‘അതിഥി’കളിലെ ക്രിമിനലുകളും ലഹരിയും‘|ഷെവലിയര്‍ അഡ്വ. വി. സി. സെബാസ്റ്റ്യൻ

Share News

‘അതിഥി’കളുടെയിടയില്‍ ഭീകരവാദ കണ്ണികളോ?

കേരളം അന്യസംസ്ഥാന രാജ്യാന്തര ക്രിമിനലുകളുടെ താവളമായി മാറിയോ? ഈ വിഷയത്തിലെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ കേരളം വിശദമായി ചര്‍ച്ചചെയ്യാത്തത് നിര്‍ഭാഗ്യകരമാണ്. 5 വര്‍ഷത്തിനിടെ 3650ലേറെ ക്രിമിനല്‍ കേസുകളാണ് അതിഥിത്തൊഴിലാളികളുടേതായി കേരളത്തിലുള്ളത്. 2021ല്‍ മാത്രം 1059 പേര്‍ പ്രതികള്‍. മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ പേരില്‍ പ്രതികളായവര്‍ വേറെ. കേരളത്തിലെ വിവിധ ജയിലുകളില്‍ കൊലക്കയര്‍ കാത്തുകഴിയുന്ന 16 പേരില്‍ 3 പേര്‍ അതിഥികളുടെ കൂട്ടത്തില്‍പ്പെടുന്നു. 2021 ല്‍ അതിഥിത്തൊഴിലാളികളുടേതായി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 17 എണ്ണം കൊലപാതകമാണ്. പത്തെണ്ണം കൊലപാതകശ്രമവും. 116 സ്വത്തുകേസും 29 ബലാത്സംഗക്കേസും 31 കേസുകള്‍ പോക്‌സോ പ്രകാരമുള്ള കുട്ടികളെ പീഡിപ്പിച്ചതുമാണ്.

2022 ല്‍ രജിസ്റ്റര്‍ ചെയ്തത് 1348 ക്രിമിനല്‍ കേസുകളാണ്. 2023 ഓഗസ്റ്റ് 23 ആയപ്പോഴേയ്ക്കും കുറ്റകൃത്യങ്ങളുടെ എണ്ണം 1336 ആയി. 2016 മുതല്‍ 2023 ഓഗസ്റ്റ് എട്ടുവരെയുള്ള കാലയളവില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ടത് 161 കൊലപാതക കേസുകളിലാണ്. ഇക്കാലയളവില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടായത് പോക്‌സോ അടക്കം 834 കേസുകള്‍. ആലുവയില്‍ ബാലികയെ പീഡിപ്പിച്ചുകൊന്നതടക്കമുള്ള കേസും ഇതില്‍ ഉള്‍പ്പെടും. പൈശാചികവും ഹീനവുമായ ഈ കുറ്റകൃത്യം നടത്തിയത് അസ്ഫാഖ് എന്ന ‘അതിഥി’യാണ്. എറണാകുളം, മലപ്പുറം എന്നിവിടങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളായ കേസുകള്‍ കൂടുതല്‍. 2023 ഓഗസ്റ്റ് 23 വരെയുള്ള കണക്കുകള്‍ പ്രകാരം എറണാകുളം സിറ്റിയില്‍ 177 കേസുകളും റൂറലില്‍ 422 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം റൂറലില്‍ 2018 ല്‍ ഉണ്ടായിരുന്നത് 208 കേസുകളായിരുന്നു. മലപ്പുറത്ത് 2018ല്‍ 74 കേസുകളാണ് ഉണ്ടായിരുന്നതെങ്കില്‍ 2023 ലിത് 225 ആയി ഉയര്‍ന്നു.

ഇതൊരു മുന്നറിയിപ്പാണ്

കേരളത്തില്‍ അടുത്ത നാളുകളില്‍ നടന്ന പല കൊലപാതകങ്ങളും നിരവധി അക്രമങ്ങളും ഉള്‍പ്പെടെ വിവിധ കുറ്റകൃത്യങ്ങളിലും അതിഥിത്തൊഴിലാളികള്‍ പ്രതിസ്ഥാനത്ത് എത്തി. കഞ്ചാവും മയക്കുമരുന്നും കടത്തുന്ന ഏജന്റുമാരും ഇവരുടെയിടയിലുള്ളതായി ആരോപണമുയരുന്നു.

