തിന്മയ്ക്കെ​തി​രേ ഒ​രു​മി​ച്ചു കൈ​കോ​ർ​ക്കു​ന്ന​തു​കൊ​ണ്ടു മ​ത​മൈ​ത്രി​യോ മ​നു​ഷ്യ​മൈ​ത്രി​യോ ത​ക​രി​ല്ല. ഭാര​ത​ത്തി​ന് മ​തേ​ത​ര​ത്വം പ്രി​യ​ത​ര​മാ​ണ്. ക​പ​ട മ​തേ​ത​ര​ത്വം ഭാ​ര​ത​ത്തെ ന​ശി​പ്പി​ക്കും. ന​മ്മു​ടേ​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ മ​തേ​ത​ര​ത്വ​മാ​ണ്.|മാർ. ജോസഫ് കല്ലറങ്ങാട്ട്

Share News

തു​റ​ന്നുപ​റ​യേ​ണ്ട​പ്പോ​ൾ നി​ശ​ബ്ദ​നാ​യി​രി​ക്ക​രു​ത്.

മാർ. ജോസഫ് കല്ലറങ്ങാട്ട്

ഇ​രു​പ​താം​നൂ​റ്റാ​ണ്ട് ക​ണ്ട ഏ​റ്റ​വും സ​ത്യ​സ​ന്ധ​നായ മനുഷ്യനും ആ​ശ​യം​കൊ​ണ്ടും ജീ​വി​തം​കൊ​ണ്ടും ലോ​കം കീ​ഴ​ട​ക്കി​യ കാ​ലാ​തീ​ത​മാ​യ ഇ​തി​ഹാ​സ​വുമാ​ണ് മഹാ​ത്മാ​ഗാ​ന്ധി. മ​ഹാ​ത്മ​ജി​യെ​ക്കു​റി​ച്ചു​ള്ള ഓ​ർമക​ളിൽ നിറയുന്നത് വാ​ക്കും എഴു​ത്തും കൊ​ണ്ടെ​ന്ന​തി​ലേ​റെ ക​ർ​മവും ജീ​വി​ത​വും​കൊ​ണ്ട് ആ​വി​ഷ്ക​രി​ച്ച സ​ത്യാ​ധി​ഷ്ഠി​ത​മാ​യ മ​നു​ഷ്യ​പു​രോ​ഗ​തി​യു​ടെ ആ​ശ​യ​ങ്ങ​ളാ​ണ്. ഗാ​ന്ധി​സ​ത്തി​നു ടെക്സ്റ്റ്ബു​ക്കു​ക​ൾ ആ​വ​ശ്യ​മി​ല്ല. മ​ന:സാ​ക്ഷി​യെയും സ​ഹി​ഷ്ണു​ത​യെയും മുറു​കെ​പ്പി​ടി​ച്ചു സ​ത്യ​ത്തി​നു​വേ​ണ്ടി ശ​ബ്ദി​ക്കു​ന്ന ഒ​രു സം​സ്കൃ​തി രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ഗാ​ന്ധി​ജ​യ​ന്തി ഓ​ർ​മിപ്പി​ക്കു​ന്ന​ത്.റോ​മ​യ്ൻ റോ​ള​ണ്ട് ഗാ​ന്ധി​ജി​യെ​പ്പ​റ്റി എ​ഴു​തി​യ വ​രി​ക​ൾ ശ്ര​ദ്ധേ​യ​മാ​ണ്, “യു​ഗ​യു​ഗാ​ന്ത​ര​ങ്ങ​ളി​ൽ ഐ​തി​ഹാ​സി​ക​മാ​യ സ്മൃ​തി പൂ​ജി​ച്ച് പാ​ലി​ക്ക​പ്പെ​ടു​മാ​റ് ഇ​ന്ത്യയു​ടെ ദേ​ശീ​യച​രി​ത്ര​ത്തി​നു മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട ഒ​രു വീ​ര​നേ​താ​വ് മാ​ത്ര​മ​ല്ല ഗാ​ന്ധി. മ​നു​ഷ്യ​സ​മു​ദാ​യ​ത്തി​ലെ ഋ​ഷി​ക​ളു​ടെ​യും പു​ണ്യാ​ത്മാ​ക്ക​ളു​ടെ​യും ഇ​ട​യി​ൽ ത​ന്‍റെ നാ​മം അ​ദ്ദേ​ഹം ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ഗ്ര​ഹ​ത്തി​ന്‍റെ പ്ര​കാ​ശ​ധോ​ര​ണി ലോ​ക​ത്തി​ലെ എ​ല്ലാ ദേ​ശ​ങ്ങ​ളി​ലും ക​ട​ന്നുചെ​ന്നി​ട്ടു​ണ്ട്.”

ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കേ​ണ്ട സ​ത്യം

എ​ല്ലാ ത​ത്ത്വ​ചി​ന്ത​ക​ളെ​യും വി​ശ്വാ​സ​മൂ​ല്യ​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളാ​നും മ​ന​സി​നെ​യും ശ​രീ​ര​ത്തെ​യും ആ​ത്മ​വി​ശു​ദ്ധി​യി​ലേ​ക്കു ന​യി​ക്കാ​നും ഗാ​ന്ധി​ജി​ക്ക് സാ​ധി​ച്ചു. നി​ർ​ഭാ​ഗ്യ​മെ​ന്നു പ​റ​യ​ട്ടെ, ഇ​ന്ന് ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ ഗാ​ന്ധി​ജി അ​ന്യ​നും അ​ന​ഭി​മ​ത​നും ആ​കു​ന്നു​ണ്ടോ എ​ന്ന സം​ശ​യം അ​നു​ദി​നം ബ​ല​പ്പെ​ടു​ന്നു​ണ്ട്. ഭാ​ര​ത​ത്തി​ന്‍റെ നി​ല​നി​ല്പി​നും അ​ർ​ഥവ​ത്താ​യ മ​തേ​ത​ര​ത്വ​ത്തി​നും ഗാ​ന്ധിജി എ​ന്ന സ​ത്യം അ​നി​വാ​ര്യ​മാ​ണ്. വി​വി​ധ മ​ത​സ​മൂ​ഹ​ങ്ങ​ളു​ടെ ഐ​ക്യ​ത്തി​നു വേ​ണ്ടി ജീ​വി​തം മാ​റ്റി​വ​ച്ചു എ​ന്ന​താ​യി​രു​ന്നു ഗാ​ന്ധി​ജി​യു​ടെ അ​ന​ന്യ​ത.

ഗാ​ന്ധി​ജി ക​റ​തീ​ർ​ന്ന ഒ​രു ഹൈ​ന്ദ​വ​വി​ശ്വാ​സി​യാ​യി​രു​ന്നു. അ​ത് ഒ​രി​ക്ക​ലും മ​റ​ച്ചു​വ​യ്ക്കാ​നോ ഒ​ളി​ച്ചു​വ​യ്ക്കാ​നോ അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചി​ല്ല. വ്യ​ത്യ​സ്ത​ങ്ങ​ളാ​യ മ​ത​വി​ശ്വാ​സ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ചു നി​ന്ന് പൊ​തു​നന്മക്കാ​യി ഒ​രു​മി​ച്ചു മു​ന്നേ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം ന​മ്മു​ടെ സ​മൂ​ഹ​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ ദേ​ശീ​യ​ത​യ്ക്കു തു​രങ്കം വ​യ്ക്കു​ന്ന തിന്മക​ളെ​ക്കു​റി​ച്ച് സൂ​ചി​പ്പി​ക്കു​ന്പോ​ൾ ക്രി​മി​ന​ൽ മന:സ്ഥി​തി​യോ​ടെ​യും അ​സ​ഹി​ഷ്ണു​ത​യോ​ടെ​യു​മ​ല്ല പ്ര​തി​ക​രി​ക്കേ​ണ്ട​ത്. ഗാ​ന്ധി​ജി​യു​ടെ ജീ​വി​തം മൂ​ടി​വ​യ്ക്ക​പ്പെ​ട്ട​തോ മറ​ഞ്ഞി​രി​ക്കു​ന്ന​തോ ആ​യ സ​ത്യ​ത്തെ ക​ണ്ടെ​ത്താ​നും അ​തി​നെ ഉ​ൾ​ക്കൊ​ള്ളാ​നും ന​മ്മെ പ്രചോദിപ്പിക്കും.

