
മരിക്കാൻ ആഗ്രഹിച്ച റെജിയും, ജീവിക്കാൻ കൊതിച്ച ബാബുവും.
കഴിഞ്ഞ വെള്ളിയാഴ്ച, സാധാരണ പോലെ തന്നെ തിരക്കുള്ള ഓ പി ദിവസം. പതിവ് പരിശോധനയ്ക്കായി റെജി എത്തി.
വിവരങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി, രക്തപരിശോധനകളെല്ലാം നോക്കി. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞിട്ട് ഏകദേശം രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു. തൃപ്തികരമായ ആരോഗ്യസ്ഥിതിയായതുകൊണ്ടുതന്നെ മരുന്നുകൾ തുടർന്ന് കഴിക്കാനും ആറുമാസത്തിനു ശേഷം വീണ്ടും പരിശോധനകൾക്കും മറ്റുമായി വരാനും പറഞ്ഞു. അല്പം മുടന്തുള്ള റെജി പുറത്തേക്ക് പോകുന്നത് നോക്കി നിന്നു.
അപ്പോൾ രണ്ടാഴ്ച്ച മുമ്പ് ഐ സി യുവിൽ അഡ്മിറ്റായ ബാബു എന്ന രോഗിയെ കുറിച്ച് ഓർത്തു. ഏകദേശം 45 വയസ്സുള്ള യുവാവ്. കലശലായ നെഞ്ചുവേദനയായിരുന്നു ലക്ഷണം. ഹൃദയസംബന്ധമായ നെഞ്ചുവേദനയാണെന്നു മനസ്സിലാക്കിയയുടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പോയി. ഇ സി ജി യിലുള്ള വ്യതിയാനങ്ങൾ ഗുരുതരമാണെന്ന് കണ്ടപ്പോൾ ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. ആദ്യം അത്യാഹിതത്തിലും പിന്നീട് ഐ സി വിലും പ്രവേശിപ്പിക്കപ്പെട്ടു. മേജർ ഹാർട്ടാറ്റാക്കായതുകൊണ്ട് തന്നെ അടിയന്തരമായി ആൻജിയോപ്ലാസ്റ്റിക്ക് വേണ്ട തയ്യാറെടുപ്പുകൾ തുടങ്ങി.
ബാബുവിനെ കണ്ടു സംസാരിച്ചു. രോഗവിവരങ്ങൾ തിരക്കി. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന ചെറിയ കുടുംബം.ബാബുവിന് ഒരു ചെറിയ കച്ചവടവുമുണ്ട്. ഇസിജിയും എക്കോയുമെല്ലാം നോക്കി. ഭാര്യയോട് രോഗത്തെക്കുറിച്ചും ചെയ്യാൻ പോകുന്ന ആൻജിയോപ്ലാസ്റ്റിയെ കുറിച്ചും വിശദീകരിക്കാനായി പോകുമ്പോൾ ബാബു തിരിച്ചു വിളിച്ചിട്ട് പറഞ്ഞു “ഡോക്ടറെ, രക്ഷിക്കണേ. ജീവിച്ചു കൊതി തീർന്നിട്ടില്ല” ഇത്തരമൊരു അപേക്ഷ മനസ്സിനെ അല്പം ഉലച്ചു. രോഗവിവരങ്ങൾ ഭാര്യയെ ധരിപ്പിച്ചശേഷം ബാബുവിനെ ആൻജിയോപ്ലാസ്റ്റിക്കായി കാത്ത്ലാബിലേക്ക് മാറ്റി. ആൻജിയോഗ്രാം കഴിഞ്ഞപ്പോൾ മനസ്സിലായി ഏറ്റവും ഗൗരവകരമായ ഹൃദ്രോഗാവസ്ഥകളിലൊന്നാണ് – ലെഫ്റ്റ് മെയിൻ ഡിസീസ്. ഹൃദയത്തിന്റെ ഏറ്റവും പ്രധാന ധമനിയിൽ തന്നെയുള്ള ക്രിട്ടിക്കലായിട്ടുള്ള ബ്ലോക്ക്. ഇത്തരം സമയങ്ങളിൽ ചെയ്യേണ്ടതെല്ലാം മുറപ്രകാരം ചെയ്തു. സഹായത്തിനായി പുറത്തിരുന്ന ഡിപ്പാർട്ട്മെൻറ് തലവനായ ഡോക്ടർ റോണിയെ വിളിച്ചു. സീനിയർ ടെക്നീഷ്യൻ വിൽസനും സിസ്റ്റർ ബെറ്റിയും സഹായിക്കാനായി കയറി. ഹൃദയത്തിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കാനുള്ള ഐ. എ.