ഉമ്മൻ ചാണ്ടി സാറിന് കുടുംബം ചികിത്സ നിഷേധിക്കുന്നു എന്ന് പറയുന്നത് ആ കുടുംബത്തോടും ആ കുടുംബത്തിന്റെ നാഥനായ ഉമ്മൻ ചാണ്ടി സാറിനോട് തന്നെയും കാണിക്കുന്ന ക്രൂരത അല്ലേ ?

Share News

കുടുംബപരമായും വ്യക്തിപരമായും വളരെ അധികം അടുപ്പമുണ്ടായിരുന്ന, തലസ്ഥാന നഗരിയിലെ ഒരു കത്തോലിക്ക മെത്രാൻ, തന്റെ പിതാവിന്റെ ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത് ഒരാഴ്ച കഴിഞ്ഞപ്പോൾ കോവിഡ് ബാധിതനായി .

ആദ്യമൊന്നും അദ്ദേഹം സംഗതി സീരിയസ് ആയിട്ട് എടുത്തില്ല . ഏത് ഹോസ്പിറ്റൽ പോകണം, ഏത് ഡോക്ടറെ കാണണം എന്നൊക്കെ അദ്ദേഹം തന്നെ ആണ് തീരുമാനിച്ചത്. ഇടക്ക് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് മേടിച്ചതും കോവിഡ് ആയത് കൊണ്ട് അരമനയിലേക്ക് പോകാതെ കുറച്ച് സ്വകാര്യത കിട്ടുന്ന മറ്റൊരു വാസസ്ഥലം തിരഞ്ഞെടുത്തതും ഒക്കെ അദ്ദേഹത്തിന്റെ തന്നെ തീരുമാനങ്ങൾ ആയിരുന്നു. ഫോൺ കോളുകൾ അധികം ഉണ്ടായിരുന്നില്ലെങ്കിലും ഇടക്ക് ഒന്ന് കിട്ടിയപ്പോൾ, “ഇതൊന്നും വല്യ പ്രശ്നം അല്ല നമ്മുടെ പകുതിപോലും സൗകര്യങ്ങൾ ഇല്ലാത്ത, ചികിത്സ ലഭിക്കാത്ത പതിനായിരങ്ങൾ മരിച്ചുവീഴുമ്പോൾ നമ്മൾക്ക് ഇത്രയും നല്ല സംവിധാനങ്ങൾ കിട്ടുന്നുണ്ടല്ലോ എന്ന് ദൈവത്തെ സ്തുതിക്കുകയാണ് വേണ്ടത്” എന്നൊക്കെ പറഞ്ഞത് ഇന്നും ചെവികളിൽ മുഴുങ്ങുന്നുണ്ട്. പക്ഷെ സംഗതി പെട്ടെന്ന് വഷളായി. അദ്ദേഹം ചികിത്സക്ക് പോയിരുന്ന ഹോസ്പിറ്റലിൽ തന്നെ വീണ്ടും അഡ്മിറ്റ് ആയി . മരണത്തിനും ജീവനും ഇടയിലൂടെ ആറുമാസത്തോളം കഴിഞ്ഞ അദ്ദേഹം അവസാനം മരണപ്പെട്ടു.

അദ്ദേഹം അബോധാവസ്ഥയിൽ ആയപ്പോഴാണ് അദ്ദേഹത്തിന്റെ കൂടെയുള്ളവർക്ക് നാല് വശത്ത് നിന്നും നിന്നും ഏറ് കിട്ടാൻ തുടങ്ങിയത്. കോവിഡ് കാലത്ത് തെരുവിലെ പാവങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ ഓടിനടന്നിരുന്ന, പാചകപുരയിലെ പാചകക്കാരനായും വിളമ്പുകാരനായും ഒക്കെ അവരിലൊരാൾ ആയി മാറിയ അദ്ദേഹത്തിന്റെ ചിന്ത തെരുവിലെ പാവങ്ങൾക്ക് കിട്ടുന്ന ഭക്ഷണവും ചികിത്സയും ഒക്കെ മതി നമുക്കും എന്നതായിരുന്നു. അതിനപ്പുറത്തേക്ക് പോകാൻ സുബോധം ഉണ്ടായിരുന്ന സമയത്ത് കൂടെ ഉണ്ടായിരുന്ന ആരെയും അനുവദിച്ചിരുന്നുമില്ല. അദ്ദേഹത്തിന് സുബോധം നഷ്ടപ്പെട്ട് സംസാരിക്കാനും മറ്റും വയ്യാതായ സമയത്താണ് അദ്ദേഹത്തെ ‘സ്നേഹിച്ചിരുന്നവരും സ്നേഹിക്കുന്നു എന്ന് പറയുന്നവരും കഥ അറിയുന്നവരും കഥ അറിയാത്തവരും’ എല്ലാം കൂടി ‘പിതാവിന് നല്ല ചികിത്സ കിട്ടുന്നില്ല’ എന്നും പറഞ്ഞിറങ്ങിതിരിച്ചത്.

