
“അഭിഭാഷക ജീവിതത്തിൽ പ്രചോദനമായും, പ്രകോപനമായും പ്രവർത്തിച്ച എല്ലാവരെയും ഓർക്കുന്നു”|അഡ്വ. ഡാൽബി ഇമ്മാനുവൽ
“അഭിഭാഷക ജീവിതത്തിൻ്റെ ഇരുപത്തിയഞ്ച് വർഷങ്ങൾ“

ദൈവത്തിന് നന്ദി”

2000 ജൂലൈ 23 -ന് ആണ് ഞാൻ അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. കാലിക്കറ്റ് ദേവഗിരി കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്തതിനു ശേഷം ഉഡുപ്പി വൈകുണ്ഠ ബാലിക ലോ കോളേജിൽ (VBCL) നിന്നും LLB ബിരുദമെടുക്കുകയായിരുന്നു. എൻ്റെ ചാച്ചൻ്റെയും മമ്മിയുടെയും ആഗ്രഹമായിരുന്നു മകൻ ഒരു അഭിഭാഷകൻ ആകണമെന്ന്.

കേരള ഹൈകോടതിയിൽ 2000 ഓഗസ്റ്റ് 25-ന് ആണ് ഞാൻ പ്രാക്ടീസ് ആരംഭിക്കുന്നത്. എൻറോൾമെൻ്റിനോട് അനുബന്ധിച്ച് ആലുവ വാഴക്കുളത്ത് എൻ്റെ അമ്മ വീട്ടിൽ വെച്ച് നടത്തിയ ഒരു പാർട്ടിയിൽ വെച്ച് എൻ്റെ കസിൻ്റെ ഭർത്താവും ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനുമായ ശ്രീ. സാനി ഫ്രാൻസിസ് ( ഹോളി ഫെയ്ത്ത് ബിൽഡേഴ്സ് ഉടമ) ആണ് ഞാൻ എർണാകുളത്ത് പ്രാക്ടീസ് ആരംഭിക്കണമെന്ന് ആദ്യമായി നിർദേശിക്കുന്നത്. ആ നിർദ്ദേശം എൻ്റെ ചാച്ചനും അമ്മയും അംഗീകരിക്കുകയും ചെയ്തു. അങ്ങനെ മഞ്ചേരിയിൽ പ്രാക്ടീസ് തുടങ്ങേണ്ട ഞാൻ എർണാകുളത്ത് തന്നെ പ്രാക്ടീസ് തുടങ്ങി. ശ്രീ. സാനി ഫ്രാൻസിസ് തന്നെയാണ് എൻ്റെ അഭിഭാഷക ജീവിതത്തിൻ്റെ വഴികാട്ടിയായി എന്നെ എൻ്റെ പ്രിയ സീനിയറായ അഡ്വ. പീയുസ് എ. കൊറ്റം എന്ന സാറിൻ്റെ അടുത്ത് എത്തിച്ചത്. എൻ്റെ ആദ്യ ദിനം എൻ്റെ ഗ്രാൻ്റ് ഫാദർ (കല്ലൻ കൊച്ചു വർക്കി) ആണ് എന്നെ പീയുസ് സാറിൻ്റെ അടുത്ത് കൊണ്ട് പോയി ആക്കിയത്.

എൻ്റെ സീനിയറിനെ കുറിച്ച് പറയുമ്പോൾ തികച്ചും നന്മ നിറഞ്ഞ, കുടുംബ സ്നേഹിയായ ഒരു മാതൃക ജീവിതം നയിക്കുന്ന ആൾ. ജൂനിയേഴ്സിന് സ്വതന്ത്രമായി പഠിക്കാനും കേസ് നടത്താനും അനുമതി കൊടുക്കുന്ന സൗമ്യനായ വ്യക്തി. എല്ലാ വിഭാഗം കേസുകളും വൈഭവത്തോടെ കൈകാര്യം ചെയ്യുന്നയാൾ. ഞാൻ അവിടെ ചേരുമ്പോൾ ശ്രീ. അനിൽ മാമല, ശ്രീ. രെജു ജോസഫ് (സിനിമ പിന്നണി ഗായകൻ). ശ്രീ. C.T. ജസ്റ്റിൻ (ഗവൺമെൻ്റ് പ്ലീഡർ) ശ്രീ. പി. എ. സിറാജുദീൻ (അഡീഷണൽ ജില്ലാ ജഡ്ജ്) തുടങ്ങിയവരാണ് അവിടെ ജൂനിയേഴ്സ് ആയി ഉണ്ടായിരുന്നത്. വൈറ്റിലയിൽ നിന്നും വരുന്ന ഷിജു ക്ലാർക്കും, ചേർത്തലയിൽ നിന്നും വരുന്ന റെജി ആയിരുന്നു ടൈപ്പിസ്റ്റ്.

