കേന്ദ്ര നിര്‍ദേശം വന്നാല്‍ കേരളത്തിലെ 12 ജില്ലകളില്‍ ലോക്ക്ഡൗണിന് സാധ്യത
ന്യൂഡൽഹി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട രാജ്യത്തെ 150ലധികം ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ നിർദേശം വെച്ചത്. അന്തിമ തീരുമാനം സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത ശേഷമാവുമെന്ന് കേന്ദ്രം അറിയിച്ചു.
കേന്ദ്ര നിർദേശം വന്നാൽ സംസ്ഥാനത്ത് 12 ജില്ലകളിൽ ലോക്ക്ഡൗൺ നടപ്പാക്കേണ്ടി വരും. ഒഴിവാകുക പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകൾ മാത്രമാകും. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്. ലോക്ക്ഡൗൺ ഫലപ്രദമാവണമെങ്കിൽ ചുരുങ്ങിയത് ഒരാഴ്ച ലോക്കഡൗൺ വേണ്ടിവരുമെന്നാണ് ഐഎംഎ പ്രതിനിധികൾ പറയുന്നത്.
ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് അധികമായുള്ള 156 ജില്ലകളാണ് രാജ്യത്തുള്ളത്. ഇവിടങ്ങളിൽ രോഗവ്യാപനം വളരെ കൂടുതലാണ്. ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികൾക്ക് ശുപാർശ ചെയ്തതെങ്കിലും സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമായിരിക്കും ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം കേന്ദ്ര സർക്കാർ എടുക്കുക.
ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം നടപ്പിലാക്കുന്നതിന് കേന്ദ്രത്തിലെ മറ്റ് വകുപ്പുകൾക്ക് ഭിന്നാഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുമായുള്ള ചർച്ചകളിലേക്ക് കേന്ദ്രം കടക്കുന്നത്.
ദേശീയ തലത്തിലുള്ള ലോക്ക്ഡൗൺ വേണ്ട എന്ന നിലപാടാണ് പ്രധാനമന്ത്രി എടുത്തത്. അതിനാലാണ് സംസ്ഥാനങ്ങളുമായി ചർച്ച നടത്തി സംസ്ഥാനങ്ങൾ തീരുമാനമെടുക്കണം എന്ന ആലോചനയുള്ളത്.
ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ രോഗവ്യാപനം തടയുന്നതിന് അടിയന്തര നടപടികളിലേക്ക് കടക്കേണ്ടതുണ്ടെന്നാണ്ആരോഗ്യ മന്ത്രാലയം പറയുന്നത്.