സിറോ മലബാർ സഭാതലവൻ എന്ന പദവി ഒഴിയുമ്പോൾ!|പന്ത്രണ്ടു വർഷങ്ങൾ സഭയെ നയിച്ചിട്ട് സ്ഥാനം രാജിവക്കുമ്പോൾ “അർഹമായ സംതൃപ്തിയോടെ” ആലഞ്ചേരിപ്പിതാവിന് പിൻവാങ്ങാം.

Share News

2013 ഫെബ്രുവരി 11-നാണ് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ രാജി പ്രഖ്യാപിച്ചത്; ഫെബ്രുവരി 28- നു പദവിയൊഴിഞ്ഞു. വാർദ്ധക്യസഹജമായ “മാനസികവും ശാരീരികവുമായ ക്ഷീണം” ആണ് രാജികാരണമായി മാർപ്പാപ്പ പറഞ്ഞത്. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു മാർപ്പാപ്പയുടെ അസാധാരണമായ രാജിമൂലം സഭയിലും മാധ്യമങ്ങൾക്കിടയിലും അന്ന് ഉണ്ടായിരുന്നത്. സഭയിലെ പ്രശ്നങ്ങൾ വരുത്തിവച്ച മനസികസങ്കർഷമാണ് രാജികാരണമെന്നു പല അന്തരാഷ്ട്ര മാധ്യമങ്ങളും അന്ന് റിപ്പോർട് ചെയ്തു. എന്നാൽ ബനഡിക്ട് മാർപ്പാപ്പയുടെ രാജിയും പിന്നീടുള്ള ജീവിതവും എല്ലാവരും അംഗീകരിച്ചു. 2022 ഡിസംബർ 31-നു തൊണ്ണൂറ്റി ആറാമത്തെ വയസിൽ ബനഡിക്ട് മാർപ്പാപ്പ ഇഹലോകവാസം വെടിഞ്ഞപ്പോൾ ലോകം കരഞ്ഞു. എട്ടു വർഷങ്ങൾ മാത്രമേ അദ്ദേഹം മാർപ്പാപ്പ ആയിരുന്നുള്ളു. എന്നാൽ ഇന്നും ജനഹൃദയങ്ങളിൽ അദ്ദേഹം ജീവിക്കുന്നു.

വർദ്ധക്യപരവും ആരോഗ്യപരവുമായ കാരണങ്ങളാൽ മൂന്നു വര്ഷങ്ങൾ മുൻപേ രാജി വച്ചതാണെന്നും ഇപ്പോഴാണ് മാർപ്പാപ്പ രാജി സ്വീകരിച്ചതെന്നും ആണ് അദ്ദേഹത്തിന്റെ പ്രസ് റിലീസ്. അദ്ദേഹത്തെ രാജി വപ്പിച്ചതാണെന്നുള്ള വാർത്താപതിപ്പുകൾ അതുകൊണ്ട് അപ്രസക്തങ്ങളാണ്.

ബനഡിക്ട് മാർപ്പാപ്പയുടെ രാജിസമയത്ത് വിവിധ പ്രശ്നങ്ങൾ അദ്ദേഹത്തിനു വരുത്തിവച്ച മനസികസങ്കർഷം രാജികാരണമായി മാധ്യമങ്ങൾ സൂചിപ്പിച്ചതുപോലെ സിറോ മലബാർ സഭയിലെ വിവിധങ്ങളായ പ്രശ്നങ്ങൾ ആലഞ്ചേരിപിതാവിന്റെ രാജികാരണമായി മാധ്യമങ്ങൾ എഴുതിയാൽ അതിൽ അൽഭുതപ്പെടേണ്ട കാര്യമില്ല. സിറോമലബാർ സഭയിൽ മാത്രമല്ല ആഗോളസഭയിലും ഇന്ന് പ്രശ്നങ്ങൾ ധാരാളം ഉണ്ട്. പണ്ടും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നും പ്രശ്നങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യും.

ചില അമേരിക്കൻ രൂപതകൾ കരണമാക്കിയ പ്രശ്നങ്ങളും ജർമ്മൻ സഭയുടെ “സിനഡൽ മാർഗ്ഗം” എടുത്ത നിലപാടുകളും തീരുമാനങ്ങളും ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് വരുത്തിവച്ച മാനസികസങ്കർഷവും ചെറുതായിരിക്കില്ല. അതുകൊണ്ടു എന്നും എല്ലായിടത്തും പ്രശ്നങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായെന്നു വരാം. പ്രശ്നങ്ങൾ പരിഹരിക്കുക എല്ലാവരുടെയും കടമയാണെങ്കിലും പല പ്രശ്നങ്ങളും പരിഹരിക്കാനുള്ള എല്ലാവരുടെയും സഹകരണം എപ്പോഴും ഉണ്ടാകണമെന്നില്ല. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചിട്ട് ആർക്കും ഒരിക്കലും വിടവാങ്ങാനാകില്ല. അതുകൊണ്ടു

“കൊടുംകാറ്റിൽ ഉലയുന്ന കപ്പൽ” എന്നാണ് കത്തോലിക്കാ സഭക്ക് രണ്ടാം വത്തിക്കാൻ കൗൺസിൽ കൊടുത്തിരിക്കുന്ന പല നിർവചനങ്ങളിൽ ഒരെണ്ണം. സഭയിൽ എന്നും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എല്ലാ പ്രശ്നങ്ങളും ഒരുമിച്ച് പരിഹരിക്കണമെന്ന് വാശി പിടിച്ചാൽ സാധിച്ചെന്നു വരില്ല. എല്ലാ പ്രശ്‌നങ്ങളും ഒരാൾ പരിഹരിക്കണമെന്നോ ഒരു കാലഘട്ടത്തിൽത്തന്നെ പരിഹരിക്കണമെന്നൊ വാശിപിടിച്ചാലും നടന്നെന്നു വരില്ല.

നാലാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലും പതിനഞ്ചാം നൂറ്റാണ്ടിലും കത്തോലിക്കാസഭയിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രതീക്ഷ കൈവിടാതെ ഇന്നും സഭ പ്രാർത്ഥനയോടെ ശ്രമിക്കുന്നുണ്ടെങ്കിലും അവയൊന്നും ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. അതുപോലെയാണ് ഇന്നും പല പ്രശ്നങ്ങളും പ്രതിസന്ധികളും. ഒരു പ്രശ്നം പരിഹരിക്കുമ്പോൾ മറ്റൊരു പ്രശ്നം ഉണ്ടായെന്നു വരാം. പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഇല്ലാത്ത മനുഷ്യ സമൂഹങ്ങളില്ല. ഏതു പ്രശ്നത്തെയും സമചിത്തതയോടെ അഭിമുഖീകരിക്കാനും എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടെങ്കിലും അവക്കതീതമായി പരസ്പരം ആദരിക്കാനും സഹവസിക്കാനുമുള്ള ദൈവികഭാവമാണ് ആവശ്യം. ആ ദൈവികഭാവം വാക്കിലും പ്രവൃത്തിയിലും എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു.

ജോസഫ് പാണ്ടിയപ്പള്ളിൽ

Share News