പുറപ്പാടിന്റെ 100 വര്‍ഷങ്ങള്‍ എന്ന പുസ്തകം|കുടിയേറ്റ കര്‍ഷകരെ അംഗീകരിക്കാന്‍ മടിയുള്ളവരും ഇതു വായിക്കണമെന്നാണ് അഭ്യര്‍ഥന.

Share News

‘പുറപ്പാടിന്റെ 100 വര്‍ഷങ്ങള്‍’

വീണ്ടുംപുറപ്പാടിന്റെ 100 വര്‍ഷങ്ങള്‍ എന്ന പുസ്തകം പുതിയ എഡിഷൻ പുറത്തിറങ്ങി.

സാമ്പത്തിക പ്രതിസന്ധിയുടെയൊക്കെ കാലമാണെന്നറിയാം. 300 രൂപ അത്ര നിസാരമല്ല. എങ്കിലും ശ്രമിക്കണം.

കോവിഡ് പോലെയായിരുന്നു ഒരു കാലത്ത് കേരളത്തിന്റെ മലമ്പ്രദേശങ്ങളില്‍ മലമ്പനിയുടെ സംഹാരതാണ്ഡവം. ആകെയുണ്ടായിരുന്നത് കൊയ്‌ന എന്ന ഗുളിക. ദിവസം 50 ആളുകള്‍വരെ മരിച്ച ചെറിയ സ്ഥലങ്ങള്‍ ഉണ്ടായിരുന്നു. ഇന്നത്തേക്കാള്‍ ഭയാനകം. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍പോലും ആളുകള്‍ ഇല്ലായിരുന്നു. വീട്ടുകാര്‍തന്നെ വീടിനടുത്ത് കുഴിച്ചിട്ടു. ചിലതൊക്കെ കുറുനരിയും കാട്ടുമൃഗങ്ങളുമൊക്കെ വലിച്ചുകൊണ്ടുപോയി.

ചരിത്രം ആവര്‍ത്തിക്കുകയാണെന്നല്ല പറയേണ്ടത്. ചരിത്രത്തെ തിരിച്ചറിയുകയാണ്. എന്നുവച്ചാല്‍ കോവിഡ് വന്നപ്പോഴാണ് പണ്ട് മലമ്പനി ബാധിച്ചു മരിച്ച എണ്ണമില്ലാത്തത്ര മനുഷ്യര്‍ അനുഭവിച്ച യാതനകളെക്കുറിച്ച് നമുക്ക് ഒരു സൂചന ലഭിക്കുന്നത്.

ഒരു വിധത്തില്‍ പറഞ്ഞാല്‍ കേരളത്തിലെ കുടിയേറ്റ കര്‍ഷകരുടെ ചരിത്രം മലമ്പനി ബാധിച്ചു മരിച്ചവന്റെ മൃതദേഹമെന്നപോലെ ആരൊക്കെയോ ചേര്‍ന്നു മണ്ണിലേക്കെടുക്കുകയായിരുന്നു. അതേക്കുറിച്ച് കൂടുതല്‍ വിവരങ്ങളില്ലാതെപോയി.

ഇടുക്കി-മലബാര്‍ കര്‍ഷക കുടിയേറ്റത്തിന്റെ സംയുക്ത ചരിത്രം ആദ്യമായി രേഖപ്പെടുത്തിയ പുസ്തകമാണ് ‘പുറപ്പാടിന്റെ 100 വര്‍ഷങ്ങള്‍’.

