ആ നോട്ടീസ് സർക്കാർ കാഴ്ചപ്പാടിന് വിരുദ്ധം: പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ്എച്ച്ഒ നല്‍കിയ നോട്ടീസ് അനവസരത്തിലുള്ളതും സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. എസ്എച്ച്ഒ സര്‍ക്കാര്‍ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നല്‍കിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയില്‍ ഡിജിപി മാറ്റിയതായും ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രാജ്യത്ത് വലിയതോതില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തില്‍ വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്.
ജുമാ മസ്ജിദുകളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സര്‍ക്കാരിനില്ല. അതുകൊണ്ടാണ്, വിവരം ശ്രദ്ധയില്‍ പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാര്‍ദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും ഇക്കാര്യത്തില്‍ സഹകരിണമെന്നഭ്യര്‍ത്ഥിക്കുന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
എസ്എച്ച്ഒയുടെ സര്‍ക്കുലറിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. ഇതിന് പിന്നാലെ സര്‍ക്കുലറില്‍ വീഴ്ചയുണ്ടായതായി എസ്എച്ച്ഒ പറഞ്ഞു. മഹല്ല് കമ്മറ്റികള്‍ക്ക് വാക്കാല്‍ നിര്‍ദേശത്തിനായിരുന്നു ഉത്തരവ്. സര്‍ക്കുലര്‍ ഇറക്കിയത് വീഴ്ചയാണെന്നും എസ്എച്ച്ഒ കൂട്ടിച്ചേര്‍ത്തു.
‘പ്രവാചകനിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ താങ്കളുടെ കമ്മിറ്റിയുടെ കീഴിലുള്ള പള്ളികളില്‍ വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിനു ശേഷം നടത്തിവരുന്ന മത പ്രഭാഷണങ്ങളില്‍ നിലവിലുള്ള സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങള്‍ നടത്താന്‍ പാടില്ല. അങ്ങനെ സംഭവിച്ചെന്ന വിവരം ലഭിക്കുന്ന പക്ഷം ബന്ധപ്പെട്ട വ്യക്തികളുടെ പേരില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടിസില്‍ പറയുന്നത്. മയ്യില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറായ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസ് ഒപ്പ് വെച്ച നോട്ടീസാണ് പള്ളി കമ്മറ്റി സെക്രട്ടറിമാര്‍ക്ക് നല്‍കിയിട്ടുള്ളത്.