
ലഹരി ഉപയോഗിച്ച് ആ നടൻ മോശമായി പെരുമാറി, അവരെപ്പോലുള്ളവര്‍ക്ക് ഇപ്പോഴും സിനിമകളുണ്ട് –വിൻസി
ഒരു നടൻ സിനിമാ സെറ്റില്‍വെച്ച് ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന് നടി വിൻ സി. അലോഷ്യസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് അവർ ഇക്കാര്യം പറഞ്ഞത്. ലഹരി ഉപയോഗിക്കുന്നു എന്ന് താൻ അറിഞ്ഞിട്ടുള്ള ആളുകള്‍ക്കൊപ്പം ഇനി അഭിനയിക്കില്ല എന്ന പ്രസ്താവനയുമായി ബന്ധപ്പെട്ട് വിശദീകരിക്കുമ്ബോഴാണ് നടി ഇക്കാര്യം പറഞ്ഞത്. അവരെപ്പോലുള്ളവർക്ക് സിനിമകളുണ്ട്. അവരെവെച്ച് സിനിമകള്‍ ചെയ്യാനും ആള്‍ക്കാരുണ്ട്. സിനിമയില്ലെങ്കില്‍ സിനിമയില്ല എന്നുപറയാനുള്ള മനോധൈര്യവും മനക്കട്ടിയും ഉള്ള വ്യക്തിയാണ് താനെന്നും വിൻസി പറഞ്ഞു.
“കുറച്ചുദിവസങ്ങള്‍ക്കുമുൻപ് ലഹരി വിരുദ്ധ ക്യാംപെയിൻ മുൻനിർത്തിക്കൊണ്ട് നടത്തിയ ഒരു പരിപാടിയില്‍ പങ്കെടുക്കുകയും അവിടെ സംസാരിക്കുന്നതിനിടെ ഒരു പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. എന്റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരുമായി ഞാനിനി സിനിമ ചെയ്യില്ലെന്നാണ് പറഞ്ഞത്. ഇക്കാര്യം മാധ്യമങ്ങളില്‍ വാർത്തയാവുകയും ചെയ്തിരുന്നു. എന്നാല്‍ അവയ്ക്കെല്ലാം വന്ന കമന്റുകള്‍ വായിച്ചപ്പോഴാണ് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തീരുമാനിച്ചത്. എന്തുകൊണ്ട് ഞാനാ പ്രസ്താവന നടത്തിയെന്നും എന്റെ നിലപാടുകള്‍ വ്യക്തമാക്കണമെന്നുമുള്ള തോന്നലിൻമേലാണ് ഈ വീഡിയോ ചെയ്യുന്നത്.
പലതരം കാഴ്ചപ്പാടാണ് ആളുകള്‍ക്കുള്ളതെന്ന് കമന്റുകള്‍ വായിച്ചപ്പോഴാണ് മനസിലായത്. വ്യക്തമായി അതിന്റെ കാരണം പറഞ്ഞാല്‍ ആളുകള്‍ക്ക് പല കഥകള്‍ ഉണ്ടാക്കേണ്ടതില്ലല്ലോ. ഞാനൊരു സിനിമയുടെ ഭാഗമായപ്പോള്‍ ആ സിനിമയിലെ പ്രധാന താരത്തില്‍നിന്ന് നേരിടേണ്ടിവന്ന അനുഭവമാണ് ആ പ്രസ്താവനക്ക് കാരണം. അയാള്‍ ലഹരി ഉപയോഗിച്ച് മോശമായ രീതിയില്‍ പറഞ്ഞാലും മനസിലാവാത്ത രീതിയില്‍ എന്നോടും സഹപ്രവർത്തകയോടും പെരുമാറി. മോശമെന്ന് പറയുമ്ബോള്‍; എന്റെ ഡ്രെസ്സില്‍ ഒരു പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോള്‍, ഞാനും വരാം, ഞാൻ വേണമെങ്കില്‍ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക് അതും എല്ലാവരുടേയും മുന്നില്‍വെച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു.
