മിഠായിപ്പൊതികൾ പോലെ കഥാപ്പുസ്തകങ്ങൾക്കായി കൊതിച്ചിരുന്നൊരു ബാല്യകാലത്ത് ഏറെ ആശിച്ചിട്ടും കിട്ടാതെ പോയൊരു മധുരനൊമ്പരമായിരുന്നു ആ പുസ്തകം.

Share News

‘ഒരു കുടയും കുഞ്ഞുപെങ്ങളും!’

ജീവിതത്തിലാദ്യമായി എന്നെ മോഹിപ്പിച്ച ഒരു ചെറു നോവലിന്റെ പേരാണത്. പഴകിയ പുറംചട്ടയിൽ മുട്ടത്തു വർക്കി എന്ന പേരു കണ്ടെങ്കിലും, അദ്ദേഹം ആരാണെന്നൊക്കെ പിന്നീടാണു മനസ്സിലായത്.

മിഠായിപ്പൊതികൾ പോലെ കഥാപ്പുസ്തകങ്ങൾക്കായി കൊതിച്ചിരുന്നൊരു ബാല്യകാലത്ത് ഏറെ ആശിച്ചിട്ടും കിട്ടാതെ പോയൊരു മധുരനൊമ്പരമായിരുന്നു ആ പുസ്തകം.

ബാല്യത്തിന്റെ മുഴുവൻ കൗതുകങ്ങളും നന്മയുമൊളിപ്പിച്ച ആ ‘അസാധ്യ’ തലക്കെട്ടു തന്നെ കുട്ടികളായിപ്പിറന്ന സകല കുറുമ്പൻമാരെയും ഒറ്റ വായനയിൽ വീഴ്ത്താൻ പോന്നതായിരുന്നു.

അഞ്ചിലോ ആറിലോ പഠിക്കുന്ന കാലത്താണ്.

കൊട്ടാരക്കരയ്ക്കടുത്തുള്ള കിഴക്കേത്തെരുവിലെ, ഞാൻ പഠിച്ച സെന്റ് മേരീസ് ഹൈസ്കൂളാണ് ലൊക്കേഷൻ!

അവിടെ കുട്ടികൾക്ക് നേരിട്ടു പ്രവേശനമില്ലാത്ത ഒരു ഗ്രന്ഥശാലയുണ്ടായിരുന്നു. ആധുനിക വായനശാലകളുടെ പകിട്ടൊന്നുമില്ലാത്ത, ‘ലൈബ്രറി’യെന്ന് കഷ്ടിച്ചു വായിക്കാവുന്ന ബോർഡു വച്ച ഒരു കുടുസ്സു മുറിയിൽ, കാലപ്പഴക്കം ചെന്ന് പൊടിമൂടിക്കിടന്ന തടിയലമാരകളിൽ, നിരതെറ്റി അടുക്കി വച്ചിരുന്നു ഒരു നല്ല പുസ്തക ശേഖരം.

ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ചിത്രരചന പഠിപ്പിച്ചിരുന്ന പാപ്പച്ചൻ സാറായിരുന്നു അന്ന് സ്കൂളിലെ ഗ്രന്ഥശാലയുടെ താത്കാലിക കലവറക്കാരൻ. ഓരോ വർഷാരംഭത്തിലും എട്ടുപത്തു പുസ്തകങ്ങൾ ഓരോ ക്ലാസിലും അദ്ദേഹം എത്തിക്കുമായിരുന്നു. ക്ലാസിലെ കുട്ടിവായനക്കാർ കൈമാറ്റം ചെയ്തു വായന കഴിഞ്ഞ് വർഷാവസാനത്തിനു മുമ്പ് തിരികെയേൽപ്പിക്കണം. അക്കൂട്ടത്തിൽ ഞങ്ങളുടെ ക്ലാസിലേക്കും പിന്നീട് ഞങ്ങളുടെ ഹൃദയങ്ങളിലേക്കും വിരുന്നു വന്ന ഒരതിഥിയായിരുന്നു ‘ഒരു കുടയും കുഞ്ഞു പെങ്ങളും.’

അച്ഛനമ്മമാരുടെ സ്നേഹ വാൽസല്യങ്ങൾ ചെറുപ്പത്തിലേ നഷ്ടപ്പെട്ട, അനാഥരും കൂടപ്പിറപ്പുകളുമായ ലില്ലിയുടെയും ബേബിയുടെയും കഥയായിരുന്നു അത്. പെരുമഴ നിർത്താതെ കോരിച്ചൊരിഞ്ഞ ഒരു കാലവർഷപ്പകലിൽ, മഴയിൽ നനഞ്ഞൊട്ടിയ പെങ്ങളെ കുടയിൽ കയറ്റാൻ വിസമ്മതിച്ച ഗ്രേസി എന്ന പണക്കാരിപ്പെൺകുട്ടിയുടെ തല കല്ലെറിഞ്ഞു പൊട്ടിച്ച് പോലീസിനെ ഭയന്ന് നാടുവിട്ട ബേബിയുടെ കഥ. പോകും മുമ്പ് കുഞ്ഞുപെങ്ങൾക്കൊരു കുടയുമായി വേഗം വരാമെന്നു വാക്കു നൽകിയ പൊന്നാങ്ങളയുടെ നേരിന്റേയും നന്മയുടേയും സ്നേഹത്തിന്റേയും സങ്കടമുണർത്തുന്ന ശുഭപര്യവസായിയായ കഥ.

