ഇപ്പോൾ റോബിൻ ബസിനെതിരെ ഉന്നയിക്കുന്ന ഒരു പ്രശ്നവും ഇത്തരത്തിൽ കോർപ്പറേറ്റ് സെറ്റപ്പിൽ വരുന്ന ഒരു ബസ് സർവീസിനെതിരെ ഉന്നയിക്കാൻ പോലും സാധിക്കില്ല.

Share News

നാല്പതോലം യൂറോപ്യൻ രാജ്യങ്ങളിൽ നെറ്റ്-വർക്കുള്ള ഒരു ബസ് സർവീസാണു ഫ്ളിക്സ് ബസ്. കംഫർട്ടബിൾ, അഫോഡബിൾ, റിലയബിൾ. യൂറോപ്പിൽ എത്തിയ ആദ്യകാലഘട്ടങ്ങളിൽ യാത്ര കൂടുതലും ഇവരുടെ ബസ് സർവീസുകളിലായിരുന്നു. യൂറോപ്പിലെ പ്രമുഖ സിറ്റികളൊക്കെ ഇവരുടെ നെറ്റ്-വർക്കിൽ വരും. എങ്ങോട്ട് യാത്ര ചെയ്യണമെങ്കിലും ഇവരുടെ വെബ്സൈറ്റിൽ കയറി ബുക്ക് ചെയ്യാം. ചിലപ്പോൾ നമുക്ക് പോകേണ്ടിടത്തേക്ക് നേരിട്ട് സർവീസ് ഉണ്ടാവില്ല. അപ്പോൾ ട്രയിൻ യാത്രകളിലേതുപോലെ അപ്പോൾ ബസ് മാറിക്കയറേണ്ടി വരും. കുറഞ്ഞ നിരക്കിൽ, ഓൺബോർഡ് ടോയ്‌ലറ്റ് 😉 ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ, കൃത്യനിഷ്ടയിൽ യാത്ര ചെയ്യാൻ പറ്റുക എന്നുള്ളത് ഒരു വലിയ കാര്യം തന്നെയാണു.

ഇതുപോലെ ഉള്ള പാൻ ഇന്ത്യ ബസ് സർവീസ് നെറ്റ്-വർക്കുകൾക്കുള്ള പോസിബിലിറ്റികളാണു ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (AITP) തുറന്ന് നൽകിയിരിക്കുന്നത്. കേരളത്തിലെ മോടോർ വാഹന വകുപ്പിനു ഇപ്പോൾ ഒരു റോബിൻ ബസിനെ “ക്ഷ” വരപ്പിക്കാൻ സാധിക്കുമായിരിക്കും. എന്നാൽ ഒരു പക്ഷെ ബിഗ് കോർപ്പറേറ്റുകളുടെ പിന്തുണയോടെ ഇന്ത്യയിൽ വരാൻ പോകുന്ന ഇത്തരത്തിലുള്ള ബസ് സർവീസുകളെ ഒന്നും ചെയ്യാൻ കഴിയില്ല.

ഇപ്പോൾ റോബിൻ ബസിനെതിരെ ഉന്നയിക്കുന്ന ഒരു പ്രശ്നവും ഇത്തരത്തിൽ കോർപ്പറേറ്റ് സെറ്റപ്പിൽ വരുന്ന ഒരു ബസ് സർവീസിനെതിരെ ഉന്നയിക്കാൻ പോലും സാധിക്കില്ല. യൂബർ പോലെ ബസ് സർവീസ് ബുക്കിംഗിനുള്ള ഒരു മൊബൈൽ ആപ് ഉപയോഗിച്ചാൽ പോലും ഈ പറയുന്ന പാസഞ്ചേർസ് ലിസ്റ്റും മറ്റും സിമ്പിളായി സർവീസ് പ്രൊവൈഡേർസിൻ്റെ കൈയിലുണ്ടാവും. ഇങ്ങനെ ഒരു കമ്പനിക്ക് നെറ്റ്-വർക്കിലേക്ക് ആവശ്യമായ എല്ലാ ബസും സ്വന്തമായി വാങ്ങണമെന്നു പോലും ഇല്ല. ഫ്രാഞ്ചൈസി മോഡലിൽ, അല്ലെങ്കിൽ യൂബർ മൊഡലിലൊക്കെ പ്രൈവറ്റ് പാർടികളെയൊ ചെറുകിട കമ്പനികളെയൊ ഒക്കെ ഉൾപ്പെടുത്തി ഒരു വലിയ ബ്രാൻഡ് നിർമിച്ചാലും മതിയാകും.

