
ആ മനുഷ്യൻ വേഗം സൗഖ്യം പ്രാപിക്കട്ടെ! നമ്മുടെ ഗവൺമെൻറ് സംവിധാനങ്ങൾ എന്നു സൗഖ്യം പ്രാപിക്കും? നമ്മുടെയൊക്കെ മരവിച്ച മനസ്സുകളും!
വാർത്തയും, വചനവും- ചെന്നിത്തലയിൽ നിന്ന് ചങ്കിടിപ്പിക്കുന്ന ഒരു കാഴ്ച.



സമയം: പുലർച്ച 4.50.ഒരു ടെമ്പോ ഡ്രൈവർ വാഹനാപകടത്തിൽപ്പെട്ടു കിടക്കുന്നു. ഡ്രൈവറുടെ കാബിനിൽ ഒടിഞ്ഞകാലുമായി “എന്നെ രക്ഷിക്കണേ” എന്നു നിലവിളിക്കുകയാണ് ആ യുവാവ്. ദേഹമാസകലം ചോര. ഒപ്പം പെരുമഴ. തലയല്ലാതെ ശരീരത്തിന്റെ ഒരുഭാഗവും അനക്കാൻ അയാൾക്കു കഴിയുന്നില്ല. വലതുകാലാണ് ഒടിഞ്ഞത്. ഒടിഞ്ഞമർന്ന് അങ്ങനെയിരിക്കുകയാണ്.
സമീപത്ത് ഒരു കലുങ്കിന്റെ ഭിത്തിയിൽ ഇടിച്ചു തകർന്നുകിടക്കുകയാണ് ഒരു ടെമ്പോവാൻ. വാഹനത്തിന്റെ മുൻഭാഗം ഇടിയേറ്റുവളഞ്ഞ് അകത്തോട്ടു കയറിയിരിക്കുന്നതു കണ്ടാൽ അറിയാം അപകടത്തിൻ്റെ ഭീകരത. വണ്ടിയുടെ മുൻഭാഗം പൂർണമായും പൊളിഞ്ഞിരിക്കുന്നു.
സംഭവം വിവരിക്കുന്നത് ദൃക്സാക്ഷി തന്നെയാണ്. മാതൃഭൂമി സബ് എഡിറ്റർ ജി.വേണുഗോപാലാണ് ആ ദ്യക്സാക്ഷി. ഇന്നത്തെ (31/10/2021) ‘മാതൃഭൂമി’യിൽ ആ വാർത്തയുണ്ട്.
ശനിയാഴ്ച പുലർച്ചേ ആലപ്പുഴയിലെ ഓഫീസിൽനിന്നു ജോലികഴിഞ്ഞു മടങ്ങുകയായിരുന്നു. സ്കൂട്ടറിൽ ആണ് യാത്ര. ഹരിപ്പാട്ട് വാഴക്കൂട്ടം കടവിനുസമീപമെത്തി.
നല്ല മഴ
അപ്പോൾ റോഡിൽ ഒരു മഴക്കോട്ടുധാരി വട്ടം ചാടി സ്കൂട്ടറിനു കൈകാണിച്ചു.
“അവിടെ അപകടമുണ്ടായിക്കിടക്കുന്ന ടെമ്പോവാനിൽ കുടുങ്ങിയ ഒരാൾ മരണഭീതിയോടെ നിലവിളിക്കുന്നു. പലരോടും താനിതുപറഞ്ഞിട്ട് ആരും സഹായിക്കാതെപോയി. വരൂ നമുക്ക് അയാളെ സഹായിക്കാം”
അപകടം സംഭവിച്ച വാഹനത്തിനടുത്തുപോയി നോക്കിയ വേണുഗോപാൽ നടുങ്ങിപ്പോയി! . തങ്ങൾ രണ്ടുപേർമാത്രം വിചാരിച്ചാൽ പുറത്തെടുക്കാവുന്ന സ്ഥിതിയിലായിരുന്നില്ല ആ പാവം മനുഷ്യൻ. അപകടത്തിൽപ്പെട്ട അയാളുടെ ദീനമായ കരച്ചിൽ കണ്ടുനിൽക്കാൻ കഴിയുന്നുമില്ല.നിരാശജനകം ഈ പ്രതികരണങ്ങൾ-
അയൽപക്കക്കാർ-
അവർ തൊട്ടടുത്ത വീടുകളിൽപോയി വാതിലിൽ തട്ടി; അലറിവിളിച്ചു. ആരും വാതിൽ തുറന്നില്ലെന്നു മാത്രമല്ല, ചില വീട്ടുകാർ പുറത്ത് അതുവരെ കത്തിക്കൊണ്ടിരുന്ന വിളക്കുകൾ കെടുത്തുകയും ചെയ്തു.
മറ്റു ഡ്രൈവേഴ്സ്-
പെരുമഴയത്ത് അതുവഴിവന്ന വാഹനങ്ങൾക്കെല്ലാം കൈകാണിച്ചു നിർത്തിച്ചു കാര്യംപറഞ്ഞു. ആരും സഹായിച്ചില്ല.
പോലീസ്- പോലീസിന്റെ നമ്പറിൽ മാറിമാറി വിളിച്ചിട്ടും കാര്യമായ പ്രതികരണമുണ്ടായില്ല.
