മൗനംകൊണ്ടു സിറ്റഡൽ തീർക്കുന്ന മനീഷികൾ|”മൗനം മരണമാകുന്നു!” എന്ന കടമ്മനിട്ടയുടെ വാക്കുകൾ മറക്കാതിരിക്കാം.

Share News

ഒരാൾക്ക് ഓർക്കാപ്പുറത്തു ലഭിക്കുന്ന പ്രഹരം നടുക്കമല്ല, മരവിപ്പും സ്തംഭനവുമാണ് ഉണ്ടാക്കുന്നത്. ഒരു സമൂഹമോ അല്ലെങ്കിൽ സാംസ്‌കാരിക ലോകമോ ഒക്കെ ഇത്തരം മരവിപ്പിൽ പെട്ടുപോകുന്ന സന്ദർഭങ്ങളുണ്ട്.

മുഹമ്മദ് മുസ്തഫ ബൈബിൾ കത്തിച്ചപ്പോൾ മലയാളത്തിലെ സാംസ്‌കാരിക ലോകം എന്തുകൊണ്ട് നടുങ്ങിയില്ല എന്ന ചോദ്യം പലകോണുകളിൽ നിന്നും ഉയരുന്നത് കണ്ടു. ഈ വിഷയത്തിൽ ആർക്കും കൃത്യമായ ഉത്തരമൊന്നും പറയാനില്ല. എങ്കിലും ചോദ്യം അങ്ങനെതന്നെ നിൽക്കുകയാണ്.

മുസ്‌ലിം സമുദായത്തിനുള്ളിൽനിന്ന് എന്തുകൊണ്ട് ഒരാൾപോലും ആ പ്രവൃത്തിയെ അപലപിച്ചില്ല എന്ന നടുക്കമുണ്ടാക്കുന്ന ചോദ്യവും അവശേഷിക്കുകയാണ്. ഇത്തരം പ്രവൃത്തികൾക്ക് ഒരളവുവരെ വളം വച്ചുകൊടുക്കുന്ന രാഷ്ട്രീയക്കാരും മുസ്തഫയുടെ പ്രവൃത്തി കണ്ടില്ലെന്നു നടിച്ചു! ഒരാൾ നിയമ ലംഘനം നടത്തി, പോലീസ് നടപടിയെടുത്തു എന്നതിലപ്പുറം ഭരണകർത്താക്കളും അതിൽ വിശേഷിച്ചൊന്നും കണ്ടില്ല. ധാർമ്മികതയുടെയോ, സഹവർത്തിത്വത്തിന്റെയോ മതേതര മൂല്യങ്ങളുടെയോ പ്രശ്നങ്ങൾ അതിൽ ഉള്ളതായി ആരും പറഞ്ഞുകേട്ടില്ല. സമൂഹത്തെ നടുക്കുന്ന ഹീനകൃത്യങ്ങളോട് പ്രതികരിക്കാൻ കഴിയാതെവരിക എന്നത് നമ്മുടെ പൊതു ജീവിതത്തിന്റെ ഭാഗമായി നാം അംഗീകരിച്ചു കഴിഞ്ഞുവോ?

പ്രതികരണ പ്രളയത്തിൽ ആണ്ടുപോകുന്ന മലയാളി

ഒരു നാക്കു പിഴക്കെതിരെ, ഒരു നോട്ട പിശകിനെതിരെ, ഒരു അച്ചടക്ക ലംഘനത്തിനെതിരെ, ഒരു സദാചാര അപഭ്രംശത്തിനെതിരെ, ഒരു കൃത്യ വിലോപത്തിനെതിരെ ഒക്കെയുള്ള പ്രതികരണങ്ങളുടെ അതിപ്രസരംകൊണ്ടു പൊറുതിമുട്ടിയ ഒരു സമൂഹമാണ് മലയാളിയുടേത്. എന്നാൽ ഇത്തരം ഉപരിപ്ലവ ബഹളങ്ങൾക്കപ്പുറമുള്ളതെല്ലാം വളരെ സെലക്ടീവാണ്! പ്രതികരണവും വിമർശനവുമൊക്കെ ആർക്കുനേരെ എന്നതാണ് മുഖ്യം, എന്തിനുവേണ്ടി എന്നത് അപ്രധാനമോ അപ്രസക്തമോ ആണ്. ‘കുതിരകയറ്റം’ എന്നാണ് നാട്ടുഭാഷയിൽ ഇതിനെ വിളിക്കുന്നത്. തങ്ങൾക്കു കുതിരകയറാൻ പറ്റിയ ടാർഗെറ്റുകൾ ഏതൊക്കെയെന്നു മാധ്യമങ്ങൾക്കുമാത്രമല്ല, മേല്പറഞ്ഞ എല്ലാ വിഭാഗം ‘പ്രതികരണ വിദഗ്ധർക്കും’ നല്ല നിശ്ചയമുണ്ട്. അതിനു പറ്റിയ ‘തളപ്പുകൾ’ തയ്യാറാക്കി അവർ കാത്തിരിക്കുകയുമാണ്! ഒന്നുകിൽ കുതിര കയറ്റം, അല്ലെങ്കിൽ മഹാ മൗനം!