ബി. പി എന്ന പമ്പ് ഇടതു തുടയിലെ ധമനിയിലൂടെ ഇട്ടു. പ്രധാന ധമനികളെല്ലാം വയർ ചെയ്തു ബലൂൺ ചെയ്തു വികസിപ്പിച്ചു. അപ്പോൾ മുതൽ ഹൃദയത്തിന്റെ മിടിപ്പുകൾ താളം തെറ്റാൻ തുടങ്ങി. മരുന്നുകൾ പലപ്രാവശ്യം പ്രയോഗിച്ചു, മിടിപ്പ് നേരെയാക്കാൻ പ്രത്യേകം മെഷീൻ വഴി പലപ്രാവശ്യം ഷോക്കുകൾ നൽകി. ഏതാനും സെക്കൻഡുകൾ നേരത്തേക്ക് ഹൃദയമിടിപ്പ് നേരെയാകുമെങ്കിലും വീണ്ടും പഴയപടി. അനസ്തീഷ്യ ഡോക്ടറുടെ സഹായത്തോടെ രോഗിയെ വെൻറിലേറ്ററിലേക്ക് മാറ്റി.
ഒരു വശത്ത് ഷോക്ക് കൊടുക്കാനും സിപിആർ നൽകാനുമായി കുറേപ്പേർ. മറുവശത്ത് രക്തയോട്ടം എങ്ങനെയെങ്കിലും പുനസ്ഥാപിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന കുറച്ചുപേർ. പ്രതീക്ഷയുടെ ഒരു കിരണം പോലും ആ ഒരു മണിക്കൂറിൽ ഞങ്ങൾക്ക് കാണാൻ സാധിച്ചില്ല. കാത്ത് ലാബിൽ നിന്നും ബാബുവിനെ മാറ്റുമ്പോൾ മോണിറ്ററിൽ കൃത്യമായി തുള്ളിച്ചാടി കളിക്കേണ്ട ഹൃദയമിടിപ്പിന്റെ പച്ച രേഖ നേർരേഖയായി മാറിയിരിക്കുന്നു. ബാബുവിന്റെ ഭാര്യയെ വീണ്ടും കാണാൻ മനസ്സനുവദിക്കാത്തതുകൊണ്ട് മരിച്ചുവെന്ന വിവരം താൻതന്നെ അറിയിച്ചു കൊള്ളാമെന്ന് ഏറ്റവും മുതിർന്ന ഡോക്ടറായ ഡോ റോണി പറഞ്ഞു.ആ കർത്തവ്യം അദ്ദേഹം ചെയ്തു. പിന്നീട് ബാബു ഒരു നീറുന്ന ഓർമ്മയായി മനസ്സിൽ തങ്ങി നിന്നു. അതുകൊണ്ടുതന്നെയാണ് റെജിയെ കണ്ടപ്പോൾ ബാബുവിനെയോർത്തത്.
ഇനി റെജിയിലേക്ക് മടങ്ങി വരാം. 45 വയസ്സ് പ്രായം. മൂന്നു സഹോദരന്മാരിൽ രണ്ടാമൻ. ആരും വിവാഹം ചെയ്തിട്ടില്ല. താമസിക്കുന്നതാകട്ടെ ആശുപത്രിയിൽ നിന്നും വിളിപ്പാടകലെ. റെജിയെ ഞാൻ കാണുന്നത് 2020 ൽ കോവിഡിന്റെ ആദ്യ തരംഗ സമയത്താണ്. അതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന് ഒരു വാഹനാപകടമുണ്ടാവുകയും കാലിന് ഗുരുതരമായ പരിക്കേൽക്കുകയതും ചെയ്തു. അതിന്റെ ചികിത്സ അയാളെ സാമ്പത്തികമായി വളരെയധികം തളർത്തി. കാലിന് പലതവണ ശസ്ത്രക്രിയകൾ വേണ്ടിവന്നു. എന്നിട്ടും നടക്കാൻ ചില ബുദ്ധിമുട്ടുകൾ അവശേഷിച്ചു. ഇതു അയാളെ മാനസികമായും തളർത്തി.
