
കമ്മ്യൂണിസത്തിൽ ജനാധിപത്യം ഇല്ലാത്തതുകൊണ്ടാണ് മാർക്സിസ്റ്റുകാർ ഹമാസിനെ പിന്തുണക്കുന്നത്. |സംസർഗദോഷം കൊണ്ടാകാം കോൺഗ്രസ്സും കമ്മ്യൂണിസ്റ്റായി മാറുന്നു.|ഡോ. കെ. എസ്. രാധാകൃഷ്ണൻ
ജൂതന്മാർക്ക് ഇസ്രായേൽ, പശ്ചിമ ഏഷ്യയിലെ ഒരു പിടിമണ്ണ് മാത്രമല്ല; അവരുടെ ദൈവം അവർക്കു നൽകിയ വാഗ്ദത്ത ഭൂമിയാണത്. ഈ ലോകത്തു ജീവിക്കാൻ അവർക്കു വേറെ ഇടമില്ല. അതുകൊണ്ട് അതിനോടുള്ള അവരുടെ ബന്ധം മതപരവും ആത്മീയവും വൈകാരികവുമാണ്.
ലബനൻ, ഈജിപ്ത്, സിറിയ, ജോർദാൻ, പലസ്തീൻ എന്നീ അറബ് ഇസ്ലാമിക രാജ്യങ്ങളാണ് ഇസ്രായേലിന്റെ അയൽക്കാർ. ഇസ്ലാം മതം യഹൂദരെ ശത്രുക്കളായിട്ടാണ് കാണുന്നത്. അതുകൊണ്ടു ഇസ്രായേലിനെ ശത്രുക്കളായി കാണുന്ന അയൽക്കാർക്കിടയിൽ യുദ്ധം ചെയ്യാതെ അവർക്ക് ജീവിക്കാനാകില്ല.
1948 മെയ് 15നാണു ഇപ്പോഴത്തെ ഇസ്രായേൽ രാജ്യം നിലവിൽ വന്നത്. അതിനു മുൻപ് രണ്ടു പ്രാവശ്യം അവർ ഇസ്രായേൽ രാജ്യം രൂപീകരിച്ചിരുന്നു. അന്നെല്ലാം ആ രാജ്യങ്ങൾ തകർക്കപ്പെടുകയും ചെയ്തിരുന്നു. ഈ രാജ്യത്തിന് എതിരെയും ശത്രു രാജ്യങ്ങൾ ആ രാജ്യം രൂപീകൃതമായ അന്ന് മുതൽ യുദ്ധം തുടരുകയും ചെയ്തു.

ബൈബിൾ പഴയ നിയമ പ്രകാരം യാക്കോബിന്റെ രാജ്യമാണ് ഇസ്രായേൽ. യാക്കോബിന് 12 മക്കൾ. അവർ 12 വംശങ്ങൾ സ്ഥാപിച്ചു. അവർ ജീവിച്ച വിശുദ്ധ രാജ്യം സംരക്ഷിക്കാൻ ഇത്രയേറെ ത്യാഗം സഹിച്ച ഒരു ജനതയും വേറെയില്ല. അനേകം അധിനിവേശങ്ങളെ ചെറുത്തു നിന്നവരാണ് അവർ. ഗ്രീക്ക്, റോമൻ, ക്രിസ്ത്യൻ, ഇസ്ലാം എന്നീ വിഭാഗങ്ങൾ കാലാകാലങ്ങളിൽ ജൂത ജനതയെ ആക്രമിച്ചു കീഴടക്കാൻ ശ്രമിച്ചിട്ടുണ്ട്. അനേകം വട്ടം അവർക്കു അവരുടെ പുണ്യഭൂമി വിട്ടു പോകേണ്ടി വന്നിട്ടുണ്ട്. ആക്രമണത്തിൽ നിന്നും ഒഴിഞ്ഞു മാറി ചിതറിയോടി ജൂത ജനത വീണ്ടും വീണ്ടും ഇസ്രായേലിൽ ഒത്തുകൂടി വിശ്വാസം സംരക്ഷിച്ചു. കനാൻ ദേശത്തു യാക്കോബിന്റെ വംശം കുടിപാർത്തുകൊണ്ടിരിക്കെ നാല് നൂറ്റാണ്ടു നീണ്ടു നിന്ന വരൾച്ചയും ക്ഷാമവും അവരെ വലച്ചു. അവർ ചിതറിയോടി. യാക്കോബിന്റെ വംശപരമ്പരയിലെ ഇളമുറക്കാരനായ മോസസ് പ്രവാചകൻ അവരെ വീണ്ടും കനാൻ ദേശത്തു ഒന്നിപ്പിച്ചു.

