
നിയമസഭാ തിരഞ്ഞെടുപ്പിൽ അംഗപരിമിതരെ മൽസരിപ്പിക്കാൻ പാർട്ടികൾ തയ്യാറാകണം: ഡോ. എഫ്എം ലാസർ
കണ്ണൂരിൽ ഇൻഡാക്ൻ്റെ ജില്ലാ പ്രവർത്തക കൺവെൻഷനും ജില്ലാ കമ്മിറ്റി ഓഫീസും ഉദ്ഘാടനം ചെയ്തു.

തലശ്ശേരി: അംഗപരിമിതർ രാഷ്ട്രീയ പാർട്ടികളുടെ തൊഴുത്തുകളിൽ കെട്ടിയിട്ടിരിക്കാനുള്ളവർ അല്ലെന്നും തിരഞ്ഞെടുപ്പുകളിൽ അവർക്കും സീറ്റുകൾ നല്കി മൽസരിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളും മുന്നണികളും സന്നദ്ധമാകണമെന്നും ഇൻഡാക് ദേശീയ പ്രസിഡന്റ് ഡോ. എഫ്എം. ലാസർ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരുടെ ദേശീയ സംഘടനയായ ‘ഇൻഡാക്’ന്റെ തലശ്ശേരി ചക്യത്ത്മുക്ക് മൂരിക്കോളി ഹാളിൽ നടന്ന കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ്റെയും ജില്ലാ കമ്മിറ്റി ഓഫീസിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ടികെ. ഹാജാസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ പ്രീതാ പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. അംഗപരിമിതർക്കുവേണ്ടി വികസന പ്രവർത്തനങ്ങൾ നടത്താൻ താൻ സന്നദ്ധയാണെന്ന് കൗൺസിലർ പറഞ്ഞു.
പോരാട്ടങ്ങൾ ഏറ്റെടുത്തു മുന്നോട്ടു പോകുന്നതിനോടൊപ്പം അംഗപരിമിതർ അവരുടെ ആരോഗ്യവും വരുമാനവും ഉറപ്പു വരുത്തുന്നതിന് ശ്രമിക്കണമെന്നും അതിനു നമ്മെ സഹായിക്കുവാൻ “ബ്ലൂലൈഫ്” എന്ന പ്രസ്ഥാനം സന്നദ്ധമാണെന്നും ബ്ലൂലൈഫ് – ഇൻഡാക് ടീം ഇന്ത്യയ്ക്കുവേണ്ടി സംസാരിച്ച അഡ്വ. സി.ശശികുമാർ, ട്രീസ പീറ്റർ എന്നിവർ പറഞ്ഞു.
മുസ്ലിം ലീഗ് തലശ്ശേരി മുൻസിപ്പൽ സെക്രട്ടറി തഫ് ലിം മണിയാട്ട് , എസ്ഡിപിഐ മണ്ഡലം പ്രസിഡണ്ട് അഡ്വ. ഷബീർ, ഇൻഡാക് സംസ്ഥാന കോർഡിനേറ്റർ റഹ്മാൻ മുണ്ടോടൻ, മീഡിയ കോർഡിനേറ്റർ മുഹസിൻ വണ്ടൂർ, ഉബൈദ് കുറ്റ്യാടി, എംപി. ഷംസു വടകര, മുസ്തഫ പി.മുഴുപ്പിലങ്ങാട്, അബ്ദുൽ വാസിഹ് കുഞ്ഞിപ്പള്ളി, സുലൈഖ അരീക്കോട്, മുജീബ് കുറ്റൂളി, നൗഷാദ് കരുളായി തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി പ്രസിഡന്റ് ടികെ. ഹാജാസ്, ജെനറൽ സെക്രട്ടറി മുസ്തഫ പി. മുഴുപ്പിലങ്ങാട്, ട്രെഷറർ ഹാജറ തലശ്ശേരി, കോർഡിനേറ്റർ എബി. അബ്ദുൽ വാസിഹ് എന്നിവരുടെ നേതൃത്വത്തിൽ ഇരുപത്തൊന്നംഗ ജില്ലാ കമ്മിറ്റിയും നിലവിൽ വന്നു. ദേശീയ പ്രസിഡന്റ് ഡോ. എഫ്എം. ലാസർ നാട മുറിച്ച് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
വിവിധ ജില്ലകളിൽ നിന്നും എത്തിയ പ്രവർത്തകരുടെ കലാപരിപാടികളും അരങ്ങേറി. ചായസൽക്കാരം, ഉച്ചഭക്ഷണം എന്നിവയും ഉണ്ടായിരുന്നു. നൂറു അംഗങ്ങൾ പങ്കെടുത്തു.