മുത്തശ്ശിയേ കാത്തോളണേ, ‘നുമ്മടെ’ കൊച്ചിയെ!
വിജയദശമി ദിനത്തിലാണ് ഞാന്‍ ഈ ലേഖനം എഴുതാനിരുന്നത്. വാര്‍ത്തകളില്‍ തൊട്ടടുത്ത ദിവസം (ഒക്ടോ. 27) മുതല്‍ വീണ്ടും കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നുള്ള കാലാവസ്ഥാ പ്രവചനമുണ്ട്.
കനത്ത മഴ എന്നു കേള്‍ക്കുമ്പോള്‍ കൊച്ചിക്കാരുടെ ചങ്കിടിക്കും.
30,000 കിലോമീറ്റര്‍ ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള എറണാകുളം ജില്ലയുടെ 20% ഭൂപ്രദേശങ്ങളും താഴ്ന്നുകിടക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. നിര്‍ത്താതെ ഒരു ദിവസം മുഴുവന്‍ മഴ പെയ്താല്‍ കൊച്ചിക്കാര് വെള്ളത്തിലാകും.
തീവ്രമഴ മൂലം വെള്ളത്തില്‍ മുങ്ങിപ്പോകുന്നത് ഇപ്പോള്‍ കൊച്ചി മാത്രമല്ല. ഇക്കഴിഞ്ഞ ഒക്ടോബര്‍ 13-ന് തുടങ്ങിയ കനത്തമഴ ഹൈദ്രാബാദില്‍ കവര്‍ന്നെടുത്തത് 81 മനുഷ്യജീവനുകളാണ്.
ഒക്ടോബര്‍ 18 നാകട്ടെ വീണ്ടും മഴ പെയ്തു, വെള്ളപ്പൊക്കമുണ്ടായി. രണ്ടു പേര് കൂടി മരിച്ചു. ഹൈദ്രാബാദ് നഗരം മാത്രമല്ല ഇപ്പോള്‍ മഴക്കെടുതികള്‍ കൊണ്ട് ഞെരുങ്ങുന്നത്. മുംബൈ, ചെന്നൈ, ശ്രീനഗര്‍, ജയ്പൂര്‍, ബറോഡ തുടങ്ങിയ നഗരങ്ങളും കനത്ത മഴ നാശംവിതച്ച ഇന്ത്യന്‍ നഗരങ്ങളാണ്.
ഈ പട്ടികയില്‍ കൊച്ചിക്കും ഹൈദ്രാബാദിനും ഏറെ സാമ്യങ്ങളുണ്ട്. കൊച്ചിയില്‍നിന്ന് റോഡ് മാര്‍ഗ്ഗം 1062 കിലോമീറ്റര്‍ സഞ്ചരിച്ചാലേ ഹൈദ്രാബാദിലെത്തൂ. കാര്‍ യാത്രയ്ക്ക് 21 മണിക്കൂറും നാല് മിനിറ്റുമെന്നാണ് ഗൂഗിള്‍ കൊച്ചമ്മ പറയുന്നത്. എങ്കിലും, ഈ ദൂരം കാ ര്യമാക്കേണ്ട. രണ്ട് നഗരങ്ങളും ജലസമൃദ്ധങ്ങളാണെന്നതാണ് ആദ്യ ത്തെ കാര്യം. കൃഷ്ണാനദിയുടെ 22 കൈവഴികളില്‍ ഒന്നായ മുസി നദിയാണ് ഹൈദ്രാബാദിനരികിലൂടെ ഒഴുകുന്നത്. 1902-ല്‍ ഒറ്റ ദിവസം 17 ഇഞ്ച് മഴ പെയ്ത നാളില്‍ ഈ നഗരത്തില്‍ മരിച്ചത് 17,000 പേരായിരു ന്നു! ഇതോടെയാണ് രണ്ട് നഗരങ്ങള്‍ എന്ന ആശയം രൂപപ്പെട്ടതും, നടപ്പാക്കിയതും.
ഒരു ലക്ഷത്തിലേറെ തടാകങ്ങളുണ്ടായിരുന്നു ഹൈദ്രാബാദ് എന്ന പഴയ സംസ്ഥാനത്ത്. ഇവയില്‍ കുറെ മനുഷ്യര്‍ നിര്‍മ്മിച്ചതും, മറ്റുള്ളവ പ്രകൃതി രൂപപ്പെടുത്തിയതുമാണ്. നഗരത്തിന്റെ തടാകസംസ്കാരത്തെക്കുറിച്ച് ഒരു മലയാളി പില്ക്കാലത്ത് ആത്മകഥയില്‍ പരാമര്‍ശിച്ചിരുന്നു. ഇന്ത്യകണ്ട ‘മാനേജ്മെന്റ് ഗുരു’ക്കൡ പ്രധാനിയും ഭരണഘടനാ വിദഗ്ദ്ധനുമായ ഡോ. എം.വി. പൈലിയുടെ ആത്മകഥയ ലാണ് (‘സേവനത്തിന്റെ രാജപാതയില്‍’ എന്നു പേര്) ഹൈദ്രാബാദി ലെ തടാകങ്ങളെക്കുറിച്ച് വിവരിച്ചിട്ടുള്ളത്. ഒ.ഇ.എന്‍. ഇന്ത്യാ ലിമിറ്റഡിന്റെ ഡയറക്ടറായി 1972 മുതല്‍ 1990 വരെ ഡോ. പൈലി ഹൈദ്രാബാദില്‍ താമസിച്ചിരുന്നു.