2000- 2005 കാലഘട്ടത്തിലെ അച്ചടക്കത്തോടെയുള്ള പ്ലാക്ടീസ് ആണ് എന്നെ ഒരു അഭിഭാഷകൻ എന്ന നിലയിൽ വളർത്തിയത്. ഒരു അഭിഭാഷകനെ സംബന്ധിച്ച് ഒരു കക്ഷിയെ കേൾക്കാനും, കേസ് പഠിക്കാനും, ഡ്രാഫ്റ്റ് ചെയ്യാനും, കേസ് പറയാനും, ഉത്തരവ് സമ്പാദിക്കാനും, ഫീസ് മേടിക്കാനും എല്ലാം പഠിക്കേണ്ടതുണ്ട്. ദേഷ്യത്തോടും, സങ്കടത്തോടും, വൈരാഗ്യത്തോടും, നിരാശയോടും അഹങ്കാരത്തോടും തുടങ്ങി വിവിധ ഭാവങ്ങളിൽ വരുന്ന കക്ഷികളെ തന്മയത്തോടെ അവർ ആഗ്രഹിക്കുന്ന രീതിയിൽ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യാൻ സാധിച്ചാൽ മാത്രമേ ഒരു വക്കീലിന് നിലനിൽപ്പുള്ളു. അവരുടെ വികാര-വിക്ഷോപങ്ങളെ ‘വെടി മരുന്നിൽ വെള്ളം ഒഴിക്കുന്നത്‘ പോലെ നമ്മൾക്ക് അണക്കാൻ സാധിക്കണം. വികാരം കൊണ്ടല്ല മറിച്ച്, വിവേകം കൊണ്ടു വേണം അവരെ നേരിടാൻ. പീയൂസ് സാർ തൻ്റെ കുടുംബത്തെ (അമ്മച്ചി, ബിന്ദു ചേച്ചി, മക്കൾ മരിയ,റിയ, ജോസഫ്, സാനിയ) നോക്കുന്നതും, കക്ഷികളോട് പെരുമാറുന്നതും കണ്ടും അറിഞ്ഞും പഠിച്ചത്, എനിക്ക് എൻ്റെ ജീവിതത്തിൽ ഏറ്റവും വലിയ മാതൃകയാണ്. എൻ്റെ വ്യക്തി ജീവിതത്തിൽ നന്മയിൽ വളരാൻ എന്നെ സഹായിച്ചതും സാറിൻ്റെ മാതൃകയാണ്. സാറിനെ ഏറെ നന്ദിയോടെ ഓർക്കുന്നു.


2005-ൽ നവംബർ 9-ന് ആണ് ഞാൻ സ്വതന്ത്ര ഓഫീസ് തുടങ്ങുന്നത്. സാനി അളിയനും, അഡ്വ. അനിൽ മാമലസാറുമാണ് എനിക്ക് ധൈര്യം തന്നത്. പീയൂസ് സാറാണ് എൻ്റെ സ്വതന്ത്ര ഓഫീസ് ഉദ്ഘാടനം ചെയ്തത്. അന്ന് ആദ്യ വക്കാലത്ത് ഒപ്പിട്ടത് ശ്രീ. ജോർജ് കാടപറമ്പിൽ ആണ്. എന്നാൽ എൻ്റെ ആദ്യ കക്ഷി സുരേഷ് കുമാർ എന്ന ഒരു ഇലക്ട്രിക് കോൺട്രാക്ടർ ആയിരുന്നു. എൻ്റെ അഭിഭാഷക ജീവിതത്തിലെ വളർച്ചയിൽ ഞാൻ നന്ദിയോടെ ഓർക്കുന്ന വ്യക്തികളിൽ അഭിഭാഷകരായ സീനിയർ അഭിഭാഷകൻ ആയ ശ്രീ. ജെയ്ജു ബാബുസാർ, ശ്രീ. സജി വർഗ്ഗീസ്, ശ്രീ.എസ്. രാജീവ്,, ശ്രീ. മാത്യു ഫ്രാൻസിസ്, ശ്രീ. ജോസഫ് മണവാളൻ, ശ്രീ. ജോസ് കുര്യാക്കോസ്, ശ്രീ. ജോപോൾ എൻ്റെ അളിയനായ എ.വി. ജയിംസ്, മുവാറ്റുപുഴയിലെ അഡ്വ. റ്റി.എസ്. സന്തോഷ്, ഇവരെല്ലാം എൻ്റെ ഗുരുസ്ഥാനിയരും, എൻ്റെ വളർച്ചക്ക് പ്രചോദനം നൽകിയവരും ആണ്.
കൂടാതെ എൻ്റെ വളർച്ചയിൽ എന്നെ ഉപദേശിച്ച് ഒരു തണൽ മരമായി നിന്നത് പരേതനായ ശ്രീ. കാഞ്ഞുപറമ്പിൽ തോമസ് അങ്കിളും അദ്ദേഹത്തിൻ്റെ മകൻ സുനിൽ തോമസുമാണ്.