ന​മ്മു​ടെ നാ​ട് പ്ര​ബു​ദ്ധവും വി​ക​സി​തവു​മാ​യ​ത് ഇ​വി​ടത്തെ പ്ര​ബ​ല​മാ​യ മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ച്ചു​കൊ​ണ്ടാ​ണ്. ഉ​ള്ളി​ൽ നി​ന്നു​ള്ള സ്വ​യം നവീ​ക​ര​ണ​ത്തി​ന് എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളും ത​യാ​റാ​യി​രു​ന്നു. സ്വ​ന്തം കു​ടും​ബ​ത്തി​നു​വേ​ണ്ടി അ​ധ്വാ​നി​ക്കു​ന്പോ​ഴും സ​മു​ദാ​യ​ത്തി​ന്‍റെ സു​സ്ഥി​തി​യി​ലും രാ​ഷ്ട്ര​നി​ർ​മാണ​ത്തി​ലും ത​ങ്ങ​ൾ പ​ങ്കു​ചേ​രു​ക​യാ​ണെ​ന്ന ബോ​ധ്യം എ​ല്ലാ​വ​ർ​ക്കു​മു​ണ്ടാ​യി​രു​ന്നു. സാ​മു​ദാ​യി​ക വ​ഴി​യി​ലൂ​ടെ അ​ങ്ങ​നെ നാം ​മ​തേ​ത​രഭാ​ര​ത​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നു. കു​ടും​ബ​ഭ​ദ്ര​ത​യും സ​മു​ദാ​യ സു​സ്ഥി​തി​യും രാ​ഷ്‌ട്ര പു​രോ​ഗ​തി​യും ഒ​രേ ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചു. ആ​രും ആ​രെ​യും സം​ശ​യി​ക്കു​ക​യോ ഭ​യ​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. മൂ​ല്യ​ങ്ങ​ളാ​ണ് മൂ​ല​ധ​ന​മെ​ന്ന് എ​ല്ലാ​വ​രും മ​ന​സ്‌​സി​ലാ​ക്കി.മ​തേ​ത​രവ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് വ​ർ​ഗീ​യ കേ​ര​ള​ത്തി​ൽ നാം ​എ​ത്തി​പ്പെ​ടു​മോ എ​ന്ന​താ​ണ് ഇ​ന്നു നി​ല​നി​ല്ക്കു​ന്ന ആ​ശ​ങ്ക. മതേ​ത​ര​ത്വ​ത്തി​ന്‍റെയും പു​രോ​ഗ​മ​ന ചിന്ത​യു​ടെ​യും വെ​ളി​ച്ച​ത്തി​ൽ സ്വ​ന്തം സ​മു​ദാ​യ​ത്തെ ത​ള്ളി​പ്പ​റ​യ​ണ​മെ​ന്നാ​ണ് ചി​ല​ർ ശ​ഠി​ക്കു​ന്ന​ത്. സ​മു​ദാ​യ​ത്തെ കാർന്നുതി​ന്നു​ന്ന തിന്മക​ളെ​ക്കു​റി​ച്ച് സംസാ​രി​ക്കാ​ൻ പാ​ടി​ല്ല​ത്രേ! മ​തേ​ത​ര​ത്വംകൊ​ണ്ട് ആ​ർ​ക്കാ​ണ് ഗു​ണ​മെ​ന്ന ചോദ്യം പ​ല കോ​ണു​ക​ളി​ൽനി​ന്നും ഉ​യ​രു​ന്നു.

സെ​ക്കു​ല​റി​സം എ​ങ്ങ​നെ​യാ​ണു തീ​വ്ര​വാ​ദ​ത്തി​നു ജന്മം ​ന​ൽ​കു​ന്ന​തെ​ന്നു പാ​ശ്ചാ​ത്യ​നാ​ടു​ക​ളി​ലെ യാ​ഥാ​സ്ഥി​തി​ക വം​ശീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യി​ൽനി​ന്ന് നാം ​പ​ഠി​ക്ക​ണം. ഇ​ന്ത്യ​ൻ സെ​ക്കു​ല​റി​സ​ത്തെ അ​തി​ന്‍റെ ഉ​ദാ​ത്ത അ​ർ​ഥത്തി​ൽ എ​ല്ലാ​വ​രും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മാ​വി​ല്ല.

