വാർത്തകളിൽ നിന്നും തട്ടിപ്പിന്റെ കഥകൾ മാറി, സാമർഥ്യത്തിന്റെ വാർത്തകൾ നിറയട്ടെ, ഒരു നല്ല നാളെ നമ്മുടെ നാടിന് ഉണ്ടാവട്ടെ.

Share News

മോൻസൺ, സ്വപ്ന, സരിത, ചിട്ടി, ബ്ലേഡ്, സഹകരണ ബാങ്കിന്റെ പേരിൽ, എന്നിങ്ങനെ തട്ടിപ്പുകൾ പലവിധം കേരളത്തിൽ നടക്കുന്നുണ്ട്. ഇതിലെ ഏറ്റവും വിചിത്രമായ സംഭവം, സമൂഹത്തിൽ നമ്മൾ വിദഗ്ധർ, മിടുക്കർ എന്ന് കരുതുന്നവരും, അധികാര സ്ഥാനത്തിരിക്കുന്നവരും ഒക്കെ ഇമ്മാതിരി തട്ടിപ്പിൽ പെട്ടു പോവുന്നു എന്നതാണ്.

“ഫൂൾ മി വൺസ്, ഷെയിം ഓൺ യു, ഫൂൾ മി ട്വൈസ്, ഷെയിം ഓൺ മി” എന്ന് ഒരു ഇംഗ്ലീഷ് ചൊല്ലുണ്ട്. ഒരിക്കൽ ഞാൻ കബളിക്കപെട്ടാൽ, അത് കബളിപ്പിക്കുന്നവന്റെ കുഴപ്പം, എന്നാൽ വീണ്ടും ഞാൻ കബളിക്കപെട്ടാൽ, അത് എന്റെ കുഴപ്പം എന്ന്. ശരിയേത്, തെറ്റേത് എന്ന തിരിച്ചറിവാണോ, അതോ തിരിച്ചറിവിനുള്ള ശേഷി തന്നെയാണോ നമുക്ക് നഷ്ടപെട്ടത്? ഞാൻ പറഞ്ഞു വരുന്നത് “സാമർഥ്യം പലായനം” എന്ന പ്രതിഭാസത്തെ പറ്റിയാണ്.

നമ്മൾക്ക് “ബ്രെയിൻ ഡ്രേൻ” എന്നത് പരിചയമുള്ള ഒരു പ്രയോഗമാണല്ലോ. ഒരു നാട്ടിൽ നിന്നും ബുദ്ധി വൈഭവമുള്ളവർ മറ്റു നാടുകളിലേക്ക് കുടിയേറ്റം ചെയ്യുന്ന ഒരു രീതി. ഉദാഹരണത്തിന് IIT കളിലും, മികച്ച എഞ്ചിനീയറിംഗ് കോളേജുകളിലും പഠിക്കുന്നവരിൽ ചിലർ വിദേശ നാടുകളിൽ ഉപരിപഠനത്തിനും, തൊഴിലിനുമായി പോകുമ്പോൾ, അവരുടെ ബുദ്ധിയുടെ ഗുണം ആ നാടുകൾക്കാണ് ലഭിക്കുന്നത്, ഇന്ത്യക്കല്ല. ഇന്ത്യ മൊത്തമായി എടുത്താൽ സ്ഥിതി ഇതാണെങ്കിലും, സംസ്ഥാനങ്ങൾ ഒന്നൊന്നായി എടുത്താൽ ഇന്ത്യക്കുള്ളിലും സംസ്ഥാനങ്ങൾ തമ്മിൽ ഈ പലായനം കാണാം.

ചില സംസ്ഥാനങ്ങളിലെ മിടുക്കർ മറ്റു ചില സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്നു, അവിടെ സ്ഥിരവാസമാക്കുന്നു. ഇത് വർഷങ്ങൾ, ദശാബ്ദങ്ങൾ തുടർന്ന് കൊണ്ടേയിരിക്കുമ്പോൾ, പല തുള്ളി പെരുവെള്ളം എന്ന് പറഞ്ഞത് പോലെ ഒരു സംസ്ഥാനത്തു പ്രതിശീര്‍ഷ “ബുദ്ധി” സിദ്ധി ഒരു നല്ല തോതിൽ കുറയുകയും, ഇതേ അളവിൽ മറ്റിടങ്ങളിൽ കൂടുന്നു എന്നും കാണാം.