ഇതൊക്കെ ഇന്ത്യയിൽ വരുമോന്ന് ചോദിച്ചാൽ വരുമെന്ന് തന്നെയാണു വിശ്വാസം. ഇപ്പോൾ മസിലു പിടിക്കുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്കൊന്നും മാറ്റത്തെ തടയാൻ കഴിയാത്ത ഒരു കാലം വരും. റോബിൻ ബസൊക്കെ വിപ്ളവത്തിൻ്റെ തുടക്കം മാത്രമാണു. വെള്ളം കലങ്ങി തെളിയുമ്പോൾ കൊമ്പൻ സ്രാവുകൾ കളി തുടങ്ങും.

Bibin Madathil 

റോബിൻ ബസിനെ സംബന്ധിച്ചുള്ള ചർച്ചകൾ ശ്രദ്ധിച്ചു വരുകയായിരുന്നു. സ്റ്റേജ് കാര്യേജ്, കോൺട്രാക്റ്റ് കാര്യേജ്, ടൂറിസം പെർമിറ്റ് എന്നതൊക്കെ എനിക്ക് പുതിയ ടോപ്പിക്കായിരുന്നതിനാൽ റോബിൻ ബസിനെ ചുറ്റിപറ്റിയുള്ള ചർച്ചകളൊക്കെ എങ്ങനെ ആയിത്തീരുമെന്നറിയാൻ ചെറുതല്ലാത്ത ആകാംക്ഷയുമുണ്ട്.

പൊതുഗതാഗത സംവിധാനം മെച്ചപ്പെടണം എന്ന് ആഗ്രഹമുള്ളയാളാണു ഞാൻ. പൊതുഗതാഗത സംവിധാനം ഒരു ദേശത്തിനു അവിടുത്തെ ജനങ്ങളോടുള്ള കടമയായിട്ടാണു കാണേണ്ടത്. ലാഭവിഹിതം നോക്കാതെ റൂറൽ ഏരിയകളിലും മറ്റും യാത്രാസൗകര്യം ഏർപ്പെടുത്താൻ പൊതുഗതാഗത സംവിധാനത്തിനു മാത്രമേ കഴിയൂ. അതുപോലെ തന്നെ നഗരപ്രദേശങ്ങളിൽ കൃത്യമായ പ്ളാനിംഗോട് കൂടിയ പൊതുഗതാഗത സംവിധാനം ഉണ്ടെങ്കിൽ അവിടങ്ങളിലെ ജനങ്ങൾ കൂടുതലായി അത്തരം സംവിധാനങ്ങളെ ആശ്രയിക്കുകയും അതിനാൽ തന്നെ ഗതാഗതക്കുരുക്കുകൾ കുറയുകയും ചെയ്യും. പ്രകൃതിസംരക്ഷണത്തിനും ഇത് വളരെ ആവശ്യമാണു താനും. എന്നാൽ ഇത്തരം പൊതുഗതാഗതത്തെ ഒരു ജനത ആശ്രയിക്കണമെങ്കിൽ അവ റിലയബിളും അഫോഡബിളും കംഫട്ടബിളും ആയിരിക്കണം. കൃത്യനിഷ്ട, മിതമായ നിരക്ക്, വൃത്തി, എന്നിവയൊക്കെ അവക്കുണ്ടായിരിക്കണം.

