റബ്ബർ (പ്രോത്സാഹനവും വികസനവും) ബിൽ 2022- സാദ്യധകളും പോരായ്മകളും|”സംസ്ഥാന സർക്കാരുകൾക്ക് ഇനിമുതൽ താങ്ങുവില നൽകി കർഷകരെ സംരക്ഷിക്കാൻ കഴിയില്ല”
മധ്യ തിരുവിതംകൂറിലെയും, മലബാർ മേഘലയിലെയും കർഷകരുടെ ജീവിതം നിലനിൽക്കുന്നത് പ്രദാനമായും റബ്ബറിനെ ആശ്രയിച്ചാണ്. റബ്ബർ മേഖലയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ ലക്ഷക്കണക്കിന് വരുന്ന കർഷകരെ സാരമായി ബാധിക്കും. 2022 ജനുവരി 10 ന് ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രാലയം, 1947 ലെ റബ്ബർ നിയമം പിൻവലിക്കുകയും, റബ്ബർ (പ്രോത്സാഹനവും വികസനവും) ബിൽ 2022 നടപ്പിലാക്കുന്നതിനായുള്ള കരട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ഈ നിയമത്തെ സംമ്പത്തിച്ചു ജനങ്ങൾക്കുള്ള അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസാന ദിവസം 2022 ജനുവരി 21 ആണ്. കേരളം ഇപ്പോൾ മറ്റു പല ചർച്ചകളിലും മുഴുകിയിരിക്കുന്നതിനാൽ ഈ വിജ്ഞാപനത്തിലെ പ്രദാനപ്പെട്ട ചില ഭാഗങ്ങൾ പൊതു സമൂഹത്തിന്റെ മുന്നിൽ എത്തിക്കാനുള്ള ശ്രെമം ആണ് ഈ ലേഖനം.
കേരളത്തിലെ സമ്പത് ഘടനയിലും, രാഷ്ട്രീയത്തിലും നിർണ്ണായക പങ്കു വഹിക്കാൻ റബ്ബർ കർഷകർക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ ഈ ബില്ല് കൃത്യമായ രാഷ്ട്രീയവും, സാമ്പത്തികവുമായ ലക്‌ഷ്യം മുന്നിൽ കണ്ടുകൊണ്ട് തയ്യാറാക്കിയിരിക്കുന്നതാന്നെന്നു പ്രധമ ദൃഷ്ടിയാൽ ആർക്കും മനസ്സിലാകും. നാളിതുവരെ റബ്ബർ കർഷകരോട് സർക്കാറുകൾ കാട്ടിയിരുന്ന അവഗണകൾക്കുള്ള മറുപടി കൂടിയാണ് ഈ ബില്ല്. റബ്ബർ ഉത്പന്നങ്ങളുടെ ഗവേഷണങ്ങൾക്കും, പഠനങ്ങൾക്കും, കയറ്റുമതിക്കും വളരെയധികം പ്രാധാന്യം നൽകുന്ന ഒരു നിയമം ആണ് ഈ ബില്ല്. നൂതന സാങ്കേതിക വിദ്യകൾ കർഷകരിലേക്ക് എത്തിച്ചെങ്കിൽ മാത്രമേ യഥാർത്ഥ പ്രയോജനം താഴേത്തട്ടിൽ എത്തുകയുള്ളൂ. അതിനാൽ റബ്ബർ മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ പങ്കാളിത്തത്തിൽ ഊന്നിയ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമേ ഈ നിയമത്തിന്റെ ലക്‌ഷ്യം സാക്ഷാൽകൃതമാകൂ.
റബ്ബർ- പ്രോത്സാഹനവും വികസനവും എന്ന ബില്ലിന്റെപശ്‌ചാത്തലം?