വായിച്ച കൂട്ടുകാരെല്ലാം ആവേശത്തോടെ, വാതോരാതെ ആ നോവലിനെപ്പറ്റി പറയുന്തോറും അതു വായിക്കാനുളള അഭിനിവേശം കൂടിക്കൂടി വന്നു. തൊട്ടടുത്ത ക്ലാസുകളിൽ നിന്നു പോലും കുട്ടികൾ ആ പുസ്തകം തേടി വരാൻ തുടങ്ങിയതോടെ ആ പുസ്തകം അടക്കാനാവാത്തൊരു മോഹമായി മാറി. പക്ഷെ ഓരോ വായനയും കഴിഞ്ഞ് പുസ്തകം മടങ്ങിയെത്തുമ്പോൾ സ്വതവേ മൗനിയായ എന്നെ പിൻതള്ളി, അധ്യാപകരോടു സംസാരിക്കാൻ എന്നേക്കാൾ ധൈര്യവും വാക്സാമർത്ഥ്യവുമുള്ള, ക്ലാസ് ടീച്ചറിന്റെ കണ്ണിലുണ്ണിയായ, മറ്റാരെങ്കിലും ആ പുസ്തകം കൈക്കലാക്കിയിരിക്കും.

കപ്പിനും ചുണ്ടിനുമിടയിൽ ഒന്നു തൊട്ടു നോക്കാൻ പോലുമാവാതെ ആ തേൻമാമ്പഴം അനേക തവണ കൈയ്യെത്തും ദൂരത്തു വഴുതിപ്പോകുന്നത് വിഷണ്ണനായി, അസൂയയോടെ, നിസ്സഹായനായി, ഞാൻ നോക്കി നിന്നിട്ടുണ്ട്.

ജൂതൻമാരുടെ അദ്ഭുത രോഗശമനത്തിന്റെ ഇടമായ ബത്സദാ കുളക്കടവിൽ, ദൈവദൂതൻ വെള്ളമിളക്കുമ്പോൾ, ആദ്യം വെള്ളത്തിലിറങ്ങി സൗഖ്യം പ്രാപിക്കാൻ വേണ്ടി, മുപ്പത്തിയെട്ടു വർഷം കുളക്കരയിൽ കാത്തുകിടന്ന തളർവാത രോഗിയെപ്പോലെ ഒരു മോഹസൗഖ്യത്തിനു വേണ്ടി ഞാൻ മാസങ്ങളോളം കാത്തിരുന്നു; എന്റെ ഊഴമെത്തുന്നതും നോക്കി.

കാറ്റത്തെ കരിയിലകൾ പോലെ ഓർമ്മകൾ പുതിയ പുതിയ അനുഭവങ്ങൾക്കു വഴിമാറിക്കൊടുക്കുകയും ഹൃദയത്തിന്റെ മുറിവുകൾ വേഗത്തിൽ മറന്നു പോവുകയും ചെയ്ത ബാല്യം കൊഴിഞ്ഞ്, കൗമാരം തളിർത്ത കാലത്തെപ്പൊഴോ ‘ഒരു കുടയും കുഞ്ഞുപെങ്ങളും’ ഞാൻ സ്വന്തമായി സമ്പാദിക്കുകയും, ‘ബേബി’യേയും ‘ലില്ലി’യേയും കൊതിതീരെ ഹൃദയത്തിൽ ആസ്വദിച്ച്, എന്റെ മധുരപ്രതികാരം നിറവേറ്റുകയും ചെയ്തു.

ഒടുവിൽ കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് ഒരധ്യയന വർഷം കടന്നു പോവുകയും കൊല്ലപ്പരീക്ഷയ്ക്കു മണിയടിക്കുകയും പാപ്പച്ചൻ സാർ ക്ലാസിൽ നിന്നു പുസ്തകങ്ങളെല്ലാം മടക്കി വാങ്ങി മടങ്ങുകയും ചെയ്തപ്പോൾ സഫലമാകാത്തൊരു മോഹവുമായി കൂട്ടുകാർക്കിടയിൽ തെല്ല് അപകർഷതാബോധത്തോടെ തലകുനിച്ചിരുന്ന ഒരു പത്തു വയസ്സുകാരന്റെ കണ്ണുനിറയുകയും ചുണ്ടുവിറയ്ക്കുകയും ഹൃദയം മുറിഞ്ഞ് രക്തം കിനിയുകയും ചെയ്തത് ആരും കണ്ടില്ല. എങ്കിലും മനസ്സിന്റെ ഏതോ ഒരു കോണിൽ ആ നൊമ്പരം തന്റെ ഊഴം കാത്തു കിടന്നു.

വായനാദിനാശംസകൾ!

ഫാ. ഷീൻ പാലക്കുഴി

Share News