2007 നവംബർ 17-ന് ഞാൻ ഒരു അദ്ധ്യാപികയായ ജോസ്മി പി. തോമസിനെ വിവാഹം ചെയ്തു. ഞങ്ങൾക്ക് എറിക് ഇമ്മാനുവൽ, ഇഷാ റോസ്, ഇവ മരിയ, എലയ്ൻ തോംസിൻ എന്ന നാല് മക്കളും അനുഗ്രഹമായി ജനിച്ചു. മക്കൾ എല്ലാവരേയും സ്കൂളിൽ ചേർത്തതിന് ശേഷം എൻ്റെ പ്രേരണയോടെയും, പ്രചോദനമുൾകൊണ്ടും എൻ്റെ ഭാര്യ LLB -ക്ക് ചേരുകയും, 2021- ഏപ്രിൽ 25- ന് അഭിഭാഷകയായി എൻറോൾ ചെയ്തു.

ഇതിനിടയിൽ 2013-ൽ എന്നെ അഡീഷണൽ ഗവൺമെൻ്റ് പ്ലീഡറും, നോട്ടറിയും ആയി ശ്രീ. ഉമ്മൻ ചാണ്ടി സർക്കാർ നിയമിക്കുകയുണ്ടായി. എർണാകുളം മുൻ കലക്ടറും, ദീർഘ കാലം യു. എൻ. – നിൽ പ്രവർത്തിച്ച ശ്രീ. എം.പി. ജോസഫ് സാറാണ് അതിന് കാരണഭൂതനായത്. തൻ്റെ ഔദ്യോഗിക ജീവിതത്തിൽ സംശുദ്ധിയോടെയും ആത്മാർത്ഥതയോടും പ്രവർത്തിച്ച ഒരു സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായിരുന്നു എം.പി. ജോസഫ് സാർ. ഒരു സർക്കാർ ഉദ്യോഗസ്ഥൻ എങ്ങനെയാകണം എന്നതിന് ഒരു മാതൃക പാഠ പുസ്തകമാണ് എം.പി. ജോസഫ് സാർ. സാറിനെ പരിചയപ്പെടാനും അറിയാനും സാധിച്ചതും എൻ്റെ വ്യക്തി ജീവിതത്തിൽ ഒരു അനുഗ്രഹമാണ്.

ശ്രീ. എം.പി. ജോസഫ് സാർ വഴിയാണ് ഞാൻ സീറോ മലബാർ സഭയുടെ തലവനും പിതാവുമായിരുന്ന മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പിതാവിനെ പരിചയപ്പെടുന്നത്. കർക്കശക്കാരനും, കരുണാമയനും, നീതിമാനുമായ ആലഞ്ചേരി പിതാവുമായി പരിചയപ്പെടാനും അടുപ്പമുണ്ടാക്കാനും, അദ്ദേഹത്തിൻ്റെ സഹന നാളുകളിൽ ഒപ്പം നിൽക്കാനും സാധിച്ചത് ദൈവ നിയോഗമാണ് എന്ന് ഞാൻ വിചാരിക്കുന്നു. പൊതു സമൂഹത്തിൻ്റെ മുമ്പിൽ സ്വന്തം ആളുകളാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട് മാധ്യമങ്ങളാൽ വേട്ടയാടപ്പെട്ട, വിചാരണ ചെയ്യപ്പെട്ട നീതിമാനായ വയോധികനായ പിതാവ് സഭയിൽ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് എന്ന് എനിക്ക് ഉറച്ച് പറയാൻ സാധിക്കും. പൊതു സമൂഹത്തിൽ സഭ വേട്ടയാടപ്പെട്ടപ്പോൾ ചെറുതായെങ്കിലും പ്രതിരോധിക്കാൻ ഒരു എളിയ അഭിഭാഷകൻ എന്ന നിലയിൽ പ്രവർത്തിക്കാൻ സാധിച്ചു എന്നതിൽ ഞാൻ അഭിമാനിക്കുന്നു.