നാളിതുവരെ റബ്ബർ മേഖലയെ സംബദ്ധിച്ചു നിലനിന്നിരുന്നത് 1947 ലെ റബ്ബർ നിയമം ആയിരുന്നു. ഈ നിയമം പ്രധാനമായും രാജ്യാന്തര ആവശ്യം മുന്നിൽ കണ്ടുകൊണ്ടു പ്രാബല്യത്തിൽ കൊണ്ടുവന്ന ഒന്നായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ആഗോളത്തിൽ റബ്ബർ ഉൽപ്പന്നങ്ങളുടെ ഉപഭോഗം വർധിച്ചു. ഗ്ലൗസ് പോലെയുള്ള ഉൽപ്പന്നങ്ങൾ നിത്യോപയോഗ വസ്തുക്കളുടെ പട്ടികയിലേക്ക് മാറി. നമ്മുടെ രാജ്യത്തിൻറെ ആവശ്യത്തിനുപോലും ഇറക്കുമതി ചെയ്യേണ്ടി വരുന്ന അവസ്ഥ നിലനിൽക്കുന്നു. കാലഹരണപ്പെട്ട നിയമങ്ങളും സംവിധാനങ്ങളും വച്ച് നിലവിലെ സാഹചര്യങ്ങളോട് പൊരുതാൻ കഴിയില്ല എന്ന് മനസ്സിലാക്കിയത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ റബ്ബർ- പ്രോത്സാഹനവും വികസനവും എന്ന ബില്ല്. അതിനാൽ, പുരാതന വ്യവസ്ഥകൾ നീക്കം ചെയ്യുക, ബിസിനസ്സ് എളുപ്പത്തിൽ നടത്താൻ അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക, താഴെത്തട്ടിലെ മേഖലകളിൽ തുല്യ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബോർഡിന്റെ പ്രവർത്തനങ്ങൾ പുനരാവിഷ്കരിക്കുക, ലോകോത്തര റബ്ബർ വ്യവസായം വ്യാപിപ്പിക്കുന്നതിനു സംഭാവന ചെയ്യുക എന്നിവ മുന്നിൽ കാണുന്ന ഒന്നാണ് ഈ നിയമം. കൂടാതെ, റബ്ബർ ബോർഡിന്റെ പ്രവർത്തനങ്ങൾ സമഗ്രമായ രീതിയിൽ വിപുലീകരിക്കേണ്ടത് അത്യാവശ്യമായിരുന്നു. കാരണം പല സർക്കാർ പത്ഥതികളിലും Nodal Agency ആയി പോലും പ്രവർത്തിക്കുന്നതിനു റബ്ബർ ബോർഡിന് കഴിഞ്ഞിരുന്നില്ല. ഇതിനെല്ലാം ഉള്ള പരിഹാരം ഈ നിയമത്തിൽ നമുക്ക് പ്രധീഷിക്കാം.
ലക്ഷ്യങ്ങൾ
പ്രധാനമായും 3 ലക്ഷ്യങ്ങൾ ആണ് ഈ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, ഒന്ന്, റബ്ബറിന്റെ കയറ്റുമതി ഉയർത്തുക. രണ്ട്, സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങൾ പരമാവധി കർഷകരിൽ എത്തിക്കുക. മൂന്നു, റബ്ബർ കൃഷിയെയും വ്യവസായത്തെയും സംബാധിച്ച വിശ്വസനീയമായാ ഡാറ്റ ശേഘരിക്കുക. ഇവ നടപ്പിലാക്കാൻ ബില്ല് ശുപാർശ ചെയ്യുന്ന കാര്യങ്ങൾ താഴെ സൂചിപ്പിക്കാം.
- ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകൾ വഴി റബ്ബറിന്റെ വില് പ്പനയും ഉപഭോഗവും പ്രോത്സാഹിപ്പിക്കുക.
- ഇന്ത്യയിൽ നിന്ന് സംസ് കരിച്ചു ഉപഭോഗം ചെയ്യുന്ന റബ്ബറിന്റെ ഗുണനിലവാരം ഉയർത്തി, അവ കയറ്റുമതി ചെയ്യുക.
- സംസ്കരിച്ചു റബ്ബറിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുക.
- ചെറുകിട കൃഷിക്കാർ, കയറ്റുമതിക്കാർ, റബ്ബർ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് പങ്കാളികൾ എന്നിവരുൾപ്പെടെയുള്ളവരെ, കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പ്രോത്സാഹിപ്പിക്കുക.
- നൂതന സാങ്കേതിക വിദ്യയുടെ പ്രയോചനങ്ങൾ ചെറുകിട കർഷകരിലേയ്ക്കും എത്തിക്കുക.
- ചെറുകിട കൃഷിക്കാർക്ക് ന്യായവും, അവരുടെ പ്രയത്നത്തിന് അനുസരിച്ചുള്ളതുമായ വില ഉറപ്പു വരുത്തുക.
- ലഭ്യമായ ഏറ്റവും മികച്ച സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിന് പ്രോത്സാഹനം നൽകുക
- റബ്ബർ വ്യവസായത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് മാനവ വിഭവശേഷി പരിശീലനം നടത്തുകയോ സംഘടിപ്പിക്കുകയോ ചെയ്യുക.
