
പൊങ്കാലയ്ക്ക് ഉപയോഗിച്ചശേഷം ഉപേക്ഷിക്കപ്പെടുന്ന ഇഷ്ടികകൾ പിറ്റേവർഷത്തെ പൊങ്കാലയായപ്പോഴേക്കും, ആ ഇഷ്ടിക ഉപയോഗിച്ചു നിർമിച്ച വീടുകളുടെ കണക്കും പുറത്തിറക്കി. അതോടെ അടുത്തവർഷം ഈ പദ്ധതി കൂടുതൽ വിജയമാകുകയും ചെയ്തു.
2014ൽ കെ. വാസുകി ഐ.എ.എസ്. ശുചിത്വമിഷൻ ഡയറക്ടറായിരിക്കെയാണ് പൊങ്കാലയിൽ ഗ്രീൻ പ്രോട്ടോക്കോൾ എന്ന ആശയവുമായി ഞാനും ഷിബു വും കൂടി വാസുകിയെ കാണുന്നത്. പൊങ്കാലയ്ക്ക് വരുന്നവർ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണമെന്നും അന്നദാനത്തിനായി സ്റ്റീൽ പ്ലേറ്റും ഗ്ലാസും കയ്യിൽ കരുതണമെന്നും അഭ്യർഥിച്ചുള്ള പത്രക്കുറിപ്പ് നൽകിയാണ് തുടക്കം. വിളപ്പിൽശാല പൂട്ടുന്നതുവരെ പൊങ്കാലയ്ക്കുശേഷം നഗരത്തിൽ അവശേഷിക്കുന്ന ടൺ കണക്കിനു മാലിന്യം അങ്ങോട്ടുകൊണ്ടുപോകുകയാണ് ചെയ്തിരുന്നത്. പ്ലാന്റ് പൂട്ടിയതോടെ എന്തു ചെയ്യുമെന്നതിനെപ്പറ്റി തലപുകയ്ക്കവേ ഉദിച്ച ആശയമായിരുന്നു അത്. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് പുതിയ എന്താശയത്തേയും കൈനീട്ടി സ്വീകരിക്കാൻ വാസുകി എന്ന എക്‌സിക്യൂട്ടീവ് ഡയറക്ടർ തയ്യാറായിരുന്നത് ഗുണകരമായി.

2016ൽ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ ഭരണസമിതി അധികാരത്തിലെത്തുകയും നഗരസഭയുടെ ആരോഗ്യവിഭാഗം ഒട്ടേറെ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്തു. പൊങ്കാല സമയത്തെ മാലിന്യോൽപാദനം കുറയ്ക്കാൻ സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും ആളുകളിൽ നിന്നും മറ്റും സംഭാവനയായി സ്വീകരിച്ച് ചെറിയ തുകയ്ക്ക് വാടകയ്ക്ക് കൊടുക്കുന്ന പരിപാടി തുടങ്ങി. അന്നദാനസമയത്തെ ഡിസ്‌പോസിബിൾ പ്ലേറ്റുകളുടേയും കപ്പുകളുടേയും ഉപയോഗം കുറയ്ക്കാനായിരുന്നു അത്. മികച്ച രീതിയിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്ന സമിതികൾക്ക് പുരസ്‌കാരം ഏർപ്പെടുത്തി. ഇതെല്ലാം കൃത്യമായി മോണിട്ടർ ചെയ്യാനും പരിശോധിക്കാനുമൊക്കെ ചുറുചുറുക്കുള്ള ചെറുപ്പക്കാരുടെ വലിയൊരു സംഘവും ഗ്രീൻ ആർമിയുടെ നേതൃത്വത്തിൽ പ്രശാന്തിനു പിന്നിലുണ്ടായിരുന്നു. പൊങ്കാലശേഷം ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവ് പകുതിയോളം കുറയ്ക്കാനും ഇതിലൂടെ സാധിച്ചു. അന്നത്തെ ആ പ്ലേറ്റും ഗ്ലാസുമൊക്കെ ഇപ്പോൾ ഉപയോഗിക്കുന്നുണ്ടോ എന്നറിയില്ല.
പൊങ്കാലയ്ക്ക് ഉപയോഗിച്ചശേഷം ഉപേക്ഷിക്കപ്പെടുന്ന ഇഷ്ടികകൾ കുറച്ചുവർഷം മുൻപുവരെ നഗരത്തിലെ ചില ഗുണ്ടാസംഘങ്ങളും മറ്റുമാണ് ശേഖരിച്ച് മറിച്ചുവിറ്റിരുന്നത്. അതൊരു ലോബിയായിരുന്നു. വി.കെ.പ്രശാന്ത് അതിനുമൊരു മാറ്റം കൊണ്ടുവന്നു.

ഗ്രീൻ ആർമിയേയും വോളന്റിയർമാരേയും ഉപയോഗിച്ച് ഇഷ്ടിക ശേഖരിക്കാൻ തീരുമാനിച്ചു. മാലിന്യം പുനഃചംക്രമണത്തിന് വിധേയമാക്കുക എന്ന തത്വത്തിന്റെ ഭാഗമായി ആ ഇഷ്ടികകളിൽ പറ്റാവുന്നത്ര പാവങ്ങൾക്ക് വീടുവച്ചുകൊടുക്കാനുള്ള പദ്ധതിക്കായി ഉപയോഗിക്കുകയും ചെയ്തു. പിറ്റേവർഷത്തെ പൊങ്കാലയായപ്പോഴേക്കും, ആ ഇഷ്ടിക ഉപയോഗിച്ചു നിർമിച്ച വീടുകളുടെ കണക്കും പുറത്തിറക്കി. അതോടെ അടുത്തവർഷം ഈ പദ്ധതി കൂടുതൽ വിജയമാകുകയും ചെയ്തു.നഗരസഭയും ശുചിത്വമിഷനും ജില്ലാ ഭരണകൂടവും ചേർന്ന് ഇത്തവണയും മാലിന്യത്തിന്റെ അളവ് പരമാവധി കുറച്ച് പൊങ്കാല നടത്താനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിക്കഴിഞ്ഞു…

(ചിത്രങ്ങൾ ഫയലിൽ നിന്ന്)

TC Rajesh Sindhu (ടീസി)