ക്രിസ്തുവിനു മുൻപ് 720 ൽ അസ്സീറിയൻ സാമ്രാജ്യം ഇസ്രയേലിനെ ചിതറിപ്പിച്ചു. വീണ്ടും ജറൂസലം തലസ്ഥാനമായി ജൂത രാജ്യം നിലവിൽ വന്നു. അന്ന് 4 ലക്ഷം ജൂതന്മാർ ഉണ്ടായിരുന്നു എന്നാണ് കണക്ക്. ക്രി. മു. 332ൽ അലക്‌സാണ്ടർ പേർഷ്യൻ പ്രദേശം ആകെ കീഴടക്കി. അങ്ങനെ ഗ്രീക്ക് സംസ്കാരം യഹൂദർക്കു മേൽ അടിച്ചേല്പിക്കപ്പെട്ടു. ക്രി. മു. 63ൽ റോമാക്കാർ ആക്രമിച്ചു. യഹൂദരുടെ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. ജറൂസലം തകർന്നു. എ ഡി 132 – 136 കാലത്തു ജൂദന്മാർ വീണ്ടും ഇസ്രായേലിൽ എത്തി. പക്ഷെ ഏറെ താമസിയാതെ ജെറുസലത്തെ റോമാക്കാർ അവരുടെ കോളനിയാക്കി മാറ്റി. പിന്നീട് കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്തുമത പ്രചാരണത്തിനായി ജറുസലത്തിൽ എത്തി. അവരെ നിർബന്ധിച്ചു മതം മാറ്റി. മതം മാറാൻ വിസമ്മതിച്ചവർ അവിടെനിന്നു ആട്ടിയോടിക്കപ്പെട്ടു. ആറു നൂറ്റാണ്ടുകാലം യഹൂദർ അത് സഹിച്ചു. 634 – 641 കാലം റാസുദ്ധീൻ ഖലീഫ ജറൂസലം കീഴടക്കി. തുടർന്ന് 5 നൂറ്റാണ്ടുകാലം ഇസ്ലാം ആധിപത്യം. ഇക്കാലയളവിൽ ജൂദ ജനസംഖ്യ പത്തുലക്ഷത്തിൽ നിന്നും മൂന്ന് ലക്ഷമായി കുറഞ്ഞു. അറബ്-ഇസ്ലാമികവൽക്കരണം ജൂദ ജനതയെ അവരുടെ ദൈവത്തിൽ നിന്നും അകറ്റി. അവർ നാടുവിട്ടോടി. പിന്നെ കുരിശു യുദ്ധത്തിന്റെ കാലം. വിശുദ്ധഭൂമി തിരിച്ചുപിടിക്കലായിരുന്നു യുദ്ധ ലക്‌ഷ്യം. 1516ൽ ഓട്ടോമൻ സാമ്രാജ്യം അധികാരത്തിലെത്തി. ഏതാണ്ട് നാല് നൂറ്റാണ്ട് അവർ ഭരിച്ചു. 1834 ആയപ്പോൾ ഓട്ടോമൻ സാമ്രാജ്യം ക്ഷയിച്ചു. 1840ൽ ബ്രിട്ടീഷ് സഹായത്തോടെയാണ് അവർ ഭരണം നിലനിർത്തിയത്. ഇക്കാലത്താണ് മതപീഡനം മൂലം ഇസ്രായേൽ വിട്ടു ഓടിപ്പോയ യഹൂദർ സയണിലേക്കു അഥവാ ഇസ്രായേൽ മണ്ണിലേക്ക് തിരിച്ചു വരാൻ തീരുമാനിച്ചത്.