തെ​റ്റു​ക​ൾ​ക്കെ​തി​രേ സം​സാ​രി​ക്കാ​ത്ത​വ​ർ മൗ​ന​മാ​യി അ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്. തിന്മയ്ക്കെ​തി​രേ ഒ​രു​മി​ച്ചു കൈ​കോ​ർ​ക്കു​ന്ന​തു​കൊ​ണ്ടു മ​ത​മൈ​ത്രി​യോ മ​നു​ഷ്യ​മൈ​ത്രി​യോ ത​ക​രി​ല്ല. ഭാര​ത​ത്തി​ന് മ​തേ​ത​ര​ത്വം പ്രി​യ​ത​ര​മാ​ണ്. ക​പ​ട മ​തേ​ത​ര​ത്വം ഭാ​ര​ത​ത്തെ ന​ശി​പ്പി​ക്കും. ന​മ്മു​ടേ​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ മ​തേ​ത​ര​ത്വ​മാ​ണ്.മ​ത​സ​മൂ​ഹ​വും സെ​ക്കു​ല​ർ സ​മൂ​ഹ​വും ഒ​ന്നി​ച്ചു ജീ​വി​ക്കാ​ൻ പ​ഠി​ക്ക​ണം. ഇ​വി​ടെ​യാ​ണ് ഇ​ന്ത്യ​ൻ സെ​ക്കു​ല​റി​സം ലോ​ക​ത്തി​നു മാ​തൃ​ക​യാ​കു​ന്ന​ത്. എ​ല്ലാ മ​ത​ങ്ങ​ളും ആ​ദ​രി​ക്ക​പ്പെ​ട​ണം എ​ന്ന​താ​ണ് ഭാ​ര​ത​ത്തി​ന്‍റെ മ​തേ​ത​ര​ത്വം അ​ഥ​വാ സെ​ക്കു​ല​റി​സം. സെ​ക്കു​ല​റി​സ​ത്തി​ന്‍റെ ഉ​ത്കൃഷ്‌ട മാ​തൃ​ക ഇ​ന്ത്യ​യാ​ണെ​ന്നു പ്ര​സി​ദ്ധ ചി​ന്ത​ക​നാ​യ ചാ​ൾ​സ് ടെ​യ്‌ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഏ​തു സ​മൂ​ഹ​ത്തി​ലും തിന്മക​ളും പ്ര​തി​സ​ന്ധി​ക​ളും പ്ര​ശ്ന​ങ്ങ​ളും ഉണ്ടാവാമെങ്കിലും സ​മൂ​ഹ​ത്തി​ൽ അ​ന്ത​ച്ഛി​ദ്ര​വും അ​സ്വ​സ്ഥ​ത​യും അ​സ​മാ​ധാ​ന​വും വി​ത​യ്ക്കാ​ൻ ആ​രും കാ​ര​ണ​മാ​ക​രു​ത്.തിന്മക​ൾ​ക്കെ​തിരേ ന​മ്മ​ൾ ജാ​ഗ​രൂ​ക​രാ​യി​രി​ക്ക​ണം. സ​മൂ​ഹ​ത്തി​ലെ അ​പ​ക​ട​ങ്ങൾ​ക്കെ​തിരേ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​ക​പ്പെ​ടു​ന്പോ​ൾ ന​മു​ക്കു വേ​ണ്ട​ത് വി​വേ​ക​വും ജാ​ഗ്ര​ത​യു​മാ​ണ്. സാ​മൂ​ഹി​ക തിന്മ​ക​ൾ​ക്കെ​തി​രേ ന​മു​ക്കു വേ​ണ്ട​ത് മൗ​ന​മോ ത​മ​സ്കര​ണ​മോ തി​ര​സ്കര​ണ​മോ വ​ള​ച്ചൊ​ടി​ക്ക​ലു​ക​ളോ പ്ര​തി​ഷേ​ധ​മോ അ​ല്ല; മ​റി​ച്ച് അ​വ​യെ​പ്പ​റ്റി​യു​ള്ള പ​ഠ​ന​ങ്ങ​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും തു​റ​ന്ന ച​ർ​ച്ച​ക​ളും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​ണ്. സ​മൂ​ഹ​ത്തി​ന്‍റെ സു​സ്ഥി​തി​ക്കും നി​ല​നി​ല്പിനും ആ​രോ​ഗ്യ​ക​ര​മാ​യ വ​ള​ർ​ച്ച​ക്കും ഇ​ത് അ​നി​വാ​ര്യ​മാ​ണ്.

ഡോ. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ വാ​ക്കു​ക​ൾ ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​ത്തി​ന്‍റെ മ​നോ​ഹാ​രി​ത പ്ര​ക​ട​മാ​ക്കു​ന്നു​ണ്ട്: “ഗാ​ന്ധി യ​ഥാ​ർ​ഥത്തി​ൽ മ​ത​നി​ഷ്ഠ​നാ​യി​രു​ന്നു. ആ​ധ്യാത്മി​ക സാ​ധ​ന​ക​ൾ​കൊ​ണ്ടും ഉ​പ​വാ​സ​വും പ്രാ​ർഥന​യും​കൊ​ണ്ടും നി​ർ​ഭ​യം നി​ഷ്കന്മഷ​നും വി​ദ്വേ​ഷ​ര​ഹി​ത​നു​മാ​യ ഒ​രു പു​തി​യ ത​രം മ​നു​ഷ്യ​നെ രൂ​പ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ല​ക്ഷ്യം.”