വേറൊരു സംഭവം പറയുകയാണെങ്കില്‍, ഒരു സീൻ പ്രാക്റ്റീസ് ചെയ്യുന്നതിനിടയില്‍ ഈ നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്. സിനിമാ സെറ്റില്‍ ഇതുപയോഗിക്കുന്നുണ്ടെന്നത് വളരെ വ്യക്തമാണ്. അതിന്റെ ദൂഷ്യഫലങ്ങളൊക്കെ മറ്റുവശങ്ങളാണ്. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് അതൊരു ശല്യമായി മാറുമ്ബോള്‍ അവർക്കൊപ്പം ജോലി ചെയ്യുന്നത് അത്ര സുഖമല്ല. എനിക്ക് അങ്ങനെ ജോലി ചെയ്യാൻ താത്പര്യമില്ല. അത്രയും ബോധം ഇല്ലാത്ത ഒരാള്‍ക്കൊപ്പം ജോലി ചെയ്യണമെന്ന് താത്പര്യമില്ല. ഇത് എന്റെ വ്യക്തിപരമായ അനുഭവംകൊണ്ട് ഞാനെടുക്കുന്ന തീരുമാനമാണ്. ഞാൻ അണ്‍കംഫർട്ടബിള്‍ ആയത് സെറ്റില്‍ എല്ലാവരും അറിയുകയും സംവിധായകൻ അയാളോട് സംസാരിക്കുകയും ചെയ്തു.
പ്രധാനതാരമായി തിരഞ്ഞെടുത്ത ആളാണ്. അവർക്ക് എങ്ങനെയെങ്കിലും ഈ സിനിമ തീർക്കണമല്ലോ. ആ ഒരു നിസ്സഹായാവസ്ഥയും ഞാൻ കണ്ടിട്ടുണ്ടായിരുന്നു. പ്ലീസ് എന്ന് എല്ലാവരും പറഞ്ഞ് എന്നെ കംഫർട്ടാക്കിയാണ് ആ സിനിമ തീർത്തത്. സിനിമ പക്ഷേ നല്ലതായിരുന്നു. പക്ഷേ ആ വ്യക്തിയില്‍നിന്നുണ്ടായ അനുഭവം അങ്ങനെയല്ലായിരുന്നു. അതിന്റെ പേരിലാണ് ഞാനാ തീരുമാനമെടുക്കുന്നത്. അതിന്റെ ഭാഗമായി ഓരോരോ വ്യാഖ്യാനങ്ങളാണ് ആളുകളില്‍നിന്നുണ്ടാവുന്നത്. എങ്കിലും അതിനെ നല്ല രീതിയിലെടുത്ത എല്ലാവരോടും നന്ദിയുണ്ട്. എന്തിനേയും കളിയാക്കുന്ന മറുവിഭാഗമുണ്ടല്ലോ. നിനക്കെവിടെയാണ് സിനിമ? സിനിമ ഇല്ലാത്തതുകൊണ്ട് ഈ കാരണവും പറഞ്ഞ് സിനിമയില്‍നിന്ന് പുറത്തായി എന്ന് വരുത്തിത്തീർക്കാനുള്ള ബുദ്ധിയല്ലേ ഇത് എന്നെല്ലാം പറയുന്നവർക്കുള്ള മറുപടിയാണിത്.
സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും ഞാനല്ലേ അനുഭവിക്കേണ്ടത്? സിനിമയില്ലെങ്കില്‍ സിനിമയില്ല എന്നുപറയാനുള്ള മനോധൈര്യവും മനക്കട്ടിയും ഉള്ള വ്യക്തിയാണ് ഞാൻ. സിനിമയില്ലെങ്കില്‍ ഞാനില്ല എന്ന് കരുതുന്ന മൈൻഡ്സെറ്റല്ല എനിക്ക്. സിനിമ എന്റെ ജീവിതത്തിന്റെ ഭാഗം മാത്രമാണ്. എവിടെനിന്നാണ് വന്നതെന്നും എത്തിനില്‍ക്കുന്നതെന്നും ഇനി മുന്നോട്ടെങ്ങനെ പോകണമെന്നും വ്യക്തമായ ധാരണയുണ്ട്. അവസരങ്ങള്‍ കിട്ടുകയെന്നത് പ്രധാനമാണ്. അങ്ങനെയൊരു പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നതെങ്കിലും അങ്ങനെ സംഭവിക്കുന്നില്ല. സൂപ്പർസ്റ്റാറാണെങ്കിലും സാധാരണക്കാരനാണെങ്കിലും ഒരു നിലപാട് ഒരു വ്യക്തി എടുക്കുന്നുണ്ടെങ്കില്‍ അത് നിലപാട് തന്നെയാണ്. അത് ചിന്തിക്കാനുള്ള ബോധം കമന്റിടുന്നവർക്കുണ്ടാവണം.