ഈ തിരിച്ചു വരവിനെയാണ് സയണിസം എന്ന് പറയുന്നത്. സയണിസം ഒരു പാപകൃത്യമായിട്ടാണ് ഇസ്ലാമിക രാജ്യങ്ങൾ പൊതുവെ കരുതുന്നത്. ഹാച്ചഡിസ് എന്ന യഹൂദ മതാചാര്യൻ 1500 ജൂദന്മാരുമായി എത്തി ജറുസലേമിൽ താമസം ആരംഭിച്ചു. അതോടെ യഹൂദരുടെ തിരിച്ചു വരവിന്റെ ഒന്നാം തരംഗം ആരംഭിച്ചു. 1881 ലെ ഈ തരംഗത്തെ തുടർന്ന് 1897 ൽ സയണിസ്റ്റ് സമ്മേളനം നടന്നു. തുടർന്നുള്ള രണ്ടും മൂന്നും തരംഗങ്ങൾ കൂടുതൽ യഹൂദരെ അവിടെ എത്തിച്ചു. 1909 ൽ തിരിച്ചെത്തിയ യഹൂദർ ടെൽ അവീവ് എന്ന ആസൂത്രിത നഗരം സ്ഥാപിച്ചു. 1917ൽ പലസ്‌തീനിൽ ഒരു യഹൂദ രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമം ബ്രിട്ടൻ ആരംഭിച്ചു. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ഓട്ടോമൻ സാമ്രാജ്യം യുദ്ധ വിജയികൾ പങ്കുവെച്ചെടുത്തു. അതിന്റെ ഫലമായി യഹൂദരാഷ്ട്രം നിലവിൽ വന്നു. അറബ് – ഇസ്ലാമിക രാജ്യങ്ങൾ അതിനെ എതിർത്തു. 1922 ൽ ലീഗ് ഓഫ് നേഷൻസ് യഹൂദ രാഷ്ട്രത്തിനു അംഗീകാരം നൽകി. അറബ് – ഇസ്ലാമിക രാജ്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങിയ ബ്രിട്ടൻ, യഹൂദ പുനരാഗമനത്തിനു നിയന്ത്രണം ഏർപ്പെടുത്തി.
പിന്നെ രണ്ടാം ലോകമഹാ യുദ്ധം. ഹിറ്റ്ലർ നടത്തിയ യഹൂദരുടെ വംശഹത്യ. അതിനെ അതിജീവിച്ച യാഹൂദ ജനത ഇസ്രായേലിലേയ്ക്ക് പ്രവഹിച്ചു. ഇസ്രായേലിൽ രാജ്യം ലഭിക്കാതെ ഒരു ഒത്തു തീർപ്പിനും തയ്യാറല്ല എന്ന് അവർ പ്രഖ്യാപിച്ചു. പലസ്‌തീൻ വിഭജിച്ചു ജൂദ രാജ്യം ഉണ്ടാക്കുന്നതിനെ ഇസ്ലാമിക ലോകം എതിർത്തുകൊണ്ടിരുന്നു. പക്ഷെ 1947 നവംബർ 29നു പലസ്‌തീൻ വിഭജന രേഖ അംഗീകരിക്കപ്പെട്ടു. അങ്ങനെ ബ്രിട്ടന്റെ അധീനതയിൽ ഉണ്ടായിരുന്ന പാലസ്തീന്റെ 56 ശതമാനം സ്ഥലം ഇസ്രായേൽ രാജ്യം രൂപീകരിക്കാൻ ലഭിച്ചു. അറബ് ലീഗ് അതിനെ എതീർത്തു. ജറൂസലം വീണ്ടും കലാപ ഭൂമിയായി. 1948 മെയ് 14 നു ഇസ്രായേൽ രാജ്യം നിലവിൽ വന്നതായി യഹൂദർ പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം ഈജിപ്ത്, സിറിയ, ജോർദാൻ, ഇറാഖ്, യമൻ, മൊറോക്കോ, സുഡാൻ സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഇസ്രായിലിനോട് യുദ്ധം പ്രഖ്യാപിച്ചു. ഒരു വർഷം കഴിഞ്ഞു വെടിനിർത്തൽ നിലവിൽ വന്നു. യുദ്ധത്തിൽ നേട്ടം ഇസ്രായേലിനു ആയിരുന്നു.