കേരളത്തിൽ ആയിരത്തി തൊള്ളായിരത്തി അറുപതുകൾ മുതൽ ,പഠിക്കാൻ ഏറ്റവും മിടുക്കർ സയൻസ് ഗ്രൂപ്പ് എടുത്ത് ഡോക്ടർ, എഞ്ചിനീയർ ആകാൻ ശ്രമിക്കും. ഇവരിൽ വളരെ ഒരു ചെറിയ ശതമാനത്തിനു മാത്രമേ കേരളത്തിൽ പഠിക്കാൻ അവസരം കിട്ടുകയുള്ളു, മറ്റുള്ളവർ കേരളത്തിന് വെളിയിൽ മറ്റു സംസ്ഥാനങ്ങളിലും, വിദേശ നാടുകളിലും പോയി പഠിക്കും. അവർ മിക്കവാറും പിന്നീട് പുറം നാടുകളിൽ തന്നെ തൊഴിൽ എടുത്ത്, തലമുറകളായി കേരളത്തിന് വെളിയിൽ തുടരും. കേരളത്തിൽ പഠിക്കുന്നവരും, നല്ല തൊഴിൽ അവസരങ്ങൾ തേടി മറ്റു സംസ്ഥാനങ്ങളിലോ, പുറം നാടുകളിലോ പോകും. ഇവരും ഇവരുടെ ഭാവി തലമുറകളും കേരളത്തിന് വെളിയിൽ തന്നെ തുടരും. ഈ രീതി തൊണ്ണൂറുകൾക്ക് ശേഷം ദ്രുതഗതിയിലാക്കുകയായിരുന്നു. മറ്റു ഗ്രൂപ്പുകളിലെ പഠനത്തിൽ മികവുള്ളവർ സിവിൽ സർവീസ്, സിഎ, എംബിഎ, പിഎച്ച്ഡി ഒക്കെ എടുത്ത് കേരളത്തിന് വെളിയിൽ തൊഴിൽ നേടി, അവരും അവരുടെ വരും തലമുറകളും കേരളത്തിന് വെളിയിൽ തന്നെ തുടരുന്നു. ഇവരിൽ ചിലർ കേരളത്തിൽ തുടർന്നാലും ഇവരുടെ വരും തല മുറകൾ വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങൾ തേടി മറ്റു സംസ്ഥാനങ്ങളിലോ, പുറം നാടുകളിലോ പോകും, അവിടെ തുടരും

.ജീവിക്കാൻ കഴിവുള്ളവർ പഠിക്കാൻ മാത്രം മിടുക്കരായാൽ പോരല്ലോ. അപ്പോൾ, പഠിക്കാൻ വലിയ മികവില്ലെങ്കിലും, മറ്റു രീതിയിൽ സമർത്യയും, കാര്യക്ഷമതയും ഉള്ളവർ മറു നാടുകളിലേക്ക് എന്തെങ്കിലുമൊക്കെ തൊഴിലും ചെയ്തോ, ബിസ്സിനെസ്സ് ചെയ്തോ ഗതി പിടിക്കാനായി കള്ള വണ്ടി കയറിയാണെങ്കിലും പലായനം ചെയ്തു. ഈ പ്രവാസികൾ ആവുന്ന കാലത്തോളം കേരളത്തിന് വെളിയിൽ തുടരും. ഇതിൽ കേരളത്തിന് ആശ്വാസമായത് പല ഗൾഫ് രാജ്യങ്ങളിലും സ്ഥിരതാമസത്തിനു കുടിയേറ്റ നിയമങ്ങൾ അനുവദിക്കാറില്ല, അത് കൊണ്ട് ഇവരുടെ മക്കളും കുടുംബവും പലപ്പോഴും കേരളത്തിൽ തുടരും. എന്നിരുന്നാലും, ഒരു ഗതി വന്നാൽ, ഒരു മാർഗ്ഗം തുറന്നാൽ ഉടൻ തന്നെ ഇവരുടെ മക്കൾ കേരളത്തിന് വെളിയിലേക്ക് പലായനം ചെയ്യും. വരും തലമുറകൾ കേരളത്തിന് വെളിയിൽ തുടരും.