2023 ഏപ്രില്‍ 22ന് തൊടുപുഴയ്ക്കടുത്ത് വെങ്ങല്ലൂരില്‍ നിന്ന് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ സുഹൈല്‍ ഷെയ്ക്കിനെ കണ്ടെത്തിയത് ബംഗാളിലെ മൂര്‍ഷിദാബാദിലായിരുന്നെങ്കിലും വേരുകള്‍ ചെന്നെത്തിയത് ബംഗ്ലാദേശിലാണ്. 2022 ഫെബ്രുവരി 17ന് ആസാം സര്‍ക്കാര്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് 5 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ബോധിപ്പൂര്‍ സ്വദേശി അസ്മത്ത് അലിയെയും സഹായി അമീര്‍ കുസുമുവിനെയും അവസാനം അറസ്റ്റ് ചെയ്തത് നിലമ്പൂരിലെ അതിഥികളുടെ താമസസ്ഥലത്തു നിന്നാണ്.

കേരളത്തിലെ ചില മസാജ് സെന്ററുകള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെക്‌സ് റാക്കറ്റുകളിലും അതിഥി പെണ്‍കുട്ടികളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ദരിദ്രരായ ഗ്രാമീണ പെണ്‍കുട്ടികള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കുന്ന സൗജന്യ ബാഗുകള്‍ക്കുള്ളില്‍ അവരറിയാതെ രഹസ്യ അറകളില്‍ മയക്കുമരുന്നുകളുടെ കാരിയര്‍മാരായി കേരളത്തില്‍ എത്തുന്നു എന്ന് പലതവണ പ്രമുഖ മാധ്യമങ്ങളും സൂചന നല്‍കിയിട്ടുണ്ട്. 2023 നവംബറില്‍ മൂവാറ്റുപുഴയ്ക്കടുത്ത് ആനിക്കാട് തടി ജീവനക്കാരായ ആസാം സ്വദേശികളായ മോഹന്‍തോ, ദീപങ്കര്‍ ബസുമ്മ കൊലപാതകം അതിഥികളുടെ തമ്മിലടിയുടെ ഉദാഹരണമാണ്.

2022 ജനുവരി 26 ന് മൂവാറ്റുപുഴയില്‍ നിന്ന് കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ട് ഹെറോയിന്‍ വിതരണം നടത്തിയ ബംഗാളിയും ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ത്ഥിയായിരുന്നു. 2021 ഡിസംബറില്‍ കിഴക്കമ്പലത്ത് ലേബര്‍ ക്യാമ്പില്‍ അതിഥികള്‍ അക്രമം അഴിച്ചുവിട്ടതും തുടര്‍ന്ന് പോലീസിനെതിരെ തെരുവിലിറങ്ങിയതും മയക്കുമരുന്ന് ലഹരിയില്‍ ആയിരുന്നുവെന്നും പറയപ്പെടുന്നു.

2024 ജൂണ്‍ ആദ്യവാരത്തിലെ രണ്ടുദിവസങ്ങളില്‍ കേരളത്തിലെ കോട്ടയം ജില്ലയില്‍ അതിഥികള്‍ നടത്തിയ അതിക്രമങ്ങളുടെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ചിലതുമാത്രം താഴെ കുറിക്കുന്നു. ജൂണ്‍ 8-ാം തീയതി ശനിയാഴ്ച പിതാവിനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിയെ ലഹരിക്കടിമപ്പെട്ട അതിഥിത്തൊഴിലാളി വലിച്ച് താഴെയിട്ട് ഉപദ്രവിച്ചത്. ചങ്ങനാശേരി ഒന്നാം നമ്പര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ബംഗാള്‍ സ്വദേശിയായ മധുബറുവയെന്ന ഇരുപത്തഞ്ചുവയസ്സുകാരന്‍ അസം ദേമാജി സ്വദേശിനിയായ മുന്‍ ഭാര്യ മോസിനി ഗോഗോയെന്ന ഇരുപത്തിരണ്ടുകാരിയെ വെട്ടിയും കുത്തിയും വീഴ്ത്തിയതിനുശേഷം സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച് അവസാനം നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ഗൃഹനാഥനെ തൊഴിലാളി ചുറ്റികകൊണ്ട് തലയ്ക്കടിച്ച് അക്രമിച്ചത് ജൂണ്‍ ആദ്യവാരം കോട്ടയം ജില്ലയിലെ പാമ്പാടി പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ്. അസം സ്വദേശി ഗോകുല്‍ ഗാര്‍ഹിയെ പോലീസ് അറസ്റ്റു ചെയ്തു. അക്രമത്തിനു കാരണമാകട്ടെ മദ്യപിക്കാന്‍ പണം നല്‍കിയില്ല. വാഹനത്തിന്റെ ബാറ്ററി മോഷ്ടിച്ച കേസില്‍ മൂന്ന് അതിഥികളെ അറസ്റ്റ് ചെയ്തതും ഇക്കാലയളവിലാണ്. കഞ്ചാവും ലഹരി വസ്തുക്കളും വിതരണം ചെയ്യുന്ന സംഘങ്ങളെ പോലീസ് പിടികൂടിയ കേസുകള്‍ വേറെയും.

ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ രേഖകള്‍ അന്വേഷിക്കുമ്പോഴാണ് പല രേഖകളും കൃത്രിമമാണെന്ന് ബോധ്യപ്പെടുന്നത്. ഇങ്ങനെ അതിഥികള്‍ അഴിഞ്ഞാടുമ്പോഴും അവരെ സംരക്ഷിക്കുവാന്‍ സ്വദേശികളും രാഷ്ട്രീയ പാര്‍ട്ടികളും പിന്നിലുണ്ടെന്നുള്ളതാണ് വീണ്ടും ആശങ്കപ്പെടുത്തുന്നത്. പോലീസ് സംവിധാനത്തെപ്പോലും നിര്‍വീര്യമാക്കുവാനേ മേല്പറഞ്ഞ സ്വദേശി നേതാക്കളുടെ പിന്നാമ്പുറനീക്കങ്ങള്‍ വഴിതെളിക്കൂ.

മദ്യവും മയക്കുമരുന്നും വ്യാപിക്കുന്നു

കേരളത്തിലെത്തിച്ചേരുന്ന അന്യസംസ്ഥാന തൊഴിലാളികളിലധികവും ഉപജീവനമാര്‍ഗ്ഗം തേടിയെത്തിയ പാവപ്പെട്ടവരാണ്. പക്ഷേ ഇവരിലൂടെ നുഴഞ്ഞുകയറി ക്രിമിനലുകളും എത്തിയിരിക്കുന്നു. രാജ്യത്തിന് പുറത്തുനിന്നുള്ളവരുമുണ്ടെന്നുള്ള മിലിട്ടറി ഇന്റലിജന്‍സിന്റെ ആവര്‍ത്തിച്ചുള്ള വെളിപ്പെടുത്തല്‍ എഴുതിത്തള്ളാനാവില്ല. കാരണം ഇവര്‍ നടത്തുന്ന കുറ്റകൃത്യങ്ങളുടെ ഗ്രാഫ് കുത്തനെ ഉയരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ നല്ലൊരു പങ്കും മദ്യപാനികളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാണ്. ജയില്‍വാസവും തടവ് ശിക്ഷയും ഇവര്‍ക്ക് നിസാരം.

കേരളം അതിഥികളെന്ന് ഓമനപ്പേരില്‍ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ഏറിയപങ്കും കടുത്ത മദ്യപാനികളും വന്‍തോതില്‍ മറ്റ് ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നവരും മയക്കുമരുന്ന് വില്പനക്കാരുമാണെന്ന് തെളിയിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ക്ക് അടുത്തനാളുകളില്‍ നാം സാക്ഷികളാണ്. മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരും ഏജന്റുമാരുമായി പലരും പ്രവര്‍ത്തിക്കുന്നുവെന്നും അറിയുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന മയക്കുമരുന്നിന്റെ കാരിയര്‍മാരായും പലരുമുണ്ട്. കേരളത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നടന്ന ലഹരിപദാര്‍ത്ഥങ്ങളുടെ വേട്ട നല്‍കുന്ന സൂചനകള്‍ മയക്കുമരുന്ന് ഉപയോഗത്തില്‍ സാക്ഷരകേരളം ഒന്നാം സ്ഥാനത്തേയ്‌ക്കെന്നാണ്. അതിഥികള്‍ എത്തിയതോടെ ഇത് വ്യാപിച്ചു. പോലീസ് സംവിധാനങ്ങളെപ്പോലും നിഷ്‌ക്രിയമാക്കുന്ന തലത്തിലുള്ള വന്‍ സ്വാധീന ശക്തികളായി ഇവര്‍ മാറുന്നുവെങ്കില്‍ ഇവരുടെ പിന്നിലാര് എന്ന ചോദ്യത്തിന് സത്യസന്ധമായി അന്വേഷണം നടത്തി ഉത്തരം കണ്ടെത്താന്‍ ഭരണസംവിധാനങ്ങള്‍ ദയനീയമായി പരാജയപ്പെടുന്നു.

കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ ടൗണിനോടു ചേര്‍ന്ന തുറസ്സായ സ്ഥലത്ത് ആയിരക്കണക്കിന് കുടിയേറ്റത്തൊഴിലാളികള്‍ മദ്യപിച്ച് കൂത്താടുന്ന വീഡിയോ കാണുകയുണ്ടായി. നഗരമധ്യത്തില്‍ നിയമം ലംഘിച്ച് ഇക്കൂട്ടര്‍ ലഹരിയില്‍ അഴിഞ്ഞാട്ടം നടത്തിയിട്ടും നിയമസംവിധാനങ്ങള്‍ കണ്ണടച്ചിരിക്കുന്നുവെങ്കില്‍ മദ്യവും ലോട്ടറിയും വരുമാനമാക്കുന്ന സംസ്ഥാന ഭരണകൂടം ഈ നാടിനെ വലിയ അരക്ഷിതാവസ്ഥയിലേയ്ക്ക് ബോധപൂര്‍വ്വം തള്ളിവിടുകയാണെന്ന് വ്യക്തം.

സംഘടിത രൂപം അപകടം

അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ സംഘടിത രൂപത്തിലേക്ക് മാറുന്ന പല സൂചനങ്ങളും ഇതിനോടകം പുറത്തുവരുന്നുണ്ട്. ഈ സംഘടിതരൂപം ക്രമേണ സംഘടിത അക്രമത്തിലേക്കും വഴിമാറുകയാണിപ്പോള്‍. കോവിഡ് കാലത്ത് ചങ്ങനാശ്ശേരിക്കടുത്ത് നിയമലംഘനം നടത്തി ആയിരങ്ങള്‍ മുഷ്ടി ചുരുട്ടി ഇറങ്ങിയത് സംഘടിത രൂപത്തിന്റെ ഒരു മുഖമെങ്കില്‍ കിഴക്കമ്പലത്തെ ജീപ്പ് കത്തിക്കലും, 2024ല്‍ കോട്ടയം ജില്ലയിലെ ഏന്തയാറില്‍ പാലം പണിയുടെ മറവില്‍ നടന്ന അതിഥികളുടെ അക്രമവും പുതിയമുഖങ്ങള്‍ തന്നെ.

അതിഥികള്‍ക്ക് നിലവിലുള്ള റേഷന്‍ കാര്‍ഡ് വോട്ടവകാശമായി സംസ്ഥാന വോട്ടര്‍പട്ടികയില്‍ ഇടംതേടുമ്പോള്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിലും ഭരണസംവിധാനത്തിലും സംഘടിത അതിഥികള്‍ സ്വാധീനശക്തിയുള്ള ഘടകമാകും. ഇതിന്റെ ഏറ്റവും വലിയ പ്രതിഫലനം പ്രകടമാകുന്നത് മധ്യകേരളത്തിലായിരിക്കും. നാടുവിട്ടോടുന്ന കേരള യുവത്വത്തിന് പകരം വയ്ക്കാന്‍ വോട്ട് ബാങ്കായി അതിഥികളെ കാണുന്ന പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയും, മധ്യകേരളത്തില്‍ വളരാന്‍ ആഗ്രഹിക്കുന്ന ഒരു മത സാമുദായിക സംവിധാനവും ഇവരുടെ സംഘടിത രൂപത്തിന് പിന്നിലുണ്ടെന്ന് വ്യക്തമാണ്. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ നാളുകളില്‍ നിരോധിച്ച ഒരു തീവ്രവാദ സംഘടനയും അതിഥികളുടെ സംഘടിത നീക്കങ്ങള്‍ക്ക് പിന്നില്‍ ബന്ധപ്പെട്ടിരുന്നുവെന്ന സൂചനകളുമുണ്ട്. കരുണയും അനുകമ്പയും കാട്ടി അഭയാര്‍ത്ഥികളെ സ്വീകരിച്ചതിന്റെ പേരില്‍ പിറന്നുവീണ സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളായി അടിമത്വത്തിലേക്ക് മാറുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാരുടെ ദുരവസ്ഥ നേരിലറിഞ്ഞിട്ടും കണ്ണുതുറക്കാത്ത കേരളീയര്‍ അനന്തരഫലം അനുഭവിച്ചറിയേണ്ടിവരുന്ന നാളുകള്‍ വിദൂരമല്ല.

