ക്രിസ്തുമസ് ഇടങ്ങൾ തേടുന്നവരിലേക്കുള്ള തീർത്ഥാടനം|മാർ റാഫേൽ തട്ടിൽ

Share News

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ ക്രിസ്തുമസ് സന്ദേശം

ക്രിസ്തുമസ് സമാധാനത്തിന്റെയും ആനന്ദത്തിന്റെയും തിരുനാളാണ്. മനുഷ്യരാശിയുടെ കലഹങ്ങളുടെയും ഭീതിയുടെയും നടുവിൽ, ദൈവം മനുഷ്യനായി അവതരിച്ചുകൊണ്ട് ശാശ്വതമായ സമാധാനവും അനശ്വരമായ സന്തോഷവും, ലോകത്തിന് നല്‌കിയ ചരിത്ര സംഭവത്തിന്റെ ഓർമ്മയാണ് ക്രിസ്തുമസ്. ബേത്ലഹേമിലെ പുൽക്കൂട്ടിൽ ജനിച്ച ദിവ്യശിശു ‘സമാധാനത്തിന്റെ രാജാവെന്നും’, ‘സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്ത ‘എന്നുമാണ് വിശേഷിപ്പിക്കപ്പെട്ടത്. തിരുപ്പിറവി നമുക്ക് നൽകുന്ന ദൗത്യം, ഈ സമാധാനവും ആനന്ദവും നമുക്കുള്ളിൽ അനുഭവിക്കുകയെന്നതുമാത്രമല്ല, അത് മറ്റുള്ളവർക്കും അനുഭവവേദ്യമാക്കുകയെന്നതുകൂടിയാണ്. ദൈവത്തിനും, മനുഷ്യർക്കും നമ്മുടെ പരിസരങ്ങളിൽ ഇടം ഒരുക്കികൊണ്ടും, സംഭാഷണത്തിന്റെ സംസ്കാരം വളർത്തിയെടുത്തുകൊണ്ടുമാണ് നമുക്ക് ഇത് യാഥാർഥ്യമാക്കാൻ കഴിയുന്നത്.

ഇടം ഒരുക്കുന്ന ക്രിസ്തുമസ്

ക്രിസ്തുമസ് നമ്മെ പഠിപ്പിക്കുന്നതു, ഇടം ഒരുക്കുന്നതിന്റെയും സ്വീകരിക്കുന്നതിന്റെയും ആത്മീയതയാണ്. ദൈവവചനം തന്റെ ഉള്ളിൽ വസിക്കാൻ പരിശുദ്ധ മറിയം ഹൃദയ ത്തിന്റെ മുഴുവൻ ഇടവും തുറന്നുകൊടുത്തു. ദൈവത്തിന്റെ പദ്ധതിക്ക് വഴങ്ങിക്കൊണ്ട് യൗസേപ്പ് തന്റെ ജീവിതം സമർപ്പിച്ചു. ഇടയരും ജ്ഞാനികളും, തങ്ങളുടേതായ സൗകര്യങ്ങളും സുരക്ഷിതത്വങ്ങളും വിട്ട്, ദിവ്യശിശുവിനെ സ്വീകരിക്കാൻ സന്നദ്ധരായി. ദൈവത്തിനും സഹജീവികൾക്കും സ്ഥലം ഒരുക്കാതെ ക്രിസ്തുമസ് പൂർണ്ണമാകുന്നില്ലെന്ന് ഈ ജീവിത മാതൃകകൾ നമ്മെ ഓർമിപ്പിക്കുന്നു. എന്തുകൊണ്ട് ദൈവത്തിനു പിറക്കാന്‍ പുൽത്തൊട്ടിൽ എന്ന ചോദ്യത്തിന്റെ ലളിതമായ ഒരുത്തരം, കാലിത്തൊഴുത്തിലേക്കെ ത്തുവോളം മനുഷ്യഗന്ധമുള്ള ഇടങ്ങളെല്ലാം അവനു മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ട തുകൊണ്ട് എന്നാണ്. മനുഷ്യരുടെ വാതിലുകൾ അടഞ്ഞുനിന്നപ്പോൾ, ദൈവം നിശബ്ദമായ ഒരു പുൽക്കൂടിൽ അഭയം തേടി. ഇത് വെറും ചരിത്രവിവരണം മാത്രമല്ല മറിച്ചു, എല്ലാ കാലങ്ങളിലുമുള്ള മനുഷ്യ ഹൃദയത്തിന്റെ അവസ്ഥയെ വെളിപ്പെടുത്തുന്ന യാഥാർഥ്യമാണ്.