അപ്പോൾ കേരളത്തിൽ നിന്നും ബുദ്ധി മാത്രമല്ല പാലായനം ചെയ്യുന്നത്, മറ്റു രീതിയിൽ ഉള്ള സമർത്യവും ആണ്. അതാണ് ഞാൻ “ബ്രെയിൻ ഡ്രേൻ” എന്ന് വിളിക്കാതെ നമ്മുടെ ഈ പ്രതിഭാസത്തെ ” സാമർഥ്യം പലായനം” എന്ന് വിളിച്ചത്.

ഒരു ചില്ലു പാത്രത്തിൽ നിറയെ വെള്ളം ഉണ്ടെന്നു കരുതുക. ഇതിൽ പകുതി തെളി വെള്ളവും, ബാക്കി മട്ടുമായി കലങ്ങി ഇരിക്കുകയാണ്. ഇതിൽ വെള്ളം തെളിയുന്നതനുസരിച്ച് തെളിവെള്ളം നമ്മൾ കുറേശ്ശെ ഊറ്റി മാറ്റുന്നു എന്ന് കരുതുക. അപ്പോൾ പാത്രത്തിൽ മിച്ചം വരുന്നത് കൂടുതലും മട്ട് ആയിരിക്കും. തെളിവെള്ളം വെള്ളത്തിന്റെ വിശേഷവും, മട്ട് അതിന്റെ വിശേഷവും കാട്ടും. വീണ്ടും തെളിയുന്നത് നമ്മൾ ഊറ്റി മാറ്റുന്നു, അങ്ങനെ വന്ന് വന്ന് പാത്രത്തിൽ മിച്ചം വരുന്നത് ഉപയോഗിക്കാൻ കൊള്ളാത്ത മട്ട് മാത്രമാവുന്നു എന്ന മാതിരി.

കേരളത്തിൽ പിന്നെ മിച്ചമുള്ളവർ കേരളത്തിൽ ജോലി ചെയ്യുന്നവരോ, ബിസിനസ് ചെയ്യുന്നവരോ ആവാം. കേരളത്തിലെ ഏറ്റവും പ്രമാദമായ ജോലി സർക്കാർ അനുബന്ധ ജോലികളാണ്. ബിസിനസ്സ് ചെയ്തോ, തൊഴിൽ ചെയ്തോ ഇവിടെ പിടിച്ചു നിൽക്കണമെങ്കിൽ പൊരുത്തപ്പെടലും, വിദേയത്വവും, അനിവാര്യമാണ്. എതിർക്കുന്നവർ ഒറ്റപ്പെടുന്നത് കൊണ്ട്, മലയാളികൾ പൊതുവെ അധികാരവും, സ്വാധീനവും ഉള്ളവർ പറയുന്നത് അനുസരിക്കുകയാണ് പതിവ്.

സാമർഥ്യം ഉണ്ടായിട്ടും, പല കാരണങ്ങളാൽ കേരളത്തിൽ നിൽക്കുന്നവർ ഉണ്ടാവാം ഇവരും അധികാരവും, സ്വാധീനവും ഉള്ളവർ പറയുന്നത് അനുസരിച്ച്, ഓളം ഒന്നും ഉണ്ടാക്കാതെ കഴിയും. ഇവരുടെ മക്കളും, കൊച്ചു മക്കളും ഒക്കെ കേരളം വിട്ടു പോയിട്ടുണ്ടാവാന് സാധ്യത.

