നരബലി വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ പോകുന്ന ദിവസങ്ങളാണ് വരാൻ പോകുന്നത്.|പണത്തിനുള്ള ആർത്തിയാണ് ഇതിലെ എല്ലാ കഥാ പാത്രങ്ങളുടെയും മനസ്സിന്റെ പ്രേത്യേകത.

Share News

നരബലിയോ???
വിശ്വസിക്കാൻ പറ്റാത്ത സംഭവങ്ങളുമായി സാക്ഷര കേരളം. ഇത് ഭ്രാന്തമായ അന്ധവിശ്വാസവും ക്രൂരത നിറഞ്ഞ ക്രിമിനൽ മനോഭാവവും തമ്മിലുള്ള ബാന്ധവമോ?

നരബലി വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ പോകുന്ന ദിവസങ്ങളാണ് വരാൻ പോകുന്നത്.

കൊല്ലപ്പെട്ടവരെന്നും, ബലിക്കായി കൊല ചെയ്തവരെന്നുമുള്ള വേർതിരിവില്ലാതെ ഈ ഭീകര സംഭവത്തെ ഒന്ന് നോക്കി കാണാം.

കെണിയിൽ വീണ സ്ത്രീകളെ കുടുക്കിയത് പെട്ടെന്ന് കുറെയധികം ധനം തരമാക്കാമെന്ന വാഗ്ദാനമാണ്. അതിനായി എന്തും ചെയ്യാമെന്ന മനോഭാവവുമാണ്. സമൂഹത്തിൽ സാമാന്യം വില ഉണ്ടായിരുന്ന തിരുമ്മൽ വിദഗ്ധൻ നരബലിക്ക്‌ ഇറങ്ങാനുണ്ടായ പ്രേരക ശക്തിയും ഐശ്വര്യവും ധനവും തന്നെ.

നരബലിക്കു സ്ത്രീകളെ ഒപ്പിച്ചു കൊടുക്കുകയും, ഈ തന്ത്രവും മന്ത്രവും ഉപദേശിച്ചു കൊടുക്കുകയും ചെയ്ത പുള്ളിയുടെയും ലക്ഷ്യവും ഇതൊക്കെ തന്നെ. പണത്തിനുള്ള ആർത്തിയാണ് ഇതിലെ എല്ലാ കഥാ പാത്രങ്ങളുടെയും മനസ്സിന്റെ പ്രേത്യേകത. അത് സാധിക്കാൻ എന്തും ചെയ്യാമെന്ന നിലപാട് എല്ലാവർക്കുമുണ്ട്. അതാണ്‌ ഈ ദുരന്തത്തിന്റെ നിർമ്മിതിയിലെ പ്രധാന വില്ലൻ.

കാശിനായി എന്ത് കുറ്റ കൃത്യത്തിലും പങ്കു ചേരാമെന്ന ഒരുസമൂഹിക സാഹചര്യത്തെ പേടിക്കണം. ആരെങ്കിലുമൊക്കെ ആർത്തിയുടെ ഈ കളിയിൽ വീഴും.ഇതിൽ വീണവരെ ഇരയായി വാഴ്ത്താൻ പറ്റുമോ?സംശയമാണ്.

(സി ജെ ജോൺ)

Dr cj john Chennakkattu

Share News