കേരളത്തിലെ പൊതുഗതാഗതത്തിനു KSRTC ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ KSRTC സംരക്ഷിക്കപ്പെടേണ്ടതും പിന്തുണക്കപ്പെടേണ്ടതുമാണു. എന്നാൽ കേരളം പോലെ ജനസാന്ദ്രതയേറിയതും ചലനാത്മകവുമായ ഒരു സംസ്ഥാനത്ത് പൊതുഗതാഗതം മാത്രം മതിയാകില്ല. അതുകൊണ്ട് തന്നെ സ്വകാര്യപ്രസ്ഥാനങ്ങൾക്ക് ഗതാഗതസംവിധാനത്തിൽ ഇവിടെ വലിയ റോൾ ഉണ്ട്. പ്രത്യേകിച്ച് കെടുകാര്യസ്ഥതയുടെ മാതൃകയായി KSRTC മാറിയ സ്ഥിതിക്ക്. KSRTC യിലെ യാത്ര ഇന്ന് പലർക്കും കംഫർട്ടബിൾ അല്ല. പരിപാലനം, വൃത്തി, സൗകര്യങ്ങൾ എന്നിവയുടെ ഒക്കെ കാര്യത്തിൽ KSRTC ഇന്നും വർഷങ്ങൾ പുറകിലാണു. കോർപ്പറേഷനിലെ ഉത്തരവാദിത്വമില്ലായ്മ വേറെ. ഇത്തരം കാരണങ്ങൾ കൊണ്ട് KSRTC ഇന്ന് സർക്കാരിനും ജനങ്ങൾക്കും ബാധ്യത ആയി മാറിയിരിക്കുകയാണു.

ഇങ്ങനെ ബാധ്യത ആയ കെ.എസ്.ആർ.റ്റി.സിയെ സംരക്ഷിക്കാനായി ദീർഘദൂരസർവീസുകൾ അവരുടെ കുത്തകയാക്കുകയും അത്തരം സർവീസുകൾ നടത്തുന്നതിൽ നിന്ന് സ്വകാര്യ പ്രസ്ഥാനങ്ങളെ നിരോധിക്കുകയും ചെയ്തത് ശരിയല്ല. സ്വകാര്യ പ്രസ്ഥാനങ്ങളുമായി മത്സരിച്ചാവണമായിരുന്നു KSRTC രക്ഷപ്പെടേണ്ടത്. അല്ലാതെ സ്വകാര്യപ്രസ്ഥനങ്ങളെ നശിപ്പിച്ചുകൊണ്ടായിരുന്നില്ല. KSRTC യുടെ ഈ നിയന്ത്രണം കൊണ്ട് സാധാരണക്കാരായ ജനങ്ങൾക്ക് എന്ത് മെച്ചമാണുണ്ടതെന്ന് ആലോചിച്ചാൽ ഈ തീരുമാനത്തിൻ്റെ ഭോഷത്തം നമുക്ക് മനസിലാകും. KSRTC കൈയടിക്കിവച്ചിരുന്ന ഈ കുത്തക ഇല്ലാതാക്കാനുള്ള ഒരു അവസരമാണു 2023 ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വഴി സ്വകാര്യവ്യക്തികൾക്ക് ലഭ്യമായത്.

