മാർക്കറ്റിംങ്ങ് തന്ത്രങ്ങൾ സാധാരണക്കാരായ നമ്മുടെ കൃഷിക്കാർക്ക് അധികമായി അറിയില്ല.

Share News

കർഷകൻ്റെ കണ്ണീർ.

..റോഡരുകിൽ നേന്ത്രപ്പഴങ്ങൾ കൂട്ടിയിട്ട് വില്പന നടത്തുന്നത് ഇപ്പോൾ പതിവ് കാഴ്ചകളിലൊന്നാണ്. കഴിഞ്ഞ വർഷം 50 രൂപ മുതൽ 80 വരെ വിലയുണ്ടായിരുന്ന പഴത്തിന്നിപ്പോൾ ഇരുപത് രൂപ വരെ എത്തിയപ്പോൾ നമുക്കെല്ലാവർക്കും വളരെ സന്തോഷമായി. എന്നാൽ ഒരു വാഴക്കന്ന് നട്ട് ഏകദേശം 10 മാസം പരിപാലിച്ചാൽ മാത്രമേ ഒരു കുല നേന്ത്രപ്പഴം ലഭിക്കുകയുള്ളൂ. അതിൻ്റെ വിലയാണ് കേവലം ഇരുപത് രൂപ എന്നത്. വെയിലേറ്റ് കരുവാളിച്ച മുഖവും അദ്ധ്വാനം കൊണ്ട് ചടച്ച ശരീരവുമായി ഇടനിലക്കാർ വെച്ച് നീട്ടുന്ന തുഛം സംഖ്യക്ക് കാർഷിക വിഭവങ്ങൾ വില്പന നടത്തുന്ന കർഷകരുടെ കണ്ണീർ നമ്മൾ കാണാതെ പോവരുത്.

മാർക്കറ്റിംങ്ങ് തന്ത്രങ്ങൾ സാധാരണക്കാരായ നമ്മുടെ കൃഷിക്കാർക്ക് അധികമായി അറിയില്ല. കൃത്യമായി ഓണക്കാലത്ത് നേന്ത്രക്കായ മാർക്കറ്റിൽ ഇറക്കാനും, വിഷുക്കാലത്ത് കണിവെള്ളരി എത്തിക്കാനും, കൊടിയ വേനലിൽ തണ്ണി മത്തൻ കിട്ടത്തക്കവിധം നല്ല പ്ലാനിംങ്ങോടെ കൃഷി ചെയ്യാനും അറിയുന്നവർ നമ്മുടെ നാട്ടിൽ കുറവാണെന്ന് പറയാം. പക്ഷേ ഇതര സംസ്ഥാനക്കാർക്ക് കേരളത്തിലെ ഇത്തരം സീസണുകൾ കാണാപ്പാഠമാണ്. അവരാണ് ഓണക്കാലത്തേയും വിഷുക്കാലത്തേയും ലാഭം കൊയ്യുന്നത്. നമ്മുടെ കർഷകരുടെ കാലം തെറ്റി കൃഷി ചെയ്യുന്നന്ന പഴങ്ങളാണ് ആർക്കും വേണ്ടാതെ കുറഞ്ഞ വിലക്ക് ഇതുപോലെ കൊടുക്കേണ്ടി വരുന്നത്.

ഞങ്ങൾ കേരകർഷകർക്ക് ഈ വർഷം ആശ്വാസത്തിൻ്റേതാണെന്ന് പറയാം. കഴിഞ്ഞ കൊല്ലം കിലോക്ക് 25 രൂപ മുതൽ 30 വരെയുണ്ടായിരുന്ന തേങ്ങക്ക് ഇപ്പോൾ 42 രൂപ വരെ എത്തിയിരിക്കുന്നു. ഗവണ്മെണ്ട് താങ്ങ് വില വർദ്ധിപ്പിച്ചതുകൊണ്ടുള്ള മാറ്റങ്ങൾ ആയിരിക്കാമിത്.

ആനുകാലിക ഇന്ത്യയിൽ കാർഷിക പ്രക്ഷോഭങ്ങൾ കൂടുതൽ ആളിപ്പടരാൻ തുടങ്ങിയിരിക്കയാണ്. ഏത് രാജ്യത്താണെങ്കിലും കർഷകരെ ശത്രുക്കളായി കാണാതെ നമുക്ക് അന്നം തരുന്നവരായി കാണുകയും അവരുടെ ആവശ്യങ്ങൾക്ക് ഉചിതമായ ആദരവ് നല്കുകയുമാണ് ചെയ്യേണ്ടത്. ഒരു രാജ്യത്തിൻ്റെ നട്ടെല്ല് ശതകോടീശ്വരന്മാരല്ല മറിച്ച് മണ്ണിൽ അദ്ധ്വാനിച്ച് പൊന്ന് വിളയിക്കുന്ന കർഷകരാണ്.

ഇത്തരം വലിയ വലിയ കാര്യങ്ങൾ നമ്മൾ ചർച്ച ചെയ്തിട്ട് ഒരു കാര്യവുമില്ലെന്ന് അറിയാം. നാടൻ കർഷകരെ സാധാരണക്കാരായ നമുക്ക് എങ്ങിനെ സഹായിക്കാൻ സാധിക്കും എന്നാണ് ഇപ്പോൾ ചിന്തിക്കേണ്ടതെന്ന് തോന്നുന്നു. അതിന് വേണ്ടത് കഴിയുന്നതും പച്ചക്കറികൾ, പഴങ്ങൾ, തേങ്ങ തുടങ്ങിയവയെല്ലാം നമ്മുടെ ചുറ്റുപാടുമുള്ള കൃഷിക്കാരിൽ നിന്ന് വാങ്ങിക്കുക എന്നതാണ്. അവരുടെ ഉല്പന്നങ്ങളുടെ വില നേരിട്ട് കൈയ്യിൽ കിട്ടിയാൽ അതവർക്ക് വലിയൊരു സഹായമായിരിക്കും. ഇടനിലക്കാരുടെയും കച്ചവടക്കാരുടേയും ചൂഷണങ്ങളിൽ നിന്ന് ചെറിയൊരു കൈതാങ് അത്രമാത്രം.

പി എൻ നാസർ

Share News