തു​റ​ന്നു പ​റ​യേ​ണ്ട​പ്പോ​ൾ നി​ശ​ബ്ദ​നാ​യി​രി​ക്ക​രു​തെ​ന്നും ഉ​റ​ച്ചുനി​ല്ക്കേ​ണ്ട​പ്പോ​ൾ സ​ത്യ​വി​രു​ദ്ധ​മാ​യ വി​ട്ടു​വീ​ഴ്ച​യ്ക്ക് സ​ന്ന​ദ്ധ​നാ​ക​രു​തെ​ന്നും ഗാ​ന്ധി​ജി പ​ഠി​പ്പി​ക്കു​ന്നു. സ​മാ​ധാ​ന​മെ​ന്ന​തു മാ​ത്സ​ര്യ​ത്തി​ന്‍റെ അ​ഭാ​വ​മ​ല്ല, പ്ര​ത്യു​ത അ​തി​നെ വി​വേ​ക​പൂ​ർ​വം നേ​രി​ടാ​നു​ള്ള ക​ഴി​വാ​ണ്.

നി​ർ​ഭ​യ​ത്വം

ഗാ​ന്ധി​ജി​യെ അടയാളപ്പെടുത്തുന്ന സ​വി​ശേ​ഷ​മാ​യ ഗു​ണം നി​ർ​ഭ​യ​ത്വ​മാ​യി​രു​ന്നു. സ​ത്യ​ത്തെ പേ​ടി​കൂ​ടാ​തെ വി​ളി​ച്ചു പ​റ​യു​വാ​നു​ള്ള പ്ര​വാ​ച​ക​ധീരത മ​ഹാ​ത്മാ​വി​ന്‍റെ മു​ഖ​മു​ദ്ര​യാ​ണ്.“രാഷ്‌ട്രീയ​വും മ​ത​വും ത​മ്മി​ലു​ള്ള ബ​ന്ധം വി​ടു​വി​ക്ക​ൽ സാ​ധ്യ​മ​ല്ല. അ​ങ്ങ​നെ ചെ​യ്യാ​മെ​ന്നു വി​ചാ​രി​ക്കു​ന്ന​വ​ർ ര​ണ്ടി​നെ​യും മ​ന​സി​ലാ​ക്കു​ന്നി​ല്ല” എ​ന്ന ഗാ​ന്ധി​യ​ൻ ചി​ന്ത ഭാ​ര​ത​ത്തെ സം​ബ​ന്ധി​ച്ച് എ​ന്നും പ്ര​സ​ക്ത​മാ​ണ്. മ​ഹാ​ത്മാ​വ് മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ചോ അ​ദ്ദേ​ഹ​ത്തെ എ​തി​ർ​ത്തി​രു​ന്ന​വ​രോ​ടു പോ​ലു​മോ പ​രു​ഷ​മാ​യി സം​സാ​രി​ച്ചി​രു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തെ നി​ന്ദി​ച്ചു സം​സാ​രി​ച്ചി​രു​ന്ന​വ​രു​ടെ പേ​രു പ​റ​യു​ന്പോ​ഴെ​ല്ലാം എ​ന്തെ​ങ്കി​ലും ന​ല്ല​വാ​ക്ക് മ​ഹാ​ത്മ​ജി പ​റ​യാ​തി​രു​ന്നി​ട്ടി​ല്ല.

വെ​റും വാ​ക്കു​ക​ൾ ഹൃ​ദ​യ​ത്തെ സ്പ​ർ​ശി​ക്കു​ന്നി​ല്ല. അ​പ്പോ​ൾ ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത കൃ​ത്യ​ങ്ങ​ൾ കൈ​ക​ൾ ചെ​യ്യു​ന്നു. കാ​ണാ​ൻ പാ​ടി​ല്ലാ​ത്ത​വ ക​ണ്ണു​ക​ൾ നോ​ക്കു​ന്നു. കേ​ൾ​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​വ കാ​തു​ക​ൾ കേ​ൾ​ക്കു​ന്നു. ഈ ​വി​ധ​ത്തി​ൽ യ​ഥാ​ർ​ഥ​മാ​യ പ്ര​വൃ​ത്തി​യും കാ​ഴ്ച​യും കേ​ൾ​വി​യും ന​മു​ക്ക് അ​ന്യ​മാ​യി​രി​ക്കു​ന്നു. പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യ ജെ​യിം​സ് കാ​മ​റോ​ണ്‍ എ​ഴു​തി: “ലോ​കം മു​ഴു​വ​ൻ ഗാ​ന്ധി​ജി​യെ അ​റി​ഞ്ഞു. പ​ക്ഷേ, ആ​രും അ​ദ്ദേ​ഹ​ത്തെ തി​രി​ച്ച​റി​ഞ്ഞി​ല്ല.” തുകൊണ്ടുതന്നെ ഭാ​ര​തീ​യ​ർ​ക്ക് ഗാ​ന്ധി​ജ​യ​ന്തി ആ​ത്മ​വി​മ​ർ​ശ​ന​ത്തി​ന്‍റെ അ​വ​സ​ര​മാ​ണ്.

