വത്തിക്കാനിലെ ട്യൂറ്റോണിക് സിമിത്തേരിയില്‍ ഫ്രാൻസീസ് മാർപാപ്പ വി. കുർബാന അർപ്പിച്ച് പ്രാർത്ഥിച്ചു.
സകല മരിച്ച വിശ്വാസികളെയും ഓർത്ത് പ്രാർത്ഥിക്കുന്ന നവംബർ രണ്ടാം തിയതി വത്തിക്കാനിലെ ട്യൂറ്റോണിക് സിമിത്തേരിയില്‍ ഫ്രാൻസീസ് മാർപാപ്പ വി. കുർബാന അർപ്പിച്ച് പ്രാർത്ഥിച്ചു. വത്തിക്കാനിലെ സാൻ പിയത്രോ ബസിലിക്കയുടെ പാര്‍ശ്വത്തിലുള്ള സിമിത്തേരിയിലാണ് സകല മരിച്ച വിശ്വാസികൾക്കും വേണ്ടി ഈ വർഷം പാപ്പാ കുർബാന അര്‍പ്പിച്ചത്. അതിന് ശേഷം പാപ്പ ബസിലിക്കക്ക് താഴെയുള്ള മുൻ മാർപാപ്പമാരെ അടക്കിയിരിക്കുന്ന അടിപള്ളിയിൽ പോയി പ്രാർത്ഥനയും നടത്തി.
കൊറോണ വ്യാപനം മൂലം ഈ വർഷം പൊതുജന പങ്കാളിത്തമില്ലാതെ ആയിരുന്നു ശുശ്രൂഷകൾ എല്ലാം, എന്നാൽ ഓൺലൈൻ വഴി തൽസമയ സംപ്രേഷണം ഉണ്ടായിരുന്നു. പഴയ നിയമത്തിലെ ജോബിന്റെ പുസ്തകത്തിലെ വിവരണങ്ങളും, വി. പൗലോസ് ശ്ലീഹാ യുടെ പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല എന്ന ദൈവവചനവും കൂട്ടിച്ചേർത്താണ് പാപ്പ വചന സന്ദേശം നൽകിയത്. ജോബ് പറയുന്ന പോലെ “എന്റെ രക്ഷകൻ ജീവിച്ചിരിപ്പുണ്ടെന്ന് എനിക്കറിയാം, ഞാൻ അവനെ കാണും” എന്ന പ്രത്യാശയുടെ വാക്കുകൾ കടമെടുത്താണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.
2013, 2014, 2015 വർഷങ്ങളിൽ ഫ്രാൻസിസ് പാപ്പ നവംബർ രണ്ടിന് റോമിലെ വേറാനോ സെമിത്തേരിയിലും, 2016 ൽ റോമിലെ തന്നെ പ്രീമ പോർത്ത എന്ന സിമിത്തേരിയിലും കുർബാന അർപ്പിച്ചിരുന്നു , 2017 ൽ വി. മരിയ ഗോരെത്തിയുടെ സ്ഥലമായ നെത്തൂണയിലെ അമേരിക്കൻ സിമിത്തേരിയും സന്ദർശിച്ചിട്ടുണ്ട്. 2018 ൽ ലവ്രന്തീനോയിൽ ആയിരുന്നു കുർബാന അർപ്പിച്ചത്. എന്നാൽ കഴിഞ്ഞ വർഷം പ്രിസ്കില്ല യുടെ പേരിലുള്ള കാറ്റകോമ്പിൽ ആയിരുന്നു വി. ബലി അർപിച്ചത്. വത്തിക്കാന്‍ അകത്തുള്ള ട്യൂറ്റോണിക് സിമിത്തേരിയിൽ ജർമൻ, ഡാനിഷ് ഭാഷ സംസാരിച്ചിരുന്നവരെ അടക്കുന്ന പഴയകാല സിമിത്തേരി ആയിരുന്നു.