നടുക്കമുണ്ടാക്കുന്ന മൗനം!

ഇൻഡ്യാ ചരിത്രത്തിലെ ചില മൗനങ്ങൾ ‘ഇരുളടഞ്ഞ കാലം” എന്ന തന്റെ ഗ്രന്ഥത്തിൽ ഡോ. ശശി തരൂർ സ്പർശിച്ചു പോകുന്നുണ്ട്. 1946 ഓഗസ്റ്റ് 16 നു ജിന്ന ‘ഡയറക്ട് ആക്ഷൻ’ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ്സിൽ ആരും നടുങ്ങിയില്ല! കാരണം, “പാകിസ്ഥാൻ നേടുന്നതിനായി അദ്ദേഹം തീരുമാനം എടുത്തിരുന്നു” എന്ന് കോൺഗ്രസ്സ് നേതൃത്വത്തിന് അറിയാമായിരുന്നു! മുൻകൂട്ടി തീരുമാനിച്ചു നടപ്പാക്കിയ ആ ഓപ്പറേഷനിൽ 16,000 നിഷ്കളങ്കരായ ആളുകൾ കൊല്ലപ്പെട്ടു, വിശേഷിച്ചും കൽക്കത്തയിൽ. തരൂരിന്റെതന്നെ വാക്കുകളിൽ, “ഡയറക്ട് ആക്ഷൻ ഡേയുടെ ഭീകരതകൾ സംഭവിക്കുവാൻ അനുവദിച്ച ലീഗിനെയും അതിന്റെ ബംഗാളിലെ ഭരണകൂടത്തെയും പിന്തുണച്ചുകൊണ്ട് ബ്രിടീഷുകാർ നിലകൊണ്ടു! (തരൂർ, ഇരുളടഞ്ഞ കാലം, പേജ് 216 – 217). ഇന്ത്യയിൽ വർഗീയ ലഹള പടർന്നു! “പാക്കിസ്ഥാൻ രൂപീകരിക്കപ്പെടുന്നതുവരെ കൊലപാതകങ്ങൾ അവസാനിപ്പിക്കരുതെന്നു നവംബർ 14 നു ജിന്ന പ്രഖ്യാപിച്ചു” ( തരൂർ, പേജ് 218). ജിന്നക്ക് അങ്ങനെ പറയാൻ കഴിയുമായിരുന്നു. കാരണം, ജിന്ന വിഭജനത്തിന്റെ രാഷ്ട്രീയ യുക്തിയിൽ ചാഞ്ചല്യമില്ലാതെ നിലകൊണ്ട വ്യക്തിയായിരുന്നു. എന്നാൽ കോൺഗ്രസ്സ് നിസ്സഹായവും പ്രതിവിധി കാണാൻ കഴിയാത്തതുമായ മരവിപ്പിലായിരുന്നു!