ഒരോ സമയത്തും എന്നെ നയിക്കാൻ, വളർത്താൻ, ഉപദേശിക്കാൻ ദൈവം ഒരോരുത്തരേയും നിയോഗിക്കാറുണ്ട്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായി തണൽ ആയി ഒരോരുത്തരും എന്നെ സഹായിച്ചിട്ടുണ്ട്. എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. 2022- മാർച്ച് 13-ന് എർണാകുളം പ്രൊവിഡൻസ് റോഡിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് ഓഫീസ് മാറാൻ സാധിച്ചതും എൻ്റെ അഭിഭാഷക ജീവിതത്തിലെ ഒരു നാഴികകല്ലാണ്.

2018- ഫെബ്രുവരി 24-ന് എൻ്റെ ചാച്ചൻ്റെ വേർപാടും, 2024- ഡിസംബർ 17-ന് എൻ്റെ ഏക സഹോദരി ഭർത്താവ് അഡ്വ. എ.വി. ജയിംസ് അളിയൻ്റെ വേർപാടും നൽകുന്ന വേദന ഇന്നും ഒരു കനലായി നീറുന്നതാണ്. ഒരു കുടിയേറ്റ കർഷകനായ ചാച്ചനായിരുന്നു എൻ്റെ മാതൃക. എൻ്റെ വളർച്ചയിൽ എൻ്റെ മാതാപിതാക്കളോട് ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു. വിവാഹ ശേഷം എൻ്റെ ഭാര്യയുടെയും അവളുടെ മാതാപിതാക്കളുടെയും പിന്തുണയും സ്നേഹവും ഏറെ വിലമതിക്കുന്നതാണ്. അഭിഭാഷകൻ എന്ന നിലയിൽ എൻ്റെ ഭാര്യ എനിക്ക് അഭിമാനമാണ്.

അഭിഭാഷക ജീവിതമെന്നത് ഒരു സമുദ്രം പോലെയാണ്. ചിലപ്പോൾ ശാന്തവും, ചിലപ്പോൾ രൗദ്രവും, ചിലപ്പോൾ ഭീകരവും ആണ്. തിമിംഗലങ്ങളും, സ്രാവുകളും, ഞണ്ടുകളും ഉണ്ട്. ആഴങ്ങളിൽ മുത്തും പവിഴങ്ങളും ഉണ്ട് നമ്മൾ ദൃഢനിശ്ചയത്തോടെ വിജയം മാത്രം ലക്ഷ്യമാക്കി തുഴയുക. നിയമം തരുന്ന പരിരക്ഷ അതാണ് നമ്മുടെ ബലം. ദൈവത്തിൻ്റെ മുമ്പിൽ അല്ലാതെ ആരുടെ മുമ്പിലും തലകുനിക്കേണ്ടാത്ത സ്വന്തം സാമ്രാജ്യം സൃഷ്ടിക്കാവുന്ന മറ്റേത് പ്രൊഫഷൻ ഏതാണ് ഉള്ളത്. ഒരു അഭിഭാഷകൻ ആയി എന്നുള്ളതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ദൈവത്തിന് നന്ദി പറയുന്നു. ഞാൻ നടന്ന വഴികളിൽ എൻ്റെ അഭിഭാഷക ജീവിതത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ഖേദിക്കുന്നു. എൻ്റെ സുഹൃത്തും പ്രോലൈഫ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനുമായ ശ്രീ. സാബു ജോസ് സാറിൻ്റെ വാക്കുകളിൽ പറഞ്ഞാൽ “കുറവുകളെ നിറവുകളാക്കാൻ ഉള്ള കൃപ ദൈവം നല്കട്ടെ” എന്നതാണ് എൻ്റെ പ്രാർത്ഥന.


എൻ്റെ അഭിഭാഷക ജീവിതത്തിൽ പ്രചോദനമായും, പ്രകോപനമായും പ്രവർത്തിച്ച എല്ലാവരെയും ഓർക്കുന്നു. എൻ്റെ എല്ലാ നല്ല സുഹൃത്തുക്കളെയും, താങ്ങും തണലുമായി നിന്ന എല്ലാവരെയും ഓർക്കുന്നു. പിന്നിട്ട വഴികളിൽ കല്ലും, മുള്ളും , കുഴിയും, കെണിയും ഉണ്ടായിരുന്നു. എന്നാൽ എന്നെ സഹായിക്കാൻ എൻ്റെ സഹയാത്രികനായി എൻ്റെ ഈശോ കൂടെ ഉണ്ടായിരുന്നു എന്നുള്ളതാണ് എൻ്റെ ഏറ്റവും വലിയ സന്തോഷം.

ഇനിയും ഏറെ വർഷങ്ങൾ നീതി ദേവതയോടൊപ്പം, നീതിക്ക് വേണ്ടി പോരാടാൻ, നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാകാൻ ദൈവം കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് ഏറെ നന്ദിയോടെ……..
നിങ്ങളുടെ സ്വന്തം

അഡ്വ. ഡാൽബി ഇമ്മാനുവൽ