കാശ്മീരിനുശേഷം കേരളമോ?

അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന തൊഴിലാളികള്‍ കുടിയേറ്റക്കാരാണ്; അതിഥികളല്ല. കേരളത്തില്‍ നിന്ന് വിവിധ രാജ്യങ്ങളില്‍ ജോലിചെയ്യുന്നവരെ ഒരു രാജ്യവും അതിഥികളായി കാണുന്നില്ല; മറിച്ച് കുടിയേറ്റക്കാരായി കാണുന്നു. പക്ഷേ കേരളം നേരിടുന്ന പ്രശ്‌നം അതിലേറെയാണ്. ബംഗ്ലാദേശ,് മ്യാന്‍മാര്‍, ശ്രീലങ്ക തുടങ്ങിയ വിവിധ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൊടും ക്രിമിനലുകള്‍ കൃത്രിമ രേഖകള്‍ ഉണ്ടാക്കി ഇന്ത്യയിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ മറവില്‍ കയറി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സംഘടിത അക്രമങ്ങള്‍ അഴിച്ചുവിടുകയും മദ്യവും മയക്കുമരുന്നും ഒഴുക്കുകയും ചെയ്യുന്നതിന്റെ അപകടത്തിന്റെ ആഴം വലുതാണ്.

അതിഥികളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുവെങ്കിലും കണക്കില്‍ ഇതുവരെയും 5 ലക്ഷം പേര്‍ മാത്രം. അതിഥികളെ കൊണ്ടുവരുന്ന ഏജന്റ്മാര്‍ക്ക് ലൈസന്‍സും തൊഴിലാളികള്‍ക്ക് അതാത് സംസ്ഥാനങ്ങളിലെ പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞതിനപ്പുറം ഒന്നും സംഭവിച്ചിട്ടില്ല. ഓരോ ദിവസവും വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ വന്നിറങ്ങുന്നവരുടെ എണ്ണത്തില്‍ കുറവില്ലെന്നു മാത്രമല്ല ഇപ്പോള്‍ ഇവരുടെ യാത്രകള്‍ എയര്‍പോര്‍ട്ട് വഴിയായിട്ടുണ്ട്. ഇതിനര്‍ത്ഥം കേരളം അതിഥികള്‍ക്ക് ഗള്‍ഫാണെന്നാണ്. തൊഴിലിനോടൊപ്പം ധനസമ്പാദ നത്തിനുള്ള കുറുക്കുവഴികളായി മയക്കുമരുന്ന് വിപണിയും ഇവരിലൂടെ കസറുന്നു.

ചെറിയ മോഷണങ്ങള്‍, വലിയ കവര്‍ച്ചകള്‍, മദ്യം, മയക്കുമരുന്ന്, ക്വൊട്ടേഷന്‍ സംഘങ്ങള്‍ എന്നിവയല്ലാം ഇവരുടെ കേരളത്തിലെ ജീവിതശൈലിയാവുന്നു. ഇന്ത്യയുടെ വടക്ക് കാശ്മീര്‍ കഴിഞ്ഞ നാളുകളില്‍ തോക്കിന്‍ മുനകളില്‍ കത്തിയമര്‍ന്നതും, കുത്തിമലര്‍ത്തപ്പെട്ടതും, പണ്ഡിറ്റുകളുടെ കൂട്ടപ്പലായനവും, ഭീകരരുടെ തേര്‍വാഴ്ചയും, പാക്കിസ്ഥാന്‍ താവളങ്ങളും കേരളം മറക്കരുത്. കാശ്മീരിനു ശേഷം കേരളമോ എന്ന സന്ദേഹം അതിഥികളിലൂടെ യാഥാര്‍ത്ഥ്യമാകാന്‍ ഒരിക്കലും അനുവദിക്കരുത്..

ഷെവലിയര്‍ അഡ്വ. വി. സി. സെബാസ്റ്റ്യൻ

https://nammudenaadu.com/wp-admin/post.php?post=63464&action=edit
Share News