അവിഭക്ത ഇന്ത്യയിൽ, ‘ഹിന്ദു മുസ്‌ലിം ഐക്യത്തിന്റെ അംബാസഡർ’ എന്നു സരോജിനി നായിഡു വിശേഷിപ്പിച്ച അതേ ജിന്നയിൽനിന്ന്, 1939 നു ശേഷമുണ്ടായ ഓരോ പ്രവൃത്തിയും അക്ഷരാർത്ഥത്തിൽ കോൺഗ്രസ്സ് എന്ന പ്രസ്ഥാനത്തെ തളർത്തുക മാത്രമല്ല, മരവിപ്പിക്കുകയും സ്തംഭിപ്പിക്കുകയും ചെയ്യുന്നതായിരുന്നു. ജിന്നയുടെ രാഷ്ട്രീയ യുക്തി കോൺഗ്രസ്സിനു ഗ്രഹിക്കാനും വിശ്വസിക്കാനും കഴിയുന്നതിനുമപ്പുറത്തേക്കു വളർന്നിരുന്നു! ആർക്കും അതിനെതിരെ ഒരക്ഷരം ഉരിയാടാൻ കഴിയുമായിരുന്നില്ല. കാരണം ബ്രിട്ടന്റെ പിന്തുണ ഹിന്ദു ഭൂരിപക്ഷമുള്ള കോൺഗ്രസ്സിനേക്കാൾ, ന്യൂനപക്ഷമായ മുസ്ലീം സമുദായത്തിന്റെ ലീഗിനായിരുന്നു. അധികാരികളുടെ പിന്തുണ ജിന്നയിലെ വിഭജന യുക്തിക്കു കരുത്തു പകരുന്നതായിരുന്നു. മൗനംകൊണ്ട് അതിനെ കൃത്യമായി നിർവചിക്കാനോ പ്രതിരോധിക്കാനോ കഴിയുമായിരുന്നില്ല. അതിന്റെ അനന്തര ഫലം എന്തായി എന്നതു ചരിത്രമാണ്.

മതങ്ങൾതമ്മിലുള്ള വൈരം മുതലെടുത്തും അതു തങ്ങളുടേതായ രീതിയിൽ വളർത്തിയുമാണ് ബ്രിടീഷുകാർ ഇന്ത്യ ഭരിച്ചത്. കാരണം അവർ ബ്രിടീഷുകാർ ആയിരുന്നു. വിദേശികളായിരുന്നു. അവർക്ക് അങ്ങനെ ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ ബ്രിടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടു മുക്കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും നമ്മൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? മത സ്പർദ്ധയും ഭിന്നതയും വളർത്തുന്ന നടപടികൾക്കെതിരെ ഫലപ്രദമായി പ്രതിരോധം തീർക്കാൻ രാഷ്ട്രീയ പാർട്ടികളും ഭരണ നേതൃത്വവും സാംസ്‌കാരിക സമൂഹവും ആത്മാർഥമായി പരിശ്രമിക്കുന്നുണ്ടോ? മൗനംകൊണ്ട് ഇത്തരം പ്രവണതകളെ അതിജീവിക്കാൻ കഴിയും എന്നു കരുതുകയാണോ?

ഭിന്നിപ്പിച്ചു ഭരിക്കുന്നതിന്റെ പരിണതി

ബൈബിൾ കത്തിച്ച മുസ്തഫ ജിന്നയെപ്പോലെ ശ്രദ്ധേയനായ ഒരു വ്യക്തിയല്ല. മുസ്തഫ ഇന്ത്യയിലെയോ കേരളത്തിലെയോ മുസ്‌ലിം സമുദായത്തിന്റെയോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടേയോ പ്രതിനിധിയുമല്ല. മുസ്തഫ ബൈബിൾ കത്തിച്ചാൽ, അത് മുസ്‌ലിം സമുദായം അറിഞ്ഞു ചെയ്യുന്ന കാര്യമാണ് എന്ന് ആരും പറയുകയില്ല. ഇനി അങ്ങനെ ആരെങ്കിലും പറഞ്ഞാലും, കേരളത്തിലെ ക്രൈസ്തവർ അത് വിശ്വസിക്കുകയില്ല. മറിച്ചു തെളിയിക്കപ്പെടുന്നതുവരെ, മുസ്തഫയുടെ പ്രവൃത്തികൾ മുസ്തഫയുടെ മാത്രം പ്രവൃത്തിയാണ്. എന്നാൽ, മുസ്തഫയെക്കൊണ്ട് ആരെങ്കിലും ഇങ്ങനെ ഓരോന്ന് ചെയ്യിക്കുന്നതാണോ എന്ന് അന്വേഷിക്കേണ്ടത് ക്രിസ്ത്യാനികളുടെ ചുമതലയുമല്ല.