ദൈവത്തിനു ഇടംകിട്ടാതെപോയ സത്രങ്ങൾ വർത്തമാനകാലത്തിലും അടഞ്ഞുകിടക്കുന്നുണ്ട്. ദൈവത്തിനും സ്വാധീനമില്ലാത്ത മനുഷ്യർക്കും ഇടം ലഭിക്കാതെപോകുന്ന പരിതോവസ്ഥകളുടെ പ്രതീകമാണത്. ഇന്നും ദൈവം മനുഷ്യഹൃദയങ്ങളിൽ, കുടും ബങ്ങളിൽ, സാമൂഹിക സംവിധാനങ്ങളിൽ ഒരു ഇടം തേടിക്കൊണ്ടിരിക്കുന്നു. പക്ഷേ, തിരക്കേറിയ ജീവിതക്രമവും, സ്വാർത്ഥത നിറഞ്ഞ കാഴ്ചപ്പാടും കൊണ്ടുനടക്കുന്ന മനുഷ്യൻ ദൈവത്തിന്റെ സന്ദർശനത്തിനും സാന്നിധ്യത്തിനും വിലകല്പിക്കുന്നില്ല എന്നതാണ് സത്യം. ദൈവത്തിനായി സമയം കണ്ടെത്താൻ കഴിയാത്ത ജീവിതം, ആന്തരികമായി ശൂന്യമാകാൻ തുടങ്ങുന്നു. ദൈവത്തിനു ഇടം നിഷേധിക്കപ്പെടുമ്പോൾ, കുടുംബജീവിതം ദുർബലമാകുന്നു. ബന്ധങ്ങൾ ഉപഭോഗവസ്തുക്കളായി മാറുന്നു. ക്ഷമയും സഹിഷ്ണു തയും സഹനവും പരസ്പരബഹുമാന വുംപോലുള്ള മൂല്യങ്ങൾ സമൂഹത്തിൽ അപ്രസക്തമാകുന്നു. സാമൂഹിക തലത്തിൽ ഇത് വിഭജനത്തിനും, ധ്രുവീകരണങ്ങൾക്കും സംഘർഷങ്ങൾക്കും വഴിവെക്കുന്നു. ഇന്നത്തെ ലോകം അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളും ആത്മഹത്യകളും യുദ്ധങ്ങളും സാമൂഹിക അസ്ഥിരതകളും, ഈ ആത്മീയ ശൂന്യതയുടെ ഭയാനകമായ ഫലങ്ങളാണ്. ദൈവത്തിന് ഇടം നല്കുന്നിടത്താണ് മനുഷ്യജീവിതം സമ്പൂർണ്ണമാകുന്നത്. ദൈവത്തെ ജീവിതത്തിന്റെ കേന്ദ്രത്തിലേക്ക് തിരിച്ചുകൊണ്ടുവരുക എന്നത്, പുരോഗതിയെ നിരസിക്കലല്ല; മറിച്ച് പുരോഗതിക്ക് മനുഷ്യമുഖവും അർത്ഥവും നൽകലാണ്. ഹൃദയങ്ങളിൽ, കുടുംബങ്ങളിൽ, സമൂഹത്തിൽ ദൈവസാന്നിധ്യം പുനഃസ്ഥാപിക്കുമ്പോൾ, ആധുനിക സം സ്കാരം തന്നെ പരിവർത്തനത്തിലേക്ക് നീങ്ങും. ”സന്മനസുള്ളവർക്കു സമാധാനം’ എന്ന തിരുപ്പിറവിയുടെ രാത്രിയിലെ ആശംസ, ദൈവത്തിനു ഇടം കൊടുക്കാൻ തയ്യാറുള്ളവരുടെ മുൻപിലെ സാധ്യതയായി മാറും.

ഇടം തേടുന്നവരിലേക്കു തീർത്ഥാടനം നടത്തുന്ന ക്രിസ്തുമസ്

ക്രിസ്തുമസിന്റെ ഗൗരവമുള്ള വിചാരങ്ങളിൽ ദൈവത്തിനു ഇടം നൽകുന്നതു മാത്രമല്ല, മനുഷ്യർക്കു വാതിലുകൾ തുറക്കുന്നതും ഉൾക്കൊള്ളപ്പെട്ടിരിക്കുന്നു . ഇന്ന് രാജ്യങ്ങളും, സമൂഹങ്ങളും നേരിടുന്ന വലിയൊരു വെല്ലുവിളിയും ഒപ്പം സാധ്യതയുമാണല്ലോ കുടിയേറ്റം. യൗസേപ്പിനേയും മറിയത്തെയുംപോലെ കുടിയേറ്റത്തിനു വിധിക്കപെടുന്നവർ നിസ്സഹായരും, അപമാനിതരുമായി അടഞ്ഞ വാതിലുകളുടെ മുൻപിൽ ഇന്നും നിൽക്കുന്നുണ്ട്. അവർ തീർച്ചയായും മാനിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യപ്പെടണം. അതേസമയം, കുടിയേറ്റം സൃഷ്ടിക്കുന്ന വെല്ലുവിളികളും അവഗണിക്കാനാവില്ല. സ്വാഗതം ലഭിച്ച സ്ഥലങ്ങളിൽ ചിലപ്പോൾ കുടിയേറ്റക്കാർ സാംസ്കാരികസംഘർഷങ്ങൾക്കും സാമൂഹികപ്രശ്നങ്ങൾക്കും കാരണമാകുന്ന അനുഭവങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും നാം കാണുന്നു. ഇവിടെ ദ്വിമുഖമായ ഉത്തരവാദിത്വമാണ് നമുക്കുള്ളത്: സ്വീകരിക്കുന്ന സമൂഹം മനുഷ്യത്വത്തോടെ വാതിലുകൾ തുറക്കണം; അതേസമയം കുടിയേറ്റക്കാർ അവർ എത്തിച്ചേരുന്ന സമൂഹത്തിന്റെ നിയമങ്ങളും സംസ്കാരവും മൂല്യങ്ങളും ആദരിക്കാനും പഠിക്കണം.

