
പാരയാകുന്ന പാരിതോഷികങ്ങൾ|ഇനി അതിഥികളെ വിളിക്കുമ്പോൾ ഇക്കാര്യം കൂടി ഒന്ന് ശ്രദ്ധിക്കുമല്ലോ.|മുരളി തുമ്മാരുകുടി
പാരയാകുന്ന പാരിതോഷികങ്ങൾ
ഏറെ നാളായി എന്നെ വിഷമിപ്പിക്കുന്ന ഒരു വിഷയമാണ് ഇന്ന് വൈശാഖൻ തമ്പി Vaisakhan Thampi പറഞ്ഞത്.
ഞാനായിട്ട് പറഞ്ഞാൽ സ്നേഹമുള്ളവരെ വിഷമിപ്പിക്കുമല്ലോ, ആദരിച്ചവരോടുള്ള അനൗചിത്യം ആകുമല്ലോ എന്നത് കൊണ്ടാണ് ഇതുവരെ പറയാതിരുന്നത്. ഓരോ സ്ഥലങ്ങളിൽ പ്രഭാഷണങ്ങൾക്ക് പോകുമ്പോൾ ലഭിക്കുന്ന മെമന്റോ ആണ് വിഷയം. നാട്ടിൽ ഓരോ തവണ പോകുമ്പോഴും അനവധി സമ്മേളനങ്ങളിൽ സംസാരിക്കാൻ ആളുകൾ ക്ഷണിക്കാറുണ്ട്. പറ്റുമ്പോൾ ഒക്കെ സംസാരിക്കാറും ഉണ്ട്.
മിക്കവാറും ഇടങ്ങളിൽനിന്ന് പിരിയുമ്പോൾ ഒരു മെമന്റോ തരുന്ന പരിപാടി ഉണ്ട്. സാധാരണഗതിയിൽ എന്നെ ക്ഷണിക്കുമ്പോൾ തന്നെ ഞാൻ പറയുന്ന നാലു നിർദേശങ്ങളുണ്ട്.
- കൃത്യസമയത്ത് പരിപാടി തുടങ്ങണം, അവസാനിപ്പിക്കുകയും വേണം.
- വലിച്ചുനീട്ടി സ്വാഗതം പറയരുത്. നന്ദിയും. ഒറ്റ വാചകത്തിൽ സ്വാഗതം. ഒറ്റ വാക്കിൽ നന്ദി. മതി.
- വേദിയിൽ സ്ത്രീ സാന്നിധ്യം ഉണ്ടായിരിക്കണം, പറ്റുമെങ്കിൽ തുല്യമായി.
- മെമന്റോ നൽകരുത്.
ഇതൊക്കെ പറഞ്ഞു സമ്മതിച്ച സമ്മേളനങ്ങളിൽ പോലും മിക്കവാറും ഈ പറഞ്ഞവ ഒന്നും പാലിക്കാറില്ല. അപവാദങ്ങൾ ഇല്ല എന്നല്ല. പക്ഷെ ഭൂരിപക്ഷവും ഇപ്പോഴും സമയത്തിന് തുടങ്ങാത്ത, നീളത്തിൽ സ്വാഗതമരുളുന്ന, സ്ത്രീ സാന്നിധ്യം സദസ്സിലേക്ക് മാത്രമായി ചുരുങ്ങുന്ന, അവസാനം ഒരു മെമന്റോ നൽകുന്ന പരിപാടികളാണ്.
ഔചിത്യ ബോധം കൊണ്ടും, സംഘാടകർ മിക്കവാറും സുഹൃത്തുക്കൾ ആയതുകൊണ്ടും പിന്നെ നാട്ടിലെ രീതിയാണല്ലോ എന്നു കരുതിയും അവിടെവെച്ച് എതിർപ്പ് പറയാറില്ല. എന്നാൽ ഇത്തരം മെമന്റോ കൊണ്ട് വീടും അലമാരയും നിറഞ്ഞു.
ആക്രിയായി കൊടുക്കാമെന്ന് വെച്ചാൽ മിക്കതിലും പേര് കൊത്തിയിട്ടുണ്ട്. എന്റെ മാത്രമല്ല തന്നവരുടേയും. അത് അവരോടുള്ള ബഹുമാനക്കുറവാകില്ലേ.
ഇതൊക്കെ എടുത്ത് ഒന്ന് റീസൈക്കിൾ ചെയ്യാമോ എന്ന് എന്റെ സാരഥിയോട് Sudheesh Sundaran ചോദിച്ചിട്ടുണ്ട്. ഇനിയും ഉത്തരമായിട്ടില്ല. മിക്കവാറും അവസരങ്ങളിൽ അറിയാത്ത മട്ടിൽ ‘മറന്നു’വെച്ച് പോന്നിട്ടുണ്ട്. യാത്രയിലാണെങ്കിൽ ഉറപ്പായും ഹോട്ടലിൽ വെച്ചിട്ടുണ്ടാകും.