ലഹരി ഉപയോഗിക്കുന്നവർ വ്യക്തിജീവിതത്തില്‍ എന്തും ചെയ്തോട്ടേ. പക്ഷേ പൊതുവിടത്ത് ശല്യമാകുമ്ബോഴാണ് എല്ലാത്തിന്റെയും പ്രശ്നം. അങ്ങനെയുള്ളവർക്ക് പരോക്ഷമായി കൊടുക്കുന്ന പിന്തുണയാണ് എനിക്ക് കമന്റ് ബോക്സുകളില്‍ കാണാനായത്. അവരെപ്പോലുള്ളവർക്ക് സിനിമകളുണ്ട്. അവരെവെച്ച് സിനിമകള്‍ ചെയ്യാൻ ആള്‍ക്കാരുണ്ട്. അങ്ങനെയൊക്കെ ചെയ്യുന്നത് അവർക്ക് വിനോദമാണ്. എന്റെ ജീവിതത്തില്‍ ആല്‍ക്കഹോള്‍, സിഗരറ്റ്, മയക്കുമരുന്ന് തുടങ്ങി എന്റെ മനസിനേയോ ആരോഗ്യത്തെയോ ബാധിക്കുന്ന ഒന്നും ജീവിതത്തിലുണ്ടാവില്ല എന്ന് അത്രയും ഉറപ്പിച്ചതാണ്.” വിൻ സിയുടെ വാക്കുകള്‍.

ഒരു പുരുഷനിൽനിന്ന് മോശമായ പെരുമാറ്റമുണ്ടായാൽ യുവതികൾ പലതരത്തിൽ പ്രതികരിക്കും .
ചിലർ അപ്പോൾത്തന്നെ നേരേ പ്രതികരിക്കും .
ചിലർ അവരിൽനിന്നും അകന്നുനടക്കാൻ ശ്രമിക്കും .
ചിലപ്പോൾ , തനിക്ക് അടുപ്പമുള്ളവരോട് വിഷമം പങ്കുവയ്ക്കാൻ ശ്രമിക്കും .
സഹപ്രവർത്തകരിൽനിന്നാവുമ്പോൾ ,
എന്തുചെയ്യണം എന്ന സംശയം ഉടലെടുക്കും .
സംഘടനയിൽ പറയണോ , പോലീസിലോ , വനിതാകമ്മീഷനിൽ പോണോ എന്നൊക്കെ തീരുമാനിക്കാൻ , വൃക്തിയുമായുള്ള മുൻപരിചയം ഒരു തടസ്സമാവും .
ഷൈൻടോമിനേക്കാൾ മികച്ച അഭിനേത്രി ആണെങ്കിലും ,
വിൻസിയ്ക്ക് സ്വന്തം തൊഴിൽമേഘലയിൽ ഷൈനുനുള്ളയത്ര പിടിപാടുണ്ടായേക്കില്ല .
മലയാള സിനിമയിലെ രണ്ട് യുവപ്രതിഭകൾ വാദിയും പ്രതിയുമായി ഇരുവശത്തും നിൽക്കുന്നത് സന്തോഷകരമായ കാരൃവുമല്ല .
മയക്കുമരുന്ന് ഉപയോഗം സിനിമാലൊക്കേഷനിൽ കർശനമായി നിയന്ത്രിക്കാൻ ത്രാണിയുള്ള നിർമ്മാതാക്കളോ സംവിധായകരോ അല്ല നൃൂജെൻ സിനിമകളുടെ പിന്നണിയിൽ .
അഭിനേതാക്കൾ സംവിധായകരോട് ഭയത്തോടെയും ബഹുമാനത്തോടെയും പെരുമാറിയുരുന്ന കാലത്ത് ,
സീനിയർ നടൻമാർ പോലും ഒരുതുള്ളി മദൃംകഴിക്കാൻ ഭയന്നിരുന്നു .
ഭരണകൂടം , മയക്കുമരുന്നിനെതിരേ , കർശനമായ നടപടി സ്വീകരിക്കുക എന്നല്ലാതെ മറ്റൊരു പോംവഴിയുമില്ല .
പോലീസിന്റ്റെ ഇടപെടൽ ഇത്തരത്തിൽ തുടർന്നാൽ ,
ഇന്ന് വിൻസി , നാളെ മറ്റൊരുപെൺകുട്ടി .
DrAjith S Maliyadan