..അതുകൊണ്ടാണ് വർഷങ്ങൾക്കിപ്പുറവും ഒരു പുലരിയിൽ അവരിങ്ങനെ ഒരുമിച്ചൊരു യാത്ര പുറപ്പെട്ടത്. മഞ്ഞ കലർന്ന പഴക്കുലകൾക്കു കീഴെ ഒരു മരബഞ്ചിൽ ഒരു പീടികച്ചായയ്ക്കു വേണ്ടി അവരിങ്ങനെ കാത്തിരിക്കുന്നത്!

Share News

കൗമാര കാലം വരെയും യാത്രകൾക്കു ഹരംപകർന്നിരുന്നത് എത്തിച്ചേരാൻ പോകുന്ന ഇടത്തെക്കുറിച്ചുള്ള നിറം പിടിപ്പിച്ച പ്രതീക്ഷകളായിരുന്നു. എന്നാൽ പിന്നീടതു മാറി. യാത്രകൾ അതിൽത്തന്നെ ആവേശകരമായി. എത്തിച്ചേരുന്നത് എവിടെയുമാകട്ടെ, എത്ര ദൂരമുണ്ടായിക്കൊള്ളട്ടെ, സഞ്ചരിച്ചുകൊണ്ടിരുന്നാൽ മതി എന്നായി.

എന്നാൽ യൗവ്വനം മടക്കയാത്രയ്ക്കൊരുങ്ങുകയും കാലം ശരീരത്തെ ക്ഷയിപ്പിക്കാൻ തുടങ്ങുകയും ചെയ്ത വർത്തമാനകാലത്തിൽ ലക്ഷ്യത്തെക്കാളും ദൂരത്തേക്കാളും ആർക്കൊപ്പം സഞ്ചരിക്കുന്നു എന്നത് പ്രധാനപ്പെട്ട ഒന്നായി മാറി. ആത്മശരീരങ്ങൾ ഒരു യാത്രയ്ക്കു വഴിപ്പെടുന്നത് സഹയാത്രികർ ആരൊക്കെയെന്നു തീർച്ചപ്പെടുത്തിയ ശേഷമാണ് എന്നതായി അവസ്ഥ!

ആർക്കൊപ്പം യാത്ര ചെയ്യാനാണ് ഏറ്റവും ഇഷ്ടമെന്നു ചോദിച്ചാൽ അതിലൊരു കൂട്ടരാണ് ചിത്രത്തിലുള്ളത്. പതിനൊന്നു വർഷം വൈദികപരിശീലന കളരിയിൽ ഒരുമിച്ചു പയറ്റിയവർ. പഠനമൊക്കെ കഴിഞ്ഞു പലവഴിക്കു പിരിഞ്ഞിട്ട് വർഷം പത്തു പതിനാലായി. മിണ്ടലും കാണലുമൊക്കെ വിരളമാണ്.

പക്ഷെ ഇപ്പോഴും ഏതു പാതിരാത്രി വന്നു വിളിച്ചാലും ഒന്നുമോർക്കാതെ കൂടെ ഇറങ്ങിപ്പോയെന്നിരിക്കും. എവിടേക്കെന്നു പോലും ചോദിക്കാതെ പലകാതം സഞ്ചരിച്ചെന്നിരിക്കും. ‘അതെന്താണങ്ങനെ’ എന്നു ചോദിച്ചാൽ അതൊരു മിസ്റ്ററിയാണ്. എത്ര തുറന്നാലും പിന്നെയും തുറക്കാൻ അറകൾ ബാക്കിയാവുന്ന നിലവറ പോലെ!