ഓരോ കാര്യങ്ങളും അദ്ദേഹത്തിൻറെ ഇഷ്ടത്തിനും തീരുമാനത്തിനും വിധേയമായി മാത്രം ചെയ്തിരുന്ന മറ്റ് ഉത്തരവാദിത്വപ്പെട്ടവർ എല്ലാവരും പ്രതിക്കൂട്ടിലായി . സോഷ്യൽ മീഡിയ, ഓൺലൈൻ, മഞ്ഞ പത്രങ്ങൾ എല്ലാവർക്കും ചാകര..

മറ്റൊരിക്കൽ 75 – 80 വയസുള്ള, വളരെ അടുപ്പം ഉള്ള ഒരു അമ്മച്ചിക്ക് ക്യാൻസർ ആയി. വളരെ അടുപ്പമുള്ള, പ്രശസ്തനായ ഒരു ഡോക്ടറുമായി ചികിത്സയെ കുറിച്ച് സംസാരിച്ചു. അദ്ദേഹം അമ്മച്ചിയുടെ റിപ്പോർട്ടും കാര്യങ്ങളും ഒക്കെ നോക്കി, ചികിൽസിക്കുന്ന ഹോസ്പിറ്റലിലെ സുഹൃത്തുക്കളായ ഡോക്ടർമാരുമായി സംസാരിച്ചതിന് ശേഷം എന്നോട് പറഞ്ഞത് കീമോ അടക്കമുള്ള ചികിത്സക്ക് ആ അമ്മച്ചിയെ വിട്ടുകൊടുക്കരുത് എന്നാണ്. ഒരുപക്ഷേ ഇപ്പോഴത്തെ അവസ്ഥയിൽ ഒന്നും ചെയ്യാതെ തന്നെ അമ്മച്ചി കുറച്ച് നാളുകൾ കൂടി ശാന്തമായി ജീവിക്കാം. കീമോ ചെയ്താലും അത്രയൊക്കെയേ ഉള്ളൂ. 80 വയസുള്ള ഒരാൾ ഇനി എത്ര കാലം കൂടി ജീവിക്കും എന്നാണ് കരുതുന്നത് ?

മാത്രവുമല്ല, കീമോ ഒക്കെ ചെയ്താൽ പൊതുവെ മെലിഞ്ഞ, വല്യ ആരോഗ്യം ഒന്നും ഇല്ലാത്ത അമ്മച്ചിക്ക് അത് കൂടുതൽ പ്രശ്നങ്ങളും ഉണ്ടാക്കാം. എന്നിട്ട് എന്നോട് അദ്ദേഹം പറഞ്ഞു, “ബാബുവിനും പൊതുവെ നമ്മുടെ ആളുകൾക്കും അംഗീകരിക്കാൻ സാധിക്കാത്ത ഒരു കാര്യം കൂടി ഞാൻ പറയാം . ഇത്തരം സാഹചര്യത്തിൽ അവർക്ക് സങ്കീർണ്ണമായ ചികിത്സയേക്കാൾ വലുത് കൂടുതൽ സന്തോഷകരമായി ഇനിയുള്ള കാലം ജീവിക്കാൻ ഉള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുക എന്നതാണ് നല്ലത് ” എന്ന് വെച്ചാൽ സമാധാനമായി മരിക്കാൻ അനുവദിക്കുക എന്നത് തന്നെ. എനിക്ക് അടുപ്പമുള്ള അമ്മച്ചി ആയത് കൊണ്ടായിരിക്കും അത്ര പച്ചക്ക് പറയാഞ്ഞത് .