- ഇന്ത്യയിലെ റബ്ബര് വ്യവസായത്തിലെ സമ്പ്രദായങ്ങളെ ആഗോള മികച്ച സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടുത്തുന്നു.
- ഇന്ത്യയിലെ റബ്ബർ വ്യവസായവുമായി ബന്ധപ്പെട്ട സാമ്പത്തിക, ശാസ്ത്രീയ, സാങ്കേതിക ഡാറ്റ, വിവരങ്ങൾ, സ്ഥിതിവിവരക്കണക്കുകൾ, പഠനങ്ങൾ എന്നിവ ശേഖരിക്കുകയും വിശകലനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി, പ്രോത്സാഹന പദ്ധതികൾ, സെമിനാറുകൾ, ശില്പശാലകൾ, ഗവേഷണ പ്രവർത്തനങ്ങൾ, മറ്റ് സമാനമായ പ്രോഗ്രാമുകൾ എന്നിവ ഉൾപ്പെടെ, അനുയോജ്യമെന്ന് തോന്നുന്ന പ്രവർത്തനങ്ങൾ റബ്ബർ ബോർഡ് ഏറ്റെടുത്തു നടത്തണം. അതിനായി, റബ്ബർ ബോർഡ്, ഡീലർമാർ, കയറ്റുമതിക്കാർ, കൃഷിക്കാർ, നിർമ്മാതാക്കൾ, പ്രോസസ്സറുകൾ, റബ്ബർ വ്യവസായത്തിലെ മറ്റ് വ്യക്തികൾ എന്നിവർക്ക് നിർദ്ദേശങ്ങളോ ഉപദേശങ്ങളോ നൽകണം.
റബ്ബർ ബോർടിന് നൽകുന്ന സുപ്രധാന ചുമതലകളും അവകാശങ്ങളും
- പുതിയ റബ്ബര് തോട്ടം വികസിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക, നിലവിലുള്ള റബ്ബര് തോട്ടം പുനരുജ്ജീവിപ്പിക്കുക, അനുബന്ധ പ്രവര്ത്തനങ്ങള് നടത്തുക
- റബ്ബര് ഉല്പ്പന്നങ്ങളുടെ വിപണനവും കയറ്റുമതിയും മെച്ചപ്പെടുത്തുക.
- ഇന്ത്യയിലും വിദേശ വിപണിയിലും റബ്ബറിന്റെ ആവശ്യകതയും വിപണിയും സംബന്ധിച്ച ഡാറ്റയും മറ്റ് വിവരങ്ങളും നിരീക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
- റബ്ബർ കൃഷിക്കാർ, പ്രോസസ്സർമാർ, റബ്ബർ ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കൾ എന്നിവർക്കിടയിൽ ഉൽപാദനവും ഉൽപാദനക്ഷമതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന ശാസ്ത്രീയവും സാങ്കേതികവുമായ ഉപദേശം നൽകുന്നു.
- ശാസ്ത്രീയവും സാങ്കേതികവും സാമ്പത്തികവുമായ ഗവേഷണങ്ങൾ ഏറ്റെടുക്കൽ, സഹായിക്കൽ, പ്രോത്സാഹിപ്പിക്കൽ എന്നിവ വഴി റബ്ബർ ഉത്പാദനം മെച്ചപ്പെടുത്തുക.
- റബർ മേഖലയിലെ തൊഴിൽ സാഹചര്യങ്ങൾ സുരക്ഷിതമാക്കുക, തൊഴിലാളികൾക്ക് സൗകര്യങ്ങളും, ജീവിത നിലവാരവും ഉറപ്പുവരുത്തുക.
- റബ്ബറുമായി ബന്ധപ്പെട്ട ഏതെങ്കിലും അന്തരഷ്ട്ര സമ്മളനത്തിലോ പദ്ധതിയിലോ പങ്കെടുക്കുന്നത്തിനായ് കേന്ദ്ര ഗവണ്മെന്റിനെ ഉപദേശിക്കുക.
- റബ്ബറിന്റെ ഇറക്കുമതിയും കയറ്റുമതിയും ഉൾപ്പെടെ, റബ്ബര് വ്യവസായത്തിന്റെ പ്രോത്സാഹനവും വികസനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കേന്ദ്രഗവണ്മെന്റിനെ ഉപദേശിക്കുക.
വളരെ പ്രദാനപ്പെട്ട സവിശേഷത കേന്ദ്ര ഗവണ്മെന്റ് തീരുമാനിക്കുന്ന പണം ലഭ്യമാകുന്നത് റബ്ബർ ബോർഡുവഴി മാത്രമായി പരിമിതപ്പെടുത്തി എന്നതാണ് . ഇതു വഴി പദ്ധതികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവും ആകും.