ഇത് മാത്രമല്ല, കേരളത്തിൽ പഠിക്കുന്നവർക്ക് ചെറിയ ക്ലാസ് മുതൽ സിലബസിൽ വെള്ളം ചേർത്തും, മോഡറേഷൻ മാർക്കിന്റെ ബലത്തിലും വിദ്യാർത്ഥികളെ പാസ്സാകുക മാത്രമല്ല, മികച്ച ഗ്രേഡിംഗ് നൽകി, അവരുടെ കഴിവിനെ പറ്റി തന്നെ തെറ്റായ മനോഭാവം കുട്ടികളിൽ നൽകുന്നു. ഇവർ കോളേജിൽ എത്തെണ്ടിയ സമയം ആവുമ്പോൾ, കൂണ് പോലെ നിരന്നു നിൽക്കുന്ന ഏതെങ്കിലും എഞ്ചിനീറിങ്ങ് കോളേജിലോ മറ്റോ ചേർന്ന്, അവിടെയും വെള്ളം ചേർത്ത സിലബസും, മോഡറേഷനും കൊണ്ട് പാസ്സാവുന്നു. ഡിഗ്രി ഉണ്ട്, അറിവ് ഇല്ല എന്ന സ്ഥിതി.

അങ്ങനെ വര്ഷങ്ങളായി അതിജീവനത്തിനു വേണ്ടിയ പഠനശേഷിയും, ചുറുചുറുക്കുള്ളവർ കേരളത്തിൽ നിന്ന് പുറത്തേക്കു പോയി. നാട് വിടാതെ കേരളത്തിൽ കഴിഞ്ഞവർ ഇവിടെ അതിജീവനത്തിനു വേണ്ട അനുസരണയും, അനുവർത്തനവും, നിര്‍ദ്ദയരും ആയി ചുരുങ്ങി. അടുത്ത തലമുറയ്ക്ക് ചിന്തിക്കാനുള്ള ശേഷി ഉണ്ടാക്കുന്നതിനു പകരം നമ്മൾ വിധേയത്വം പഠിപ്പിക്കുകയും, ഗ്രേസ് മാർക്ക് കൊടുത്തു അവർ മിടുക്കരാണ് എന്ന് കാണിക്കാൻ വേണ്ടി പരീക്ഷാഫലം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതിൽ അധികാരികളുടെ വിധേയർക്ക് സർക്കാർ സംവിധാനങ്ങൾ വഴി തൊഴിൽ ഏർപ്പാടാക്കുന്നു, ഭരണ സംവിധാനത്തിൽ കയറിപ്പറ്റുന്നു. ഇവർ ബാക്കിയുള്ള അനുസരണാ ശീലമുള്ളവരെയും, അതിഥി തൊഴിലാളികളെയും ഭരിക്കുന്നു. കേരളം നമ്പർ 1 ആണെന്ന് പറയുന്നു, ചിന്തിക്കാതെ അനുസരണാ ശീലം മാത്രമുള്ള പൊതുജനം അത് ഏറ്റു പറയുന്നു. കേരളം യഥാർത്ഥത്തിൽ പുറകോട്ടു പോകുന്നു.

അതിനുള്ള കഴിവില്ലെങ്കിലും, നമുക്ക് ഏറ്റവും മുന്നിൽ എത്തണം എന്ന ആഗ്രഹം ഉണ്ട്. അതിനായി കുറുക്കു വഴികൾ തേടും, തട്ടിപ്പിൽ പെടും. അല്ലങ്കിൽ, ഇല്ലാ ന്യായം നിരത്തി നമ്മൾ നമ്പർ 1 ആണെന്ന് കാണിച്ചു സ്വയം ഗർവ് കാട്ടും.

കേരളത്തിലേക്ക് അപ്പോൾ ആരും വരാറില്ലേ എന്ന് ചോദിച്ചാൽ ഉണ്ട്. അന്യ സംസ്ഥാനങ്ങളിലെ ചില സർക്കാർ ജീവനക്കാർ, പക്ഷെ ഇവർ ആരും തന്നെ ഒരു നിവൃത്തിയുണ്ടെങ്കിൽ കേരളത്തിൽ വരില്ല, അപ്പോൾ മികവിൽ മികച്ചവർ കേരളം തിരഞ്ഞെടുക്കാറില്ല. പിന്നെ ലക്ഷ കണക്കിന് വരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ ഉണ്ട്. ബുദ്ധിയിലും, മറ്റു മികവിലും ഇവർ നമ്മുടെ നാടിനെ പുരോഗതിയിലേക്ക് നയിക്കാൻ സാധ്യതയില്ല. ധാരാളം മട്ടുള്ള പാത്രത്തിൽ, അതിനേക്കാൾ വലിയ മട്ട് വന്നടിയുന്ന മാതിരി.

