കേരളത്തിന്റെ സ്വന്തം വീരപ്പന്മാർ|ഇതാണ് ഇവിടെ കാലാകാലങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഉടുതുണിക്ക് മറുതുണിയില്ലാതെ രാഷ്ട്രീയത്തിൽ വരുന്നവർ.

Share News

135.55 കോടി രൂപയാണ് കേരളത്തിലെ ഒരു കമ്പനി 2012 മുതൽ 2018 വരെയുള്ള ആറ്‌ വർഷം കൊണ്ട് വ്യാജ കണക്കുകൾ കാണിച്ച് നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. വ്യാജ ബില്ലുകൾ, മറ്റു കമ്പനികൾക്ക് തുക കൂട്ടി കൊടുത്തും, ഇല്ലാത്ത സേവനങ്ങൾ വാങ്ങി എന്നൊക്കെയും പറഞ്ഞാണ് ഇവർ ഇത് നടത്തിപ്പോന്നത്. ഇവർ ഇതിന്റെ സിംഹഭാഗവും അധികാര, സ്വാധീന സ്ഥാനങ്ങൾ ഉള്ളവർക്കായി വീതം വച്ച് കൊടുത്തു എന്ന് പേരുകൾ സഹിതം പിന്നീട് തെളിഞ്ഞുവെന്ന് രേഖകളിൽ നിന്നും കാണാം.

ഈ 135.55 കോടി ഒരു കമ്പനിയുടെ മാത്രം കണക്ക്. ഇത് പോലെ എത്ര കമ്പനികൾ, അവ എല്ലാം കൂടി എത്ര എത്ര കോടി രൂപയാവും ഓരോ വർഷവും രാഷ്ട്രീയക്കാർക്ക്, അധികാരികൾക്ക്, മാധ്യമങ്ങൾക്ക്‌, അന്യായമായി വീതം വച്ച് കൊടുക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മൾ കേൾക്കുന്ന പല സംഭവത്തിലും, ഇതൊക്കെത്തന്നെയാണ് കാണുന്നത്.

വലിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉള്ളതു കൊണ്ടാണ് ഈ കരിമണൽ കമ്പനി ശതകോടികള്‍ കൈക്കൂലി നല്‍കിവന്നിരുന്നതെന്നാണ് അവകാശം. ഒന്നോർത്തു നോക്കിക്കേ, പതിനൊന്ന് വർഷം ഈ കമ്പനിക്ക് കേരളാ മലിനീകരണ വകുപ്പ് ഏറ്റവും പരിസ്ഥിതി സൗഹൃദ കമ്പനിക്കുള്ള‌ എക്സലൻസ് അവാർഡ് നൽകിയിരുന്നു. മാത്രമല്ല 2009-2010 കാലഘട്ടത്തിൽ, അന്നത്തെ സർക്കാർ പത്മശ്രീ പുരസ്‌ക്കാരത്തിനായി ഈ കമ്പനിയുടെ മുതലാളിയുടെ പേര് ശിപാർശ ചെയ്തിരുന്നു. കുറ്റകൃത്യങ്ങൾ അവഗണിക്കുക മാത്രമല്ല, അത് വെള്ള പൂശുകയും ചെയ്യുന്നു. തട്ടിപ്പുകാരൻ മോൺസൺ മാവുങ്ങലിന്റെ വീടിന് പോലിസ് കാവൽ നൽകുന്ന, കാളകൂടത്തിനെ അമൃതാക്കുന്ന അഴിമതി പണത്തിന്റെ ശക്തി.

ഈ അഴിമതിയുടെ വ്യാപ്തത കണ്ട് ആരും ഞെട്ടേണ്ട. ഇതാണ് ഇവിടെ കാലാകാലങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഉടുതുണിക്ക് മറുതുണിയില്ലാതെ രാഷ്ട്രീയത്തിൽ വരുന്നവർ, അധികാര കസേരയിൽ കയറുന്നവർ, മഹാരാജാക്കൻമാരെക്കാൾ ആർഭാടത്തിൽ ജീവിക്കുകയും, സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയാത്ത വിധം കോടീശ്വരന്മാർ ആവുകയും ചെയ്യുന്നത് എങ്ങിനെയാണ്? അലാവുദിന്റെ അത്ഭുതവിളക്ക് കിട്ടിയമാതിരി കണ്ണടച്ച് തുറക്കും മുൻപ് ഇവർ കുടിലിൽ നിന്നും കൊട്ടാരത്തിലേക്കും, കാൽനടയിൽ നിന്നും ആഡംബര വാഹനത്തിലേക്കും മാറുന്നത് കണ്ട് ആശ്ചര്യപെട്ടിട്ടില്ലേ?. അഴിമതിയെന്ന അത്ഭുത വിളക്കും, ഇവരുടെ ആജ്ഞാനുവർത്തികളായ കുറെ വിവാദ വ്യവസായികളും, വാണിജ്യ മാഫിയാ ഭൂതങ്ങളും.

ഇവരുമായി തട്ടിച്ചു നോക്കുമ്പോൾ കാട്ടുകള്ളൻ വീരപ്പൻ ഒരു ആയുഷ്ക്കാലം കൊണ്ടാണ് 140 കോടി മോഷ്ടിച്ചത്. ഇവർ ആറു വർഷം, ഒറ്റ കമ്പനിയിൽ നിന്ന് അത്രയും തുക മോഷ്ടിച്ചു. വീരപ്പൻ ഒരു കാട്ടിലെ ആനകൊമ്പും, ചന്ദനമരങ്ങളും മോഷ്ടിച്ചെങ്കിൽ ഇവിടെ ഇവർ ഒരു നാടു മുഴുവൻ മൊത്തമായി കട്ടു മുടിക്കുന്നു.

ഇവരുടെ മുൻപിൽ കാട്ടുകള്ളൻ വീരപ്പൻ വെറും ശിശു.

ടോണി തോമസ്

Share News