ലോക്ക് ഡൗണിന്റെ ആ കാലഘട്ടത്തിൽ ഒരു ദിവസം അയാൾക്ക് കലശലായ നെഞ്ചുവേദന അനുഭവപ്പെട്ടു. കഴച്ചുപൊട്ടുന്ന രീതിയിലുള്ള അതിശക്തമായ വേദന. അതോടൊപ്പം തന്നെ കഠിനമായി വിയർക്കുകയും ചെയ്തു. വേദന ശക്തമായിരുന്നെങ്കിലും അയാൾ ആരുടെയും സഹായം തേടിയില്ല.
കാരണം തനിച്ചാണ് താമസം. വേദന കടിച്ചമർത്തി അയാൾ ആ ദിവസം കഴിച്ചുകൂട്ടി. രണ്ടാം ദിനവും മൂന്നാം ദിനവും വേദന ഇടയ്ക്കിടെ ആവർത്തിച്ചു. അപ്പോഴും അയാൾ ആരുടെയും സഹായം അഭ്യർത്ഥിച്ചില്ല. മൂന്നാം ദിവസം രാത്രിയായപ്പോഴേക്കും ലക്ഷണങ്ങളിൽ പ്രകടമായ മാറ്റം. നെഞ്ചുവേദനയിൽനിന്നും ശ്വാസംമുട്ടലിലേക്ക്. അതികഠിനമായ ശ്വാസംമുട്ടൽ.നടക്കാൻ പോയിട്ട് ഒന്ന് നേരെ കിടക്കാൻ പോലുമാവാത്ത അവസ്ഥ. ഒരല്പം ശ്വാസത്തിനായി നെഞ്ചിൻകൂടിനു ചുറ്റുമുള്ള സകല മസിലുകളും ഉപയോഗിക്കേണ്ട അവസ്ഥ. എന്നിട്ടും ശ്വാസത്തിനു വേണ്ടിയുള്ള ദാഹം തീരുന്നില്ല. ഗത്യന്തരമില്ലാതെ അയാൾ സഹായത്തിനു സഹോദരനെ വിളിച്ചു. പാതിരാവിന് ആശുപത്രിയിലെത്തിച്ചു. രോഗലക്ഷണങ്ങൾ തുടങ്ങി ഏകദേശം 80 മണിക്കൂറിനുശേഷം. ഇസിജിയിൽ പൂർത്തിയായ ഒരു അറ്റാക്കിന്റെ ലക്ഷണങ്ങൾ. എക്കോ നോക്കിയപ്പോൾ രക്തം ലഭിക്കാതെ ഹൃദയത്തിന്റെ മസിലുകളെല്ലാം പിണങ്ങിയ നിലയിൽ. എക്‌സ്‌റേയിൽ ശ്വാസകോശത്തിൽ നിറയെ വെള്ളം കെട്ടിയ അവസ്ഥ. ഹാർട്ടറ്റാക്കിനു ശേഷം ഇത്രയേറെ സമയം കഴിഞ്ഞതുകൊണ്ടുതന്നെ ആൻജിയോപ്ലാസ്റ്റി പെട്ടെന്ന് ചെയ്യാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല.