കഴിഞ്ഞ ദിവസം സഹോദരന്റെ Sasikumar Thummarukudy കൂടെയാണ് ഒരു പരിപാടിക്ക് പോയത്. പരിപാടി കഴിഞ്ഞു, മെമന്റോ സ്റ്റേജിൽവെച്ച് ഞാൻ അറിയാത്തമട്ടിൽ വേഗം സ്ഥലം വിട്ടു.
വരുന്ന വഴിക്ക് ഒരാൾ എന്നെ കയ്യിൽ പിടിച്ചു നിർത്തി, രണ്ടു മിനുട്ട് സംസാരിച്ചു കാണും. “വേഗം നമുക്ക് പോകാം, അല്ലെങ്കിൽ അവർ മെമന്റോയും ആയി വരും” എന്ന് ഞാൻ ചേട്ടനോട് പറഞ്ഞു.
“ടൂ ലേറ്റ് !,സാധനം ഇപ്പോഴേ കാറിൽ വച്ച് കഴിഞ്ഞു !” ചേട്ടൻ ഉ വാ ച.
ചന്തുവിന്റെ തോൽപ്പിക്കുക എളുപ്പമല്ല.
ഇനിയും എന്നെ പരിപാടിക്ക് വിളിക്കൂ, സന്തോഷം.
മെമന്റോ തരാതിരിക്കൂ, അതിലും സന്തോഷം. സത്യം..
ഇനി വൈശാഖൻ പറയാത്ത ഒരു കാര്യം കൂടി പറയാം.
കേരളത്തിൽ പരിപാടികൾക്ക് വിളിക്കുമ്പോൾ നമുക്ക് അതിന് ഒരു പ്രതിഫലവും വണ്ടിക്കൂലിയും മുൻകൂർ ഓഫർ ചെയ്യുന്ന രീതി ഇല്ല.
ഞാൻ ഇപ്പോൾ ഒരു ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുന്നത് കൊണ്ട് ഇക്കാര്യത്തിൽ എനിക്ക് ഒരു പ്രതീക്ഷയില്ല. കേരളത്തിന് വേണ്ടി എനിക്ക് ചെയ്യാവുന്നത് ചെയ്യുന്നു എന്ന സന്തോഷം മാത്രം.
പക്ഷെ ഒരു പരിപാടി ആസൂത്രണം ചെയ്യുമ്പോൾ അതിൽ പങ്കെടുക്കുന്നവർക്ക് അവരുടെ സമയത്തിന് ന്യായമായ പ്രതിഫലം നൽകുക എന്നതാണ് ശരിയായ രീതി. അവരുടെ യാത്ര/താമസ ചിലവുകൾ പൂർണ്ണമായും വഹിക്കണം. ഇക്കാര്യം ക്ഷണിക്കുമ്പോൾ തന്നെ അതിഥികളോടു പറയുകയും വേണം.
അവർക്ക് വേണ്ടെങ്കിൽ അത് അവർ പറയട്ടെ. അല്ലെങ്കിൽ ആ പണം മറ്റൊരു നല്ല കാര്യത്തിന് കൊടുക്കാൻ പറഞ്ഞാൽ അതുമാകാം.
കേരളത്തിലെ ട്രാഫിക്ക് അനുസരിച്ച് താമസിക്കുന്ന നഗരത്തിലാണ് പരിപാടിയെങ്കിൽ അര ദിവസം കണക്കാക്കണം. താമസിക്കുന്ന ജില്ലയാണെങ്കിൽ ഒരു ദിവസം, താമസിക്കുന്ന ജില്ലക്ക് അപ്പുറത്താണെങ്കിൽ രണ്ടു മുതൽ മൂന്നു വരെ ദിവസം വേണ്ടി വരും. സംസാരിക്കുന്നത് അരമണിക്കൂറോ ഒരു മണിക്കൂറോ ആകാം, പക്ഷെ നമ്മുടെ സമയം പോകുന്നത് അര ദിവസം മുതൽ മൂന്നു ദിവസം വരെ ആണ്.
ഇത് സംഘാടകർ ചിന്തിക്കണം. കടപ്പാടുകൊണ്ടോ ഔചിത്യബോധം കൊണ്ടോ അതിഥികൾ അത് സൂചിപ്പിച്ചില്ല എന്ന് വരും. അതുകൊണ്ട് അവരെ ചൂഷണം ചെയ്യരുത്. ഇതൊന്നും ആരോടും പ്രത്യേകമായി പറയുന്നതല്ല. പൊതുവെ പറയുന്നതാണ്. ഇതുവരെ എന്നെ സംസാരിക്കാൻ ക്ഷണിച്ചവരോട് സ്നേഹം മാത്രം. വണ്ടിക്കൂലിയോ പാരിതോഷികങ്ങളോടോ തന്നവരോടും തരാതിരുന്നവരോടും ബഹുമാനം മാത്രം.
ഇനി അതിഥികളെ വിളിക്കുമ്പോൾ ഇക്കാര്യം കൂടി ഒന്ന് ശ്രദ്ധിക്കുമല്ലോ.
മുരളി തുമ്മാരുകുടി