രാഷ്ട്രീയ വാർപ്പുമാതൃകകൾ അന്ധമായി പിന്തുടരുന്ന ഒരു സംസ്ഥാനമായി കേരളം അധഃപതിക്കരുത്.

Share News

രാഷ്ട്രീയ നേതാക്കളും പാർട്ടികളും എല്ലാവിഭാഗം ജനങ്ങളോടും സമഭാവനയോടെ പെരുമാറണം.

എല്ലാ മത സമുദായങ്ങളോടും സമഭാവനയോടെ പെരുമാറാൻ രാഷ്ട്രീയപ്പാർട്ടികൾക്കും രാഷ്ട്രീയ നേതാക്കൾക്കും ഭരണകർത്താക്കൾക്കും കഴിയണം. അതിനു വിരുദ്ധമായ നിലപാടെടുക്കുന്നവരെ ജനങ്ങൾ തിരിച്ചറിയണം. സാംസ്‌കാരിക, ധാർമിക വിഷയങ്ങളിൽ, ജനസംഖ്യനോക്കി നിലപാടെടുക്കുന്ന രാഷ്ട്രീയക്കാർ, മതരാഷ്ട്രവാദികളെക്കാൾ, ജനാധിപത്യ വിരുദ്ധരും കപട മതേതരവാദികളുമാണ് എന്നു പറയാതെ വയ്യ. മത – സമുദായ രാഷ്ട്രീയമല്ല, വികസന രാഷ്ട്രീയമാണ് ഇന്നു നാടിന്റെ ആവശ്യം.

ഉത്തരവാദിത്തമുള്ള ഭരണകർത്താക്കളും രാഷ്ട്രീയ നേതാക്കളും, എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളുകയും അതേസമയം, വിമർശിക്കേണ്ട വിഷയങ്ങളിൽ അതർഹിക്കുന്നവരെ മുഖംനോക്കാതെ വിമർശിക്കുകയും, ആർക്കെതിരെയും വിവേചനം കാട്ടുന്നില്ല എന്നുറപ്പാക്കുകയും ചെയ്യണം.എന്നാൽ, സമ്മർദ്ദങ്ങളുടെയും, സംഘടിത വോട്ടുബാങ്കിന്റെയും പേരിൽ, ഇതെല്ലാം സെലക്റ്റീവ് ആകുകയും, എല്ലാ സാമൂഹ്യ മാനദണ്ഡങ്ങളും വിവേചനപരമായി മാത്രം വിനിയോഗിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കപ്പെടുകതന്നെ വേണം.

രാഷ്ട്രീയ വാർപ്പുമാതൃകകൾ അന്ധമായി പിന്തുടരുന്ന ഒരു സംസ്ഥാനമായി കേരളം അധഃപതിക്കരുത്. കേരളം വിദ്യാസമ്പന്നരുടെ നാടാണ്. മത സമുദായ സംഘടിത സമ്മർദ്ദങ്ങളല്ല, യുക്തിയും നിയമവും വിവേകവുമാണ് ഇവിടെ പലരേണ്ടത്. രാഷ്ട്രീയരംഗവും രാഷ്ട്രീയക്കാരും അതിനൊരു പ്രതിബന്ധമാകാതിരിക്കുന്നതാണ് അഭികാമ്യം. 🙏🙏🙏

ഫാ. വർഗീസ് വള്ളിക്കാട്ട്

Share News