തിരുക്കുടുംബത്തിന്റെ മാതൃക

ഈ സന്ദർഭത്തിൽ തിരുകുടുംബത്തിന്റെ ജീവിതം നമ്മുടെ മുന്നിൽ ഒരു ഉദാത്തമായ മാതൃകയായി നിലകൊള്ളുന്നു. ഹെറോദേസിന്റെ ഭീഷണിയിൽ നിന്നും രക്ഷപ്പെടാൻ യൗസേപ്പും മറിയവും ഉണ്ണിയേശുവിനെയുംകൂട്ടി ഈജിപ്തിൽ അഭയംതേടിയത് ചരിത്രത്തിലെ ആദ്യ കുടിയേറ്റകഥകളിലൊന്നാണ്. അവർ അന്യദേശത്തായിരുന്നു; എന്നാൽ അവർ ആ നാടിന്റെ സംസ്കാരത്തെയും സാഹചര്യങ്ങളെയും ആദരിച്ചു ജീവിച്ചു. അധികാരം തേടിയോ കലാപം സൃഷ്ടിച്ചോ അല്ല, സഹിഷ്ണുതയോടും,വിനയത്തോടെയും കൂടെ അവിടെ അവർ അധ്വാനിച്ചു ജീവിച്ചു. അതുവഴി, കുടിയേറ്റം എങ്ങനെ മാനുഷികവും സമാധാനപരവുമായ അനുഭവമായി മാറാമെന്നതിന് തിരുകുടുംബം ലോകത്തിനു മാതൃകയായി. ദൈവത്തിനു ഹൃദയത്തിൽ ഇടം നൽകുന്ന മനുഷ്യർക്ക് മറ്റുള്ളവർക്കു നേരെ വാതിലുകൾ അടയ്ക്കാൻ കഴിയില്ല. എന്നാൽ അതുപോലെ തന്നെ, മറ്റുള്ളവരുടെ വാതിലുകൾക്കുള്ളിൽ കടക്കുന്നവർ അവിടെയുള്ള ജീവിതക്രമത്തെയും സാംസ്കാരിക പൈതൃകത്തെയും മാനിക്കേണ്ട ഉത്തരവാദിത്വവും ക്രിസ്തുമസ് നമ്മെ ഓർമ്മിപ്പിക്കുന്നു. സ്വീകരണവും ഉത്തരവാദിത്വവും ഒരുമിച്ച് നടക്കുമ്പോഴാണ് കുടിയേറ്റം അനുഗ്രഹമായി മാറുന്നത്; അല്ലെങ്കിൽ അത് ഭയത്തിന്റെയും വിഭജനത്തിന്റെയും കാരണമായിത്തീരും.

ലോകമെങ്ങും യുദ്ധത്തിന്റെയും യുദ്ധഭീതിയുടെയും സംഘര്‍ഷങ്ങളുടെയും അസമാധാനത്തിന്റെയും സങ്കീര്‍ണസാഹചര്യങ്ങള്‍ക്കു നടുവില്‍ നിസ്സഹായരായി നില്‍ക്കുന്ന വരിലേക്കു ക്രിസ്മസ് കാലത്തു നമ്മുടെ കാഴ്ചകളെത്തട്ടെ. മതേരത്വത്തിനു പുകൾപറ്റ മണ്ണിലും വിശ്വാസത്തിന്റെ ആഘോഷങ്ങള്‍ വിലക്കപ്പെടുന്നതിന്റെയും ക്രിസ്തു വിനെപ്രതി പീഡിപ്പിക്കപ്പെടുന്നതിന്റെയും കണ്ണീര്‍ക്കാഴ്ചകളും നാം കാണണം. രാഷ്ട്രീയത്തിനും വിഭാഗീയ താത്പര്യങ്ങള്‍ക്കുമെല്ലാം അപ്പുറത്ത്, ഭൂമിയിലെ കാഴ്ചകള്‍ എല്ലാം കാണുന്ന ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ എല്ലാ വരിലേക്കുമെത്തുന്ന വിശാലമായ ദര്‍ശനങ്ങളുടെ ക്രിസ്തീയ സാക്ഷ്യങ്ങളാവുകയാണ് കാലത്തിന്റെ അനിവാര്യത എന്ന് തിരിച്ചറിയാം.