1989-ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് അനുസരിച്ച് ടൂറിസ്റ്റ് വണ്ടികൾക്ക് സ്റ്റേജ് കാര്യേജ് വാഹനങ്ങൾ ഉപയോഗിക്കുന്ന ബസ് സ്റ്റാൻഡിൽ കയറാനോ അവിടെ നിന്ന് ഓപ്പറേറ്റ് ചെയ്യാനോ സാധിക്കുമായിരുന്നില്ല. ടൂറിസ്റ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് വാഹനങ്ങളായി ഉപയോഗിക്കാനും അനുവാദമില്ലായിരുന്നു. അതായത് ടൂറിസ്റ്റ് വാഹനമായി രജിസ്റ്റർ ചെയ്യുന്ന ഒരു വാഹനം ഒരു സാദാരണ യാത്രാബസുപോലെ ഉപയോഗിക്കാൻ പറ്റില്ലായിരുന്നു. 1989-ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് നം. 85(§6&9)- ലാണു ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ 2021 -ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് റൂൾസ് നം.16 അനുസരിച്ച് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (AITP) ലഭിക്കുന്ന വണ്ടികൾക്ക് സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസിൻ്റെ 82 മുതൽ 85A വരെയുള്ള നിയമങ്ങൾ ബാധകമല്ല എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് (cf. also The Gazette Notification of the Ministry of Road Transport and Highways, 2023; no. 16).

ഈ നിയമം അനുസരിച്ചാണു റോബിൻ ബസ് ഓടുന്നത്. അതുകൊണ്ട് തന്നെ അവർ നിയമവിരുദ്ധമായാണു സർവീസ് നടത്തുന്നത് എന്ന മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിൻ്റെയോ KSRTC-യുടെയൊ പരാതികൾ നിലനിൽക്കില്ല. ഒരു പൗരനു രാജ്യത്ത് നിലനിൽക്കുന്ന നിയമവ്യവസ്ഥ അനുസരിച്ച് തൊഴിലെടുത്ത് ജീവിക്കാൻ അവകാശമുണ്ടെന്നുള്ളത് ആർട്ടിക്കിൾ 21ൻ്റെ പരിധിയിൽ ഉൾപ്പെടുന്നതാണു. ഇതിൻ്റെ പരസ്യമായ ലംഘനമാണു റോബിൻ ബസിൻ്റെ കാര്യത്തിൽ നടന്നിരിക്കുന്നത്. ഇക്കാര്യത്തിൽ കോടതിയിൽ നിന്ന് റിലീഫ് ലഭിച്ചിട്ടും പ്രതികാര നടപടി എന്നതുപോലെ ആ ബസ് ഏതാനും മണിക്കൂറുകൾക്കകം പല സ്ഥലങ്ങളിൽ തടഞ്ഞു നിർത്തുകയും അതിലെ യാത്രക്കാർക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. ഒരേ തെറ്റിൻ്റെ പേരിൽ ഒന്നിലധികം തവണ ഒരാളെ ശിക്ഷിക്കാൻ പാടില്ല എന്ന ആർട്ടിക്കിൾ 20 പോലും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണു.

KSRTC യെ രക്ഷപ്പെടുത്താൻ സ്വകാര്യ സംരംഭകരെ ഇല്ലാതാക്കുകയല്ല, KSRTC യെ അവരുമായുള്ള മത്സരത്തിനു പര്യാപ്തരാക്കുകയാണു ചെയ്യേണ്ടത്. അങ്ങനെ മത്സരം വന്നാൽ മാത്രമേ ഉപഭോക്താക്കളായ പൊതുജനത്തിനു റിലയബിളും അഫോഡബിളും കംഫട്ടബിളും ആയ മെച്ചപ്പെട്ട സർവീസ് ലഭിക്കുകയുള്ളൂ. KSRTC ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന സർവീസിനേക്കൾ മികച്ച സർവീസ് ലഭിക്കാൻ യോഗ്യത ഉള്ളവരാണു മലയാളികൾ എന്നാണു എൻ്റെ വിശ്വാസം.

ബിബിൻ മഠത്തിൽ

https://www.reporterlive.com/kerala/2023/11/19/robin-bus-seized-by-tamil-nadu-mvd?fbclid=IwAR1HxZ1DXZx00pWAJ81pOAdIJmuRMhyP8JNV_RkPSTin6hNRTQ8Ve-2W_zU#google_vignette

Share News