എന്നാൽ ഇതേ ഗതിയല്ലേ മറ്റു സംസ്ഥാനങ്ങൾക്കും എന്ന് നമുക്ക് തോന്നാം. എന്നാൽ അല്ല. കേരളത്തിൽ നിന്ന് പോകുന്ന സമര്‍ത്ഥർ തമിഴ് നാട്ടിലും, മഹാരാഷ്ട്രയിലും, ഡൽഹിയിലും, കർണാടകയിലും ഒക്കെ പോയി, അവിടെ നല്ല നിലയിൽ എത്തി, അവിടെ താമസമാക്കുമ്പോൾ, കേരളത്തിന്റെ നഷ്ടം അവരുടെ ലാഭമാണ്. എന്തിനേറെ, ബിഹാറിലും, ബംഗാളിലും നിന്നും കേരളത്തിലേക്ക് വരുന്നത്, അവിടുത്തെ ഏറ്റവും മികച്ച കഴിവുള്ളവർ അല്ലല്ലോ? കുറഞ്ഞ പക്ഷം, അവരുടെ കുറെ മിടുക്ക് അവിടെ തന്നെ നിൽക്കുന്നുണ്ട്. ലോകത്തിന്റെ ഏതു കോണിൽ പോയാലും ഒരു മലയാളി ഉണ്ടെങ്കിൽ, ആ ഒരു മലയാളി കേരളത്തിന്റെ നഷ്ടമാണ്.

പ്രതികരണ ശേഷിയില്ല, സാമാന്യ ബുദ്ധിക്ക് നിരക്കാത്തത് കൂടുതലും നടക്കുന്നു, കുറ്റ കൃത്യങ്ങൾ കൂടുന്നു, അധികാരികൾ കർക്കശരാവുന്നു, കുട്ടികൾക്ക് ചിന്താശേഷി കുറവാണ്, നൂതനമായ കാര്യങ്ങൾ നടക്കുന്നില്ല എന്നൊക്കെ നമ്മൾ പറയുമ്പോൾ, അതിന്റെ പിറകിൽ വര്ഷങ്ങളായി നടക്കുന്ന ഈ സാമർഥ്യ പലായനം കാരണമാണ് എന്ന് നമ്മൾ മനസിലാക്കണം.

ഇത് മാറ്റണമെങ്കിൽ വിദ്യാഭ്യാസം മെച്ചപ്പെടുത്തണം, തെളിവെള്ളം ഊറ്റി കളയാതിരിക്കാൻ ശ്രദ്ധിക്കുന്നത് പോലെ, കഴിവുള്ളവരെ നാട്ടിൽ തന്നെ നിർത്താൻ തൊഴിൽ, വ്യവസായ സാഹചര്യം ഒരുക്കണം. മാത്രമല്ല, മട്ട് കുറയ്ക്കാൻ തെളിവെള്ളം വീണ്ടും ഒഴിക്കുന്നത് പോലെ പുറത്തു പോയവരിൽ തിരികെ വരാൻ താൽപര്യമുള്ളവരെ കൊണ്ടുവന്നു താക്കോൽ സ്ഥാനങ്ങളിൽ നിയമിച്ചു, നഷ്ടപ്പെട്ട് പോയ പാണ്ഡിത്യവും ചുറുചുറുക്കും തിരികെ വരുത്തണം. തെറ്റായ കാര്യങ്ങൾ കാണുമ്പോൾ ഉറക്കെ പ്രതികരിച്ചു, നല്ല മാറ്റങ്ങൾ വരുത്തണം. വാർത്തകളിൽ നിന്നും തട്ടിപ്പിന്റെ കഥകൾ മാറി, സാമർഥ്യത്തിന്റെ വാർത്തകൾ നിറയട്ടെ, ഒരു നല്ല നാളെ നമ്മുടെ നാടിന് ഉണ്ടാവട്ടെ.

Tony Thomas

nammude-naadu-logo
Share News