
ഒരു സങ്കീർത്തനം പോലെ
പതിനേഴാമത്തെ വയസിൽ അദ്ദേഹം സുവിശേഷ വേലയ്ക്കിറങ്ങിയതാണ്. പകൽ മുഴുവനും കൃഷിയിടത്തിൽ അദ്ധ്വാനിച്ച ശേഷമാണ് ദൈവവചന പ്രഘോഷണത്തിനായി ഇറങ്ങിത്തിരിക്കുന്നത്.
പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ദൈവത്തിൽ ആശ്രയിക്കണമെന്നായിരുന്നു അദ്ദേഹം ആവർത്തിച്ച് പറഞ്ഞിരുന്നത്. ആ മനുഷ്യൻ്റെ ഉത്തമ ബോധ്യവും ഉറച്ച കാഴ്ചപ്പാടും അനേകരെ ക്രിസ്തുവിലേക്ക് നയിച്ചു.
എന്നാൽ തീർത്തും അപ്രതീക്ഷിതമായ സമയത്തായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതത്തിൽ ആ ദുരന്തം സംഭവിച്ചത്;ഒമ്പത് വയസ് പ്രായമുള്ള രണ്ടാമത്തെ മകൻ മരണപ്പെട്ടു.
സുഹൃത്തുക്കൾ അദ്ദേഹത്തിൻ്റെ ദു:ഖത്തിൽ പങ്കുചേർന്നപ്പോൾ അദ്ദേഹത്തിൻ്റെ ആശയങ്ങളെ എതിർത്തവർ വിമർശിച്ചു:
”ദൈവത്തിൻ്റെ കരുണ പ്രഘോഷിക്കുന്ന ഈ വ്യക്തിയോട് ദൈവമെന്താണ് കാരുണ്യം കാണിക്കാതിരുന്നത്?ദൈവത്തിന് വേണമെങ്കിൽ ആ കുഞ്ഞിനെ രക്ഷിക്കാമായിരുന്നില്ലെ?”
അവരുടെ വിമർശനങ്ങൾക്കു നടുവിലും അദ്ദേഹം വിശ്വാസത്തോടെ പ്രാർത്ഥിച്ചു.തൻ്റെ മകൻ്റെ മരണത്തെക്കുറിച്ചോർത്ത് കർത്താവിന് നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹമൊരു കീർത്തനമെഴുതി;
“ദു:ഖത്തിൻ്റെ പാനപാത്രം കർത്താവെൻ്റെ കയ്യിൽ തന്നാൽസന്തോഷത്തോടതു വാങ്ങിഹല്ലേലൂയ പാടീടും ഞാൻ……”
ഒരിക്കലെങ്കിലും ഈ കീർത്തനം പാടാത്ത മലയാളിയുണ്ടോ?കൊച്ചു കുഞ്ഞ് ഉപദേശി എന്ന സുവിശേഷ പ്രഘോഷകൻ്റെ വിശ്വാസ കീർത്തനത്തിനു മുമ്പിൽ അവിശ്വാസികൾ പോലും ദൈവത്തിൽ വിശ്വസിച്ചു എന്നാണ് കേട്ടിട്ടുള്ളത്.
നമ്മുടെ ജീവിതത്തിലും ദു:ഖങ്ങളും നൊമ്പരങ്ങളും ഉണ്ടാകുമ്പോൾ ഇതുപോലെ ദൈവത്തിന് നന്ദി പറയുവാൻ കഴിയുന്നുണ്ടോ?
ജീവിതത്തിൻ്റെ ഓരോ സ്പന്ദനവും കർത്താവറിയുന്നുണ്ടെന്ന് വിശ്വസിക്കാൻ നമുക്കാകുന്നുണ്ടോ?
ദൈവപുത്രന് മാതാവാകാൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മറിയത്തിൻ്റെ സഹനയാത്ര ആരംഭിക്കുകയായിരുന്നു.എങ്കിലും, ഭാവിയെക്കുറിച്ച് ഒരു തരി പോലും ആകുലപ്പെടാതെ കർത്താവിൽ പൂർണ്ണമായ് ആശ്രയിച്ച് അവൾ ഒരു കീർത്തനം പാടി:
“എന്റെ ആത്‌മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു…..”(Ref ലൂക്കാ 1:46-56)
ജീവിതയാത്രയിലെവേലിയേറ്റങ്ങളിലുംവേലിയിറക്കങ്ങളിലുംകർത്താവിനുള്ള കീർത്തനമാകട്ടെ നമ്മുടെ ജീവിതം!
അമലോദ്ഭവമാതാവിൻ്റെ തിരുനാൾ മംഗളങ്ങൾ!

ഫാദർ ജെൻസൺ ലാസലെറ്റ്
ഡിസംബർ 8-2020.