ഇതൊക്കെ ഇപ്പോൾ ഓർക്കേണ്ടി വരുന്നത് ഉമ്മൻ ചാണ്ടി സാറുമായി ബന്ധപ്പെട്ട ചികിത്സ വിവാദം കാരണം ആണ് . (ചികിത്സക്ക് പോകുമ്പോളും വായിൽ കോല് കുത്തികയറ്റി ആ പാവത്തിനെ ഉപദ്രപിക്കുന്ന വീഡിയോ ഒക്കെ കണ്ടപ്പോൾ അവന്റെ മോന്തക്കിട്ട് ഒരെണ്ണം കൊടുക്കാൻ അവിടെ ആരും ഇല്ലാതായിപ്പോയല്ലോ എന്ന സങ്കടം വേറെ).

എനിക്ക് വളരെ അടുപ്പമുള്ള ചിലരെങ്കിലും ഉമ്മൻ ചാണ്ടി സാറിന്റെ ചികിത്സ കാര്യങ്ങളിൽ നേരിട്ട് ഇടപെട്ടിട്ടുണ്ട്, അടുത്ത സുഹൃത്തായ ഡോക്ടർ അടക്കം. ആദ്യഘട്ടത്തിൽ കേരളത്തിന് പുറത്തുള്ള, പ്രത്യേകിച്ച് വിദേശത്തുള്ള ചികിത്സക്ക് അദ്ദേഹം എതിരായിരുന്നു. നമ്മുടെ നാട്ടിൽ കിട്ടുന്ന ചികിത്സ ഒക്കെ മതി എന്നതായിരുന്നു അദ്ദേഹത്തിന്റെ നിർബന്ധം. എന്നിട്ടും പലരുടെയും നിർബന്ധം കാരണം ആദ്യഘട്ടത്തിൽ അമേരിക്കയിൽ പോയി.

നമ്മുടെ നാട്ടിലെ ഡോക്ടർമാരെക്കാൾ ഇത്തരം രാജ്യങ്ങളിൽ രോഗിയോടും അടുത്ത ബന്ധുക്കളോടും അവിടുത്തെ ഡോക്ടർമാർ യഥാർത്ഥ അവസ്ഥ കൃത്യമായി പങ്കുവെക്കും. യാഥാർഥ്യബോധത്തോടെ രോഗിക്കും ബന്ധുക്കൾക്കും മുന്നോട്ട് പോകാൻ അത് സഹായിക്കും. അതുകൊണ്ടുതന്നെ നമുക്ക് ആർക്കും അറിയാൻ വയ്യാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് . ആ കാര്യങ്ങൾ അറിയുന്നതും അതിന് അനുസരിച്ച് തീരുമാനം എടുക്കേണ്ടതും രോഗിയും വീട്ടുകാരും ആണ്. ഇത്രയും പ്രായമായി, ഈ ജീവിതം സമാധാനമായി പര്യവസാനിപ്പിക്കണം എന്നാണ് ഒരാളുടെ തീരുമാനം എങ്കിൽ അത് തടയാൻ വീട്ടുകാർക്ക് പോലും അവകാശം ഇല്ല .

ഇതൊക്കെ ആണെങ്കിലും പിന്നീട് അദ്ദേഹം ജർമ്മനിക്കും ബാംഗ്‌ളൂരിനും ചികിത്സക്ക് പോകുന്നത് നമ്മൾ കണ്ടു. ഉമ്മൻ‌ചാണ്ടി എന്ന മനുഷ്യന്റെ രീതി വെച്ച് ഒട്ടും സന്തോഷത്തോടെ ആയിരിക്കില്ല അത് എന്നുറപ്പ് .