പലതരം മൗനങ്ങൾ …

ഇത്തരം സന്ദർഭങ്ങളിൽ, കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ മൗനം വേദനിപ്പിക്കുന്നതാണ്. സാംസ്‌കാരിക നായകർ, എഴുത്തുകാർ, ബുദ്ധിജീവികൾ എന്നൊക്കെ വിളിക്കപ്പെടുന്നവരുടെ മൗനവും വായിച്ചെടുക്കുക എളുപ്പമല്ല. ചിലതരം വിഷയങ്ങളിൽ അവർ അങ്ങനെയാണ്. 1992 ഫെബ്രുവരി 27 നു ഗോധ്രയിൽ കർസേവകർ സഞ്ചരിച്ച ട്രെയിൻ കത്തിയതിനെ സംബന്ധിച്ചു പുലർത്തുന്ന അതേ തന്ത്രപരമായ മൗനം ഇക്കാര്യത്തിലും അവർ തുടരുന്നു! കത്തിച്ചത് ബൈബിൾ ആയതുകൊണ്ടും കേരളത്തിൽ ആയതുകൊണ്ടും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടേയില്ല എന്നു കരുതാനാവാം അവർക്കിഷ്ടം! ചില പ്രഹേളികകൾ പ്രഹേളികകളായിത്തന്നെ അവശേഷിക്കുന്നു!

തെറ്റായ സന്ദേശം നൽകുന്ന മൗനം

ഭഞ്ജിക്കണംഒരു കാര്യം ഉറപ്പിച്ചു പറയാൻ കഴിയും: ബൈബിൾ കത്തിച്ചു സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചതും, പുൽക്കൂട്ടിലെ ഉണ്ണിയെ തോട്ടിലെറിഞ്ഞതും, തൊടുപുഴയിലെ ന്യൂമാൻ കോളേജിൽ അധ്യാപകനായിരുന്ന ജോസഫ് മാഷിന്റെ കൈ വെട്ടിയതും, ആലപ്പുഴയിൽ ഒരു കുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം മുഴക്കിച്ചതും ഉൾപ്പെടെയുള്ള സംഭവങ്ങൾ കൂട്ടിവായിക്കുമ്പോൾ, കേരളത്തിൽ നിലനിൽക്കുന്ന സാമുദായിക മൈത്രി തകർക്കുന്നതിനായി ബോധപൂർവ്വം പ്രവർത്തിക്കുന്ന ചിലർ കേരളത്തിലുണ്ട് എന്നു വ്യക്തമാകുന്നുണ്ട്. അവരുടെ ലക്‌ഷ്യം രാഷ്ട്രീയമോ മതപരമോ സാമുദായികമോ ആയിരിക്കാം. എന്നാൽ, അവരുടെ പ്രവൃത്തികൾ നാടിനും സമൂഹത്തിനും ആപത്താണ്. അവരുടെ പ്രവർത്തനങ്ങളും നിലപാടുകളും മൗനംകൊണ്ടു മൂടിവയ്ക്കപ്പെടേണ്ടതല്ല. തിരുത്തപ്പെടേണ്ടതും മാറ്റിയെടുക്കപ്പെടേണ്ടതുമാണ്. എന്നാൽ അതിനു നിയമപരമായ നടപടികൾ മാത്രം മതിയാവുകയില്ല.

സമൂഹത്തിന്റെ ധാർമ്മികവും രാഷ്ട്രീയവും സാംസ്കാരികവുമായ ശബ്ദവും നിലപാടും ഇക്കാര്യത്തിൽ അതീവ പ്രാധാന്യമുള്ളതാണ്. മൗനം മരവിപ്പാണ്. അത് സമൂഹത്തെ വളർത്തുകയില്ല.

തളർത്തുകയേ ഉള്ളു. ഇത്തരം പ്രവർത്തികൾ തീവ്രവാദത്തിലേക്കും ഭീകരതയിലേക്കും എത്തുന്നതിനു മുൻപ് സമൂഹം, വിശിഷ്യാ സാംസ്കാരിക ലോകം അതിനെതിരെ നിലപാടെടുക്കണം. “മൗനം മരണമാകുന്നു!” എന്ന കടമ്മനിട്ടയുടെ വാക്കുകൾ മറക്കാതിരിക്കാം.

ഫാ. വർഗീസ് വള്ളിക്കാട്ട്

Share News