എൺപതുകളിൽ ജനിച്ച ഇത്തിരി അന്തർമുഖനായ ഒരാൺകുട്ടിക്ക് പതിനഞ്ചാം വയസ്സിൽ എത്ര സുഹൃത്തുക്കളുണ്ടാവും? ഓർത്തെടുത്താൽ ഒന്നോ രണ്ടോ ഉണ്ടായേക്കും! ചിലപ്പോൾ ഒന്നും ഉണ്ടാവില്ല!അങ്ങനെ വ്യക്തമായി ഓർത്തെടുക്കാൻ അധികം സുഹൃത്തുക്കളില്ലാത്ത ഒരാൺകുട്ടി പുരോഹിതനാകാൻ ആഗ്രഹിച്ച് പതിനഞ്ചാം വയസ്സിൽ നാടും വീടും വിട്ട് പുരുഷൻമാർക്കു മാത്രമുള്ള പുതിയൊരു ലോകത്തു ചെന്നെത്തുന്നു – വൈദിക പരിശീലന ഭവനം. അതവന്റെ രണ്ടാമത്തെ വീടായി മാറുന്നു. തിരിച്ചറിവിന്റെ പിന്നീടുള്ള ഒരു വ്യാഴവട്ടം മുഴുവൻ അവൻ ചെലവിടുന്നതവിടെയാണ്. അവൻ മാത്രമല്ല, അവനൊപ്പം ആ കൂരയ്ക്കു കീഴെ അവനെപ്പോലെതന്നെ എത്തിച്ചേർന്ന പൗരോഹിത്യദാഹികളായ കുറെ കൗമാരക്കാരുമുണ്ട്!

യൗവ്വനം കൗമാരത്തെ തച്ചുടച്ചുകളഞ്ഞ ആത്മസംഘർഷങ്ങൾ നിറഞ്ഞ ജീവിതായനങ്ങളിൽ അവൻ ദൈവത്തേയും മനുഷ്യനേയും തൊട്ടടുത്തു കണ്ടതും കേട്ടതും അറിഞ്ഞതും ഒപ്പമുണ്ടായിരുന്ന സതീർത്ഥ്യരിൽ നിന്നാണ്. ഒരേ പുഴയിലെ മത്സ്യങ്ങൾ പോലെ ഒരേ വായുവും വെള്ളവും അന്നവും പങ്കിട്ട് അവർ വളർന്നു. അവർ പോലുമറിയാതെ അവർ പരസ്പരം അളവും അളവുകോലുകളുമായി. കണ്ണും കണ്ണാടിയുമായി.

വാക്കും ശബ്ദവുമായി. ഉറക്കവും ഉണർവുമായി. കോപവും താപവും സ്നേഹവും സൗഹൃദവും സാഹോദര്യവും തൃഷ്ണകളുമെല്ലാം ആത്മീയതയുടെ നൂലിഴ ചേർത്തു പിരിച്ച് തുന്നലില്ലാത്ത തിരുവസ്ത്രം അവർ നെയ്തെടുത്തത് ഒരുമിച്ചാണ്. ഓരോരുത്തരുടെയും അങ്കിയിൽ എല്ലാവരുടേയും വിരൽപ്പാടുണ്ട്.

ഓരോരുത്തരുടേയും ഹൃദയത്തിൽ എല്ലാവരുടേയും ചോരയുണ്ട്. ഒരേ ഉദരത്തിൽ നിന്നു പിറന്നില്ലെങ്കിലും അവരിപ്പോൾ ഒരേ ക്രിസ്തുവിന്റെ പൊക്കിൾക്കൊടി പങ്കിടുന്നവരാണ്.

ഒരേ മാംസരക്തങ്ങളുടെ കലവറക്കാരാണ്. ‘നിന്റെ ഹൃദയത്തിൽ മുദ്രയായും നിന്റെ കരത്തിൽ അടയാളമായും എന്നെ പതിക്കുക’യെന്ന ഉത്തമഗീതത്തിലെ പാട്ട് അവരെക്കുറിച്ചാണ്.

അതുകൊണ്ടാണ് വർഷങ്ങൾക്കിപ്പുറവും ഒരു പുലരിയിൽ അവരിങ്ങനെ ഒരുമിച്ചൊരു യാത്ര പുറപ്പെട്ടത്. മഞ്ഞ കലർന്ന പഴക്കുലകൾക്കു കീഴെ ഒരു മരബഞ്ചിൽ ഒരു പീടികച്ചായയ്ക്കു വേണ്ടി അവരിങ്ങനെ കാത്തിരിക്കുന്നത്!

Sheen Palakkuzhy

Share News