അ​ക്ര​മ​രാ​ഹി​ത്യ​ത്തി​ന്‍റെ ആ​ൾ​രൂ​പം

ലോ​ക​ച​രി​ത്ര​ത്തി​ൽ ഗാ​ന്ധി​ജി എ​ന്നും അ​ഹിം​സ​യു​ടെ പ്ര​തീ​ക​മാ​യി നി​ല​നി​ല്ക്കു​ന്നു. “ബ​ല​മോ നി​ർ​ബ​ന്ധ​മോ ഒൗ​ദ്യോ​ഗി​ക സ്ഥാ​ന​മോ പ്ര​താ​പ​മോ ഇ​ല്ലാ​തെ ഇ​ന്ത്യ​യു​ടെ പ​ര​മോ​ന്ന​ത നേ​താ​വാ​യി​ത്തീ​ർ​ന്ന വ്യ​ക്തി” എ​ന്ന നെ​ഹ്റു​വി​ന്‍റെ വി​ശേ​ഷ​ണം ഗാ​ന്ധി​യ​ൻ ദാ​ർ​ശ​നി​ക​ത​യി​ലേ​ക്കു ത​ന്നെ​യാ​ണ് ന​മ്മെ എ​ത്തി​ക്കു​ന്ന​ത്.ഓ​രോ വ്യ​ക്തി​യും, കു​ടും​ബ​ത്തി​ലെ​യും സ​മു​ദാ​യ​ത്തി​ലെ​യും രാ​ജ്യ​ത്തി​ലെ​യും മാ​ന​വ​രാ​ശി​യി​ലെ​യും ന​ല്ല അം​ഗ​മാ​യി ജീ​വി​ക്കു​ക എ​ന്ന​താ​ണ് ഗാ​ന്ധി​യ​ൻ അ​ഹിം​സ​യു​ടെ കാ​ത​ൽ. ഗാ​ന്ധി​ജി ഭാ​ര​ത​സ​മൂ​ഹ​ത്തി​ന് എ​ന്തു ന​ൽ​കി എ​ന്ന ചോ​ദ്യ​ത്തി​ന് “ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളി​ൽ ധൈ​ര്യ​വും ത​നി​മ​യും നി​യ​ന്ത്ര​ണാ​ത്മ​ക സ​ഹ​ന​ശേ​ഷി​യും ഒ​രു ല​ക്ഷ്യ​ത്തി​നു​വേ​ണ്ടി സ​സ​ന്തോ​ഷം സ​ഹി​ക്കു​ന്ന ആ​ത്മ​നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ശ​ക്തി​യും മ​ഹാ​ത്മ​ജി സ്വ​ാഭാ​വി​ക​മാ​യ വി​ന​യ​ത്തോ​ടും അ​ഭി​മാ​ന​ത്തോ​ടും കൂ​ടി സ​ന്നി​വേ​ശി​പ്പി​ച്ചു” എ​ന്ന​താ​ണ് നാം ​ക​ണ്ടെ​ത്തു​ന്ന ഉ​ത്ത​രം.

ഗാ​ന്ധി​ജി പ​റ​ഞ്ഞ​തും ചെ​യ്ത​തും ഒ​രു കാ​ല​ഘ​ട്ട​ത്തി​നു​വേ​ണ്ടി​യോ ഭാ​ര​ത​ത്തി​നു മാ​ത്രം വേ​ണ്ടി​യോ ആ​യി​രു​ന്നി​ല്ല. ഗാ​ന്ധി​ജി ജ​ന​ങ്ങ​ളു​ടെ ഭാ​ഷ​യി​ൽ സം​സാ​രി​ച്ചി​രു​ന്ന​തു​കൊ​ണ്ട് അ​വ​ർ​ക്ക് അ​ദ്ദേ​ഹ​ത്തെ മ​ന​സി​ലാ​ക്കാ​ൻ എ​ളു​പ്പ​മാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രു​ടേ​തു​പോ​ലെ എ​ളി​യ ജീ​വി​തം ന​യി​ച്ച​തി​ലൂ​ടെ സ്വാ​ത​ന്ത്ര​്യസ​മ​ര​ത്തി​ൽ അ​വ​രെ​യും പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം വി​ജ​യി​ച്ചു. അ​ദ്ദേ​ഹം പ്ര​വ​ർ​ത്ത​ക​രെ സം​ഘ​ടി​പ്പി​ച്ചു. നേ​താ​ക്കന്മാ​രെ സൃ​ഷ്ടി​ച്ചു. തു​ട​ർ​ന്ന്, ആ നേ​തൃ​ത്വ​ത്തി​നു വ​ഴി​മാ​റാ​ൻ ഗാ​ന്ധി​ജി ത​യാ​റാ​യി. മൗ​ന​വ്ര​ത​വും പ്രാ​ർ​ഥന​യും നി​രാ​ഹ​ാര​വും നൂ​ൽ​നൂ​ൽ​പ്പും പോ​ലു​ള്ള കാ​ര്യ​ങ്ങ​ളെ രാ​ഷ്‌ട്രീയ സ​മ​രാ​യു​ധ​ങ്ങ​ളാ​ക്കി മാ​റ്റി. ജ​നാ​ധി​പ​ത്യ​പ്ര​ക്രി​യ​യി​ൽ ന​ട​ക്കേ​ണ്ട പാ​വ​ന​മാ​യ ഈ ​ത​ന​താ​യ ഗാ​ന്ധി​യ​ൻ ശൈ​ലി ഇ​ന്ന​ത്തെ നേ​താ​ക്ക​ൾ​ക്കും സ​മൂ​ഹ​ത്തി​നും മാ​തൃ​ക​യാ​ണ്.