1949 മെയ് 11നു ഇസ്രായേൽ ഐക്യരാഷ്ട്രസഭയിൽ അംഗമായി. 1948 മുതൽ 1970 വരെയുള്ള കാലത്തു പതിനൊന്നര ലക്ഷം യഹൂദർ ഇസ്രായേലിൽ തിരിച്ചെത്തി. 1950 മുതൽ പലസ്‌തീൻ ഇസ്രായേൽ യുദ്ധം തുടർ കഥയായി. ഇസ്രയേലിന്റെ അയൽ രാജ്യങ്ങൾ പലസ്തീനെ സഹായിച്ചുകൊണ്ടിരുന്നു. 1973 ഒക്ടോബർ 6നു ഈജിപ്ത് സിനായ് മലയും ഗോലാൻ കുന്നുകളും ആക്രമിച്ചു. യുദ്ധം 25 ദിവസം നീണ്ടു നിന്നു. ഇതിനിടയിൽ പലസ്‌തീൻ വിമോചന മുന്നണി ഒരു സ്വതന്ത്ര രാഷ്ട്രമായി സ്വയം പ്രഖ്യാപിച്ചു. പി എൽ ഒ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ മുന്നണി 1978 ൽ ഗറില്ലാ യുദ്ധം പ്രഖ്യാപിച്ചു. ഇസ്രായേൽ പി എൽ ഒയുടെ ലബനൻ കേന്ദ്രം ആക്രമിച്ചു. 1981 ൽ അവർ ഗോലാൻ കുന്നും കീഴടക്കി. അതെ വർഷം ഇറാൻ – ഇറാക്ക് യുദ്ധം നടന്നു. ഇസ്രായേൽ ഈ യുദ്ധത്തിലാണ് ഇറാഖിന്റെ ആണവനിലയം തകർത്തത്.

1995ൽ പി എൽ ഒ ആത്മഹത്യ സ്‌ക്വാഡ് രൂപീകരിച്ച് ഒളിയുദ്ധം തുടങ്ങി. പി എൽ ഒയുടെ പുതുരൂപമാണ് ഹമാസ്. ആത്മഹത്യ സ്‌ക്വാഡ് രൂപീകരിച്ചു ഒളിയുദ്ധം നടത്തുന്ന ഒരു സംഘടനയെ തീവ്രവാദസംഘം എന്നേ വിശേഷിപ്പിക്കാൻ കഴിയൂ. ഒരു ജനാധിപത്യ രാജ്യത്തിനും തീവ്രവാദത്തെ അംഗീകരിക്കാനാകില്ല. ഭാരതം തീവ്രവാദത്തിനു എതിരാണ്. തീവ്രവാദത്തിന് ഇരയാക്കപ്പെടുന്ന രാജ്യങ്ങൾക്കൊപ്പം നിൽക്കാൻ ജനാധിപത്യ ശക്തികൾ ബാധ്യസ്ഥരാണ്. കമ്മ്യൂണിസത്തിൽ ജനാധിപത്യം ഇല്ലാത്തതുകൊണ്ടാണ് മാർക്സിസ്റ്റുകാർ ഹമാസിനെ പിന്തുണയ്ക്കുന്നത്. സംസർഗദോഷം കൊണ്ടാകാം കോൺഗ്രസ്സും കമ്മ്യൂണിസ്റ്റായി മാറുന്നു. അതുകൊണ്ടു അവരും തീവ്രവാദത്തെ പിന്തുണക്കുന്നു.

ഡോ. കെ. എസ്. രാധാകൃഷ്ണൻ