അപ്പോൾ, ഉമ്മൻ ചാണ്ടി സാറിന് കുടുംബം ചികിത്സ നിഷേധിക്കുന്നു എന്ന് പറയുന്നത് ആ കുടുംബത്തോടും ആ കുടുംബത്തിന്റെ നാഥനായ ഉമ്മൻ ചാണ്ടി സാറിനോട് തന്നെയും കാണിക്കുന്ന ക്രൂരത അല്ലേ ?

ഇനി ചില ഊഹങ്ങൾ വെച്ച് ഒന്ന് രണ്ടു കാര്യങ്ങൾ ചോദിക്കട്ടെ ..

ഡോക്ടർമാർ അദ്ദേഹത്തോട് പറഞ്ഞിരിക്കുന്നത്, “ഡോക്ടർമാർക്ക് ചെയ്യാവുന്ന കാര്യങ്ങൾ ഒക്കെ ചെയ്തിട്ടുണ്ട്. ഇനിയൊക്കെ ഈശ്വരന്റെ കൈയിൽ ആണ്” എന്നാണ് എന്ന് കരുതുക. (പൊതുവെ നമ്മുടെ ഇടയിൽ അങ്ങനെ ഒക്കെ ആണല്ലോ ഒരാളെ ആശ്വസിപ്പിക്കുക). അപ്പോൾ തികഞ്ഞ ദൈവ വിശ്വാസി ആയ ഉമ്മൻചാണ്ടി സാർ സ്വാഭാവികമായും എന്ത് ചെയ്യും ? അദ്ദേഹം കുറച്ചുകൂടി ആത്മീയമായി കാര്യങ്ങളെ നോക്കി കാണും. അതാണ് അദ്ദേഹത്തിന് സന്തോഷം നൽകുന്നത് എങ്കിൽ ആർക്കാണ് ഇത്ര പ്രശ്നം ?

അല്ലങ്കിൽ, പാലിയേറ്റിവ് കെയ്റോ വേദനക്കും മനസുഖത്തിനും ഉതകുന്ന ആയുർവേദ ചികിത്സയോ അല്ലങ്കിൽ അദ്ദേഹത്തിന് വിശ്വസനീയമായ മറ്റെന്തെങ്കിലും ചികിത്സ രീതികളോ സ്വീകരിച്ചുകൊണ്ട് ഇനി ആശുപത്രിയിൽ ഒന്നും പോകണ്ട , മക്കളുടെയും കൊച്ചുമക്കളുടെയും സാമീപ്യവും സന്തോഷവും ഒക്കെ അനുഭവിച്ച് വീട്ടിൽ തന്നെ സമാധാനപരമായി ഈ ലോകത്തോട് യാത്ര പറയണം എന്നാണു അദ്ദേഹത്തിന്റെ ആഗ്രഹം എങ്കിൽ അത് പറ്റില്ല എന്ന് പറയാൻ ആർക്കാണ് അവകാശം ? വേണമെങ്കിൽ അദ്ദേഹത്തിന് comfortable ആയ ഡോക്ടർമാർക്ക് വീട്ടിൽ വന്നിട്ട് അദ്ദേഹത്തെ പരിശോധിക്കാമല്ലോ.

നമുക്കൊക്കെ ഉമ്മൻ ചാണ്ടി സാറിനോട് ഒരുപാട് സ്നേഹം ഉണ്ട്. എന്ന് കരുതി നമുക്ക് സ്നേഹം ഉള്ളവരോ നമ്മളെ സ്നേഹിക്കുന്നവരോ ഒന്നും ഈ ലോകത്തിൽ നിന്ന് പോകാൻ പാടില്ല എന്ന് പറയാൻ പറ്റുമോ ? എത്ര ഇഷ്ടമുള്ളവരായാലും പോയേ പറ്റൂ. അത് എന്ന് , എങ്ങനെ , എപ്പോൾ എന്നത് ഒന്നും നമുക്ക് തീരുമാനിക്കാൻ പറ്റില്ല എന്ന് മാത്രം.