വെറും സ്ഥിതി വിവരക്കണക്കുകളോ നിര്‍വികാരമായ വാക്കുകളോ അല്ല. ആദ്യകാല കുടിയേറ്റക്കാരുടെ ഓര്‍മകള്‍ ചരിത്ര യാഥാര്‍ഥ്യങ്ങളുമായി ബന്ധിപ്പിക്കുകയാണ്. ഈ ചരിത്രം നിങ്ങള്‍ നോവല്‍പോലെ ഒറ്റയിരിപ്പില്‍ വായിക്കുമെന്നാണ് എനിക്കു തോന്നുന്നത്. അത്ര അവിശ്വസനീയമാണ് യുദ്ധത്തിന്റെയും പട്ടിണിയുടെയും മഹാമാരികളുടെയും കാലത്ത് ഇടുക്കിയിലെയും മലബാറിലെയും ആ മനുഷ്യര്‍ അനുഭവിച്ചത്. അതൊക്കെ പറഞ്ഞുകൊണ്ടിരിക്കെ കരയുകയും വാക്കുകള്‍ കുടുങ്ങി കുറച്ചുസമയം മിണ്ടാതിരിക്കുകയുമൊക്കെയായിരുന്നു അവരില്‍ ചിലര്‍. മലകളിലെ പരിസ്ഥിതിയെക്കുറിച്ചൊക്കെ ചോദിച്ചപ്പോള്‍ ചിലരൊക്കെ പൊട്ടിത്തെറിക്കുകയായിരുന്നു. നമുക്ക് പലതും അറിയില്ലായിരുന്നു.

ശ്രീലങ്കയിലെ തമിഴ് കുടിയേറ്റക്കാരുടെ കഥ പറയുന്ന എന്‍ജോയ് എന്‍ജാമി എന്ന പാട്ട് യൂട്യൂബില്‍ തരംഗമായി മാറിയതോടെയാണ് അവരുടെ പുതിയ തലമുറയില്‍ വലിയൊരു വിഭാഗം അതെക്കുറിച്ച് അറിയുന്നത്. അതൊരു കണ്ണു തുറപ്പിക്കലായിരുന്നു. മണ്ണും ഭക്ഷണവും തേടിയുള്ള മനുഷ്യന്റെ പലായനമാണ് കുടിയേറ്റങ്ങളിലേറെയും.

കുടിയേറ്റ കര്‍ഷകരെ അംഗീകരിക്കാന്‍ മടിയുള്ളവരും ഇതു വായിക്കണമെന്നാണ് എന്റെ അഭ്യര്‍ഥന.

ഇതേസമയത്ത് അമേരിക്കയിലെ കലിഫോര്‍ണിയയിലേക്കു നടത്തിയ വിശ്വവിഖ്യാതമായ ഡസ്റ്റ് ബൗള്‍ മൈഗ്രേഷനെക്കുറിച്ചും ഇതിലുണ്ട്. ഡസ്റ്റ് ബൗളിനെ കേരളത്തിലെ കര്‍ഷക കുടിയേറ്റവുമായി ബന്ധിപ്പിച്ചുള്ള പഠനം ആദ്യമാണ്.

ഇപ്പോള്‍ മറ്റു പലരും അതു ചെയ്തുതുടങ്ങിയിട്ടുണ്ട്. നല്ലത്.ഡസ്റ്റ് ബൗള്‍ മൈഗ്രേഷനാണ് വിശ്വപ്രസിദ്ധമായ ‘ ദി ഗ്രെയ്പ്‌സ് ഓഫ് റാഥ്’ എന്ന ഇംഗ്ലീഷ് സിനിമയുടെ പ്രമേയം. പറ്റുമെങ്കില്‍ അതുകൂടി കാണുക.

അമ്പരന്നുപോകും. 2016-ല്‍ പുറത്തിറങ്ങിയ ‘പുറപ്പാടിന്റെ 100 വര്‍ഷങ്ങള്‍’ രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ തീര്‍ന്നെങ്കിലും പിന്നീട് എഡിഷന്‍ ഉണ്ടായില്ല.

ഇപ്പോള്‍ ഡല്‍ഹി മീഡിയ ഹൗസും സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും (എസ്പിസിഎസ്) ചേര്‍ന്നാണ് പുറത്തിറക്കിയിരിക്കുന്നത്.

വില 300 രൂപ. 150 രൂപയ്ക്ക് ഇ-ബുക്കുമുണ്ട്.

എസ്പിസിഎസിലും നാഷണല്‍ ബുക് സ്റ്റാളിലും mediahouse.online ലും amazon.in ലും ലഭ്യമാണ്.

Jose Andrews

News Editor at Deepika Daily Kottayam

Share News