
“കൊച്ച് തലച്ചോറിന് ചേരാത്ത എല്ലാ മാധ്യമ വിഭവങ്ങളും വിമര്‍ശനവിധേയമാകട്ടെ. അവര്‍ക്ക് ചേരുന്ന മാധ്യമ വിഭവങ്ങള്‍ ഉണ്ടാകട്ടെ”|ഡോ .സി. ജെ. ജോൺ
ചുരുളി പതിനെട്ട് വയസ്സിന് മുകളില്‍ ഉള്ളവര്‍ മാത്രം കാണേണ്ട സിനിമയാണ്.

അതിലെ തെറി അവര്‍ മാത്രം കേട്ടോട്ടെ. കുട്ടികൾ കേട്ടാല്‍ അവർ നശിക്കുമെന്ന മട്ടില്‍ ചർച്ച കേട്ടു. ദൃശ്യ മാധ്യമങ്ങള്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ബാധിക്കുമെന്ന് ഇപ്പോഴെങ്കിലും ചിലര്‍ സമ്മതിച്ചല്ലോ?
നമ്മുടെ വലിയ നടന്മാര്‍ യു സര്‍ട്ടിഫിക്കറ്റ് വാങ്ങി സിനിമയിലൂടെ കാട്ടി കൂട്ടുന്ന സ്ത്രീ വിരുദ്ധതയും, അക്രമവും, തെറി പറച്ചിലും ആരും ഓര്‍ത്തില്ല.

ഷക്കില പടമായ കിന്നാര തുമ്പികള്‍ ചാനലില്‍ വന്ന കഥയും മറന്നു. തനി ഏ പടങ്ങൾ യു. ഏ സര്‍ട്ടിഫിക്കറ്റ് മേടിച്ച് കുടുംബ നേരം ചാനലില്‍ വരാറുണ്ട്. അത് കുട്ടികളില്‍ ഉണ്ടാക്കാന്‍ ഇടയുള്ള കുഴപ്പം ആരും ശ്രദ്ധിക്കുന്നില്ല.


ഒ. ടി. ടി യില്‍ വന്ന ചുരുളി പിള്ളേര് കാണാതെ നോക്കേണ്ടത് മുതിർന്നവരുടെ ഉത്തരവാദിത്തം അല്ലേ?
കണ്ടാൽ തിരുത്തി കൊടുക്കേണ്ടത് മുതിര്‍ന്നവരുടെ ചുമതല അല്ലേ?
അതിനുള്ള കഴിവ് ഇല്ലെങ്കില്‍ എന്തോന്ന് പേരന്റ്?
ഇതിനെക്കാൾ തെറിഉള്ള ഒ. ടി. ടി സീരിയലുകളും, ഡ്രാമകളും കാണാന്‍ കിട്ടുമ്പോള്‍ എന്തിന് ഈ ദാരിദ്ര്യചുരുളിയെന്ന് കുട്ടികൾ ചോദിച്ചേക്കാം.
കൊച്ച് തലച്ചോറിന് ചേരാത്ത എല്ലാ മാധ്യമ വിഭവങ്ങളും വിമര്‍ശനവിധേയമാകട്ടെ. അവര്‍ക്ക് ചേരുന്ന മാധ്യമ വിഭവങ്ങള്‍ ഉണ്ടാകട്ടെ.

കുട്ടികള്‍ക്ക് രസിക്കുന്ന നല്ല സിനിമകളോ സീരിയലുകളോ ഇല്ലാത്ത നാട്ടില്‍ ഇരുന്നാണ്ചുരുളിയിലെ തെറിയെ ചൊല്ലി കുട്ടികൾക്ക് വേണ്ടിയുള്ള ഈ മുതല കണ്ണീര്‍ വിലാപം.

ഡോ .സി. ജെ. ജോൺ