ലോ​ക​നന്മ മാ​ത്രം ല​ക്ഷ്യം

ഭ​ര​ണാ​ധി​കാ​രി​ക​ൾ ഒ​രു ന​യം രൂ​പീ​ക​രി​ക്കു​ന്പോ​ൾ അ​വ​രു​ടെ മ​ന​സി​ൽ വ​രേ​ണ്ട​ത് സാ​മൂ​ഹ്യ​ശ്രേ​ണി​യി​ൽ ഏ​റ്റ​വു​മൊ​ടു​വി​ൽ താ​ഴേ​ത്ത​ട്ടി​ൽ നി​ൽ​ക്കു​ന്ന​വ​ന്‍റെ മു​ഖ​മാ​യി​രി​ക്ക​ണ​മെ​ന്ന് ഗാ​ന്ധി​ജി ഓ​ർ​മിപ്പി​ക്കു​ന്നു. സ​മൂ​ഹ​ത്തി​ന്‍റെ മു​ക​ൾ​ത്ത​ട്ടു മാ​ത്രം കാ​ണു​ന്ന പ്ര​വ​ണ​ത വ​ർ​ധിച്ചു​വ​രു​ന്ന ഇ​ന്ന് ഗാ​ന്ധിദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ൾ​ക്കാ​ന്പാ​യ ‘മ​നു​ഷ്യ​ൻ’ എ​ന്ന യാ​ഥാ​ർ​ഥ്യം വി​സ്മ​രി​ക്ക​പ്പെ​ട്ടു​കൂ​ടാ.

കോ​ൽ​ക്ക​ത്ത​യി​ലെ ഒ​രു യോ​ഗ​ത്തി​ൽ ഗാ​ന്ധി​ജി പ്ര​സം​ഗി​ച്ചു: “നി​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ക​ൽ​ക്ക​ത്ത​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്നു തോ​ന്നു​ന്നു. നി​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ളാ​ണ്. നി​ങ്ങ​ൾ നി​ഷ്ക​ള​ങ്ക​രും ന​ല്ല​വ​രും സ​ത്യ​സ​ന്ധ​രും ആ​യി​രി​ക്ക​ണം. അ​തേ​സ​മ​യം, നി​ങ്ങ​ളു​ടെ സാ​ധു​ക്ക​ളാ​യ സ​ഹോ​ദ​രീ​സ​ഹോ​ദ​രന്മാ​രെ സ​ഹാ​യി​ക്കാ​നും നി​ങ്ങ​ളു​ടെ രാ​ജ്യ​ത്തി​ന് സ്വ​രാ​ജ്യം കൈ​വ​രു​ത്താ​നും നി​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം. നി​ങ്ങ​ൾ എ​ല്ലാ​വ​രും ഖാ​ദി ധ​രി​ക്ക​ണം. നി​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ നി​ന്ന​ക​ന്ന് കോ​ൽ​ക്ക​ത്ത​യി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​യ നി​ങ്ങ​ൾ മ​ദ്യ​പാ​നം ചെ​യ്യ​രു​ത്. ശു​ദ്ധ​മാ​യ ഒ​രു ജീ​വി​തം ന​യി​ക്ക​ണം. എ​ല്ലാ​ത്തി​ലും ഉ​പ​രി​യാ​യി സ​ത്യ​സ​ന്ധ​രാ​കാ​ൻ ശ്ര​മി​ക്കു​ക.”