പക്ഷേ ഈ കോലാഹലം ഒക്കെ സൃഷ്ടിക്കുന്നവർ ഉമ്മൻ ചാണ്ടിയോടോ പ്രായമുള്ള മനുഷ്യരോടോ ഉള്ള സ്നേഹം കൊണ്ടാണ് ഒച്ചപ്പാടുകൾ ഉണ്ടാക്കുന്നത് എന്ന് കരുതരുത്. പ്രായമുള്ള മനുഷ്യരോട് സ്നേഹം ഉള്ളവർ ആയിരുന്നെങ്കിൽ ഇതിനേക്കാൾ പ്രായമുള്ള ഒരു മനുഷ്യൻ ഉമ്മൻചാണ്ടിയുടെ വീടിന് ഏതാനും കിലോമീറ്റർ അകലെ കിടപ്പുണ്ട്. അദ്ദേഹവും കേരള മുഖ്യമന്ത്രി ആയിരുന്നു. അദ്ദേഹത്തിന് എന്താണ് അസുഖം , ഇപ്പോൾ എങ്ങനെ ഉണ്ട് , ഫുഡ് കഴിക്കുന്നുണ്ടോ വീട്ടുകാർ നോക്കുന്നുണ്ടോ ഇത് ആരെങ്കിലും അന്യോഷിക്കുന്നുണ്ടോ ?

അപ്പോൾ ഉമ്മൻചാണ്ടിയോട് ഈ കാണിക്കുന്ന ‘സ്നേഹം’ വേറെ ഉദ്ദേശത്തിൽ ആണ്. ഉമ്മൻ ചാണ്ടിക്ക് ശേഷം പുതുപ്പള്ളിയിൽ ആര് എന്ന വിഷയവുമായി ബന്ധപ്പെട്ട് ചില ‘ബന്ധുക്കളെയും സുഹൃത്തുക്കളെയും’ കൂട്ടുപിടിച്ച് ഇടതുപക്ഷ സൈബർ ഗുണ്ടകൾ അഴിച്ചുവിട്ട പ്രചാരണം ആണ് അതിൽ പ്രധാനപെട്ടത്. ഏതെങ്കിലും കാരണവശാൽ ചാണ്ടി ഉമ്മൻ കടന്നുവരാൻ സാഹചര്യം ഉണ്ടായാൽ അതിന് തട ഇടണം. അതിനുള്ള പ്രാഥമിക സന്നാഹങ്ങൾ ആണ് ഇതൊക്കെ. അതായത് ഉമ്മൻ ചാണ്ടിക്ക് നല്ല ചികിത്സ കൊടുക്കാത്ത മകൻ എന്നൊരു പ്രചാരണം ഇപ്പോഴേ അഴിച്ചുവിടുക. അത്ര തന്നെ .

അല്ലങ്കിൽ മൂന്ന് മക്കൾ ഉള്ളതിൽ ചാണ്ടി ഉമ്മന് മാത്രമേ അപ്പനെ ശുശ്രൂഷിക്കാൻ സാധിക്കുകയുള്ളോ ? പെൺമക്കൾക്ക് അപ്പനെ ശുശ്രൂഷിച്ചൂടെ ? (ഉമ്മൻ ചാണ്ടിയുടെ മക്കൾ എല്ലാവരും അദ്ദേഹത്തെ പൊന്നുപോലെ നോക്കുന്നുണ്ട് )

അപ്പോൾ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം അല്ല തൽപര കക്ഷികളുടെ ലക്ഷ്യം, ആ കുടുംബത്തിന്റെ തകർച്ച ആണ് . ഉമ്മൻ ചാണ്ടിയുടെ നല്ല കാലത്ത് അദ്ദേഹത്തെ കൊല്ലാകൊല ചെയ്ത നരഭോജികൾ, ഈ അവസാന കാലഘട്ടത്തിൽ അദ്ദേഹം ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന കുടുംബാംഗങ്ങളെ ചെളിവാരി എറിഞ്ഞ്, അദ്ദേഹം സമാധാനമായി മരിക്കരുത് എന്ന് പോലും തീരുമാനിച്ചിരിക്കുന്നു. ഇത്രയും വിഷങ്ങൾ വേറെ എവിടെ എങ്കിലും ഉണ്ടാകുമോ ?

