പത്മശ്രീ ചെറുവയല്‍ രാമന്‍.. |പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമായ ഈ വയനാടൻ കർഷകൻ വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിമാനമാണിന്ന്..
പത്മശ്രീ ചെറുവയല്‍ രാമന്‍..
പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനുമായ ഈ വയനാടൻ കർഷകൻ വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിമാനമാണിന്ന്..
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ചെറുവയല്‍ രാമന് ആദരമർപ്പിക്കാൻ കഴിഞ്ഞത് സൗഭാഗ്യമായി കരുതുന്നു. പോയകാലത്തിന്റെ നെല്‍വിത്തുകൾ മാനന്തവാടിയിലെ ഈ ആദിവാസി കര്‍ഷകന് സമ്പാദ്യം. ചാണകം മെഴുകിയ തറയും പുല്ലുമേഞ്ഞ മേല്‍ക്കൂരയുമുളള വീടിന്റെ വരാന്തയില്‍ വയനാടിന്റെ കാര്‍ഷികപ്പെരുമയറിയാന്‍ എത്തുന്നവര്‍ക്ക് സ്വാനുഭവം കൊണ്ട് ഉത്തരം പറയുന്ന കർഷകൻ. തൊണ്ടി, ചോമാല തുടങ്ങി വയനാട്ടില്‍ പോലും ഇല്ലാതായിക്കഴിഞ്ഞ 55 ഇനം നെല്‍വിത്തുകള്‍ ആറുപതിറ്റാണ്ടായി ഈ കര്‍ഷകന്‍ കൃഷിചെയ്യുന്നു.
രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ പുരസ്‌കാര നേട്ടത്തിനു പിന്നാലെ ശ്രീ. ചെറുവയല്‍ രാമൻ പങ്കെടുത്ത ആദ്യ ഔദ്യോഗിക പരിപാടിയായിരുന്നു കല്‍പ്പറ്റയിൽ ഞങ്ങൾ ഒരുമിച്ചിരുന്നതെന്നത് മറ്റൊരു ചാരിതാർത്ഥ്യം. റിപ്പബ്ലിക്ദിന സന്ദേശത്തിലും ഈ കർഷകന്റെ സംഭാവനകൾ പരാമര്‍ശിക്കാൻ സാധിച്ചു.
സ്വഭാവികമായും, ചടങ്ങില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു, പത്മശ്രീ ചെറുവയല്‍ രാമന്‍. വിദ്യാര്‍ഥികളടക്കമുള്ളവര്‍ സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടിയ ശ്രീ. രാമനൊപ്പം ഉണ്ടായ അപൂർവ്വസമയം പി ആർ ഡി ക്യാമറകൾ പകർത്തിയത് ഇവിടെ പങ്കിടട്ടെ.
Dr. R. Bindu
Minister for Higher Education and Social Justice, Kerala State