ഗാ​ന്ധി​ജി​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​സ​ക്തി സ​ത്യ​ത്തി​നു​വേ​ണ്ടി സ്വ​യം സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞു എ​ന്ന​താ​ണ്. ജ​ന​ങ്ങ​ളി​ൽ സ​മ​ത്വ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും ആ​വേ​ശം ജ​നി​പ്പി​ക്കാ​ൻ ഗാ​ന്ധി​ജി​യുടെ സത്യാധിഷ്ഠിതമായ നിലപാടു കൾക്കു ക​ഴി​ഞ്ഞു. ജ​ന​ത്തി​ന്‍റെ ഭ​യ​വും വി​ദ്വേ​ഷ​വും ഇ​ല്ലാ​താ​ക​ണ​മെ​ങ്കി​ൽ തീ​വ്ര​രാ​ഷ്ട്രീ​യ, ആ​ശ​യ​അ​ടി​മ​ത്ത​ത്തി​ൽനി​ന്ന് നാം ​മോ​ചി​ത​രാ​ക​ണം, സത്യത്തോടൊപ്പം നടക്കാൻ പഠിക്കണം.

മ​റ്റാ​രും കൂ​ടെ​യി​ല്ലെ​ങ്കി​ലും ഒ​റ്റ​യ്ക്കു ന​ട​ക്കാ​ൻ ഗാ​ന്ധി​ജി ധൈ​ര്യം കാ​ണി​ച്ചി​രു​ന്നു. ഒ​റ്റ​യ്ക്കു ന​ട​ന്ന് തിന്മക​ളെ കീ​ഴ്പ്പെ​ടു​ത്തി​യ​വ​നാ​ണ് അ​ദ്ദേ​ഹം. ഒ​രു സ​മൂ​ഹ​ത്തി​ലെ തിന്മക​ളെ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തു​വ​ഴി മ​ത​മൈ​ത്രി​യോ മ​നു​ഷ്യ​മൈ​ത്രി​യോ അ​യ​ൽ​പ​ക്ക​മൈ​ത്രി​യോ ന​ഷ്ട​പ്പെ​ടു​ന്നി​ല്ല എ​ന്നു നാം ​തി​രി​ച്ച​റി​യ​ണം. തിന്മക​ളോ​ടു​സന്ധി ചെയ്യു ന്പോ​ഴാ​ണ് മൈ​ത്രി ന​ഷ്ട​പ്പെ​ടു​ന്ന​ത്. സ്വ​ന്തം മ​ത​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​തി​രി​ക്കു​ന്ന​ത​ല്ല സെ​ക്കു​ല​റി​സം; അ​ന്യ​മ​ത​വി​ദ്വേ​ഷ​വും വി​രോ​ധ​വും ഉ​പേ​ക്ഷി​ക്കു​ന്ന​തി​ലാ​ണ് സെ​ക്കു​ല​റി​സം.

ഒ​രു രാ​ജ്യ​ത​ന്ത്ര​ജ്ഞ​ൻ, രാഷ്‌ട്രമീ​മാം​സ​ക​ൻ, സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​വ്, ഉ​ത്ത​മ​വാ​ഗ്മി, നി​യ​മ​വി​ദ​ഗ്ദ്ധ​ൻ, ലേ​ഖ​ക​ൻ, അ​ധ്യാ​പ​ക​ൻ, മാ​നു​ഷി​ക​മൂ​ല്യ​വാ​ദി, ബ​ഹു​വ​ർ​ഗനാ​യ​ക​ൻ, സ​ത്യാ​ന്വേ​ഷി, സ​ന്ന്യാ​സി​വ​ര്യ​ൻ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഒ​രൊ​റ്റ വ്യ​ക്തി​യി​ൽ സ​മ​ന്വ​യി​ക്കു​ന്ന​താ​ണ് ഗാ​ന്ധി​ജി.വൈ​വി​ധ്യ​ങ്ങ​ളും വൈ​രു​ധ്യങ്ങ​ളും നി​റ​ഞ്ഞ ഒ​രു ജ​ന​ത​യെ കോ​ർ​ത്തി​ണ​ക്കി ഏ​ക​മ​ന​സാ​ക്കി​യ മ​ഹാ​ത്മാ​വാ​ണ് ഗാ​ന്ധി​ജി. “ഇ​ങ്ങ​നെ​യൊ​രു മ​നു​ഷ്യ​ൻ ജീ​വി​ച്ചി​രി​ക്കു​ന്നു എ​ന്ന​ത് അ​വി​ശ്വ​സ​നീ​യ​മാ​ണ്” എ​ന്ന ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റൈ​ന്‍റെ വാ​ക്കു​ക​ൾ ഇ​വ​യു​ടെ നേ​ർ​സാ​ക്ഷ്യ​മാ​ണ്.

കടപ്പാട് ദീപിക

Share News