ഞാൻ റെജിയോട് ചോദിച്ചു “വേദന ഇത്ര കലശലായിട്ടും എന്തുകൊണ്ട് ആശുപത്രിയിൽ വന്നില്ല” ഉത്തരം പറയുമ്പോൾ റെജിയുടെ മുഖത്ത് യാതൊരു ഭാവഭേദവുമില്ലായിരുന്നു. “ഡോക്ടറെ ഹാർട്ടറ്റാക്കാണ് ഉണ്ടാകുന്നതെന്നു എനിക്ക് ഉറപ്പായിരുന്നു. പക്ഷേ ജീവിക്കാൻ കൊതിയില്ലാത്തതുകൊണ്ട് മരിക്കാൻ ആഗ്രഹിച്ചു. മരിക്കുന്നെങ്കിൽ മരിക്കട്ടെ എന്ന് വിചാരിച്ചു.” ഉത്തരം എന്നെ അല്പം ഞെട്ടിച്ചു. എനിക്ക് അയാളെ മരണത്തിന് വിധിക്കാൻ അവകാശമില്ലാത്തതുകൊണ്ട് വേണ്ട ചികിത്സകളെല്ലാം നൽകി. വെന്റിലേറ്ററിൽ ഘടിപ്പിച്ചു. മരുന്നുകൾ നൽകി ശ്വാസകോശത്തിലെ വെള്ളക്കെട്ട് നീക്കി. കാര്യങ്ങളെല്ലാം തൃപ്തികരമായ അവസ്ഥയിലായപ്പോൾ ആൻജിയോഗ്രാം ചെയ്തു. നോക്കിയപ്പോൾ ഏറ്റവും ക്രിട്ടിക്കലായിട്ടുള്ള ലെഫ്റ്റ് മെയിൻ ബ്ലോക്ക്. ഹൃദയത്തിന്റെ പ്രവർത്തനവും തീരെ മോശമായതുകൊണ്ടുതന്നെ ബ്ലോക്കുകൾ മാറ്റി രക്തയോട്ടം പുനഃസ്ഥാപിച്ചാൽ പ്രയോജനമുണ്ടാകുമോയെന്ന് നോക്കുന്ന വയബിലിറ്റി പരിശോധന നടത്തി. ആ പരിശോധനയിലും പ്രയോജനം ലഭിക്കുമെന്ന് തെളിഞ്ഞതിനാൽ വളരെ സങ്കീർണ്ണമായ ആൻജിയോപ്ലാസ്റ്റി ചെയ്തു.അതും ഐ.എ.ബി.പി എന്ന പമ്പുമിട്ട്. തുടർ പരിശോധനകൾ കൃത്യമായ ഇടവേളകളിൽ നടത്തി. ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ നിരന്തരം നിരീക്ഷിച്ചു. രണ്ടു വർഷത്തിനപ്പുറം ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ ഏകദേശം നോർമലായിരിക്കുന്നു. ഒന്നോരണ്ടോ ഗുളികകൾ കഴിച്ച് അയാൾ ചെറിയൊരു തൊഴിലെടുത്തു ജീവിക്കുന്നു. ഇപ്പോഴും അവിവാഹിതനായി.
ഒരേ രോഗം വന്ന ഏകദേശം ഒരേ പ്രായത്തിലുള്ള രണ്ടു ചെറുപ്പക്കാർ. ഇന്നും ജീവിക്കാൻ വേണ്ട എല്ലാ ശാസ്ത്രീയ സാഹചര്യങ്ങളും ഉണ്ടായിരുന്നവന്നായിരുന്നു ബാബു. രോഗലക്ഷണങ്ങൾ തുടങ്ങി ഗോൾഡൻ അവറിൽ തന്നെ ആശുപത്രിയിലെത്തിയവൻ, ആശുപത്രിയിലെ തന്നെ എല്ലാ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കുന്ന പകൽസമയത്ത് ആശുപത്രിയിലെത്തിയവൻ, ഏറ്റവും മികച്ച ചികിത്സകർക്കൊപ്പം തന്നെ പ്രായോഗിക പരിജ്ഞാനമേറെയുള്ള ടെക്നീഷ്യൻമാരുടെയും നഴ്സുമാരുടെയും പരിചരണം വേണ്ടുവോളം ലഭിച്ച ഒരാൾ, അതിനേക്കാളേറെ ജീവിക്കാൻ കൊതിച്ച ഒരാൾ.
മറുവശത്ത് തന്റെ രോഗം അറ്റാക്കാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ എൺപതു മണിക്കൂറോളം ചികിത്സ വൈകിപ്പിച്ചയാൾ, ഹൃദയ പ്രവർത്തനങ്ങൾ അടിമുടി താറുമാറായ അവസ്ഥയിൽ ആശുപത്രി എത്തിയയാൾ, ജീവിക്കാൻ അല്പംപോലും ആശ ഇല്ലാതെ മരിക്കാൻ മാത്രം ആഗ്രഹിച്ച ഒരാൾ.
ഒരുവൻ ഇന്നും ഇഹ ലോകത്ത് ജീവിക്കുന്നു, മറ്റൊരുവാൻ പരലോകത്തും.ഇതെന്തൊരു രോഗം,ഇതെന്തൊരു ജീവിത യാഥാർത്ഥ്യം.

ഡോ .ജോ ജോസഫ്