വിശ്വാസ സത്യമായി പ്രഖ്യാപിക്കപ്പെട്ട അമലോത്ഭവത്തിരുന്നാൾ വിശ്വാസി എന്നും നെഞ്ചോട് ചേർത്ത് ആഘോഷിക്കുന്നതും ഹൃത്തിനോട് ചേർത്ത് മനനവിഷയമാക്കുന്നതുമാണ്.
പാപകറയേശാത്ത അമ്മയുടെ ജീവിതക്കുറിച്ചു ധ്യാനിക്കുമ്പോഴും അതിനെ പ്രതി അമ്മയെ സ്തുതിക്കുമ്പോഴും, കുറവുകളുടെ ലോകത്തു ബലഹീനതകളുടെ നടുവിൽ ദൈവ തിരുമുമ്പിൽ വിശുദ്ധിയും വിശ്വസ്തതയും സൂക്ഷിക്കുക …അതേ പരി. അമ്മയുടെ ജീവിതം ധ്യാനവിഷയമാക്കുന്നവന് അത് ഒരു ധൈര്യമാണ്, പ്രചോദനമാണ് , വെല്ലുവിളിയാണ്
ധൈര്യമാണ് : നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കാൻ കർത്താവിന്നരികിൽ ഒരാൾ ഉണ്ടെന്ന ധൈര്യം ; ഒരു മനുഷ്യ സ്ത്രീ കടന്നു പോകാവുന്ന എല്ലാ സഹനങ്ങളിലൂടെയും – സദാചാരത്തിന്റെ വിരൽ ചൂണ്ടൽ , ഭർത്താവിനാൽ സംശയിക്കപ്പെടൽ , സ്വന്തം മകനെ അംഗീകരിക്കാത്ത സമൂഹത്തിന്റെ കുത്തലുകൾ , മകന്റെ സഹനം തുടങ്ങി എല്ലാം – കടന്നുപോയ അമ്മയ്ക്കു നമ്മെ മനസ്സിലാകുമെന്ന ധൈര്യം .അമ്മയിൽ അഭയം തേടുന്നവരെ ഉപേക്ഷിക്കില്ലായെന്ന ധൈര്യം
പ്രചോദനമാണ് : അനുദിന ആനുകാലിക ജീവിതത്തിൽ ദൈവേഷ്ടം കണ്ടെത്താൻ , അവന്റെ പദ്ധതിയോട് സഹകരിക്കാൻ , ഇത്തിരി വേദനയിൽ ഒത്തിരി സന്തോഷം ഒളിപ്പിച്ചു വയ്ക്കുന്ന കർത്താവിന്റെ പദ്ധതികളെ തിരിച്ചറിഞ്ഞു ജീവിത പ്രതിസന്ധികളെ പരാതി കൂടാതെ സ്വീകരിക്കാൻ ഒരു പ്രചോദനമാണ് നമുക്ക് എന്നും പരി. അമ്മയുടെ ജീവിതം.
വെല്ലുവിളിയാണ്: സാമൂഹ്യ മാധ്യമങ്ങൾ മനുഷ്യന്റെ ചിന്തയെ നിയന്ത്രിക്കുന്ന, അന്തരീക്ഷത്തെ മലീമസമാക്കിയ വിഘടന ചിന്തകൾ മനുഷ്യന്റെ ജീവിത ശൈലിയെ തന്നെ അപചയത്തിലേക്കു കൊണ്ടെത്തിച്ചിരിക്കുന്ന, മാനുഷിക ശുഷ്കത സ്ഥാപിത താല്പര്യത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്ന ഇന്നുകളിൽ ഏല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളോട് ദൈവ തിരുമുമ്പിലും സഹോദര സവിധത്തിലും വിശ്വസ്തയും വിശുദ്ധിയും പാലിക്കുക വെല്ലുവിളിയാണ് . നീതിബോധത്തോടെ പ്രവർത്തിക്കുവാനും ആപേക്ഷിക്കാവത്കരിക്കപ്പെടാത്ത ലക്ഷ്യത്തോടെ പ്രതികരിക്കാനും സാധിക്കുക എന്നതും ശരിക്കും ഒരു വെല്ലുവിളി തന്നെയാണ് ; അത് ഒഴുക്കിനെതിരായ നീന്തലാണ്.
അമ്മയുടെ തിരുന്നാൾ ഒരു അനുഭവമായി മാറട്ടെ . സ്വജീവിതത്തെ വിശകലനം ചെയ്യാനും വിലയിരുത്താനും വിശ്വസ്തതയുടെ നിറങ്ങളിൽ വിലയം പ്രാപിക്കുവാനും ഈ ദിനം നമ്മെ നമ്മുടെ സ്വർഗ്ഗീയ ‘അമ്മ സഹായിക്കട്ടെ.സ്നേഹത്തോടെ, പ്രാർത്ഥനയോടെ
Ben Fr