സംഭാഷണം സമൃദ്ധമാകട്ടെ.

ക്രിസ്മസ് സംഭാഷണത്തിനുള്ള ഒരു സമയമാണെന്നു മംഗളവാര്‍ത്തയുടെ ഓര്‍മപ്പെടുത്തലുണ്ട്. തിരുപ്പിറവിയിലേക്കുള്ള വഴിയില്‍ ഗബ്രിയേല്‍ മാലാഖയും പരിശുദ്ധ കന്യകാമറിയവും തമ്മിലുള്ള സംഭാഷണം നമുക്കും ചില വെളിച്ചങ്ങൾ നല്‍കുന്നു. സുവിശേഷങ്ങളില്‍ പലരുടെയും സംഭാഷണങ്ങള്‍ നാം കാണുന്നുണ്ടെങ്കിലും ഈ സംഭാഷണത്തിന് ഒരു പ്രത്യേകതയുണ്ട്. മറിയം വിനയത്തോടും തുറവിയോടുംകൂടിയാണ് മാലാഖയുമായുള്ള സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത്. ദൈവഹിതമെന്തെന്ന തിരിച്ചറിവാണ് സംഭാഷണത്തെ ശുഭപര്യവസായിയാക്കുന്നത്.

സംഭാഷണങ്ങളില്‍ നാം സ്വീകരിക്കേണ്ട നിലപാട് വിനയത്തിന്റെയും തുറവിയുടേതുമാണ്. ജീവിത വ്യഗ്രതയാല്‍ കുടുംബാംഗങ്ങള്‍വരെ പരസ്പരം സംസാരിക്കാനോ പങ്കുവയ്ക്കാനോ സമയം കണ്ടെത്താത്ത ആധുനിക ലോകത്തിലാണ് നാം ജീവിക്കുന്നത്. ഇവിടെ സംഭാഷണത്തിന്റെ, പങ്കുവയ്ക്കലിന്റെ ഒരു പുതിയ ശൈലി നമുക്കു രൂപപ്പെടുത്താം. പരിശുദ്ധ മറിയവും ഗബ്രിയേൽ മാലാഖയും തമ്മിലുള്ള സംഭാഷണം മറിയത്തിന്റെ ജീവിതത്തിൽ ദൈവഹിതം നിറവേറ്റപ്പെടാൻ ഉപയുക്തമാകുകയും, അത് ലോകത്തിനുതന്നെ രക്ഷാകരമായിമാറുകയും ചെയ്തു. നമ്മുടെ സംഭാഷണങ്ങള്‍ പുതിയ സാധ്യതകള്‍ തേടുന്നതാകട്ടെ. ഇന്നലെ വരെ കാണാതിരുന്ന അല്ലെങ്കില്‍ മനസിലാക്കാതിരുന്ന സമന്വയത്തിന്റെ സാധ്യതകളെ സംഭാഷണങ്ങളിലൂടെ സ്വായത്തമാക്കാം. സമരങ്ങളിലും കലഹങ്ങളിലുമല്ല, സംഭാഷങ്ങളിലാണ് പരിഹാരങ്ങള്‍ കണ്ടെത്താനാകുന്നത്.

ദൈവം മനുഷ്യനായി പിറന്നതിന്റെ അനശ്വരമായ ഈ ഓർമ്മയാചരണം, മനുഷ്യൻ കൂടുതൽ മെച്ചപ്പെട്ട മനുഷ്യനായി മാറാനുള്ള പ്രചോദനമാകട്ടെ. ലാളിത്യവും കാരുണ്യവും കരുതലും ദൈവഹിതമറിഞ്ഞുള്ള പ്രയാണവുമെല്ലാം ഓര്‍മപ്പെടുത്തുന്ന കാലിത്തൊഴുത്തിന്റെ പാഠങ്ങളില്‍ കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ നമുക്ക് സാധിക്കട്ടെ. അങ്ങനെ, ഇടങ്ങള്‍ തേടുന്നവരിലേക്കുള്ള തീര്‍ഥാടനമാകട്ടെ ഈ ക്രിസ്തുമസ്.

എല്ലാവർക്കും സമാധാനവും സന്തോഷവും നിറഞ്ഞ ക്രിസ്തുമസ് ആശംസിക്കുന്നു.

മാർ റാഫേൽ തട്ടിൽ,

സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് .

Share News