ആ നഗരത്തിലെ പുകഴ്പെറ്റ തടാകങ്ങളുടെ ഔദ്യോഗിക കണക്കില്‍ ഹൈദ്രാബാദ് നഗരത്തിന്റെ ചുറ്റുവട്ടത്ത് മാത്രം ഇന്നുള്ളത് 185 തടാകങ്ങള്‍! നഗരത്തില്‍ വേരുപടര്‍ത്തിയ റിയല്‍ എസ്റ്റേറ്റ് മാഫിയ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭൂരിഭാഗം തടാകങ്ങളും നികത്തി ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിച്ചു. ചില തടാകങ്ങള്‍ നികത്തിയത് പാവങ്ങള്‍ക്ക് വീടു വയ്ക്കാനായിരുന്നുവെന്നാണ് രേഖകളില്‍. പേരിനു മാത്രം പാവങ്ങള്‍ക്കുള്ള വീടുകളും തൊട്ടടുത്ത് സമ്പന്നര്‍ക്കായുള്ള കോളനികളും ഉയര്‍ന്നുവെന്നു മാത്രം.
ഇപ്പോള്‍ കൊച്ചിക്കും ഹൈദ്രാബാദിനുമുള്ള സമാനതകളെക്കുറി ച്ച് ചില വായനക്കാരെങ്കിലും ഊഹിച്ചിട്ടുണ്ടാകും. കൊച്ചിയില്‍ കുളങ്ങള്‍ രക്ഷിക്കാന്‍ തമിഴ്നാട്ടുകാരനായ ഒരു കളക്ടര്‍ വേണ്ടിവന്നു! കനാലുകളുടെ കാര്യമോ? മഴയ്ക്ക് മുമ്പ് ചെളി വാരുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്ക് എന്തെങ്കിലും തടയുമെന്നതിനപ്പുറം എറണാകുളം നഗരത്തിലെ കനാലുകള്‍ കൊണ്ട് വല്ല കാര്യവുമുണ്ടോ? റെയില്‍വേ വകുപ്പും, ഇപ്പോള്‍ മെട്രോയും അടച്ചിട്ട കനാലുകള്‍ തുറക്കാന്‍ പോലും ഉ ദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ടെന്താ? മഴ പെയ്താല്‍ ‘എറണാകുളം’ അതിന്റെ പേരിന്റെ ‘കൊണം’ കാണിക്കും! അത്ര തന്നെ. കൈയേറിയ കനാലുകള്‍ വീതി കൂട്ടുന്നതിലോ, പുതിയവ വേണ്ടിടത്ത് നിര്‍മ്മിക്കുന്നതിലോ യാതൊരു ആ സൂത്രണവും നടക്കുന്നില്ല. നാം ഇ ത്രയും കാലം മണല്‍ച്ചിറ കെട്ടി നിര്‍ത്തിയ മഴക്കാലക്കെടുതികള്‍ അ തിന്റെ ഭീകര രൂപത്തില്‍ കൊച്ചിക്കാരെ ആക്രമിക്കാന്‍ വരുമ്പോള്‍, അ തിനെക്കുറിച്ച് യാതൊരു അങ്കലാപ്പുമില്ലാതെ നഗരസഭകളും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളുമെല്ലാം കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ബ്രേക്ക്ഡാന്‍സ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു!
ഹൈദ്രാബാദ് നഗരത്തിലെ എല്ലാ തടാകങ്ങളിലും ഇന്ന് മലിനജ ലം നിറഞ്ഞിരിക്കുന്നു. വീടുകളിലെ കക്കൂസ് മാലിന്യം പോലും തടാകങ്ങളിലേക്ക് തുറന്നു വിട്ടിരിക്കുന്നു. കൊച്ചിയിലും അതുതന്നെയല്ലേ സ്ഥിതി?