80 വയസ് ഉള്ള, ആരോഗ്യം കുറഞ്ഞ് കുറഞ്ഞ് വരുന്ന, തന്റെ അവസാന കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്ന ഒരു മനുഷ്യനു ഈ അവസരത്തിൽ മനസമാധാനം ആണ് ആവിശ്യം. അത് പോലും കൊടുക്കാതിരിക്കുക എന്നതാണ് കുറെ ‘ബന്ധുക്കളും സുഹൃത്തുക്കളും പിന്നെ മാധ്യമങ്ങളും’ കൂടി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.

വൽകഷ്ണം : വ്യകതിപരമായി എന്നോട് ചോദിച്ചാൽ…. നമ്മുടെ കൈലിരുപ്പ് വെച്ച്, ഉമ്മൻ ചാണ്ടിസാറിനെ പോലെ 80 വയസ് വരെ പോകും എന്ന പ്രതീക്ഷ ഒന്നും ഇല്ല. അതുവരെ എത്തിയാലും ഇല്ലങ്കിലും സുഖപ്പെടുത്താൻ സാധിക്കാത്ത വിധത്തിലുള്ള ഏതെങ്കിലും അസുഖം എനിക്ക് പിടിപെട്ടാൽ , ഡോക്ടർമാർക്ക് പ്രതീക്ഷ ഇല്ലാത്ത ഒരു അവസ്ഥയിൽ പിന്നെയും ‘വെന്റിലേറ്ററിൽ ‘ ഇട്ടുള്ള ഒരു ചികിത്സയും എനിക്ക് ചെയ്യരുത് എന്നതാണ് എന്റെ ആഗ്രഹം. നാടും വീടും വിട്ട് , ഒരുപാട് സന്തോഷങ്ങൾ ഒക്കെ ത്യജിച്ച് കണ്ണിൽ കണ്ട അറബിയുടെ വായിൽ വരുന്നതൊക്കെ കേട്ട് ഉണ്ടാക്കിയ കാശും പിന്നെ കടം മേടിച്ച കാശും എല്ലാം ഏതെങ്കിലും ആശുപത്രിയിൽ കൊണ്ടുകൊടുത്ത്, വീട്ടുകാർക്ക് സാമ്പത്തിക ഭാരം കൂടി ഏൽപിച്ച്, അടുത്ത തലമുറയെ കൂടി നശിപ്പിച്ച് പോകുന്നതിനേക്കാൾ എത്രയോ നല്ലതാണ് സ്വന്തം വീട്ടിൽ കിടന്ന് സമാധാനമായി ഈ ലോകത്തിൽ നിന്നും പോകുന്നത് .

മറുപുറം : ഇപ്പോൾ ഉമ്മൻ ചാണ്ടിക്ക് വേണ്ടി മുതല കണ്ണുനീർ ഒഴുക്കുന്ന മാധ്യമങ്ങളുടെ മേശ വലിപ്പ് തുറന്നു നോക്കിയാൽ (കമ്പ്യൂട്ടറുകൾ ചെക്ക് ചെയ്താൽ ) ഉമ്മൻ ചാണ്ടിയുടെ 8 കോളം മരണ വാർത്തയും കുഞ്ഞുന്നാളിൽ മുതൽ ഉള്ള പല സൈസ് ഫോട്ടോകളും ഫീച്ചറുകളും അടക്കം ഉമ്മൻ ചാണ്ടിയുടെ മരണം ആഘോഷമാക്കാൻ വേണ്ടതെല്ലാം ഉണ്ടാകും. അതൊക്കെ തയ്യാറാക്കി വെച്ചിട്ടാണ് ഉമ്മൻ ചാണ്ടിക്ക് ചികിത്സ കിട്ടുന്നില്ല എന്ന് ഈ കശ്മലന്മാർ താളം അടിക്കുന്നത്.

പണ്ട് CD തപ്പിപ്പോയപ്പോൾ ആ മനുഷ്യനെ ആക്ഷേപിക്കാൻ ലൈവ് വിട്ട ഇവന്മാർക്ക് ഉമ്മൻ ചാണ്ടിയുടെ ദേഹവിയോഗവും മറ്റൊരു സെൻസേഷണൽ വാർത്ത മാത്രം.

BKT

Babu K Thomas

Share News