ഇപ്പോഴത്തെ ലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞിരിക്കുന്നത്. ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയല്ല, ആത്മീയപാർട്ടിയാണ് എന്നാണ് സാദിഖലി തങ്ങൾ പറഞ്ഞതിൻ്റെ വിവക്ഷ.|ഡോ:കെ.ടി.ജലീൽ

Share News

പച്ചക്കൊടിയും “അർഷി”ൻ്റെ തണലും!!!

സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളോ പാണക്കാട് പൂക്കോയ തങ്ങളോ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോ ഹൈദരലി തങ്ങളോ പറയാത്ത കാര്യമാണ് ഇപ്പോഴത്തെ ലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞിരിക്കുന്നത്. ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയല്ല, ആത്മീയപാർട്ടിയാണ് എന്നാണ് സാദിഖലി തങ്ങൾ പറഞ്ഞതിൻ്റെ വിവക്ഷ.

പച്ചക്കൊടിയുടെ തണൽ ദൈവീക സിംഹാസനത്തിൻ്റെ തണലിലേക്ക് പരലോകത്ത് വിചാരണാ വേളയിൽ നയിക്കുമെന്നാണ് സാദിഖലി തങ്ങളുടെ പക്ഷം. അങ്ങിനെയെങ്കിൽ പച്ചക്കൊടിയുടെ തണലിലല്ലാതെ ജീവിച്ച് മൺമറഞ്ഞവരും ഇപ്പോൾ ജീവിക്കുന്നവരുമായ മുസ്ലിങ്ങൾക്കാർക്കും പരലോകത്ത് “അർഷി”ൻ്റെ തണൽ കിട്ടില്ലെന്നാണോ?

ഏഴുവിഭാഗമാണ് പരലോകത്ത് ദൈവീക സിംഹാസനത്തിൻ്റെ തണൽ കിട്ടുന്നവരുടെ കൂട്ടത്തിലുള്ളത്. അതിൽ എട്ടാമത്തെ വിഭാഗമായി പച്ചക്കൊടിയുടെ തണലിലുള്ളവരെയും സാദിഖലി തങ്ങൾ തൻ്റെ പ്രത്യേക അധികാരമുപയോഗിച്ച് കൂട്ടിച്ചേർത്തോ?

പച്ചക്കൊടിയുടെ തണലില്ലാതെ ജീവിച്ച മൗലാനാ അബുൽകലാം ആസാദിന് “അർഷിൻ്റെ” തണൽ കിട്ടില്ലേ? പച്ചക്കൊടിയുടെ തണലില്ലാതെ പണ്ഡിത സൂര്യനായി ജ്വലിച്ച് നിന്ന ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ല്യാർക്ക് അർഷിൻ്റെ തണൽ ലഭിക്കുമോ? സി.എൻ അഹമദ് മൗലവിക്ക് അർഷിൻ്റെ തണൽ കിട്ടില്ലേ? വക്കം മൗലവിക്ക് അർഷിൻ്റെ തണൽ ലഭ്യമാവില്ലേ? ഉള്ളാൾ തങ്ങൾക്ക് അർഷിൻ്റെ തണൽ കിട്ടില്ലേ? മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന് അർഷിൻ്റെ തണൽ ലഭിക്കില്ലേ? സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾക്ക് അർഷിൻ്റെ തണൽ അപ്രാപ്യമാകുമോ? എ.പി അബ്ദുൽഖാദർ മൗലവിക്ക് അർഷിൻ്റെ തണൽ നിഷേധിക്കപ്പെടുമോ?

വിശ്വാസിയായ പുതിയ വഖഫ് ബോർഡ് ചെയർമാൻ അഡ്വ: മുഹമ്മദ് സക്കീറിനെ നിരീശ്വരവാദിയാക്കി എഫ്.ബി പോസ്റ്റിട്ട പ്രമുഖ പണ്ഡിതൻ ഡോ: ബഹാവുദ്ദീൻ നദ് വി സാഹിബ്, സാദിഖലി തങ്ങളുടെ പ്രസ്താവനയിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ, ഒരു എഫ്.ബി പോസ്റ്റിട്ടാൽ നന്നായിരുന്നു. (സാദിഖലി തങ്ങളുടെ പ്രസംഗ ശകലമാണ് താഴെ)

തലയും വാലുമുണ്ടാകാൻ സമസ്ത ഒരു മീനല്ല!

കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവർണ്ണ സങ്കൽപ്പങ്ങളാണ്. ജൻമിത്വം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു മീനാക്കാൻ നോക്കേണ്ട. അതൊരു മഹാ പ്രസ്ഥാനമാണ്.

പണ്ഡിതൻമാർ പ്രവാചകൻമാരുടെ പിൻമുറക്കാരാണ്. അവർ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും. ആദരിക്കേണ്ടവരെ ആദരിക്കും. സമസ്തയെ വെറുതെ വിട്ടേക്കുക. പണ്ഡിതൻമാരുടെ ”മെക്കട്ട്” കയറാൻ നിന്നാൽ കയറുന്നവർക്ക് അത് നഷ്ടക്കച്ചവടമാകും. സമസ്തയെ *കുടിയാനായി” കാണുന്ന ചില രാഷ്ട്രീയ ജനമിമാരുടെ ”ആഢ്യത്വം” കയ്യിൽ വെച്ചാൽ മതി. സമസ്തക്ക് ബഹുമാനം കൊടുത്ത് ആദരവ് തിരിച്ചു വാങ്ങാൻ ലീഗ് നേതൃത്വം പഠിക്കണം.

Dr KT Jaleel

Share News