ജസ്റ്റിസ് കുര്യൻ ജോസഫിന്റെ പ്രസ്താവനകളെ സീറോ മലബാർ സഭാ അൽമായ ഫോറം തള്ളിക്കളയുന്നു

Share News

പ്രസ്‌താവന

സീറോ മലബാർ സഭയുടെ തനിമയും സ്വത്വവും നിർമ്മിക്കപ്പെടേണ്ട ആരാധനയിലെ ഐക്യരൂപ്യം കാലം നമ്മിൽ നിന്നും ആവശ്യപ്പെടുന്ന അനിവാര്യമായ വിട്ടുകൊടുക്കലും വീണ്ടെടുക്കലുമാണ്.

പ്രാദേശികചിന്തകൾ മറന്ന് ഐക്യത്തിന് നിദാനമാകുന്ന പ്രായോഗികമായ തീരുമാനങ്ങൾക്ക് മുൻതൂക്കം കൊടുക്കാനാണ് സഭയെ സ്‌നേഹിക്കുന്ന ജസ്റ്റിസ് കുര്യൻ ജോസഫിനെപോലെയുള്ള സഭാതാരം പുരസ്‌കാരം നേടിയവർ ശ്രമിക്കേണ്ടത്.

അവസാന മണിക്കൂറുകളിൽ സഭയിലെ കൂട്ടായ്മ തകർക്കാനുള്ള അദ്ദേഹത്തിന്റെ നിരുത്തരവാദപരമായ പ്രസ്താവനകൾ നിർഭാഗ്യകരമാണ്.

ആഗസ്റ്റ് 20,ഞായറാഴ്ച എറണാകുളം അങ്കമാലി അതിരൂപതയിൽ മുഴുവൻ ഏകീകൃത കുർബാനക്രമം നടപ്പിലാകാൻ സഭ മുഴുവൻ പ്രാർത്ഥിക്കുമ്പോൾ അതിന് തടസ്സം സൃഷ്ടിക്കുന്ന പ്രസ്താവനകൾ അനുചിതമാണെന്ന് അൽമായ ഫോറം വിലയിരുത്തുന്നു.

തിരുസ്സഭയുടെ പാരമ്പര്യവും പൗരസ്ത്യ സഭകളുടെ കാനൻ നിയമവും പ്രകാരം ആരാധനാക്രമകാര്യങ്ങളിൽ പരിശുദ്ധ സിംഹാസനത്തിന്റെയും സീറോമലബാർ സിനഡിന്റെയും നീണ്ട പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും ശേഷം ഏകീകൃതകുർബാനക്രമം എറണാകുളം അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കാൻ സഭയുടെ അംഗീകാരത്തോടെ വന്ന ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പിതാവിന് സാധിക്കട്ടേയെന്ന് സഭാംഗങ്ങൾക്കെല്ലാം ആത്മാർത്ഥമായി പ്രാർത്ഥിക്കാം.ആ തീരുമാനത്തെ വെല്ലുവിളിക്കുകയും വിമർശിക്കുകയും ചെയ്യുന്നത് മിടുക്കല്ല,എന്ന് കുര്യൻ ജോസഫ് സാർ ഓർക്കണം.മാർപാപ്പയെയാണോ അദ്ദേഹം വെല്ലുവിളിക്കുന്നത്?

തൽസ്ഥിതി തുടരാനും സമവായത്തിലൂടെയാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും അദ്ദേഹം പറയുമ്പോൾ സഭ അസാധുവാക്കിയ കുർബാന തുടരാമെന്നാണോ അർഥം? വ്യക്തിപരമായി അദ്ദേഹം എടുക്കുന്ന ഇത്തരം നിലപാടുകൾ സഭാസംവിധാനത്തെ തകർക്കുമെന്നാണ് അൽമായ ഫോറത്തിന്റെ അഭിപ്രായം.അദ്ദേഹത്തിന്റെ നിരുത്തരവാദപരമായ പ്രസ്താവനകളെ അൽമായ ഫോറം തള്ളിക്കളയുന്നു.

ഏകീകൃത കുർബാനക്രമം എറണാകുളത്ത്‌ നടപ്പിലാക്കാൻ മാർപാപ്പയോടും,സീറോ മലബാർ സിനഡിനോടും, ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പിതാവിനോടും ഒപ്പം നിൽക്കുകയാണ് അൽമായ പ്രേഷിതൻ എന്ന നിലയിൽ ബഹു.കുര്യൻ ജോസഫ് ശ്രമിക്കേണ്ടതെന്ന് ആദരവോടെ സ്നേഹപൂർവ്വം അദ്ദേഹത്തെ ഓർമ്മിപ്പിക്കുന്നു.

ടോണി ചിറ്റിലപ്പിള്ളി

അൽമായ ഫോറം സെക്രട്ടറി

സീറോ മലബാർ സഭ

എറണാകുളം

എറണാകുളം 19/8/2023

Share News