയത്തു എത്താൻ സാധിക്കാത്തതുമൂലം രോഗി മരണപ്പെടുന്ന അവസരങ്ങളിൽ സഹികെട്ടു ഞാൻ പലപ്പോഴും പോലീസ് മേധാവികളോട് പരാതിപ്പെട്ടിട്ടുണ്ട്, അപ്പോഴെല്ലാം പതിവായി കേൾക്കുന്ന ന്യായം ട്രാഫിക് നിയന്ത്രിക്കാൻ ആളില്ല എന്നതാണ്. വിദേശത്തു 20 വർഷക്കാലം ചെലവിട്ട ഞാൻ അവിടത്തെ ചിട്ടയായ ഡ്രൈവിംഗ് സംസ്കാരം ആസ്വദിച്ച ആളാണ്. ഇവിടെ എറണാകുളത്തു വന്നു ആശുപത്രിയിൽ സേവനമനുഷ്ഠിച്ചു തുടങ്ങിയിട്ട് വർഷം 30 കഴിഞ്ഞു. ഇത്രമാത്രം വികലമായി ധാർഷ്ട്യ മനോഭാവത്തോടെ നിരത്തുകളിൽ വണ്ടിയോടിക്കുന്ന മറ്റൊരു രാജ്യമുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു.

മത്സരിച്ചു ട്രാക്കുകൾ തെറ്റിച്ചു ഓടിക്കുന്ന ബസുകളും അമിതവേഗത്തിൽ ഇടം വലം നോക്കാതെ മിന്നിപ്പായുന്ന ബൈക്കുകളും സഹയാത്രികരെ മാനിക്കാത്ത മറ്റു വാഹനങ്ങളും എല്ലാം കേരളത്തിലെ നിത്യ കാഴ്ച. ഇതിനൊരു പരിഹാരം ഉണ്ടാവണേ എന്ന് പ്രാർത്ഥനയോടെ ഇരിക്കുമ്പോഴാണ് നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ക്യാമറകൾ നിരത്തുകളിൽ സ്ഥാപിക്കുന്ന വാർത്ത വായിച്ചത്. 726 ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങും എന്ന് കേട്ടു. വളരെ നല്ല കാര്യം.

ലോകത്തെവിടെയും കർക്കശത്തോടെയാണ് നിയമങ്ങൾ നടപ്പാക്കുന്നത്. ഇവിടെ അതിനേക്കാൾ കർക്കശത്തോടെട്രാഫിക് നിയമങ്ങൾ നടപ്പാക്കിയാലേ മലയാളികൾ അനുസരിക്കൂ. നിയമങ്ങൾക്കു നേരെ കൈയുയർത്താനല്ലാതെ അനുസരണ മനോഭാവം മലയാളികൾക്കില്ല.

സീറ്റ് ബെൽറ്റും ഹെൽമെറ്റും മാത്രം ഉണ്ടായാൽ പോരാ, കൃത്യമായി റോഡ് നിയമങ്ങൾ പാലിക്കണം – വേഗത, ഓവർ ടേക്ക് , ട്രാക്ക് തെറ്റിച്ചോടിക്കുക, വാഹനങ്ങൾ തമ്മിലുള്ള അകലം പാലിക്കുക, സഹയാത്രികരോട് സ്നേഹവും ബഹുമാനവും പുലർത്തുക, നിശ്ചയിച്ചിട്ടുള്ള സ്ലോട്ടുകളിൽ മാത്രം പാർക്ക് ചെയ്യുക, മദ്യവും ഡ്രഗ്സും ഉപയോഗിച്ച് ഡ്രൈവ് ചെയ്യുന്നില്ലെന്നു ഉറപ്പുവരുത്തുക, വൺവേ കൃത്യം പാലിക്കുക തുടങ്ങിയവയെല്ലാം ക്യാമറകൾ കൃത്യമായി കണ്ടുപിടിക്കുകയും ഉടനടി തക്കതായ ശിക്ഷ ഉറപ്പാക്കുകയും ചെയ്തില്ലെങ്കിൽ ഇത് ഒരു പ്രഹസനമായി മാറും. ഇവിടെ ആളുകളുടെ നിഷേധാത്മക നിലപാടിന് ചെവി കൊടുക്കേണ്ടതില്ല.

ഇത് നടപ്പാക്കുന്നതോടൊപ്പം റോഡുകളുടെ അവസ്ഥയും നന്നാവണം, വേഗ പരിധിയെക്കുറിച്ചുള്ള ബോർഡുകൾ സ്ഥാപിക്കണം, വൺവേ- സ്റ്റോപ്പ് – പാർക്കിംഗ് തുടങ്ങിയ നിയന്ത്രണ ബോർഡുകളെല്ലാം എല്ലാവരും കാണത്തക്ക രീതിയിൽ കൃത്യമായി സ്ഥാപിക്കണം, അല്ലാതെ ശിക്ഷിക്കാൻ മാത്രമുള്ള ഒരു പദ്ധതിയായി ഇത് മാറരുത്. ജനങ്ങളുടെ ആത്മവിശ്വാസവും സഹകരണവും ഉണ്ടാവുന്ന വിധം കാര്യങ്ങൾ നടപ്പിലാക്കണം.

ഈ പുതു ട്രാഫിക് സംസ്കാരം കേരളത്തെ അടിമുടി മാറ്റണം, ദൈവത്തിന്റെ സ്വന്തം നാട് എന്ന ഖ്യാതിയുള്ള നമ്മുടെ കൊച്ചുകേരളം വളരണമെങ്കിൽ യാത്ര സൗകര്യങ്ങൾ ഏറ്റവും മികച്ചതാവണം, അത് സാധ്യവുമാണ് , അതിനായി നമുക്കെല്ലാവർക്കും ഈ പുതിയ സംരംഭത്തെ പൂർണ്ണമനസ്സോടെ പിൻതാങ്ങാം.

നിങ്ങളുടെ ഡോ ജോർജ് തയ്യിൽ

Share News