കനാലുകള്‍ക്കും കായലുകള്‍ക്കും നദികള്‍ക്കും അരികെയുള്ള ഭവന സമുച്ചയങ്ങളും വാണിജ്യ കെട്ടിടങ്ങളും ഫാക്ടറികളുമെല്ലാം മാലിന്യമത്രയും തള്ളുന്നത് എവിടേയ്ക്കാണെന്നറിയാന് വെറും കോ മണ്സെന്സ് മതി. തടാകങ്ങളുടെ ശ്മശാനമാണ് ഇന്ന് ഹൈദ്രാബാദ്. കൊച്ചിയാകട്ടെ, കനാലുകളെ ശ്വാസംമുട്ടിച്ചും കായലുകളെ ബലാല് ക്കാരം ചെയ്തും നദികളെ കൊല്ലാക്കൊല ചെയ്തും നമ്മെ ഭയാക്രാന്തരാക്കുന്നു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്ററോളജി എന്നൊരു സ്ഥാപനമുണ്ട്. അവരുടെ പഠനപ്രകാരം അറേബ്യന്‍ കടലിലെ മലിനീകരണമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം സൃഷ്ടിക്കുന്നതെ ന്ന് കണ്ടെത്തിക്കഴിഞ്ഞു. കഴിഞ്ഞ മുപ്പതു വര്‍ഷക്കാലത്തെ ഇന്ത്യന്‍ നഗരങ്ങളുടെ ഉപഗ്രഹചിത്രങ്ങള്‍ ചുരുങ്ങിപ്പോകുകയോ ഒടുങ്ങിപ്പോകുകയോ ചെയ്യുന്ന ജലസമ്പുഷ്ട മേഖലകളുടെ വികൃതചിത്രം വരച്ചു കാണിക്കുന്നുണ്ട്. രണ്ട് പ്രളയങ്ങള്‍ ദുരന്തം വിതച്ച കേരളത്തെയും കൊച്ചിയെയും രക്ഷിക്കാന്‍ ആരുണ്ട്?
ഹൈദ്രാബാദിനെ സംബന്ധിച്ച ഒരു പ്രവചനം കൂടി കേള്‍ക്കൂ: 2040, 2045, 2068, 2088, 2098 എന്നീ വര്‍ഷങ്ങളില്‍ ഈ നഗരത്തില്‍ ഒറ്റ ദിവ സം മാത്രം 27 സെന്റിമീറ്റര്‍ മുതല്‍ 69 വരെ വര്ഷപാതമുണ്ടാകുമത്രെ. അത് ഹൈദ്രാബാദിലല്ലേ, എന്ന് ചിന്തിക്കാന്‍ വരട്ടെ. കാരണം, ഹൈ ദ്രാബാദില് കനത്തമഴ പെയ്ത 2020 ഒക്ടോബര്‍ 12 ലും 13 ലും അതേ ശൗര്യത്തോടെ കനത്ത മഴ പെയ്തത് തെലങ്കാന, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ കൂടിയായിരുന്നു! കോവിഡ് കാലത്തെ പ്ര ളയം നമ്മെ ഇരട്ടി ദുരിതത്തിലാക്കുമെന്ന കാര്യം മറക്കരുത്. കാരണം, കോവിഡ് 19 ന്റെ വൈറസുകള്‍ പ്രളയജലത്തില്‍ 15 ദിവസം വരെ ജീ വിച്ചിരിക്കുമെന്ന കണ്ടെത്തല്‍ ഒരു ഗവേഷണ റിപ്പോര്‍ട്ടില്‍ വായിച്ചത് ശരിയാകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. അതല്ലെങ്കില്‍, തലവാചകത്തിലെ കുതിരവട്ടം പപ്പുവിന്റെ സിനിമാ ഡയലോഗ് പോലെ ‘മുത്തശ്ശിയേ, കാത്തോളണേ’ എന്ന് വിളിച്ച് കൂവാം. അടുത്ത കനത്തമഴയ്ക്കു മുമ്പ് കുടയെടുത്തു നടന്നാല്‍ പോരാ, കൊച്ചിക്ക് ചുറ്റുമുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സംയുക്തമായി ആലോചിച്ച് എന്തെങ്കിലും ചെയ്യണം.
നിലവിലു ള്ള ഭരണസമിതികളില്‍ തമ്മില്‍ത്തല്ലി കാലം തികച്ചതുപോലെയാകരുത്, ഇനി. എന്തെങ്കിലും ജനത്തിനുവേണ്ടി ചെയ്യാന്‍ നോക്ക്! കക്കണം, കക്കണം എന്നു ചിന്തിക്കാം. കുഴപ്പമില്ല. കട്ടതുമായി ജീവിച്ചിരിക്കാന്‍ ഒരു തരിമണ്ണ് വേണ്ടേ? അതുകൂടി ഒലിച്ചുപോകുന്ന അവസ്ഥയിലെങ്കി ലും ജനത്തിനുവേണ്ടി കൈകോര്‍ക്കാന്‍ ശ്രമിക്കണേ. പഞ്ചായത്തുകള്‍ ജനങ്ങള്‍ക്ക് പഞ്ചാപത്തുകളാണിപ്പോള്, നഗരസഭ നരകസഭയും. മുന്സിപ്പാലിറ്റിയെക്കുറിച്ച് ഇത്തരമൊരു പാരഡി പറയാമെങ്കിലും, അ ത് സഭ്യതയ്ക്ക് നിരക്കാത്തതായേക്കാം. അതുകൊണ്ട് നിര്‍ത്തുന്നു.
ആന്റണി ചടയംമുറി