അഗ്നിരക്ഷാസേന- അഗ്നിരക്ഷാസേനയെ വിളിച്ചു. 100-ൽ വിളിച്ചപ്പോൾ തിരുവനന്തപുരത്ത് പോലീസിന്റെ നമ്പരിലാണു കിട്ടിയത്. മാന്നാർസ്റ്റേഷനിലറിയിക്കാമെന്ന് അവർ പറഞ്ഞു. എന്നാൽ, യാതൊന്നുമുണ്ടായില്ല
. ഇതിനിടെ അഗ്നിരക്ഷാ സേനാവിഭാഗത്തിന്റെ മാവേലിക്കര യൂണിറ്റിലേക്കു വിളിച്ചു. അവർ എത്താം എന്നു പറഞ്ഞുഗവൺമെൻ്റു സംവിധാനമെല്ലാം നിശ്ചലം!സ്വന്തം സംവിധാനം-വണ്ടി തള്ളി പുറകോട്ടുനീക്കുകയോ മുൻഭാഗം വെട്ടിപ്പൊളിക്കുകയോ ചെയ്യാതെ അയാളെ പുറത്തെടുക്കാൻ കഴിയില്ല.ഗവൺമെൻ്റു സംവിധാനമെല്ലാം അനങ്ങാപ്പാറ നയം സ്വീകരിച്ചപ്പോൾ അവർ തങ്ങളുടെ സ്വന്തം സംവിധാനത്തിലേക്ക് തിരിഞ്ഞു.
ഒരു സഹൃദയൻ- കൂടെയുണ്ടായിരുന്നയാൾ ഒരുവീട്ടിൽനിന്ന് ഒരാളെ വിളിച്ചുകൊണ്ടുവന്നു. അയാൾ വെട്ടുകത്തിവെച്ചു വാൻ പൊളിക്കാൻ നോക്കി. എന്നാൽ, ഫലമുണ്ടായില്ല.സഹായികളെത്തുന്നു- ഈസമയം ഏതാനും മീൻകച്ചവടക്കാരും രണ്ട് ഒട്ടോറിക്ഷക്കാരും ആ വഴിയെത്തി. അഞ്ചുപേർ ചേർന്നു തള്ളിയിട്ടും വാഹനം അനങ്ങിയില്ല. അഗ്നിരക്ഷാസേന എത്തുന്നു
– കുറച്ചുകഴിഞ്ഞപ്പോഴേക്കും മാവേലിക്കരയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി. വിളിച്ചപ്പോൾ ഗുരുതരാവസ്ഥ സൂചിപ്പിച്ചതിനാൽ ആംബുലൻസുമായാണു വന്നത്. അവർ ഏറെ പണിപ്പെട്ട് ചെറുപ്പക്കാരനെ പുറത്തെടുത്തു.അപകടത്തിൽപ്പെട്ടയാൾ ചെന്നിത്തല ഇരമത്തിൽ കൊല്ലംപറമ്പിൽ രാഹുൽവിജയ(25)നാണ്.
അയാളെ ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്നു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇപ്പോൾ ട്രോമാ ഐ.സി.യു.വിൽ കൈക്കും കാലിനും പൊട്ടലുണ്ട്. വയറിനുള്ളിലും ഇടിയുടെ ആഘാതത്തിൽ മുറിവേറ്റിട്ടുണ്ട്. സ്കാനിങ്ങിനുശേഷമേ ശസ്ത്രക്രിയയുടെ കാര്യത്തിൽ തീരുമാനമാകൂ. രക്തം കുറേ പോയിട്ടുണ്ട്. നെറ്റിക്കും മുറിവുണ്ട്
“തന്നെ കൈകാണിച്ചു നിർത്തിച്ച ആ നല്ല ചെറുപ്പക്കാരന്റെ പേര് തിരക്കിനിടയിൽ ചോദിക്കാൻ വിട്ടുപോയി.
” ഇന്ന് ഇത്തിരി നഷ്ടബോധത്തോടെ കുറിച്ചിട്ടുണ്ട് ഉണ്ട് ഈ പത്രപ്രവർത്തകൻ. അവരുടെ റെസ്ക്യൂ ഓപ്പറേഷനേക്കുറിച്ച് ചിന്തിക്കുമ്പോൾ ഒരൊറ്റ വചനഭാഗമാണ് മനസ്സിൽ കടന്നുവരുന്നത്:
” എന്നാൽ ഒരു സമരിയക്കാരൻ യാത്രാമധ്യേ അവൻ കിടന്ന സ്ഥലത്ത് വന്നു അവനെ കണ്ടു മനസ്സലിഞ്ഞ അടുത്തുചെന്ന് എണ്ണയും വീഞ്ഞും ഒഴിച്ച് അവൻ്റെ മുറിവുകൾ വച്ചുകെട്ടി, തൻ്റെ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തിൽ കൊണ്ടുചെന്നു പരിചരിച്ചു (ലൂക്കാ 10 33 -34)
” ഈശോ പറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക ” (37)
ഈ നല്ല സമരനായകന്മാർ അഭിനന്ദനമർഹിക്കുന്നു.
ആ മനുഷ്യൻ വേഗം സൗഖ്യം പ്രാപിക്കട്ടെ! നമ്മുടെ ഗവൺമെൻറ് സംവിധാനങ്ങൾ എന്നു സൗഖ്യം പ്രാപിക്കും?
നമ്മുടെയൊക്കെ മരവിച്ച മനസ്സുകളും!-
സൈ