കേന്ദ്ര സർക്കാരിൻറെ ഇറക്കുമതി- കയറ്റുമതി നിയന്ത്രണാവകാശം
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉത്തരവിലൂടെ, റബ്ബറിന്റെ ഇറക്കുമതിയോ കയറ്റുമതിയോ നിരോധിക്കാനോ നിയന്ത്രിക്കാനോ കേന്ദ്ര സർക്കാരിന് ഈ ബില്ല് വ്യവസ്ഥ ചെയ്യുന്നു.1962 ലെ കസ്റ്റംസ് ആക്ട് സെക്ഷൻ 1 ലെ 125-ാം വകുപ്പ് പ്രകാരം ഇറക്കുമതി അല്ലെങ്കിൽ കയറ്റുമതി നിരോധിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യാനുള്ള അധികാരത്തെ മയപ്പെടുത്തി സാഹചര്യങ്ങൾക്കനുസരിച്ചു ‘ആകാം’ എന്നു അനുവദിച്ചിരിക്കുന്നത് ആശങ്ക വരുത്തുന്ന ഒന്നാണ്. ഈ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാതെയിരുന്നാൽ ജപ്തിക്കോ, പിഴക്കോ, ഒരു വർഷത്തേക്ക് തടവിനോ ശിക്ഷ ലഭിക്കും. ബിസിനസ്സ് വേളയിൽ ആവശ്യമാണെന്ന് കേന്ദ്ര ഗവൺമെന്റിന് തോന്നുന്നുവെങ്കിൽ, ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ള ഏതെങ്കിലും ഉല്പന്നത്തിന്റെ പരമാവധി വിലയോ മിനിമം വിലയോ അല്ലെങ്കിൽ ഈടാക്കേണ്ട പരമാവധി, മിനിമം വിലകളോ നിശ്ചയിക്കാം. കൃഷിക്കാരുടെ താല്പര്യങ്ങൾ എത്രമാത്രം ഇതിലൂടെ സംരക്ഷിക്കപ്പെടും എന്ന് വിശ്വസിക്കാൻ കഴിയുന്നതല്ല. വ്യവസായികളെ സംരക്ഷിക്കാനായി വേണമെങ്കിൽ കേന്ദ്ര സർക്കാരിന് വിലയിൽ ഏതുസമയത്തും മാറ്റം വരുത്താം. റബ്ബറിന്റെ വ്യത്യസ്ത ഉല്പന്നത്തിന്റെ വിതരണം പരമാവധി വ്യാപകമാക്കാൻ വിലയിലെ ഈ അസ്ഥിരത ആവശ്യമാണോ എന്ന് ധനകാര്യ വിദക്തർ പരിശോധിക്കേണ്ടതാണ്.
മറ്റൊന്ന്, ഏതെങ്കിലും വ്യക്തി പരമാവധി വിലയേക്കാൾ കൂടുതലോ കുറഞ്ഞ വിലയേക്കാൾ കുറവോ വിലയുള്ള റബ്ബർ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നുവെങ്കിൽ, ഒരു വർഷത്തേക്ക് അല്ലെങ്കിൽ പിഴയോടെ, അല്ലെങ്കിൽ രണ്ടിനും കൂടിയോ ഉള്ള ഒരു ടേമിന് അയാൾക്ക് തടവ് ശിക്ഷ ലഭിക്കും. ഇതിനർത്ഥം സംസ്ഥാന സർക്കാരുകൾക്ക് ഇനിമുതൽ താങ്ങുവില നൽകി കർഷകരെ സംരക്ഷിക്കാൻ കഴിയില്ല എന്നതാണ്. കോർപറേറ്റ് വിപണിയുടെ കടന്നുകയറ്റം റബ്ബർ മേഖലയിൽ ഉണ്ടായാൽ നോക്കുകുത്തിയായി സംസ്ഥാന സർക്കാർ ഇരിക്കേണ്ടിവരും. ഈ നിയമത്തിന് കീഴിൽ നടത്തുന്ന ഓരോ നിയമവും ഓരോ നിയന്ത്രണവും, അത് പാർലമെന്റിന്റെ ഓരോ സഭയ്ക്കും മുമ്പാകെ, തുടർച്ചയായ വശകലനങ്ങൾക്കു ശേഷം എത്രയും വേഗം, പരിഷ്കരിച്ച രൂപത്തിൽ മാത്രമേ പ്രാബല്യത്തിൽ വരികയോ നടപ്പിലാക്കുകയോ ചെയ്യാൻ പാടുള്ളൂ. ജങ്ങൾക്ക് ചർച്ച ചെയ്യാനുള്ള സമയം പരിമിതപ്പെടുത്തിയിരിക്കുന്നത് സംശയത്തിന് കാരണമാണ്. ഒരു പക്ഷെ ഡൽഹിയിലെ കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ആകാം ഇങ്ങനെ തിടുക്കത്തിൽ നിയമം പ്രാബല്യത്തിൽ വരുത്താൻ സർക്കാർ നിര്ബന്ധിതൻ ആയിരിക്കുന്നത്.
ഉപസംഹാരം
റബ്ബർ വ്യവസായം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരിക എന്ന അജണ്ട നിയമത്തിൽ സ്പഷ്ടമായി കാണാൻ കഴിയും. പൊതുതാൽപ്പര്യത്തിൻറെ പേരിൽ നിർമ്മിക്കപ്പെടുന്ന ഈ നിയമം കേരളത്തിലെ റബ്ബർ കർഷകരായ ന്യുനപക്ഷത്തെ സാരമായി ബാധിക്കും എന്നതിൽ മറ്റൊരു അഭിപ്രായമില്ല.
റബ്ബർ കർഷകർ പൊതുവെ ബൂർഷാ വിഭാഗമായിട്ടാണ് കേരളത്തിൽ കണക്കക്കപ്പെടുന്നത്. അതിനാൽ അവരുടെ വിലാപം ആരും കേൾക്കാനും സാധ്യതയില്ല. വരാൻ പോകുന്ന റബ്ബർ (പ്രോത്സാഹനവും വികസനവും) ബിൽ 2022 ൻറെ ഊരാക്കുടുക്കിൽ നിന്നും കർഷകരെ രക്ഷിക്കാൻ എന്തൊക്കെ ചെയ്യാമെന്ന് നാം ഇനിയുമെങ്കിലും കൂട്ടായി ചർച്ച ചെയ്യേണ്ടതാണ്.
നിയന്ത്രണത്തെക്കാൾ അനേക സാധ്യതകൾ പൊതുസമൂഹത്തിന്റെ മുന്നിൽ തുറന്നിടുന്ന ഒരു നിയമം ആയിട്ടാണ് വ്യക്തിപരമായി ഞാൻ ഈ നിയമത്തെ കാണുന്നത്. റബ്ബർ ഉത്പന്നങ്ങളുടെ ആഗോള വിപണിയെ ലക്ഷ്യം വച്ച് തയ്യാറാക്കിയ നിയമം ആയതിനാൽ കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കണം എന്ന് പറയുന്നതിലെ അപ്രായോഗ്യത ആർക്കും മനസ്സിലാകും. ഇവിടെ ആഗോള വിപണിയിലെ വെല്ലുവിളികളോടെ മത്‌സരിക്കാൻ കർഷകരെ ആര് സജ്‌ജരാക്കും എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. രാവിലെ എണീറ്റ് ചാക്കുനൂലുകൊണ്ട് ഓട്ടുപാലിന്റെ കറപിടിച്ച pants വലിച്ചുമുറുക്കി റബ്ബർ വെട്ടുന്നവനോട് കരുണകാട്ടാൻ ഒന്നും അവശേഷിപ്പിച്ചിട്ടല്ല ഈ നിയമം നടപ്പിലാകാൻ പോകുന്നത്. അതിനാൽ വ്യവസായത്തെ മുന്നിൽ കണ്ടുകൊണ്ട് സാമൂഹിക സംരഭങ്ങൾക്കു പ്രോത്സാഹനം കൊടുക്കാൻ ഓരോ കർഷക സംഘടനകളും തുറവികാട്ടണം. നമ്മുടെ ഗവേഷണ ശാലകളുടെയും നൂതന സാങ്കേതിക വിദ്യകളുടെയും സാദ്യധകൾ കർഷകരിലേയ്ക് എത്തിക്കാൻ കഴിഞ്ഞാൽ റബ്ബർ കർഷകരുടെ പ്രശ്നത്തിനു മാത്രമല്ല, എല്ലാ കർഷക വെല്ലുവിളികൾക്കും പരിഹാരം ആകും എന്നുകൂടെ പറഞ്ഞുകൊണ്ട് കൂടുതൽ ചർച്ചകൾക്കായി ഈ വിഷയം സമർപ്പിക്കുന്നു.
Fr Robin Pendanathu
Research scholar in Social Entrepreneurship
fr.pendanathu@gmail.com
99613 03053